കോൺഗ്രസിലെ ഒറ്റയാള്‍ പോരാളി

പി വി ജീജോ
Published on Mar 04, 2026, 03:01 AM | 1 min read
ഒറ്റപ്പെടലിന്റെ, തിരസ്കാരത്തിന്റെ വേദനകളും സങ്കടങ്ങളും അനുഭവിച്ച നേതാവായിരുന്നു കെ പി ഉണ്ണിക്കൃഷ്ണൻ. കോൺഗ്രസിൽ തിരിച്ചെത്തിയിട്ടും ഒരു പദവിയും നൽകാതെ അവഗണിക്കപ്പെട്ടു. കുടുംബവാഴ്ചയും അധികാരപ്രമത്തതയും പകയും കാരണം ഏകാന്തതയും അജ്ഞാതവാസവും വരിച്ച രാഷ്ട്രീയ ജീവിതത്തിനുടമ. തൊണ്ണൂറുകളുടെ മധ്യത്തിൽ പ്രതീക്ഷയോടെയാണ് കോൺഗ്രസിലേക്ക് മടങ്ങിയത്.
പ്രഗല്ഭനായ നേതാവിനോട് ശത്രുവിനോടുപോലുമില്ലാത്ത ക്രൂരതയാണ് നേതൃത്വം കാട്ടിയത്. അവസാനകാലം ആ ദുഃഖം അദ്ദേഹത്തെ വേട്ടയാടി. പാർടിയുടെ പോക്കിൽ അസംതൃപ്തനും അസ്വസ്ഥനുമായിരുന്നു. നേതൃത്വത്തിന്റെ കോർപറേറ്റ്വൽക്കരണത്തിലുള്ള ദുഃഖം സ്വകാര്യസംഭാഷണങ്ങളിൽ പ്രകടിപ്പിച്ചു.
വർഗീയത, ഫാസിസ്റ്റ് അവതാരമായി രൂപംകൊണ്ട കാലത്ത് താനായി കോൺഗ്രസിലൊരു കലഹമുണ്ടാക്കുന്നില്ല എന്ന നിശ്ചയത്താൽ പ്രതികരിക്കാതെ മാറിനിന്നു. സ്തുതിപാഠകരുടെയും ഉപജാപകരുടെയും പിന്നാലെ ഹൈക്കമാൻഡ് നീങ്ങുമ്പോൾ, അനുഭവസമ്പത്തും തന്ത്രജ്ഞതയുമുള്ള ഉണ്ണിക്കൃഷ്ണനെ മൂലക്കിരുത്തുന്നതിൽ നേതൃത്വം ശ്രദ്ധിച്ചു.
പാർടി ജനങ്ങളിൽ നിന്നകന്നുവെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന് അവസാനകാലത്ത്. സോണിയാഗാന്ധിക്കും രാഹുലിനും നയിക്കാനാവില്ലെന്ന നിലപാടുമുണ്ടായി. പാർടി ജനാധിപത്യവൽക്കരിക്കണമെന്നതായിരുന്നു പക്ഷം. ഹൈക്കമാന്‍ഡ് എന്ന പേരിലുള്ള കുടംബവാഴ്ചയിലുള്ള വിയോജിപ്പും പങ്കിടുകയുണ്ടായി.
അഴിമതിവിരുദ്ധ പേരാളി, മതിനിരപേക്ഷ ജനാധിപത്യവാദി എന്നീ നിലകളിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ തിളങ്ങിയിരുന്നു ഉണ്ണിക്കൃഷ്ണൻ. ബൊഫോഴ്സ് അഴിമതി കത്തിപ്പടർന്നപ്പോഴും ബാബരി മസ്ജിദ് തകർത്തപ്പോഴും വി പി സിങ് സർക്കാരിൽ മന്ത്രിയെന്ന നിലയിലും ആ കാര്യശേഷി പ്രകടമാക്കി. വി കെ കൃഷ്ണമേനോനെപ്പോലെ ഐക്യരാഷ്ട്രസഭയിലടക്കം രാജ്യത്തിന്റെ ശബ്ദമുയർത്തി ശ്രദ്ധേയനായ മലയാളിയായിരുന്നു അദ്ദേഹം.വി പി സിങ് മന്ത്രിസഭയ്‌ക്ക് അടിസ്ഥാനമായ ദേശീയമുന്നണിയുടെ രൂപീകരണത്തിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
വടകരയിൽനിന്ന് പാർലമെന്റിനെ നിരവധി തവണ പ്രതിനിധാനം ചെയ്തു. എൽഡിഎഫിനെ തകർക്കാൻ രൂപമിട്ട കോ‐ലീ‐ബി സഖ്യത്തെ തറപറ്റിച്ചും ശ്രദ്ധേയനായി. ബൊഫോഴ്സ് അടക്കം രാജീവ്ഗാന്ധി സര്‍ക്കാരിലെ അഴിമതികൾ പുറത്തുകൊണ്ടുവരുന്നതിലും പാർലമെന്റേറിയനെന്ന നിലയിൽ ഇടപെട്ടു.
മദിരാശി പഠനകാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. അവിടെ യൂണിവേഴ്സിറ്റി വിദ്യാർഥി കൗൺസിൽ പ്രസിഡന്റായി. മദ്രാസ് ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ സ്ഥാപക സെക്രട്ടറിയും.
എൻയുഎസ്ഐ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. 1962ൽ എഐസിസി അംഗമായാണ് കോൺഗ്രസിൽ മേൽവിലാസം നേടുന്നത്. അടിയന്തരാവസ്ഥക്കുശേഷം ഇന്ദിരയെ ചോദ്യംചെയ്ത് പാർടി വിട്ട് ഇടതുപക്ഷ ജനാധിപത്യ‐മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയിൽ സജീവമായി.















