ad
Deshabhimani

Articles

JNU ELECTION

കാവിയെ ചെറുത്ത്‌, ചുവപ്പണിഞ്ഞ്‌ ജെഎൻയു

jnu students union election
എം പ്രശാന്ത്‌

Published on Nov 07, 2025, 10:36 PM | 2 min read

കഴിഞ്ഞ സെപ്‌തംബർ 28 സായാഹ്നത്തിൽ ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസ്‌ അങ്ങേയറ്റം അപകടകരമായ ഒരു കാഴ്‌ചയ്‌ക്കും മാറ്റത്തിനും വേദിയായി. മുളവടിയേന്തിയ ആർഎസ്‌എസുകാർ കൊട്ടും കുഴൽവിളിയുമായി ക്യാമ്പസിലൂടെ ആദ്യമായി കവാത്ത്‌ നടത്തി. ആർഎസ്‌എസിന്റെ നൂറാംവാർഷികം മുൻനിർത്തിയായിരുന്നു ആ മാർച്ച്‌. എബിവിപി ഒഴികെയുള്ള സംഘടനകളുടെ പരിപാടികൾക്ക്‌ തുടർച്ചയായി അനുമതി നിഷേധിക്കുന്ന സർവകലാശാല അധികൃതർക്ക്‌ തീവ്രവർഗീയ സംഘടനയായ ആർഎസ്‌എസിന്റെ മാർച്ച്‌ ഒരു പ്രശ്‌നമേയായില്ല.


​ഇടതുപക്ഷ വിദ്യാർഥിസംഘടനകൾക്കും പുരോഗമന ആശയങ്ങൾക്കും എക്കാലവും ആധിപത്യമുള്ള ജെഎൻയുവിൽ സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞ 11 വർഷമായി ആർഎസ്‌എസും സംഘപരിവാറും തീവ്രശ്രമത്തിലാണ്‌. ഇടതുപക്ഷ വിദ്യാർഥിസംഘടനകളെ കായികമായി നേരിട്ടും ജെഎൻയുവിന്റെ അക്കാദമിക് സ്വഭാവത്തിൽ ബോധപൂർവമായ മാറ്റങ്ങൾ കൊണ്ടുവന്നും സംഘപരിവാർ അനുകൂലികളായവരെ അധ്യാപക–അനധ്യാപക തസ്‌തികകളിൽ തിരുകിക്കയറ്റിയുമാണ്‌ ‘കാവി’വൽക്കരണ നീക്കങ്ങൾ. യൂണിയൻ തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച്‌ ഇടതുപക്ഷ–പുരോഗമന വിദ്യാർഥിസംഘടനകളുടെ മേൽക്കൈ അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമുണ്ട്‌.


JNU Election result


സംഘപരിവാറിന്റെ ആസൂത്രിതമായ കടന്നാക്രമണത്തെ ക്യാമ്പസിലെ പുരോഗമന വിദ്യാർഥിസമൂഹം ധീരമായി ചെറുക്കുകയാണ്‌. ഇ‍ൗ തെരഞ്ഞെടുപ്പിലും ഇത്‌ പ്രകടമായി. നാലു ജനറൽ സീറ്റുകളിലും ഇടതുപക്ഷ വിദ്യാർഥിസഖ്യം വിജയിച്ചു. വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ച എസ്‌എഫ്‌ഐയുടെ ഗോപിക ബാബു 50 ശതമാനത്തിലേറെ വോട്ട്‌ നേടി. കൂടുതൽ ഭൂരിപക്ഷവും ഗോപികയ്‌ക്കുതന്നെ. എബിവിപിയുടെ കായികാക്രമണങ്ങളെ പ്രതിരോധിച്ചാണ്‌ തിളക്കമാർന്ന വിജയം.



ഇന്ത്യയുടെ 
ബ‍ൗദ്ധിക സിരാകേന്ദ്രം

1969ൽ സ്ഥാപിതമായ ജെഎൻയു ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്‌റുവിന്റെ ആശയാഭിലാഷങ്ങൾക്ക്‌ അനുസൃതമായാണ്‌ വാർത്തെടുക്കപ്പെട്ടത്‌. മതനിരപേക്ഷത, സാർവല‍ൗകികത, സാമൂഹ്യനീതി‍, ശാസ്‌ത്രാവബോധം, ലോകസമാധാനം തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്‌ഠിതമായ കലാലയമാണ്‌ വിഭാവനം ചെയ്യപ്പെട്ടത്‌. തുറന്ന ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും വിദ്യാർഥികളുടെ സ്വതന്ത്രമായ വികാസമായിരുന്നു ലക്ഷ്യം. ഇ‍ൗ നിലയിൽത്തന്നെ ജെഎൻയു പരുവപ്പെടുകയും ചെയ്‌തു. ഇന്ത്യയുടെ രാഷ്ട്രീയ–സാമൂഹ്യ ഗതിവിഗതികളെത്തന്നെ നിർണയിക്കുംവിധമുള്ള സംവാദഭൂമികയായി ക്യാമ്പസ്‌ മാറി. ദേശീയരാഷ്ട്രീയത്തിനൊപ്പം ജെഎൻയുവും പലപ്പോഴും ഇളകിമറിഞ്ഞു. അടിയന്തരാവസ്ഥയ്‌ക്കുപിന്നാലെ ചാൻസലർസ്ഥാനത്തുനിന്ന്‌ ഇന്ദിരാഗാന്ധി രാജിവയ്‌ക്കണമെന്ന നിവേദനം അവരുടെ മുന്നിൽവച്ച്‌ അന്ന്‌ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന സീതാറാം യെച്ചൂരി വായിച്ചു.


എസ്‌എഫ്‌ഐക്കും പുരോഗമന വിദ്യാർഥിപ്രസ്ഥാനങ്ങൾക്കും സ്വാധീനമുണ്ടായിരുന്ന ജെഎൻയുവിൽ കോൺഗ്രസ്‌ വിദ്യാർഥിസംഘടനയായ എൻഎസ്‌യുഐയും ആർഎസ്‌എസ്‌ സംഘടനയായ എബിവിപിയും പലപ്പോഴും ദുർബലാവസ്ഥയിലായിരുന്നു. അയോധ്യാവിഷയം ഉയർത്തി സംഘപരിവാർ നടത്തിയ ധ്രുവീകരണനീക്കങ്ങൾ തൊണ്ണൂറുകളിൽ ക്യാമ്പസിലേക്ക്‌ എബിവിപിയെ എത്തിച്ചു. 1996ൽ മൂന്നു ജനറൽ സീറ്റിൽ എബിവിപിക്ക്‌ ജയിക്കാനായി. എന്നാൽ, തുടർന്നിങ്ങോട്ട്‌ ഇടതുപക്ഷ വിദ്യാർഥിപ്രസ്ഥാനങ്ങൾ ഫലപ്രദമായി വർഗീയരാഷ്ട്രീയത്തെ ചെറുത്തു.


മോദിക്കുശേഷമുള്ള 
മാറ്റങ്ങൾ

2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷമാണ്‌ ജെഎൻയുവിനുനേരെ സംഘപരിവാറിന്റെ സംഘടിതാക്രമണം ആരംഭിക്കുന്നത്‌. ജഗദീഷ്‌ കുമാർ എന്ന വിസിയെ നിയമിച്ചുകൊണ്ടായിരുന്നു തുടക്കം. 2016 ഫെബ്രുവരിയിൽ കശ്‌മീർ വിഷയത്തിൽ ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ രാജ്യദ്രോഹമായി സംഘപരിവാറും മോദി അനുകൂല മാധ്യമങ്ങളും മുദ്രകുത്തി. അന്ന്‌ വിദ്യാർഥി യൂണിയൻ പ്രസിഡന്റായ കനയ്യ കുമാറിനെയും ഉമർ ഖാലിദിനെയുംമറ്റും അറസ്റ്റ്‌ ചെയ്‌തു. ആർഎസ്‌എസ്‌ നേതാക്കളും പ്രവർത്തകരും ഭീഷണികൾക്ക്‌ തുടക്കമിട്ടു. ആശയങ്ങളാൽമാത്രം പോരടിച്ചിരുന്ന വിദ്യാർഥിസംഘടനാ പ്രവർത്തനരീതിയെ എബിവിപി തച്ചുടച്ചു. എസ്‌എഫ്‌ഐയുടെ അടക്കം പ്രവർത്തകർ തുടർച്ചയായി ആക്രമണങ്ങൾക്ക്‌ ഇരയായി. 2020 ജനുവരി അഞ്ചിന്‌ ഇരുട്ടിന്റെ മറവിൽ മുഖംമൂടിധാരികളായ സംഘപരിവാറുകാർ പൊലീസിന്റെ പിന്തുണയോടെ ആയുധങ്ങളുമായി എത്തി വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷടക്കം നിരവധിപേർക്ക്‌ ഗുരുതരപരിക്കേറ്റു.


jnu  election


കായികമായ ആക്രമണത്തിനൊപ്പം ക്യാമ്പസിന്റെ ബ‍ൗദ്ധികസ്വഭാവത്തെ തീവ്രവലതുപക്ഷത്തേക്ക്‌ എത്തിക്കുന്നതിനുള്ള നടപടികളും സജീവമായി. ജഗദീഷ്‌ കുമാറിനുപകരം ആർഎസ്‌എസുകാരിയെന്ന്‌ ‘അഭിമാന’ത്തോടെ പ്രഖ്യാപിച്ച ശാന്തിശ്രീ പണ്ഡിറ്റ്‌ വിസിയായി. പ്രത്യേക സംസ്‌കൃത സ്‌കൂളും ഹിന്ദു സ്റ്റഡീസിനും സെക്യൂരിറ്റി സ്റ്റഡീസിനും ഒക്കെയായി പ്രത്യേക സെന്ററുകളുമെല്ലാം നിലവിൽവന്നു. സംഘപരിവാറുകാർ അധ്യാപകരായുംമറ്റും എത്തി. പ്രവേശനപരീക്ഷയിലും മാറ്റം കൊണ്ടുവന്നു. ഭരണകൂടത്തിന്റെ ഇത്തരം പ്രതിലോമനീക്കങ്ങളെയെല്ലാം അതിജീവിച്ചാണ്‌ ജെഎൻയു ക്യാമ്പസിനെ ഇടതുപക്ഷ വിദ്യാർഥിസംഘടനകൾ വീണ്ടും ‘ചുവപ്പി’ച്ചത്‌.​



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home