ad
Deshabhimani

Articles

അമേരിക്ക പറയുന്നത്‌ അംഗീകരിക്കാൻ മടിയൊന്നും ജപ്പാനിലെ രാഷ്ട്രീയനേതൃത്വത്തിനില്ല

ജപ്പാന്റെ ‘നിയോ മിലിട്ടറിസം’

Image Credit : Japan Pool via Kyodo News / AP

Image Credit : Japan Pool via Kyodo News / AP

avatar
വി ബി പരമേശ്വരൻ

Published on Apr 24, 2026, 10:07 PM | 3 min read

പശ്ചിമേഷ്യയിൽ രണ്ടുമാസമായി യുദ്ധത്തിന്റെ പുകപടലങ്ങൾ സാധാരണ ജനജീവിതത്തെ അശാന്തമാക്കിയിരിക്കുകയാണ്. ലോകം മുഴുവൻ പശ്ചിമേഷ്യയിൽ കേന്ദ്രീകരിച്ചതുകൊണ്ടുതന്നെ കിഴക്കനേഷ്യയിൽ ഉരുണ്ടുകൂടുന്ന സംഘർഷങ്ങൾ മാധ്യമശ്രദ്ധയിൽ വരുന്നില്ല. രണ്ടാം ലോകയുദ്ധത്തിൽ ആണവ ബോംബാക്രമണം ഉൾപ്പെടെയുള്ള കെടുതികൾ നേരിട്ട്, യുദ്ധവിരുദ്ധ ഭരണഘടനപോലും അംഗീകരിച്ച ജപ്പാനാണ്‌ ഇപ്പോൾ കിഴക്കനേഷ്യൻ മേഖലയിൽ പുതിയ സംഘർഷങ്ങൾക്ക് വിത്തുപാകുന്നത്. ഇതിന്റെ ഭാഗമായാണ് ആയുധങ്ങളും യുദ്ധോപകരണങ്ങളും കയറ്റുമതി ചെയ്യാൻ കഴിഞ്ഞദിവസം ജപ്പാൻ മന്ത്രിസഭ തീരുമാനമെടുത്തത്‌. യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, നശീകരണക്കപ്പലുകൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവയെല്ലാം കയറ്റുമതി ചെയ്യാനാണ് പ്രധാനമന്ത്രി സനേ തകായിച്ചിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ തീരുമാനിച്ചത്. ജപ്പാനുമായി പ്രതിരോധ ഉപകരണങ്ങളും സാങ്കേതികവിദ്യയും കൈമാറുന്ന കരാറിൽ ഒപ്പിട്ട 17 രാഷ്ട്രങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ആയുധങ്ങളും സാമഗ്രികളും വിൽക്കുക. ഒരു രാജ്യത്തിനും സമാധാനവും സുസ്ഥിരതയും തനിച്ച് നേടാനാകില്ലെന്നും അതിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നും തകായിച്ചി പറഞ്ഞു. ഏഷ്യൻ നാറ്റോ എന്ന പേരിൽ അറിയപ്പെടുന്ന ക്വാഡ് സഖ്യത്തിൽ അംഗങ്ങളായ അമേരിക്കയും ഇന്ത്യയും ഓസ്ട്രേലിയയും ജപ്പാന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ചൈനയും വടക്കൻ കൊറിയയും ഉയർത്തുന്ന സുരക്ഷാഭീഷണിയാണ് പുതിയ നയംമാറ്റത്തിന് കാരണമെന്നാണ് അമേരിക്കൻ അനുകൂല മാധ്യമങ്ങളുടെ ആഖ്യാനം.


​ജപ്പാന്റെ "നിയോ മിലിട്ടറിസം’ മേഖലയുടെ സുരക്ഷാസമവാക്യങ്ങൾ പൊളിച്ചെഴുതുമെന്ന കാര്യത്തിൽ സംശയമില്ല. മേഖലയിൽ ആയുധമത്സരം വളർത്താനും സംഘർഷങ്ങൾ വർധിപ്പിക്കാനും ജപ്പാന്റെ അമിതമായ സൈനികവൽക്കരണം കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. രണ്ടാം ലോകയുദ്ധത്തിൽ അമേരിക്കയുടെ ആണവ ബോംബാക്രമണങ്ങളെ (ഹിരോഷിമ, നാഗസാക്കി) തുടർന്ന് യുദ്ധം നാശമാണെന്നും യുദ്ധവിരുദ്ധവേദിയാണ് ഉയരേണ്ടതെന്നും ശഠിച്ച രാജ്യമാണ് ജപ്പാൻ. 1946ൽ അംഗീകരിച്ച ഭരണഘടനയിലെ ഒമ്പതാം അനുച്ഛേദം യുദ്ധത്തോട് വിടപറഞ്ഞുവെന്നുമാത്രമല്ല, അന്താരാഷ്ട്ര തർക്കങ്ങൾ ബലപ്രയോഗത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കുന്നു. യുദ്ധവിരുദ്ധ ഭരണഘടന അംഗീകരിച്ചതുകൊണ്ടുതന്നെ സൈന്യംപോലും 
ആവശ്യമില്ലെന്നും ഭരണഘടന ഉദ്ഘോഷിച്ചു.

​എന്നാൽ, 1955ൽ രൂപംകൊണ്ട ലിബറൽ ഡെമോക്രാറ്റിക് പാർടി (എൽഡിപി) അധികാരത്തിന്റെ കടിഞ്ഞാൺ കൈക്കലാക്കിയതോടെ ഈ നയത്തിൽ വെള്ളംചേർക്കാൻ തുടങ്ങി. ഷിൻസോ ആബേയുടെ (2012-–20) കാലംമുതൽ എൽഡിപി തീവ്രവലതുപക്ഷത്തേക്ക് ചായാനും തുടങ്ങി. ആബേയെ രാഷ്ട്രീയഗുരുവായി കാണുന്ന തകായിച്ചി സ്വാഭാവികമായും സമാധാനത്തിന്റെ പാത ഉപേക്ഷിച്ച് യുദ്ധകുതുകികളുടെകൂടെ ചേർന്നു.


പിന്നിൽ അമേരിക്ക​​


സമാധാനപാതയിൽനിന്ന്‌ ജപ്പാനെ യുദ്ധപാതയിലേക്ക് നയിക്കുന്നത് പ്രധാനമായും അമേരിക്കയാണ്. ചൈനയുടെയും വടക്കൻ കൊറിയയുടെയും പേരിൽ ഭീതിപരത്തി ജപ്പാനെ സൈ നികവൽക്കരിക്കാനാണ് അമേരിക്കൻ ശ്രമം. ഏഷ്യ പസിഫിക് മേഖലയിൽ ചൈനയെ തളയ്ക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. ഇറാൻയുദ്ധത്തിൽ അമേരിക്ക പഠിച്ച പാഠം സ്വന്തം താവളങ്ങളിലെ ശേഷികൊണ്ടുമാത്രം ശത്രുവിനെ നേരിടാൻ കഴിയില്ലെന്നാണ്. ഗൾഫിൽ 19 യുഎസ് സൈനികതാവളങ്ങളുണ്ടെങ്കിലും അവ സ്ഥിതിചെയ്യുന്ന ഒരു രാജ്യവും സൈനികമായി അമേരിക്കയെ സഹായിക്കാൻപോന്നവയായിരുന്നില്ല. അമേരിക്കയ്ക്ക്, ഒക്കിനാവ ഉൾപ്പെടെ വലിയ സൈനികതാവളങ്ങളും നൂറോളം സൈനികകേന്ദ്രങ്ങളും ജപ്പാനിലുണ്ടെങ്കിലും ജപ്പാന് സ്വയം സൈനികശേഷിയില്ലെങ്കിൽ ചൈനയെ നേരിടാനാകില്ലെന്നും പെന്റഗൺ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി വർഷങ്ങളായി ജപ്പാനെ സൈനികവൽക്കരിക്കാൻ അമേരിക്ക ശ്രമിക്കുകയാണ്. ഇതുമൂലം ജപ്പാൻ സൈനിക ബജറ്റ് ക്രമാനുഗതമായി വർധിപ്പിക്കുകയും ചെയ്തു. ശീതസമരകാലത്തുടനീളം ലോക ജിഡിപിയുടെ ഒരുശതമാനത്തിൽ താഴെയാണ് ജപ്പാന്റെ സൈനിക ബജറ്റ് (അന്ന് ജപ്പാന്റെ ജിഡിപി വളരെ കൂടുതലായതിനാൽ ഒരുശതമാനം അത്ര മോശം തുകയല്ല). 2022ൽ ഇത് ജിഡിപിയുടെ രണ്ടുശതമാനമായി ഉയർത്തി. 2022നും 2025നും ഇടയിൽ 35,500 കോടി ഡോളറാണ് ജപ്പാന്റെ സൈനിക ബജറ്റ്. നാറ്റോ രാഷ്ട്രങ്ങളെപ്പോലെ 3.5 ശതമാനമായി സൈനിക ബജറ്റ് ഉയർത്തിയാൽ വൻ തുകയായിരിക്കും ജപ്പാൻ സൈനികവൽക്കരണത്തിനായി ചെലവഴിക്കുക.


​വൻ പ്രക്ഷോഭം ഉയർന്നിട്ടും ഒക്കിനാവയിലെ അമേരിക്കൻ സൈനികതാവളം നിലനിർത്താൻ ജപ്പാൻ തയ്യാറായി. ഫുതേന്മയിലെ താവളം ഹെങ്കോയിലേക്ക് മാറ്റി നിർമിക്കാൻമാത്രമാണ് ജപ്പാൻ തയ്യാറായത്. പടിഞ്ഞാറൻ ജപ്പാനിലെ കഗോഷിമയിൽനിന്ന്‌ വടക്കൻ തീരത്തുള്ള തയ്‌വാൻവരെയുള്ള റൈക്യൂ ദ്വീപസമൂഹങ്ങളിൽ മിസൈലുകൾ ഉൾപ്പെടെ വിന്യസിക്കാനും പുതിയ സൈനികകേന്ദ്രങ്ങൾ നിർമിക്കാനും ജപ്പാൻ ശ്രമിച്ചുവരികയാണ്. തയ്‌വാനടുത്തുള്ള യോങ്കുനി ദ്വീപിനെ പ്രധാന സൈനികതാവളമായി മാറ്റാനാണ് ജപ്പാനും പെന്റഗണും താൽപ്പര്യപ്പെടുന്നത്. "തയ്‌വാനിൽ സംഭവ്യമായത് ജപ്പാനിലും സംഭവ്യമാണ്‌’ എന്ന ഷിൻസോ ആബേയുടെ പ്രഖ്യാപനംതന്നെയാണ് തകായിച്ചിയും ആവർത്തിക്കുന്നത്. അതായത് തയ്‌വാനെതിരെ ചൈന നീങ്ങുന്നത്‌ പ്രതിരോധിച്ചില്ലെങ്കിൽ അവർ ജപ്പാനെതിരെയും നീങ്ങുമെന്ന ആഖ്യാനം സൃഷ്ടിച്ചെടുത്താണ് വർധിച്ച സൈനികവൽക്കരണത്തെ ടോക്യോ ന്യായീകരിക്കുന്നത്.


​ചൈനയുടെ സാമ്പത്തിക വളർച്ച


ചൈനയുടെ അഭൂതപൂർവമായ സാമ്പത്തികവളർച്ചയും ജപ്പാന്റെ വിരോധത്തിന് കാരണമാകുന്നു. 1994ൽ ആഗോള ജിഡിപിയുടെ 17.8 ശതമാനം നിയന്ത്രിച്ച ജപ്പാൻ ഇപ്പോൾ 3.4 ശതമാനമായി ഇടിഞ്ഞു. ചൈനയാകട്ടെ ലോക ജിഡിപിയുടെ 19 ശതമാനത്തെ പ്രതിനിധാനംചെയ്യുന്ന രീതിയിലേക്ക് വളർന്നു. ആണവായുധം കൈവശംവയ്ക്കില്ലെന്നും നിർമിക്കില്ലെന്നും ജപ്പാൻ അതിർത്തിക്കുള്ളിലേക്ക് ആണവായുധം അടുപ്പിക്കില്ലെന്നുമുള്ള നയംപോലും പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് തകായിച്ചി പ്രഖ്യാപിച്ചിരിക്കുന്നു. വാഷിങ്‌ടൺ–ടോക്യോ സഖ്യമാണ് മേഖലയുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനുമുള്ള ആണിക്കല്ലെന്നും അതിനായി പ്രവർത്തിക്കുമെന്നും തകായിച്ചി അറിയിച്ചു. അമേരിക്കയുടെ സാമന്തസേനയായി ജപ്പാൻ സൈന്യത്തെ മാറ്റാനും അവർക്ക് മടിയില്ല. ലോകത്ത് സമാധാനവും സമൃദ്ധിയും പ്രദാനം ചെയ്യാൻ ട്രംപിനുമാത്രമേ കഴിയൂ എന്നും അതിനാൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്നുപോലും തകായിച്ചി അഭിപ്രായപ്പെട്ടു.


​അമേരിക്ക പറയുന്നത്‌ അംഗീകരിക്കാൻ മടിയൊന്നും ജപ്പാനിലെ രാഷ്ട്രീയനേതൃത്വത്തിനില്ല. റഷ്യയുടെ ഉക്രയ്ൻ ആക്രമണത്തെ അപലപിക്കാനും റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്താനും തയ്യാറായ ജപ്പാൻ അമേരിക്ക–-ഇസ്രയേൽ കൂട്ടുകെട്ടിന്റെ ഇറാൻ ആക്രമണത്തെയോ അമേരിക്കയുടെ വെനസ്വേലൻ കടന്നുകയറ്റത്തെയോ വിമർശിക്കാൻ തയ്യാറായില്ല. മാത്രമല്ല, മേഖലയെ അസ്ഥിരമാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് പിന്മാറാൻ ഇറാൻ തയ്യാറാകണമെന്നും ജപ്പാൻ ഉപദേശിച്ചു. മേഖലയിൽ അസ്ഥിരതയ്ക്ക് തുടക്കമിട്ടത് അമേരിക്കയും ഇസ്രയേലുമാണെന്ന വസ്തുതപോലും അംഗീകരിക്കാൻ ജപ്പാൻ തയ്യാറല്ലെന്നുമാത്രം.


​ജപ്പാൻ ഇപ്പോൾ തീവ്രവലതുപക്ഷനയങ്ങളിലേക്ക് പോകുന്നതിന് പല കാരണങ്ങളുമുണ്ട്. ആഭ്യന്തരമായ വിഷയങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിക്കുകയാണ് പ്രധാന ലക്ഷ്യം. മന്ദത ബാധിച്ച സാമ്പത്തികരംഗംതന്നെയാണ് പ്രധാന വിഷയം. വർഷങ്ങളായി ഈ സാമ്പത്തികപ്രതിസന്ധി തുടരുകയാണ്. ജിഡിപിയുടെ 200 ശതമാനത്തിലധികമായി കടബാധ്യത വർധിച്ചിരിക്കുന്നു. വ്യവസായങ്ങൾ ഒന്നൊന്നായി അടയ്ക്കുന്നു. ജനനനിരക്ക് 1.2 ആയി കുറഞ്ഞതോടെ വയോജനങ്ങളുടെ നാടായി ജപ്പാൻ അതിവേഗം മാറുന്നു. ഇതൊക്കെയുണ്ടാക്കുന്ന സാമ്പത്തിക സാമൂഹ്യ പ്രശ്നങ്ങൾ പലതാണ്. ജിഡിപിയുടെ രണ്ടുശതമാനത്തിലധികം സൈനിക ബജറ്റിന് നീക്കിവയ്ക്കുന്നതോടെ ആരോഗ്യ, വിദ്യാഭ്യാസ, -ക്ഷേമ മേഖലകൾക്കുള്ള ബജറ്റ്‌ വിഹിതം വെട്ടിക്കുറയ്ക്കേണ്ടിവന്നു. ഇത് വൻ പ്രതിഷേധമുയരാൻ കാരണവുമായി. അതിനെ മറികടക്കാനാണ് "വിദേശാക്രമണഭീഷണി’ ഉയർത്തി സൈനികവൽക്കരണം ശക്തമാക്കുന്നത്. സ്വാഭാവികമായും ജപ്പാന്റെ സൈനികവൽക്കരണം കിഴക്കനേഷ്യൻ മേഖലയിൽ സംഘർഷങ്ങൾ സൃഷ്ടിക്കും. അടുത്തിടെ ജപ്പാനും ഫിലിപ്പീൻസും അമേരിക്കയും സംയുക്തമായി ലുസോൺ തീരത്ത് നടത്തിയ സൈനികാഭ്യാസം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home