ad
Deshabhimani

ജനകീയാസൂത്രണത്തിന്റെ കരുത്ത്‌

ഐക്യകേരളത്തിന്റെ രൂപീകരണത്തോടെ പഞ്ചായത്ത് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു. 1957-ൽ അധികാരത്തിൽ വന്ന ഇ എം എസ് മന്ത്രിസഭ നിയോഗിച്ച മുഖ്യമന്ത്രി ചെയർമാനായുള്ള ഭരണപരിഷ്കാര കമ്മിറ്റി പൊതുഭരണത്തിന്റെയും വികസനത്തിന്റെയും അടിസ്ഥാനഘടകമായി ശുപാർശ ചെയ്തിരുന്നത്,
avatar
ഡോ. രാമന്തളി രവി

Published on Dec 08, 2025, 10:53 PM | 2 min read

കേന്ദ്ര–സംസ്ഥാന ഭരണസംവിധാനങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ഭരണത്തിലും വികസനത്തിലും പൊതുജനങ്ങൾക്ക് നേരിൽ പങ്കാളിയാകാൻ കഴിയുന്നു എന്നതാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രത്യേകത. സ്വാതന്ത്ര്യം കിട്ടി, ഭരണഘടന പ്രാബല്യത്തിൽ വന്നപ്പോൾ, രാജ്യത്ത് രണ്ടുതരത്തിലുള്ള ഭരണകൂടങ്ങൾമാത്രമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ, ഭരണഘടനയുടെ 73, 74 ഭേദഗതിയോടുകൂടിയാണ് പ്രാദേശിക സർക്കാരുകൾ -പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ- എന്നിവ സ്വയംഭരണ സ്ഥാപനങ്ങളായി മാറിയത്. നിർദേശകതത്വങ്ങളിൽ അനുച്ഛേദം 43 ആയി ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത എഴുതിച്ചേർക്കുകയും ചെയ്തു. 1954-ലാണ് രാജ്യമാകെ പഞ്ചായത്തുകൾ രൂപപ്പെടുന്നത്. സാമൂഹ്യവികസനത്തിന് ജനാധിപത്യവികേന്ദ്രീകരണം അനിവാര്യമാണെന്ന് 1958ൽ സമർപ്പിച്ച ബൽവന്ത്‌ റോയി കമ്മിറ്റിയുടെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ദേശീയ വികസനസമിതി ഈ റിപ്പോർട്ടിന് അംഗീകാരം നൽകിയതോടെ പ്രാദേശിക സംവിധാനങ്ങളും പഞ്ചായത്ത് നിയമങ്ങളും തെരഞ്ഞെടുപ്പുരീതികളും നിലവിൽവന്നു.1989ൽ പഞ്ചായത്ത് രാജ് ബിൽ 64–ാം -ഭരണഘടനാ ഭേദഗതിയായി പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ പാസായില്ല. തുടർന്ന് 1992ലാണ് 73, 74 ഭരണഘടനാ ഭേദഗതികൾ ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ച് അനുമതി നേടുന്നത്. ഈ ബില്ലിൽ 1993 ഏപ്രിൽ 20ന് രാഷ്ട്രപതി ഒപ്പുവച്ചതോടെ പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നു.


​ഐക്യകേരളത്തിന്റെ രൂപീകരണത്തോടെ പഞ്ചായത്ത് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു. 1957-ൽ അധികാരത്തിൽ വന്ന ഇ എം എസ് മന്ത്രിസഭ നിയോഗിച്ച മുഖ്യമന്ത്രി ചെയർമാനായുള്ള ഭരണപരിഷ്കാര കമ്മിറ്റി പൊതുഭരണത്തിന്റെയും വികസനത്തിന്റെയും അടിസ്ഥാനഘടകമായി ശുപാർശ ചെയ്തിരുന്നത്, തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് സംവിധാനങ്ങളെ ആയിരുന്നു. ഭരണപരിഷ്കാര കമ്മിറ്റിയുടെ നിർദേശാടിസ്ഥാനത്തിൽ നിയമസഭയിൽ കൊണ്ടുവന്ന ബില്ലുകൾ മന്ത്രിസഭ പിരിച്ചുവിട്ടതിനാൽ നിയമമാകാതെ പോയി. 1960-–62ൽ ബൽവന്ത്‌ റോയ് മേത്ത കമ്മിറ്റിയുടെ ശുപാർശകൂടി പരിഗണിച്ച് നിലവിലുള്ള തിരു–കൊച്ചി -മലബാർ പ്രദേശത്തെ നിയമവ്യവസ്ഥകൾ ഏകോപിപ്പിച്ച്‌ സമഗ്രമായ കേരള പഞ്ചായത്ത് നിയമവും മുനിസിപ്പാലിറ്റി നിയമവും പ്രാബല്യത്തിൽ വന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 1964ൽ പുതിയ പഞ്ചായത്ത്–മുനിസിപ്പൽ ഭരണസമിതികൾ തെരഞ്ഞെടുപ്പുവഴി നിലവിൽ വന്നത്.


’96ൽ ഇടതുപക്ഷം അധികാരത്തിൽ എത്തിയപ്പോൾ പങ്കാളിത്ത ജനാധിപത്യം ഉറപ്പാക്കുന്നതിനും വികേന്ദ്രീകരണാസൂത്രണം ഫലപ്രദമായി നടപ്പാക്കുന്നതിനുമുള്ള രീതിശാസ്ത്രം ജനകീയാസൂത്രണമാണെന്ന് തീരുമാനിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന ബജറ്റിന്റെ 40 ശതമാനത്തോളം തുക നൽകാനുള്ള സുപ്രധാനമായ തീരുമാനം വന്നു


കേരള നിയമസഭ 1994 ഏപ്രിലിൽ കേരള പഞ്ചായത്ത് രാജ് നിയമവും കേരള മുനിസിപ്പാലിറ്റി നിയമവും പാസാക്കി. 1995 സെപ്‌തംബറിൽ തെരഞ്ഞെടുപ്പ് നടന്നു. ഒക്ടോബർ രണ്ടിന്‌ എല്ലാ ജനപ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തു. 1956 മുതൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെയും 1964നുശേഷം സിപിഐ എമ്മിന്റെയും നേതൃത്വത്തിൽ നടന്ന കേരള വികസനചർച്ചയുടെ അന്തിമരൂപം എന്ന നിലയിൽ 1995ൽ തിരുവനന്തപുരത്ത് ചേർന്ന പഠന കോൺഗ്രസിൽ അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് മൂർത്തമായ ഒരു കാഴ്ചപ്പാട് ഉയർന്നുവരികയുണ്ടായി. ’96ൽ ഇടതുപക്ഷം അധികാരത്തിൽ എത്തിയപ്പോൾ പങ്കാളിത്ത ജനാധിപത്യം ഉറപ്പാക്കുന്നതിനും വികേന്ദ്രീകരണാസൂത്രണം ഫലപ്രദമായി നടപ്പാക്കുന്നതിനുമുള്ള രീതിശാസ്ത്രം ജനകീയാസൂത്രണമാണെന്ന് തീരുമാനിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന ബജറ്റിന്റെ 40 ശതമാനത്തോളം തുക നൽകാനുള്ള സുപ്രധാനമായ തീരുമാനം വന്നു. ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും പരിശീലനങ്ങൾ സംഘടിപ്പിച്ചു. വികസനരേഖകൾ തയ്യാറാക്കി. മാതൃകാ ഗ്രാമസഭകൾ നടന്നു. കേരളം പുതിയൊരു ജനാധിപത്യക്രമത്തിലേക്കും സാമൂഹ്യ പുനഃസംഘടനയിലേക്കും ചുവടുവച്ചു.


പിന്നീട്‌ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ ജനകീയാസൂത്രണപ്രസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്ന്‌ അടർത്തിമാറ്റാനുള്ള ശ്രമം നടത്തി നോക്കി. ആദ്യം പദ്ധതിയുടെ പേരുമാറ്റാനുള്ള ശ്രമം നടത്തി. കേരള വികസനപദ്ധതി എന്നാക്കി, പിന്നീട് അതിന്റെ അലകും പിടിയും മാറ്റാനുള്ള ശ്രമം നടത്തി. ഫണ്ട് കുറയ്‌ക്കാനുള്ള തന്ത്രങ്ങൾ അണിയറയിൽ തയ്യാറാക്കി. തദ്ദേശഭരണ സ്ഥാപനങ്ങൾ, റൂറൽ, അർബൻ സാങ്കേതിക വിഭാഗം എന്നിങ്ങനെ വിഭജനം നടത്തി നോക്കി. ഓരോ വിഭാഗത്തിനും ഓരോ മന്ത്രിമാരെ വച്ചു. ഒന്നും ഫലംകണ്ടില്ല. കേരളീയരുടെ മനസ്സിൽ വേരുപിടിച്ച ജനകീയാസൂത്രണപ്രസ്ഥാനത്തെ പിഴുതെറിയാൻ കഴിഞ്ഞില്ല. എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത കേരളജനത സമർഥമായി അധികാരവികേന്ദ്രീകരണത്തെ സംരക്ഷിച്ചു. ജനകീയാസൂത്രണപ്രസ്ഥാനം 30–ാംവർഷത്തിലേക്ക് കടക്കുമ്പോഴാണ് പുതിയൊരു തെരഞ്ഞെടുപ്പ് എത്തിയത്. സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ കേരളത്തെ സൂക്ഷ്മാർഥത്തിൽ വികസനസൂചികയുടെ കുതിപ്പിലേക്ക് എത്തിച്ചിട്ടുണ്ട്. ​ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളികൾ നേരിടുമ്പോൾ കേരളത്തിന്റെ ബദൽ വികസനമാതൃകയും ജനകീയാസൂത്രണത്തിന്റെ വികസനാനുഭവങ്ങളും ഏതൊരു തെരഞ്ഞെടുപ്പുമുഖത്തും മലയാളികൾക്ക് അഭിമാനവും ആവേശവുമാണ്.



Deshabhimani
Home