ജനങ്ങളെ അറിഞ്ഞ സർക്കാർ


ഡോ. രാമന്തളി രവി
Published on Mar 16, 2026, 11:24 PM | 2 min read
ഇന്ത്യയിലെ ജനാധിപത്യം പരിമിതമായ ചടങ്ങുകളിലേക്ക് ഉൾവലിയുമ്പോൾ കേരളം ജനാധിപത്യത്തെ പുനർനിർവചിക്കാൻ ഒരുങ്ങുകയായിരുന്നു. ജനാധിപത്യത്തിൽ അധികാരമെന്നത് എല്ലാവരെയും കേൾക്കാനും എല്ലാവരോടും പറയാനുമുള്ള ഒരു ഇടമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം കഴിഞ്ഞ ജനുവരി ഒന്നിന് ആരംഭിച്ചത്. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് സാമൂഹ്യ സന്നദ്ധ പ്രവർത്തകരെ അണിനിരത്തിയാണ് ഈ വികസന ക്ഷേമ പരിപാടിക്ക് തുടക്കംകുറിച്ചത്.
എന്നാൽ, എല്ലാ പ്രവർത്തനങ്ങളുടെയും ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്തും കള്ളംപറഞ്ഞ് പുകമറ സൃഷ്ടിച്ചും മുന്നോട്ടുപോകുന്ന പ്രതിപക്ഷം ഇൗ വിഷയത്തിലും കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽനിന്ന് അവർക്ക് അനുകൂലപ്രതികരണമുണ്ടായെങ്കിലും സുപ്രീംകോടതിയിൽനിന്ന് സ്റ്റേ നീക്കുകയും നവകേരള പഠനപരിപാടിയിൽ എന്താണ് തെറ്റെന്നും ചോദിച്ചു. ജനാധിപത്യരാജ്യത്ത് സർക്കാർ നടപ്പാക്കുന്ന വികസന–ക്ഷേമ പരിപാടിയെക്കുറിച്ച് ജനാഭിപ്രായമാരായുന്നതിൽ എന്താണ് അനൗചിത്യമെന്ന കോടതിയുടെ ചോദ്യം പ്രതിപക്ഷത്തിന്റെ കരണത്തേറ്റ കനത്ത അടിയായിരുന്നു.
ജനങ്ങളെ കേൾക്കാനും ജനങ്ങളെ അറിയാനും എല്ലാ മണ്ഡലങ്ങളിലും എത്തിച്ചേരുക എന്ന പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലുമെത്തി. ഓരോ വിഭാഗം ജനങ്ങളുടെയും പ്രതിനിധികളെയും പ്രത്യേക ക്ഷണിതാക്കളെയും കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടാണ് മണ്ഡലം സദസ്സ് വിജയകരമായി പര്യവസാനിപ്പിച്ചത്. പൊടുന്നനെ പരിഹരിക്കാൻ കഴിയുന്നവ അപ്പപ്പോൾ പരിഹരിക്കുകയും സാവകാശം ആവശ്യമുള്ള കാര്യങ്ങൾ വകുപ്പുകളിലേക്ക് അയക്കുകയും ചെയ്തുകൊണ്ടാണ് ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിച്ചത്.
രണ്ടാംഘട്ടം എന്ന നിലയിൽ പ്രാദേശിക സർക്കാരുകളായി അറിയപ്പെടുന്ന പഞ്ചായത്തുകളിലും നഗരസഭയിലും വികസനസദസ്സ് സംഘടിപ്പിച്ചു. അഞ്ചുവർഷക്കാലം നടത്തിയ വികസനപരിപാടികളും ക്ഷേമപ്രവർത്തനങ്ങളും ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച് വിശദമായ ചർച്ചകൾ നടത്തി. പരിഹരിച്ച പ്രശ്നങ്ങളും നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും ജനങ്ങൾ അംഗീകരിച്ചു. അവശേഷിക്കുന്ന പ്രശ്നങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനപത്രികയിൽ ഇടംപിടിച്ചു. സർക്കാരിലേക്കുള്ള നിർദേശങ്ങൾ നേരിട്ട് അയക്കുകയും ചെയ്തു.
2031 കേരള സംസ്ഥാനത്തിന്റെ 75–ാം വാർഷികമാണ്.
കഴിഞ്ഞകാല വളർച്ചയുടെ കൂലങ്കഷമായ വിലയിരുത്തലിനോടൊപ്പം വിമർശനാത്മകമായ നിർദേശങ്ങളും ഉയർന്നുവരേണ്ടതുണ്ട്. ഇതിനോടൊപ്പം ഭാവികേരളത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും അന്യോന്യം പങ്കുവയ്‌ക്കുകയും വേണം. ജനാധിപത്യം ഒരു വിഭാഗത്തെമാത്രം കേൾക്കുകയും സഹായിക്കുകയും ചെയ്യുന്ന പ്രവർത്തനരീതി അല്ലെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു പഠനപരിപാടിയിലേക്ക് ചുവടുവയ്‌ക്കാൻ കാരണമായിത്തീർന്നത്.
വികസന–ക്ഷേമ പദ്ധതികൾ നാട്ടിലുണ്ടാക്കിയ വളർച്ചയും ജനങ്ങൾക്ക് അനുഭവവേദ്യമാക്കിയ നേട്ടങ്ങളും വിലയിരുത്തിയതോടൊപ്പം പിന്നാക്കംനിൽക്കുന്ന പ്രദേശങ്ങളും പിന്തള്ളപ്പെട്ടുപോയവരുണ്ടെങ്കിൽ അവരെയും ചേർത്തുനിർത്തുന്നതിനായുള്ള ഒരു അന്വേഷണമാണ് വികസന–ക്ഷേമ പഠനപരിപാടി ലക്ഷ്യംവച്ചത്. ഫെബ്രുവരി അവസാനത്തോടെ പഠനപരിപാടി പൂർത്തിയാക്കാമെന്നാണ് കരുതിയതെങ്കിലും കോടതിയിലെത്തിയതോടെ സന്നദ്ധപ്രവർത്തകരിൽ ആശങ്ക ഉടലെടുത്തു. സുപ്രീംകോടതി വിധിയോടെ ആശങ്ക നീങ്ങുകയും വർധിതവീര്യത്തോടെ സന്നദ്ധപ്രവർത്തകരോടൊപ്പം കുടുംബശ്രീ പ്രവർത്തകരും അണിചേർന്നു.
കേരളത്തിൽ അധികാരത്തിൽ വന്ന ആദ്യത്തെ സർക്കാർ, മറ്റ് സംസ്ഥാനങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരിൽനിന്ന് ആശയതലത്തിലും കാഴ്ചപ്പാടിന്റെ കാര്യത്തിലും വേറിട്ട ഒരു പാത പിന്തുടർന്നതായിരുന്നു. മന്ത്രിസഭ എടുത്ത ആദ്യതീരുമാനങ്ങൾതന്നെ ചരിത്രത്തിൽ ഇടംപിടിക്കുകയും കേരളവികസനത്തിന്റെ അടിത്തറപാകുകയും ചെയ്തു. ഈ വികസനശൈലി മറ്റ് സംസ്ഥാനങ്ങളിലെ ഭരണരീതികളിൽനിന്ന് വ്യത്യസ്തമായിരുന്നു എന്നുമാത്രമല്ല, ചില ദൂരവ്യാപകമായ മാറ്റങ്ങൾക്ക് ഇവ തുടക്കംകുറിക്കുകയും ചെയ്തു. ഭൂമിയുടെ കൈമാറ്റത്തിലും വിദ്യാഭ്യാസമേഖലയിലെ ഇടപെടലിലും സാമൂഹ്യനീതി അധിഷ്ഠിതമായ ഒരു മാറ്റത്തിന് തുടക്കംകുറിക്കാനും ഈ സർക്കാരിന് സാധിച്ചു. പിന്നീട് വന്ന ഏതൊരു സർക്കാരിനും ആദ്യമിട്ട അസ്തിവാരത്തിൽനിന്ന് കുതറിമാറാൻ കഴിഞ്ഞില്ല.
സമ്പൂർണ സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം എന്നീ പരിപാടികളിൽ കേരളത്തിന്റെ സാമൂഹികചരിത്രത്തിൽ ആയിരക്കണക്കിനാളുകളുടെ ആവേശത്തിന്റെ മുദ്രകൾ വീണുകിടപ്പുണ്ട്. കുടുംബശ്രീ പ്രസ്ഥാനങ്ങളുടെ ആത്മവീര്യവും ദൃശ്യപരതയും സ്ത്രീകളുടെ അന്തസ്സുയർത്താൻ കാരണമായി. ഈ ഒരു പരിതോവസ്ഥയിൽ ആളുകൾ എന്തു പറയുന്നു, ഭരണസംവിധാനം ഇന്നുള്ളതിൽനിന്ന് മാറേണ്ടതുണ്ടോ? ഇത്തരം കാര്യങ്ങൾ ചോദിക്കാനും കേൾക്കാനും അവയിൽനിന്ന് പഠിക്കാനുമുള്ള ഒരു ശ്രമമാണ് നടന്നത്. ഒന്നും നടക്കില്ലെന്ന് കരുതിയ പലതും ഇതിനകം നടന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ ധൈര്യമായി ജനങ്ങൾ അവരുടെ ആവശ്യങ്ങളും ആശയങ്ങളും സ്വപ്‌നങ്ങളും സർക്കാരിന്റെ മുമ്പിൽ അവതരിപ്പിച്ചു. അതു കൊണ്ടുതന്നെ വ്യത്യസ്‌തമായ ഒരു മാതൃകയായി സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം മാറി.















