ad
Deshabhimani

Articles

ISRAEL US WAR ON IRAN

കാതുകളിൽ തുളച്ചുകയറുന്ന നിലവിളികൾ ; യുദ്ധങ്ങൾ നൽ‌കുന്ന പാഠം

iran war
avatar
ബി റാം

Published on Mar 05, 2026, 04:55 PM | 3 min read

എന്താണ് മനുഷ്യൻ എന്ന വാക്കിന്റെ പൊരുൾ? മനനം ചെയ്യുന്നവൻ അഥവാ ചിന്തിക്കുന്നവൻ എന്നാണ് എങ്കിൽ ആദിമമനുഷ്യനിൽ തുടങ്ങി ആറ്റം ബോംബ് വരെ എത്തിയപ്പോൾ മനുഷ്യമസ്തിഷ്കത്തിന് എന്തെങ്കിലും പരിക്കുപറ്റിയോ എന്നാണ് ചിലപ്പോഴൊക്കെ തോന്നാറുള്ളത്. പിഞ്ചുകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും നിലവിളികൾ കാതുകളിൽ തുളച്ചുകയറുന്നത് മിസൈലുകളെക്കാൾ വേഗത്തിലാണ്. യുദ്ധം, അതെന്നും നാശം വിതച്ചിട്ടേയുള്ളൂ. ആര് ആർക്ക് എതിരെയാണ് യുദ്ധങ്ങൾ ചെയ്യുന്നത്? മനുഷ്യർ അതിജീവനത്തിനായി ആയുധങ്ങൾ കണ്ടുപിടിച്ചു. ആദ്യകാലങ്ങളിൽ മൃഗവേട്ടയ്ക്കായിരുന്നു, എങ്കിൽ പിന്നീട്‌ സഹജീവികളെ കൊന്നുകളയാൻ ആയുധങ്ങൾ ഉണ്ടാക്കി.


സുനാമി, കോവിഡ് എന്തൊക്കെ വന്നു എന്നിട്ടും മനുഷ്യർക്ക് തിരിച്ചറിവ് കുറവാണ്. ഈ ഭൂമിയിൽ ഒരു മൃഗവും ആയുധങ്ങൾ കണ്ടെത്തിയിട്ടില്ല. മറ്റുള്ളവരെ കശാപ്പ് ചെയ്യാൻ അവയ്ക്ക് ആയുധങ്ങൾ ആവശ്യമില്ല. മനുഷ്യത്വം എന്ന വാക്കിനേക്കാൾ സമകാലലോകത്ത് മൃഗത്വം എന്ന വാക്കാണ് കൂടുതൽ ശരിയെന്ന് തോന്നുന്നു. ഒന്നാലോചിച്ചാൽ നഗ്നനേത്രങ്ങൾക്ക് കാണാൻ സാധിക്കാത്ത സൂക്ഷ്മജീവികൾ ഉറുമ്പുകൾ മുതൽ തിമിംഗലം വരെ നേരിട്ട് മനുഷ്യന് വിപത്ത് ഉണ്ടാക്കുന്നില്ല. അവരുടെ വാസസ്ഥലങ്ങളിലും കാട്ടിലും ജലാശയങ്ങളിലും നാം കടന്നു കയറുന്ന പുരോഗതിയുടെ പാതയിൽ അല്പം തടസ്സം മാത്രമേ അവ സൃഷ്ടിക്കുന്നുള്ളൂ.


എന്നാൽ മനുഷ്യനോ? പ്രോട്ടോ ആസ്ട്രോലിയിഡ്‌, നിയാണ്ടർതാൽ, ഹോമോസാപ്പിയൻസ് വരെ എത്തിനിൽക്കുന്ന വാനരന്റെ വാലുമുറിഞ്ഞ നരനായും നാരിയായും ഈ ഭൂമിയിൽ ഒരു പരിധിവരെ സ്വാർഥമായി ജീവിക്കുന്നു. വസ്ത്രം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളില്‍ ഒതുങ്ങാനാകാതെ അവൻ എന്തൊക്കെയോ വെട്ടിപ്പിടിക്കുന്നു. ചീഫ് സിയാറ്റിലിന്റെ പ്രഭാഷണത്തിലെ വരികൾ ‘‘നാം ഭൂമിയിലാണ് ജീവിക്കുന്നത്. ഭൂമി നമ്മളിൽ അല്ല’’ എന്ന വസ്തുത വെറും വാക്കുകളല്ല സുവർണ്ണ ലിപികളിൽ നാം നിർമ്മിക്കുന്ന ഓരോ മിസൈലുകളിലും ബോംബിലും കുറിച്ചുവെക്കേണ്ടതാണ്. എന്തിനുവേണ്ടി യുദ്ധങ്ങൾ? എല്ലാവരും സ്നേഹിക്കൂ എന്ന് ‘യന്തിരൻ’ സിനിമയിലെ ചിട്ടി റോബോട്ട് ചോദിക്കുമ്പോൾ ചിരിച്ചു തള്ളുന്ന പട്ടാള ഉദ്യോഗസ്ഥർ അവരുടെ ഉള്ളിൽ ഒരുപക്ഷേ ഇതേ ചോദ്യം നൂറുവട്ടം ചോദിച്ചിട്ടുണ്ടാകാം. യുദ്ധങ്ങൾ ഉണ്ടാകുന്നതല്ല ഉണ്ടാക്കുന്നതാണ് . കാരണം ഒരു രാജ്യം ഉണ്ടാക്കി വച്ചിരിക്കുന്ന ആയുധങ്ങൾ വിറ്റു പോകണമെങ്കിൽ യുദ്ധങ്ങൾ ഉണ്ടാകണം. അതിനു ഇരയാക്കുന്നതോ ഒന്നുമറിയാത്ത ചില നിരപരാധികളും ജീവജാലങ്ങളും.


ചെമ്മരിയാടുകൾ തമ്മിലടിച്ചാൽ ചെന്നായ് ചോര കുടിക്കും എന്നപോലെയാണ് അമേരിക്കയുടെ രീതി എന്നത് ചരിത്രകാലം മുതലുള്ള യുദ്ധങ്ങൾ പരിശോധിച്ചാൽ അറിയാൻ സാധിക്കും. യുദ്ധങ്ങളുടെ ലക്ഷ്യം എന്താണെന്ന് ചോദിച്ചാൽ ഒരു പ്രദേശം കീഴടക്കാൻ വേണ്ടി,സാമ്പത്തിക ലാഭത്തിന് വേണ്ടി അധികാരം പിടിച്ചടക്കാനോ അതുമല്ലെങ്കിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ കാരണമോ ആണെന്നാണ് നിർവചനം . വകതിരിവില്ലായ്മ നയിക്കുന്നതോ വൻതോതിൽ ഉള്ള ജീവഹാനികൾക്കും മാനുഷികമായ മൂല്യങ്ങൾക്കുമുള്ള ആഘാതമാണ് ഉത്തരം. യുദ്ധങ്ങളിൽ മുറിവേൽക്കുന്നത് ഭൂമിക്കാണ്. ഒരുപക്ഷേ സ്വാതന്ത്ര്യത്തിനു വേണ്ടി ലോകത്തുണ്ടായ പല യുദ്ധങ്ങളും മനുഷ്യൻ പണ്ടേ തിരിച്ചറിഞ്ഞിരുന്നു എങ്കിൽ വിട്ടുകൊടുക്കൽ മനോഭാവം ഉണ്ടായിരുന്നുവെങ്കിൽ അതിന്റെയും ആവശ്യമുണ്ടാകില്ലായിരുന്നു. ആകെ ഈ ഭൂമിയിൽ ഒരേയൊരു ജീവിതം ജനിച്ചു പോയവർക്കും ജനിക്കാൻ പോകുന്നവർക്കും സർവ്വചരാചരങ്ങൾക്കും എല്ലാം ഒരേ ഒരു ജീവിതം.


പലരും ഇതൊക്കെ മുന്നേ ചിന്തിച്ചിട്ടുണ്ടാകാം അതിനാലാണല്ലോ പല സൃഷ്ടികളും ലോകത്ത് ഉണ്ടായത്.ചിത്രങ്ങളായും കവിതകളായും സംഗീതമായും ആവിഷ്കരിച്ചിട്ടുള്ള പലതും സമാനമായി ചിന്തിക്കുന്ന മനുഷ്യരിൽ നിന്നുണ്ടായതാണ്. ഒരു വിഭാഗം തൃപ്തികരമല്ലാത്ത ജീവിതത്തിൽ എത്ര നേടിയാലും ആർത്തിയുടെ അറുതിവറ്റാതെ ജീവിക്കുന്നു. മാനവികത എന്ന വാക്കിനെ അറപ്പോടെ ദർശിക്കുന്ന, ആയുധങ്ങളെ ആഢംബരമായി കാണുന്ന, കരുണ തൊട്ടു തീണ്ടാത്ത ചില മനുഷ്യർക്ക് എന്ത് മാനവികത.


ചില മണിക്കൂറുകളിൽ ഇടപെട്ടിട്ടുള്ള സൈറൺ മുഴക്കങ്ങൾ ഏത് സമയവും മിസൈലുകൾ വന്ന് പതിക്കുന്നുണ്ടാകാം.. എവിടെയൊക്കെയോ ആരൊക്കെയോ ആശുപത്രികളിൽ ഓപ്പറേഷൻ തിയേറ്ററിൽ ജീവനുവേണ്ടി കേഴുന്നുണ്ടാകാം, ഡോക്ടർമാർ അഹോരാത്രം ജീവൻ രക്ഷിക്കാൻ പെടാപാടുപെടുന്നുണ്ടാകാം, പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീ കുഞ്ഞിനു ജന്മം നൽകാൻ കാത്തിരിക്കുന്നുണ്ടാകാം. ഇങ്ങനെ പലതിലും വ്യാപരിച്ചിരിക്കുന്ന മനുഷ്യന്റെ വാസസ്ഥലങ്ങളിൽ മിസൈലുകളും ബോംബും വന്ന് പതിച്ച്‌ ഒരു നിമിഷം കൊണ്ട് അലമുറയിട്ട് കരയുന്ന വേർപാട് എന്ന വെല്ലുവിളിക്ക് ലോകം സാക്ഷ്യമാകും. ഒടുവിൽ സന്ധി ചേരുമ്പോൾ ഒരു മെഴുകുതിരി വെട്ടം കത്തിച്ച് മരിച്ചവർക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ട് ചില പ്രകടനങ്ങളും കൂടിയാകുമ്പോൾ വെന്തും നീറിയും മരിച്ച മനുഷ്യർ കഥാവശേഷരായി മാറുന്നതാണ് സ്ഥിരം കാഴ്ച.

ഈ വലിയ ലോകത്തിലെ ചെറിയ മനുഷ്യരെയും പരിഗണിച്ചാൽ മാത്രമേ പരിണാമത്തിന്റെ വ്യാപ്തിയും അർത്ഥവും വരും തലമുറയ്ക്ക് എങ്കിലും മനസ്സിലാകുള്ളൂ അതല്ലെങ്കിൽ ഈ ലോകത്ത് ശ്വാസത്തിന് വേണ്ടി അലയുന്ന മനുഷ്യർക്ക് ശവങ്ങൾ ആയിരിക്കും ഉത്തരം നൽകുന്നത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home