ad
Deshabhimani

Articles

iran israel conflict

യുദ്ധം നമ്മുടെ വീട്ടുമുറ്റത്ത്

Kuwait Iran conflict
avatar
കെ വി അബ്ദുൾ ഖാദർ

Published on Mar 03, 2026, 12:00 AM | 2 min read


അതങ്ങ് ഇറാനിലാണല്ലോ എന്നു കരുതി സമാധാനിക്കാനാകില്ല. യുദ്ധം നമ്മുടെ വീട്ടുമുറ്റത്താണ്. ഇറാന്റെ ഏറ്റവും അടുത്തുള്ള രാജ്യം യുഎഇയാണ്. നഗരം ദുബായിയും. ഇറാനിലെ വെടിയൊച്ചകളുടെ പ്രതിധ്വനി ദുബായ് നഗരത്തെ അക്ഷരാർഥത്തിൽ ഞെട്ടിപ്പിക്കുന്നു. ലോകത്ത് ഏറ്റവും ശാന്തവും സന്തോഷഭരിതവുമായിരുന്ന മിഡിൽ ഈസ്റ്റിനെ മിസൈൽ വർഷത്തിലേക്ക് നയിച്ച അമേരിക്കൻ–ഇസ്രയേൽ യുദ്ധവെറി ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളെയാണ്.


തങ്ങൾക്ക് ഹിതകരമല്ലാത്ത ഒന്നിനെയും വച്ചുപൊറുപ്പിക്കില്ലെന്ന യാങ്കി–സയണിസ്റ്റ് ഭീഷണി ലോകത്തിനുമുന്നിൽ വലിയ വെല്ലുവിളിയാണ്. വെനസ്വേല എന്ന പരമാധികാര രാജ്യത്ത് അവരുടെ അനുമതിയില്ലാതെ കടന്നുകയറി പ്രസിഡന്റിനെ കസ്റ്റഡിയിൽ എടുക്കുന്നു. ലോകം തങ്ങളുടെ അധീനതയിലായിക്കഴിഞ്ഞെന്ന ട്രംപിന്റെ അഹന്തയും സമാനതകളില്ലാത്ത ആക്രമണോത്സുകതയും മാനവികത എന്ന മഹനീയ ആശയത്തെത്തന്നെ ഇല്ലാതാക്കുന്നു.


ഇറാനകത്ത് അട്ടിമറി നടത്താൻ കഴിഞ്ഞവർഷങ്ങളിൽ നിരന്തരം ശ്രമിച്ച് പരാജയപ്പെട്ട യുഎസ് ഭരണകൂടം പ്രത്യക്ഷ ആക്രമണവുമായി രംഗത്തിറങ്ങിയത് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വെട്ടിപ്പിടിത്തങ്ങളെ എതിർത്തിട്ടുള്ള പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സ്വാഭാവികമായും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ തൊഴിലെടുത്ത് ജീവിക്കുന്ന ഒരു ഭൂമണ്ഡലം സംഘർഷഭരിതമാകുന്നത് നമ്മൾ എതിർക്കേണ്ടതാണ്.

ഇറാനിൽ അമേരിക്ക–ഇസ്രയേൽ അച്ചുതണ്ട് യുദ്ധവും മരണവും വിതയ്‌ക്കുമ്പോൾ നമുക്കെങ്ങനെ മൗനം അവലംബിക്കാൻ കഴിയും. സംഘർഷം നമ്മുടെ പൗരന്മാരെ ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവ് ഇല്ലാത്തതിനാലോ അതോ മറ്റു പരിഗണനയാലോ


IraqIran


ഇസ്രയേലി ആരാച്ചാരെ കെട്ടിപ്പുണരാനാണ് നമ്മുടെ പ്രധാനമന്ത്രി തയ്യാറായത്. അവരുമായുള്ള സഹകരണമാണ് പൗരന്മാരുടെ ജീവിതത്തേക്കാൾ വലുതായി നരേന്ദ്ര മോദി കാണുന്നത്.യുഎഇ, ഖത്തർ, ഒമാൻ, സൗദി അറേബ്യ, കുവൈത്ത്‌, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലായി 30 ലക്ഷം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിൽനിന്നുമായി ഏതാണ്ട് ഒരുകോടി ആളുകൾ തൊഴിലെടുത്ത് ജീവിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസിപ്പണവരവുള്ള രാജ്യം ഇന്ത്യയാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 30 വർഷമായി ഇന്ത്യയാണ് ചൈനപോലുള്ള രാജ്യങ്ങളെ പിന്നിലാക്കി പ്രവാസിപ്പണവരവിൽ മുന്നിൽ. ഇതിൽ ഗൾഫ് മേഖലയ്‌ക്ക് നിർണായക പങ്കുണ്ട്.


ലോകമാസകലം സാമ്പത്തികമാന്ദ്യം നേരിട്ട 2008–09 വർഷം ഇന്ത്യ ഉലയാതെനിന്നത് പ്രവാസിപ്പണവരവിന്റെ ശക്തിയിലായിരുന്നു. ഇത്രത്തോളം രാജ്യത്തെ ശക്തിപ്പെടുത്തുന്ന പ്രവാസികളെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി ദുബായിൽ പ്രസ്താവിച്ചത്, "പ്രവാസികൾ രാജ്യത്തിന്റെ അംബാസഡർമാരാണ്’ എന്നാണ്. ഇന്ത്യയുടെ ഇറാൻ നയം ചിട്ടപ്പെടുത്തുമ്പോൾ പൗരന്മാരുടെ ജീവിതസുരക്ഷ പരിഗണനാ വിഷയമാക്കിയോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഇറാനെ സൈനികമായി കടന്നാക്രമിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ പൗരന്മാരെയാണെന്നറിയാൻ അധികപാണ്ഡിത്യത്തിന്റെ ആവശ്യമേ ഇല്ല. പതിനായിരക്കണക്കിനുപേർ ഗൾഫ് രാജ്യങ്ങളിൽ ജോലിയെടുക്കുന്ന കേരളത്തിന്റെ തൃശൂർ, മലപ്പുറം, കാസർകോട്‌, കോഴിക്കോട് തുടങ്ങി ഏതാണ്ടെല്ലാ ജില്ലകളിലും ടെലിവിഷൻ സ്ക്രീനിലെ ബ്രേക്കിങ് ന്യൂസുകൾ വലിയ സമ്മർദമാണ് സ്ത്രീകളിലും കുട്ടികളിലുമെല്ലാം ഉളവാക്കിയത്. തങ്ങളുടെ വീട്ടുമുറ്റത്ത് സ്ഫോടകവസ്തു പൊട്ടിവീണ മനസ്സാണ് പ്രവാസികുടുബങ്ങളിൽ വാർത്ത ഉളവാക്കിയത്.


ഇനിയുമൊരു യുദ്ധം തകർക്കുക ദശലക്ഷക്കണക്കിന് മനുഷ്യരെയും അവരുടെ കുടുംബങ്ങളെയുമാണ്. സർവനാശം എന്നതിനപ്പുറം ലോകം മറ്റൊന്നും നേടുകില്ല. ഗൾഫ് നഗരങ്ങളിൽ പടരുന്ന അശാന്തി വേറേതോ ലോകത്തല്ല, നമ്മുടെ വീട്ടകങ്ങളിലാണ് നാശം വിതയ്‌ക്കുക. ഒരുമാസം ഗൾഫിൽനിന്ന് പണമെത്തിയില്ലെങ്കിൽ അടുപ്പുപുകയാത്ത വീടുകൾ അനേകായിരമാണ്. മാർക്കറ്റിനെ അത് മന്ദീഭവിപ്പിക്കും. നമ്മുടെ സമ്പദ്ഘടനയെ അതു പിടിച്ചുലയ്ക്കും. വിവരണാതീതമായ തകർച്ചയിലേക്ക് നാടിനെ കൊണ്ടുചെന്നെത്തിക്കാൻമാത്രമേ ഇപ്പോഴത്തെ യുദ്ധം വഴിയൊരുക്കുകയുള്ളൂ.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home