ഇറാനിലെ ഇരട്ടതന്ത്രം


വിജേഷ് ചൂടൽ
Published on Mar 03, 2026, 11:14 PM | 3 min read
അക്ഷരങ്ങളാൽ ചിറകുനീർത്തി അറിവിന്റെ ആകാശത്തേക്ക് പറന്നുയരാനെത്തിയ കുഞ്ഞുശലഭങ്ങൾ മണ്ണിലേക്ക് മടങ്ങി. ചേതനയറ്റ പെൺകുട്ടികൾക്കായി മിനാബിലെ മണ്ണിനെ 165 കുഴിമാടങ്ങളായി വെട്ടിപ്പകുത്തു. അമേരിക്കൻ–ഇസ്രയേൽ മിസൈലുകൾ തകർത്തുകളഞ്ഞ നൂറുകണക്കിന് ജീവിതങ്ങൾ തീരാത്ത നോവും കെടാത്ത രോഷവും ഉള്ളിലടക്കി ഇരന്പിനിന്നു. തകർന്നുവീണ ക്ലാസ്‌മുറികളുടെ അവശിഷ്ടങ്ങൾക്കിടയിൽ രക്തംപുരണ്ട സ്കൂൾബാഗുകളിൽനിന്നു ചിതറിത്തെറിച്ച പാഠപുസ്തകങ്ങളിൽനിന്ന് ചോദ്യങ്ങൾ പ്രവഹിക്കുകയാണ്. ശനി രാവിലെ 10.45-ന് ദക്ഷിണ ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിൽ നടന്ന കൂട്ടക്കൊല ഈ യുദ്ധത്തിലെ ഏറ്റവും ഭീകരമായ അധ്യായമാണ്. മൂന്നുഘട്ടങ്ങളിലായുള്ള മിസൈൽ ആക്രമണത്തിൽ നൂറിലധികം വിദ്യാർഥികൾ മൃതപ്രായരായി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഒരു പ്രൈമറി സ്കൂളിലെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ പെൺകുട്ടികൾക്കായി ഒരുക്കുന്ന ശവക്കുഴികളാണിത്. മിസ്റ്റർ ട്രംപ് വാഗ്ദാനംചെയ്ത ‘രക്ഷ’ യാഥാർഥ്യത്തിൽ ഇങ്ങനെയാണ്– മൃഗീയമായ നരഹത്യയെക്കുറിച്ച് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി എക്‌സിൽ കുറിച്ചു. ആ പ്രദേശത്ത് നടത്തിയ ആക്രമണങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഗാസയ്ക്കെതിരായ വംശഹത്യയിലുടനീളം, പലസ്തീൻ കുഞ്ഞുങ്ങൾക്കെതിരായ മാരകമായ ആക്രമണങ്ങൾ ഇസ്രയേൽ ഇതേപടി നിഷേധിച്ചിരുന്നു. നിഷേധിക്കാനാകാത്ത തെളിവുകൾ പുറത്തുവന്നപ്പോൾ അത് വെറും ‘ആകസ്മികം’ എന്നു ന്യായീകരിച്ചു. ഇറാനിലും വിവേചനരഹിതമായ ആക്രമണങ്ങളിലൂടെ മേഖലയിൽ സന്പൂർണ ആധിപത്യമുറപ്പിക്കാനാണ് ഇസ്രയേലിനെ കൂട്ടുപിടിച്ച് അമേരിക്ക ലക്ഷ്യമിടുന്നത്.

പശ്ചിമേഷ്യയിൽ തങ്ങളുടെ സാമ്രാജ്യത്വ ആധിപത്യ താൽപ്പര്യങ്ങൾക്ക് എക്കാലവും കനത്ത വെല്ലുവിളിയായി നിലയുറപ്പിച്ച ഇറാനെ തകർക്കാനുള്ള നീക്കത്തിൽ ഇരട്ട തന്ത്രമാണ് അമേരിക്ക ആവിഷ്‌കരിച്ചിരിക്കുന്നത്. നേരിട്ടുള്ള ആക്രമണത്തിലൂടെ ഇറാനെ പ്രതിസന്ധിയിലാക്കുകയാണ് ആദ്യത്തേത്. ഇറാന്റെ സ്വാഭാവികപ്രതികരണത്തിലൂടെ അയൽരാജ്യങ്ങളാകെ ഇറാന്റെ ശത്രുപക്ഷത്താകുമെന്ന കണക്കുകൂട്ടലാണ് ഇതിനൊപ്പമുള്ളത്. അമേരിക്കൻ വൻകരയിൽ എത്താൻ ശേഷിയുള്ള മിസൈലുകൾ പ്രയോഗിക്കാൻ ഇറാന് പരിമിതിയുണ്ട്. സ്വാഭാവിക തിരിച്ചടിയായി അവർക്ക് ചെയ്യാനാവുക ഇസ്രയേലിനൊപ്പം പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളെയും ലക്ഷ്യമിടുക എന്നതാണ്. ഇതാണ് മേഖലയെ ആകെ യുദ്ധാന്തരീക്ഷത്തിലേക്ക് എത്തിച്ചത്. മറ്റു രാജ്യങ്ങളാകെ ഇറാനെതിരെ തിരിയുന്നതുവഴി പശ്ചിമേഷ്യയിൽ രൂപപ്പെടുന്ന അസ്ഥിരതയെ മുതലെടുക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് വ്യക്തമാണ്. അമേരിക്ക ജനവാസമേഖലയിൽ ആക്രമണം നടത്തുമ്പോൾ യുഎസ് സേനാതാവളങ്ങൾ മാത്രമാണ് ഇറാൻ ലക്ഷ്യമിടുന്നത്.
2024 ജൂലൈയിലെ യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് റിപ്പോർട്ട് അനുസരിച്ച്, അമേരിക്കയ്‌ക്ക് 51 രാജ്യങ്ങളിലായി 128 സൈനികതാവളങ്ങളുണ്ട്. ഈജിപ്തുമുതൽ കസാഖ്‌സ്ഥാൻവരെയുള്ള പ്രദേശങ്ങളിലെ സൈനികപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുഎസ് സെൻട്രൽ കമാൻഡിനുകീഴിൽ പശ്ചിമേഷ്യയിൽ 19 ഇടത്താണ് യുഎസ് താവളങ്ങളുള്ളത്. ഇതിൽ എട്ടെണ്ണം ബഹ്‌റൈൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന സ്ഥിരം താവളങ്ങളാണ്. ഇതിനോടനുബന്ധിച്ച് നിരവധി ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളമാണ് ഇതിൽ ഏറ്റവും വലുത്. ഇറാൻ ഒഴികെയുള്ള മറ്റു പ്രധാന രാജ്യങ്ങളിലെല്ലാം അമേരിക്കയുടെ സൈനികസാന്നിധ്യമുണ്ടെന്ന് ചുരുക്കം.

1958 ജൂലൈയിലാണ് പശ്ചിമേഷ്യയിൽ യുഎസ് ആദ്യമായി സൈനികരെ വിന്യസിച്ചത്. ലെബനൻ പ്രതിസന്ധിക്കിടെ ബെയ്റൂത്തിലേക്ക് ഏകദേശം 15,000 മറീനുകളെയും സൈനികരെയും അയച്ചു. നിലവിൽ മേഖലയിലുടനീളമുള്ള സ്ഥിരംതാവളങ്ങളിലും ഫോർവേഡ് സൈറ്റുകളിലുമായി 40,000 മുതൽ 50,000 വരെ യുഎസ് സൈനികരുള്ളതായാണ് കണക്ക്. ലോകത്തെ ഏതെങ്കിലുമൊരു രാജ്യത്തിന് മറ്റൊരു മേഖലയിൽ ഇത്തരത്തിലൊരു സൈനികവിന്യാസമില്ല.
പശ്ചിമേഷ്യയുടെ അധിപതിയാകാനുള്ള മോഹവുമായി അമേരിക്കയുടെ കടന്നാക്രമണവും അതിനോടുള്ള ഇറാന്റെ ചെറുത്തുനിൽപ്പും മേഖലയെ ഒന്നാകെ യുദ്ധക്കളമാക്കുകയാണ്. ദശാബ്ദങ്ങളായി ഈ മേഖലയിലെ വിഭവങ്ങൾ കൊള്ളയടിക്കാനും തങ്ങൾക്കനുകൂലമായ ഭരണകൂടങ്ങളെ വാഴിക്കാനും യുഎസ് നടത്തുന്ന ശ്രമങ്ങളുടെ ആക്രമണോത്സുകമായ തുടർച്ചയാണിത്. സയണിസ്റ്റ് അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ഉറച്ച നിലപാടുള്ള ഇറാനെ സൈനികമായി വളയുന്നതിലൂടെ പശ്ചിമേഷ്യയുടെ നിയന്ത്രണം പൂർണമായും തങ്ങളുടെ കൈപ്പിടിയിലൊതുക്കാമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു. എന്നാൽ, അമേരിക്ക തൊട്ടടുത്ത് സൈനികസാന്നിധ്യം വർധിപ്പിക്കുന്നത് ഇന്ത്യയടക്കമുള്ള സമീപരാജ്യങ്ങളുടെ സ്വയംഭരണാധികാരത്തിന് കനത്ത വെല്ലുവിളിയാകും. മേഖലയിലെ എണ്ണസമ്പത്തിന്റെ നിയന്ത്രണം കൈയാളാനുള്ള സാമ്രാജ്യത്വ ഗൂഢാലോചന മറ്റു രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കും.

പശ്ചിമേഷ്യയിൽ യുഎസ് സൈനികസാന്നിധ്യം സമീപവർഷങ്ങളിൽ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. യുഎസ്‌എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉൾപ്പടെ അറബിക്കടലിൽ വിന്യസിച്ചിരിക്കുന്നത് മേഖലയ്‌ക്കാകെ ഭീഷണിയാണ്. ടോമാഹോക്ക് ക്രൂസ് മിസൈലുകൾ വഹിക്കുന്ന ഡിസ്ട്രോയറുകളും മിസൈൽവേധ സംവിധാനങ്ങളും ഇറാനെ വളഞ്ഞുനിൽക്കുന്നുണ്ട്. ഊർജസമ്പന്നമായ മേഖലയുടെ നിയന്ത്രണം കൈക്കലാക്കി ആഗോളവിപണിയിൽ ആധിപത്യം ഉറപ്പിക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം.
ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കം ആഗോള എണ്ണവിതരണത്തെ തടസ്സപ്പെടുത്തുകയും ഇന്ധനവില കുതിച്ചുയരുകയും ചെയ്യും. ഇത് വികസ്വര രാജ്യങ്ങളെയാകെ സാമ്പത്തികമായി തകർക്കും. നിരന്തരമായ യുദ്ധാന്തരീക്ഷം ടൂറിസം, വ്യാപാരം തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കും. പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ താൽപ്പര്യങ്ങളുടെ കാവൽക്കാരായ ഇസ്രയേലിനെ ഉപയോഗിച്ചാണ് അമേരിക്ക നീക്കങ്ങൾ നടത്തുന്നത്. ഗാസയിലെ കൂട്ടക്കുരുതിയും ഇറാനെതിരെയുള്ള പ്രകോപനങ്ങളും ഒരേനാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഇറാനിലെ ആധിപത്യശ്രമങ്ങൾ വെറുമൊരു പ്രാദേശികത്തർക്കമല്ല, മറിച്ച് ആഗോളതലത്തിൽത്തന്നെ സമാധാനത്തിന് വെല്ലുവിളിയാണ്.















