ad
Deshabhimani

Articles

iran israel conflict

ഇറാന്‍ സഞ്ചരിച്ച വഴികള്‍

iran israel conflict
avatar
പുത്തലത്ത് ദിനേശന്‍

Published on Mar 06, 2026, 12:00 AM | 4 min read

അമേരിക്കന്‍ സാമ്രാജ്യത്വം ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധം ലോകത്ത്‌ ഉയര്‍ന്നുവരുന്നുണ്ട്. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയസ്ഥിതിഗതികളെ വ്യാഖ്യാനിച്ച് അമേരിക്കന്‍ നിലപാടുകളെ പിന്തുണയ്‌ക്കുന്നതിനുള്ള ചര്‍ച്ചകളും ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇറാന്‍ കടന്നുവന്ന വഴികളെ മനസ്സിലാക്കുകയെന്നത് പ്രധാനമാണ്.


ദാരിയസിന്റെയും അലക്സാണ്ടറുടെയും ഏറ്റുമുട്ടല്‍ നടന്ന മണ്ണാണിത്. പാഴ്സികളുടെ മതമായ സ‍ൗരാഷ്ട്രമതം പിറന്നുവീണ മണ്ണാണ് ഇറാന്റേത്. ഇസ്ലാമിന്റെ വരവോടെ ഇറാനികള്‍ ആ മതവിശ്വാസത്തെ ഏറ്റെടുക്കുകയും ചെയ്തു. അറബ് ദേശീയതയില്‍നിന്ന്‌ വ്യത്യസ്തമായ സാംസ്കാരികചിന്തകള്‍ മുന്നോട്ടുവയ്‌ക്കുന്നവര്‍കൂടിയാണ് ഇറാന്‍കാര്‍. കാര്‍ഷിക പ്രധാനമായ ഈ രാജ്യത്ത് പത്തിലൊന്ന് ഭാഗംമാത്രമാണ് കൃഷിയോഗ്യമായിട്ടുള്ളത്. 20–ാംനൂറ്റാണ്ടില്‍ പെട്രോള്‍ ഉല്‍പ്പാദനം ആരംഭിച്ചതോടെയാണ് സമ്പദ്ഘടന ചലനാത്മകമാകുന്നത്.

ആധുനിക ഇറാന്റെ ചരിത്രം ആരംഭിക്കുന്നത് 1500-ലാണ്. ഇസ്ലാമിലെ ഉള്‍പ്പിരിവുകളിലൊന്നായ ഷിയാ വിഭാഗത്തില്‍പ്പെട്ട ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള കേന്ദ്രീകൃത ഭരണസംവിധാനം ഇക്കാലത്ത് ഇറാനില്‍ നിലവില്‍വന്നു. ഷിയാ വിശ്വാസത്തെ ദേശീയമതമായി പ്രഖ്യാപിക്കുകയും ചെയ്തു. 1794-ല്‍ ഖജാറുകള്‍ എന്ന തുര്‍ക്കി ഗോത്രം സഫിദുകളെ പരാജയപ്പെടുത്തുകയും ഇറാന്റെ ഭരണം പൂര്‍ണമായും ഏറ്റെടുക്കുകയും ചെയ്തു. 1925 വരെ ആ ഭരണം നിലനില്‍ക്കുകയും ചെയ്തു.


qatar- israel - iran conflict.jpg


19–-ാംനൂറ്റാണ്ടോടെ സാമ്രാജ്യത്വശക്തികള്‍ ഇവിടെ പിടിമുറുക്കാന്‍ തുടങ്ങി. ഇത്തരം ആധിപത്യത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ഇവിടെ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ പരിണതഫലമായി 1906-ല്‍ ഒരു ഭരണഘടന രാജ്യത്ത് ഉണ്ടാവുകയും ചെയ്തു. രാജഭരണത്തിനുകീഴില്‍ പാര്‍ലമെന്റ്‌ സംവിധാനമെന്നതായിരുന്നു അവിടെ നിലനിന്ന വ്യവസ്ഥ. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും പ്രത്യേക പ്രാതിനിധ്യം പാര്‍ലമെന്റില്‍ നല്‍കി. ഭരണഘടന രൂപീകരിച്ചെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് രാജ്യത്തിന്റെ ഭരണം മുന്നോട്ടുപോയില്ല. തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. രണ്ടാം ലോകയുദ്ധം നടക്കുമ്പോള്‍ അന്നത്തെ ഇറാനിലെ രാജാവ് ഷാ, ഹിറ്റ്‌ലറുമായി രഹസ്യകരാറുണ്ടാക്കി. ഇതിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ 1941-ല്‍ ഷായെ പുറത്താക്കി. പകരം, ബ്രിട്ടീഷ് പക്ഷപാതിയായിരുന്ന മകന്‍ മുഹമ്മദ് റെസാ പഹ്‌ലവിയെ ചക്രവര്‍ത്തിയായി വാഴിച്ചു.


1951-ല്‍ ഭരണഘടനയനുസരിച്ച് തെരഞ്ഞെടുപ്പ് നടന്നു. ഇതില്‍ മുഹമ്മദ് മൊസ്സോദെഖ് ഇടതുപക്ഷ മതനിരപേക്ഷ ശക്തികളുടെ പിന്തുണയോടെ പ്രധാനമന്ത്രിയായി. ദേശീയവാദിയായിരുന്ന ഇദ്ദേഹം, സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഈ ഘട്ടത്തില്‍ ബ്രിട്ടീഷ് കുത്തകകളുടെ കൈയിലുണ്ടായിരുന്ന എണ്ണവ്യവസായം ദേശസാല്‍ക്കരിക്കാന്‍ അദ്ദേഹം നടപടി സ്വീകരിച്ചു. ഇത്തരത്തില്‍ പുരോഗമനപരമായ നിരവധി നടപടികളിലേക്ക് അദ്ദേഹം കടന്നു. ഇതിനെതിരെ ബ്രിട്ടനും അമേരിക്കയും രംഗത്തെത്തി. ഇറാനെ വ്യാവസായികമായി ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാതെയായി. ഈ പ്രതിസന്ധിയുടെ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ തലയില്‍ കെട്ടിവച്ചു. സിഐഎയുടെ ഒത്താശയോടെ 1953-ല്‍ മൊസ്സോദെഖിനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. പിന്നീട്, രാജാവിന്റെ സ്വേച്ഛാധിപത്യഭരണമായിരുന്നു അവിടെ നിലനിന്നിരുന്നത്. സോഷ്യലിസ്റ്റ് ചേരിക്കെതിരായി രൂപംകൊടുത്ത സൈനികസഖ്യത്തില്‍ അംഗമായ ഇറാന്‍ അമേരിക്കയുടെ സൈനികതാവളമായി. ഇസ്രയേല്‍, പലസ്തീനെതിരായി നടത്തുന്ന എല്ലാ ആക്രമണങ്ങള്‍ക്കും ഇറാന്‍ പിന്തുണ നല്‍കി. പ്രാദേശിക സംസ്കൃതിക്കുമുകളില്‍ പാശ്ചാത്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഇടപെടല്‍ രാജാവ് നടത്തി. ഇത് വമ്പിച്ച പ്രതിഷേധം ഇറാനില്‍ രൂപപ്പെടുത്തി.


quatar attacked by iran


മൊസ്സോദെഖിനെ പുറത്താക്കിയതോടെ ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ ശക്തമായി. ഷാ ഭരണകൂടത്തിനെതിരെ പാശ്ചാത്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കപ്പെടുന്നുവെന്ന പ്രശ്നം മുന്നോട്ടുവച്ച് മതപണ്ഡിതര്‍ രംഗത്തിറങ്ങി. ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകാരും ദേശീയവാദികളായ പ്രതിരോധ പ്രസ്ഥാനക്കാരും ഇതില്‍ സജീവ പങ്കുവഹിച്ചു. 1920-കളില്‍ രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ടി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് പ്രക്ഷോഭത്തിലൂടെയാണ് മുന്നോട്ടുപോയത്. വമ്പിച്ച അടിച്ചമര്‍ത്തലുകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് നേരിടേണ്ടിവന്നു, പലരെയും തുറുങ്കിലടച്ചു. 1941-ല്‍ ജനങ്ങളുടെ പാര്‍ടി എന്നര്‍ഥം വരുന്ന തുദെ പാര്‍ടി എന്ന പേരില്‍ കമ്യൂണിസ്റ്റ് പാര്‍ടി പുനഃസംഘടിപ്പിച്ചു.


എണ്ണക്കിണറുകള്‍ ദേശസാല്‍ക്കരിക്കുന്നതിന് ശക്തമായ മുദ്രാവാക്യമുയര്‍ത്തി തുദെ പാര്‍ടി മുന്നോട്ടുവന്നു. പുരോഗമനപരമായ മുന്നേറ്റങ്ങള്‍ക്കുവേണ്ടി അവര്‍ നിലകൊണ്ടു. ഇക്കാലഘട്ടത്തില്‍ തുദെ പാര്‍ടി അംഗങ്ങള്‍ ഇറാന്‍ ഭരണത്തിലുമുണ്ടായിരുന്നു. തുദെ പാര്‍ടിയെ അധികാരം പങ്കിടാന്‍ അനുവദിച്ചാല്‍ സൈനികമായി ഇടപെടുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. അതിനാല്‍ തുദെ പാര്‍ടി മന്ത്രിമാരെ മന്ത്രിസഭയില്‍നിന്ന്‌ പുറത്താക്കി. 1949-ല്‍ തുദെ പാര്‍ടിയെത്തന്നെ നിരോധിക്കുകയും ചെയ്തു.


Iran.jpg


മതപണ്ഡിതരുടെ മേഖലയില്‍നിന്ന്‌ ഷാക്കെതിരെ വമ്പിച്ച പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഖൊമേനിയെ നാടുകടത്തി. ദേശീയ പ്രതിരോധപ്രസ്ഥാനവും ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന തുദെ പാര്‍ടിയും ജനകീയ മുജാഹിദീനും ഈ പോരാട്ടം തുടര്‍ന്നു. അങ്ങനെ വിവിധ ധാരകളായി ഒഴുകുന്ന മഹാപ്രവാഹമായി സാമ്രാജ്യത്വവിരുദ്ധസമരം ഇറാനില്‍ വ്യാപിച്ചു.


പേര്‍ഷ്യന്‍ സാമ്രാജ്യത്വം സ്ഥാപിച്ചതിന്റെ 2500–-ാമത് വാര്‍ഷികമെന്ന പേരില്‍ അത്യാര്‍ഭാടപൂര്‍ണമായി ഒരു ചടങ്ങ് ഇറാനില്‍ ഈ ഘട്ടത്തില്‍ ഷാ സംഘടിപ്പിച്ചു. ജീവിതദുരിതത്തിലായിരുന്ന ജനത, പണം ധൂര്‍ത്തടിക്കുകയാണെന്ന് പറഞ്ഞ് ഷാക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തി. 1970-കളില്‍ എണ്ണവില കുത്തനെ ഉയര്‍ന്നെങ്കിലും ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടില്ല. വര്‍ധിച്ചുവരുന്ന വിലക്കയറ്റവും ദുസ്സഹമായ ജീവിതസാഹചര്യവും മാറ്റിമറിക്കുന്നതിനും ദേശസാല്‍ക്കരണം ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളും ഉയര്‍ത്തി കമ്യൂണിസ്റ്റുകാര്‍ രംഗത്തുവന്നു. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഷാ പട്ടാളത്തെ രംഗത്തിറക്കി.

1978 മുഹറം 10-ന് തെഹ്‌റാനിലെ ആസാദ് ചത്വരത്തില്‍ 20 ലക്ഷത്തോളംപേര്‍ ഒത്തുചേര്‍ന്നു. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും ആഹ്വാനം ചെയ്ത പണിമുടക്ക് രാഷ്ട്രത്തെ നിശ്ചലമാക്കി. ഗത്യന്തരമില്ലാതെ 1979 ജനുവരിയില്‍ ഷാ നാടുവിട്ടു. ഫെബ്രുവരി ഒന്നിന്‌ ഖൊമേനി പാരിസില്‍നിന്ന്‌ തെഹ്‌റാനിലെത്തി ഭരണം ഏറ്റെടുത്തു. പ്രധാനമന്ത്രിയായി മെഹ്ദി ബെഹര്‍ഗനെ ഖൊമേനി നിയമിച്ചു. തന്നെ രാഷ്ട്രത്തിന്റെ രക്ഷാധികാരിയായി മുഹമ്മദ് നബി നിയമിച്ചതാണെന്നും സ്വയം പ്രഖ്യാപിച്ചു. അങ്ങനെ ഇറാനിലെ ജനകീയവിപ്ലവം ഇസ്ലാമിക മതരാഷ്ട്രവിപ്ലവമായി മാറി.


iran israel conflict


അമേരിക്കയുമായുള്ള സൈനികസഖ്യം പുതിയ സര്‍ക്കാര്‍ റദ്ദാക്കി. അമേരിക്കന്‍വിരുദ്ധ നിലപാട് സ്വീകരിക്കുകയും അതോടൊപ്പംതന്നെ കമ്യൂണിസ്റ്റുകാരെയും ജനകീയ മുജാഹിദുകളെയും കൊന്നൊടുക്കുന്ന നടപടികളിലേക്കും അവര്‍ കടന്നു. സാംസ്കാരികരംഗത്തുള്ളവര്‍ക്കും ദേശീയവാദികള്‍ക്കും സമാനമായ അനുഭവമുണ്ടായി.


എല്ലാ അധികാരവും ആയത്തുള്ള ഉസ്മ എന്ന പരമോന്നത നേതാവിനായി മാറി. പാര്‍ലമെന്റ്‌ പാസാക്കുന്ന നിയമം റദ്ദാക്കാനുള്ള അധികാരം മതപണ്ഡിതര്‍ക്ക് ലഭിച്ചു. നാലുവര്‍ഷത്തിലൊരിക്കല്‍ പൊതുതെരഞ്ഞെടുപ്പ് നടത്തി ഭരണത്തലവന്‍ പ്രസിഡന്റിനെയും പാര്‍ലമെന്റിനെയും ഇവിടെ തെരഞ്ഞെടുക്കുന്നു. പക്ഷേ, അവസാനവാക്ക് ആയത്തുള്ളയ്‌ക്കാണ്. എല്ലാത്തിനും മീതെ പൗരോഹിത്യത്തെ പ്രതിഷ്ഠിക്കുന്ന മതരാഷ്ട്ര രീതിയായിരുന്നു ഇത്.

ഇറാനിലെ ഭരണസംവിധാനത്തോടും അവരുടെ ആഭ്യന്തരനടപടികളോടും നമുക്ക് വിയോജിക്കാമെങ്കിലും അമേരിക്കന്‍വിരുദ്ധ നിലപാടിന്റെ കാര്യത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്. അധികാരത്തില്‍ വന്നയുടനെ അമേരിക്കയുമായി ഉണ്ടായ സൈനിക ഉടമ്പടി അവര്‍ ഇല്ലാതാക്കി. എണ്ണനിക്ഷേപം അമേരിക്കന്‍ കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ളതായി മാറ്റുന്ന ശ്രമങ്ങളെ അവര്‍ പ്രതിരോധിച്ചു. പലസ്തീന്‍ ജനതയ്‌ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അമേരിക്ക നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചു. സാമ്രാജ്യത്വവിരുദ്ധ സമരങ്ങളെ പൊതുവെ പിന്തുണയ്‌ക്കുന്ന നിലപാടും എടുത്തു. അതിന്റെ ഫലമായി ഇറാനെ തകര്‍ക്കാന്‍ ഉപരോധവുമായി അമേരിക്ക രംഗത്തുവന്നു. ഇറാനെ തകര്‍ത്താല്‍ മധ്യേഷ്യ പൂര്‍ണമായും കൈക്കലാക്കാനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമുകളില്‍ ആധിപത്യം ഉറപ്പാക്കാനും കഴിയുമെന്ന്‌ അമേരിക്ക കണക്കുകൂട്ടുന്നു. ആണവായുധം ആദ്യമായി പ്രയോഗിക്കുകയും അവ സംഭരിച്ചുവയ്‌ക്കുകയും ചെയ്യുന്ന അമേരിക്കയാണ് ഇറാന്റെ ആണവായുധപദ്ധതികള്‍ക്ക് എതിരുനില്‍ക്കുന്നത്. ഇത്തരം പ്രശ്നങ്ങളിൽ ഒമാനെ മധ്യസ്ഥരാക്കി ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് യുദ്ധവുമായി അമേരിക്ക വന്നിരിക്കുന്നത്.



Trump

സാമ്രാജ്യത്വത്തിന്റെ മുഖമാണ് ഫാസിസം. അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തെമ്പാടും ആധിപത്യം സ്ഥാപിക്കുന്നതിന് എല്ലാ ജനാധിപത്യമര്യാദകളെയും ഇല്ലാതാക്കുകയാണ്. ലോക ഫാസിസമായിത്തന്നെ മാറുന്ന നിലയാണുള്ളത്. ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ ഭരണാധികാരികളെ കള്ളക്കഥകളുണ്ടാക്കി വധിച്ചു. വെനസ്വേലയിലെ ഭരണാധികാരിയെ തട്ടിക്കൊണ്ടുപോയി. ഇറാനിലെ ഭരണനേതൃത്വത്തെ കൊലപ്പെടുത്തി. ഇറാനില്‍ ആക്രമണങ്ങളുടെ പരമ്പര സൃഷ്ടിച്ചു. മധ്യേഷ്യന്‍ രാജ്യങ്ങളെ പേടിപ്പെടുത്തുന്നതിനുള്ള ആയുധമായി ഇസ്രയേലിനെ ഉപയോഗിക്കുകയുമാണ്. ഇറാനാകട്ടെ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനികതാവളത്തില്‍നിന്ന് ആക്രമണം വരാതിരിക്കാന്‍ അവയെ ആക്രമിക്കുന്ന നിലപാട് സ്വീകരിക്കുകയാണ്.


സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിനെതിരെ ലോകത്ത് നടക്കുന്ന ഏതു പ്രതിരോധത്തെയും നാം പിന്തുണയ്ക്കേണ്ടതുണ്ട്. ലോകത്താകമാനം യുദ്ധം സൃഷ്ടിച്ച് ആയുധവ്യാപാരത്തിലൂടെ പണം കൊള്ളയടിക്കുന്ന സാമ്രാജ്യത്വത്തിന്റെ യുദ്ധമോഹത്തിനെതിരെ അണിനിരക്കേണ്ടതുണ്ട്. മനുഷ്യജീവിതം ആഹ്ലാദകരവും ജനാധിപത്യപരവും സര്‍ഗാത്മകവുമായും തീരുന്നതിന് സമാധാനപരമായ ജീവിതം അനിവാര്യമാണ്. എന്നാല്‍, അവയെ തകര്‍ക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്. സ്വന്തം നാടിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനുവേണ്ടി പൊരുതുകയാണ് ഇറാന്‍. യുദ്ധവെറിക്കെതിരെ മുന്നിട്ടിറങ്ങാനും കഴിയേണ്ടതുണ്ട്. വര്‍ത്തമാനകാലത്തെ യുദ്ധവിരുദ്ധ പ്രസ്ഥാനം സാമ്രാജ്യത്വപ്രതിരോധത്തിന്റെ ഭാഗമാണെന്നു കാണണം.​



Deshabhimani
Home