കീഴടങ്ങില്ല ഇറാൻ


വി ബി പരമേശ്വരൻ
Published on Mar 02, 2026, 11:28 PM | 3 min read
ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യ വീണ്ടും അശാന്തമായിരിക്കുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അടക്കം കൊല്ലപ്പെട്ടു. ഇതോടെ ഇറാൻ പതറിവീഴുമെന്നും യുദ്ധത്തിന് വിരാമമാകുമെന്നും കരുതിയവർക്ക് തെറ്റുപറ്റിയെന്ന് തുടർന്നുള്ള സംഭവങ്ങൾ തെളിയിക്കുന്നു. ഖമനേയി വധിക്കപ്പെട്ടുവെന്ന് ലോകത്തെ അറിയിച്ച് രാജ്യത്തെ ജനങ്ങളെ ഇറാൻ പതാകയ്‌ക്കുകീഴിൽ അണിനിരത്തുകയും ലോക മുസ്ലിങ്ങളെ അമേരിക്കൻ–ഇസ്രയേൽ വിരുദ്ധ ചേരിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന തന്ത്രം ഇറാൻ സമർഥമായി പയറ്റി. പുതുനിര നേതൃത്വവും മുന്നോട്ടുവയ്‌ക്കപ്പെട്ടു. ദിനംതോറും കൂടുതൽ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുകയാണ്. സന്പൂർണമായി തകർന്നുവെന്ന് പാശ്ചാത്യ മാധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞ ഹിസ്‌ബൊള്ള ഇസ്രയേലിനുനേരെ നടത്തിയ ആക്രമണവും അതിനോടുള്ള പ്രതികരണമെന്ന രീതിയിൽ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ബോംബിങ്ങും അതാണ് തെളിയിക്കുന്നത്. അമേരിക്കയും ഇസ്രയേലും നിശ്ചയിക്കുന്നപോലെ ഈ യുദ്ധം മുന്നോട്ടുപോകില്ലെന്ന വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്.

ഇറാൻ ആണവായുധം നിർമിക്കുകയാണെന്നും അത് തടയാനാണ് യുദ്ധമെന്നുമുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രചാരണം വ്യാജമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. കാരണം ഭരണമാറ്റമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ട്രംപ് മറയേതുമില്ലാതെ വ്യക്തമാക്കി. 2000 മുതൽ അമേരിക്ക മുന്നോട്ടുവയ്‌ക്കുന്ന ലക്ഷ്യമാണിത്. 2001 സെപ്തംബർ 11ലെ ഭീകരാക്രമണത്തിനുശേഷം അമേരിക്കൻ സൈനിക ജനറലും നാറ്റോ കമാൻഡറുമായ വെസ്ലി ക്ലാർക്ക് പറഞ്ഞത്, ഇറാൻ ഉൾപ്പെടെ ഏഴു രാഷ്ട്രങ്ങളിൽ "റജീം ചെയ്ഞ്ച്’ അമേരിക്ക ലക്ഷ്യമിടുന്നു എന്നായിരുന്നു. അതിൽ ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, ലബനൻ, സിറിയ എന്നീ രാജ്യങ്ങളിൽ ഇതിനകം ലക്ഷ്യംകണ്ടു. ഇനി ഇറാൻമാത്രമാണ് ബാക്കി. അത് പൂർത്തിയാക്കലാണ് ലക്ഷ്യമെന്ന് അമേരിക്ക ഇക്കുറി വ്യക്തമാക്കി. ഒമ്പതുകോടിയിലധികം ജനസംഖ്യയുള്ള ഇറാനിൽ ലക്ഷങ്ങളാണ് ഖമനേയിയുടെ വേർപാടിൽ അനുശോചനവും രോഷവും പ്രകടിപ്പിച്ച് തെരുവിലിറങ്ങിയത്. അവർ അമേരിക്കയ്‌ക്കും ഇസ്രയേലിനുമെതിരെയാണ് മുദ്രാവാക്യങ്ങൾ ഉയർത്തിയത്. അമേരിക്കയ്‌ക്ക് ലക്ഷ്യം "റജീം ചെയ്ഞ്ചാ’ണെങ്കിൽ ഇസ്രയേലിന്റെ ലക്ഷ്യം ഇറാന്റെ സമ്പൂർണ നാശമാണ്. അതായത് കേവലമായ ഭരണമാറ്റംകൊണ്ട് യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിന് താൽപ്പര്യമില്ല. സമാന സൈനികശക്തിയായ ഇറാനെ തനിച്ച് തോൽപ്പിക്കാനും ഇസ്രയേലിന് കഴിയില്ല.

ഇറാൻവിരുദ്ധ സഖ്യത്തിലെ രാഷ്ട്രങ്ങൾക്കുള്ള ഈ വ്യത്യസ്തമായ ലക്ഷ്യങ്ങൾ അഥവാ ലക്ഷ്യങ്ങളിലെ ഇരട്ടത്താപ്പ് സ്വാഭാവികമായും അവർക്ക് കല്ലുകടിയാകും. ഇറാൻ അത് മുതലെടുക്കുകയും ചെയ്യും. ഇറാനെ ഒമാന്റെ മാധ്യസ്ഥ്യത്തിൽ ചർച്ചയ്‌ക്ക് വിളിക്കുകയും അതിന്റെ മറവിൽ യുദ്ധസന്നാഹം നടത്തുകയുമായിരുന്നു അമേരിക്ക ചെയ്തതെന്ന് ലോകജനതയ്‌ക്ക് ബോധ്യമായി. അമേരിക്ക 2003ൽ ഇറാഖിനെ ആക്രമിച്ചശേഷം പശ്ചിമേഷ്യയിൽ നടത്തിയ ഏറ്റവും വലിയ യുദ്ധസന്നാഹമാണ് ഇപ്പോഴത്തേത്. ഒമാൻ വിദേശമന്ത്രി മെച്ചപ്പെട്ട കരാറിലെത്തിയെന്ന് പ്രഖ്യാപിച്ച ഉടൻ അതിൽ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി ആക്രമണവും തുടങ്ങി.
യുദ്ധം ആരംഭിച്ചാൽ പ്രാദേശിക യുദ്ധമായി മാറുമെന്ന് ഖമനേയി മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയ്‌ക്ക് ഗൾഫിലുള്ള 19 സൈനികതാവളങ്ങൾമാത്രമല്ല, അമേരിക്കൻ സാമ്പത്തികതാൽപ്പര്യങ്ങളെയും ഹനിക്കുമെന്ന് ഇറാൻ വിദേശമന്ത്രി ഗൾഫ് രാഷ്ട്രങ്ങളെ അറിയിച്ചിരുന്നു. ഇപ്പോൾ അക്ഷരാർഥത്തിൽ സംഭവിക്കുന്നത് അതാണ്.
യുദ്ധത്തിന്റെ ആദ്യദിവസം ഇറാൻ ലക്ഷ്യമിട്ടത് അമേരിക്കയുടെ ഗൾഫിലെ സെൻട്രൽ കമാൻഡായ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളവും യുഎഇയിലെയും കുവൈത്തിലെയും ബഹ്റൈനിലെയും ജോർദാനിലെയും സൗദിയിലെയും യുഎസ് താവളങ്ങളായിരുന്നുവെങ്കിൽ രണ്ടാംദിവസം ഒമാനിലെ സൈനികതാവളവും ദുബായിലെയും അബുദാബിയിലെയും അമേരിക്കൻ ഫിനാൻഷ്യൽ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടത്. അമേരിക്കൻ ബാങ്ക്, സിറ്റി ബാങ്ക്, മൈക്രോസോഫ്റ്റ്, മോർഗൻ സ്റ്റാൻലി, ആമസോൺ, ഐബിഎം തുടങ്ങിയ അമേരിക്കൻ കമ്പനികളുടെ ഗൾഫ് ഹെഡ്ക്വാർട്ടേഴ്‌സുള്ള ദുബായിലെ പ്രദേശമാണ് ഇറാൻ ലക്ഷ്യമാക്കിയത്. അതായത് അമേരിക്കയ്‌ക്കുനേരെ നേരിട്ട് ആക്രമണം നടത്താതെതന്നെ അമേരിക്കൻ താൽപ്പര്യങ്ങളെ ഹനിക്കാൻ കഴിയുമെന്നാണ് ഇതുവഴി ഇറാൻ ലോകത്തോട് പറയുന്നത്. ഇതുമാത്രമല്ല, അമേരിക്കൻ പ്രസിഡന്റിന്റെയും കുടുംബാംഗങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളും ലക്ഷ്യമാക്കുമെന്ന് ഇറാൻ വ്യക്തമാക്കി.

ഇതിന്റെ മറ്റൊരു വശം സൗദിയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ അവരുടെ സുരക്ഷകൂടി കണക്കിലെടുത്താണ് അമേരിക്കയ്‌ക്ക് സൈനികതാവളങ്ങൾ നിർമിക്കാൻ അനുമതി നൽകിയത്. ഈ നടപടി അവർക്ക് സുരക്ഷ പ്രദാനം ചെയ്യുന്നില്ലെന്നുമാത്രമല്ല, സുരക്ഷ അപകടത്തിലാക്കുകയാണെന്നുകൂടി തിരിച്ചറിയപ്പെടുകയാണ്. ഇത് സ്വാഭാവികമായും ചില പൊളിച്ചെഴുത്തുകൾ അനിവാര്യമാക്കും.
അതോടൊപ്പം ഹോർമുസ് കടലിടുക്ക് അടയ്‌ക്കുമെന്ന ഇറാന്റെ പ്രഖ്യാപനവും ലോകരാഷ്ട്രങ്ങളെ അങ്കലാപ്പിലാഴ്‌ത്തും. പേഴ്‌സ്യൻ ഉൾക്കടലിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന കടലിടുക്കാണ് ഹോർമുസ്. ലോക എണ്ണവ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഇതുവഴിയാണ്. റഷ്യയിൽനിന്നും ഗൾഫ് മേഖലയിൽനിന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എണ്ണക്കപ്പലുകൾ എത്തുന്ന മാർഗമാണിത്. ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും ഇതുവഴിയുള്ള കപ്പൽഗതാഗതം നിലച്ചിരിക്കുകയാണ്. ചെങ്കടൽവഴിയുള്ള ഗതാഗതം തടയുമെന്ന് യമനിലെ ഹൂതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വാഭാവികമായും എണ്ണക്ഷാമം രൂക്ഷമാകും.

അമേരിക്കൻ സൈനികശേഷിയുമായി തട്ടിച്ചുനോക്കുമ്പോൾ തുലോം തുച്ഛമായ ശക്തിയാണ് ഇറാൻ. എങ്കിലും അവരുടെ കൈവശമുള്ള ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക് ബാലിസ്റ്റിക് മിസൈലാണ് ഇറാന്റെ കരുത്ത്. ഇത് കണ്ടെത്തി നശിപ്പിക്കാനുള്ള ശേഷി അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കുപോലും ഇല്ല. യുദ്ധത്തിന്റെ രണ്ടാംദിവസംമുതൽ ഇറാൻ ഈ മിസൈലുകൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. സ്വാഭാവികമായും യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ഇതുവഴി ഇറാന് കഴിയും. ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ മിസൈൽ ശേഷിയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാൻ. മാത്രമല്ല, ചൈനയും റഷ്യയും നേരിട്ടല്ലെങ്കിലും പരോക്ഷമായി ഇറാനെ പിന്തുണയ്‌ക്കുന്നുവെന്നതും വസ്തുതയാണ്. ചൈന നേതൃത്വം നൽകുന്ന ഷാങ്ഹായ് സഹകരണ കൗൺസിലിലും (എസ്‌സിഒ) ബ്രിക്സിലും അംഗമാണ് ഇറാൻ.
ഇറാനെതിരെയുള്ള ട്രംപിന്റെ മേയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ (മാഗ) സഖ്യത്തിലും വിള്ളൽവീണിട്ടുണ്ട്. അവസാനമില്ലാത്ത യുദ്ധചക്രത്തിൽനിന്ന് അമേരിക്കയെ പുറത്തുകടത്തുമെന്ന് ജനതയ്‌ക്ക് വാഗ്ദാനം നൽകി സമാധാനത്തിന്റെ പ്രസിഡന്റായിരിക്കും താനെന്നു പറഞ്ഞാണ് ട്രംപ് അധികാരത്തിൽ വന്നത്. "വോട്ട് സമാധാനത്തിന്; ട്രംപിന്’ എന്നതായിരുന്നു മുദ്രാവാക്യം. എന്നാൽ, 11–ാമത്തെ രാഷ്ട്രത്തിലാണ് ട്രംപ് ഇപ്പോൾ ആക്രമണം നടത്തുന്നത്. രണ്ടാമത് പ്രസിഡന്റായശേഷം നാലാമത്തെ ആക്രമണമാണിത്. ജെഫ്രി എപ്‌സ്റ്റീൻ ഫയലുകൾ ട്രംപിനെ വേട്ടയാടുന്നുണ്ട്. മാത്രമല്ല, 75 ശതമാനം ജനങ്ങളും ഇറാനെതിരായ യുദ്ധത്തെ എതിർക്കുകയാണ്. നവംബറിൽ നടക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് ട്രംപിന് പ്രധാനമാണ്. നെതന്യാഹുവും ഈ വർഷം പാർലമെന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണം. അതിനുള്ള ഒരുക്കത്തിന്റെ ഭാഗംകൂടിയാണ് ഇറാൻ ആക്രമണം.















