മൂക്കിൻതുമ്പത്തെ മുദ്രാവാക്യങ്ങൾ


AKSHAY K P
Published on Apr 30, 2026, 12:59 PM | 4 min read
മെയ് ഒന്ന്, സാർവദേശീയ തൊഴിലാളി ദിനം. ഷിക്കാഗോയിൽ തൊഴിലാളികൾ സംഘടിച്ച് 140 വർഷം തികയുമ്പോൾ ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ഏറ്റവും വലിയ ഉയിർത്തെഴുന്നേൽപ്പിന് ലോകം സാക്ഷിയാകാൻ ഒരുങ്ങുന്നു. അതിന്റെ ആരംഭമെന്നോണം വർഗീയ, കോർപറേറ്റ് ഭരണകൂടത്തിന്റെ മൂക്കിൻതുമ്പത്ത്, രാജ്യതലസ്ഥാനമേഖല മുദ്രാവാക്യങ്ങളാൽ മുഖരിതമായിരിക്കുന്നു. വർഗ സമരം പടരുന്നു...
‘വളരെ തുച്ഛമായ വേതനം വാങ്ങിയാണ് തൊഴിലെടുക്കുന്നത്. ജീവിതച്ചിലവ് വേതനവുമായി തീരെ ഒത്തുപോകുന്നില്ല. സമരമുണ്ടായപ്പോൾ അതിൽ പങ്കുചേർന്നതും ഇൗ കാരണം കൊണ്ടാണ്. എന്നാൽ പ്രതിഷേധത്തിൽ പങ്കാളിയായി എന്ന പേരിൽ നാല് ദിവസം പൊലീസ് ജയിലിലിട്ടു. തന്റെ വിവരം അന്വേഷിക്കാനെത്തിയ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലാക്കി’– നോയ്‌ഡയിൽ മിനിമം വേതനം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ദിലീപിന്റെ(യഥാർഥ പേരല്ല) വാക്കുകൾ. നോയ്‌ഡയിലെ കാസ്‌നയ്‌ക്ക് സമീപമുള്ള അദ്‌നാന്റെ(യഥാർഥ പേരല്ല) പ്രായം 20 വയസാണ്. പ്രദശത്ത് പൊട്ടിപ്പുറപ്പെട്ട തൊഴിലാളി സമരത്തെത്തുടർന്ന് അഞ്ച് ദിവസമാണ് തൊഴിലാളിയല്ലാത്ത അദ്‌നാന് ജയിലിൽ കഴിയേണ്ടി വന്നത്. നോയ്‌ഡയിൽ തൊഴിലാളി സമരത്തെ ബിജെപി സർക്കാർ എത്രമാത്രം ഭയപ്പെടുന്നു എന്നും എന്തുകൊണ്ട് സമരം പൊട്ടിപ്പുറപ്പെട്ടു എന്നും ഇൗ വാക്കുകളിൽ നിന്ന് വ്യക്തം.
തീവ്ര തൊഴിലാളി വിരുദ്ധ നയങ്ങളടിങ്ങിയ തൊഴിൽ കോഡുകൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചതിന് പിന്നാലെ രാജ്യമാകമാനമുള്ള തൊഴിലാളികൾ തെരുവിലാണ്. ഫെബ്രുവരി പന്ത്രണ്ടിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖിലേന്ത്യാ പണിമുടക്ക് അവസാനിച്ചത് മോദി സർക്കാർ നയങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടും. 30 കോടിയിലേറെ തൊഴിലാളികളാണ് അന്ന് പണിമുടക്കിൽ അണിനിരന്നത്. പണിമുടക്കിന് ശേഷവും രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി സംഘടിച്ചു. കേന്ദ്ര സർക്കാരിന്റെ മൂക്കിൻ തുമ്പത്ത്, അതായത് രാജ്യതലസ്ഥാന മേഖലയിലെ നോയ്‌ഡ, ഗുഡ്‌ഗാവ്, മനേസാർ, ഫരീദാബാദ്, പൽവാൽ, ഗാസിയാബാദ് പാനിപ്പത്ത് തുടങ്ങി വിവിധയിടങ്ങളിൽ അവകാശ സമര പോരാട്ടങ്ങളുടെ ഭാഗമായി തൊഴിലാളികൾ വലിയ പ്രക്ഷോഭങ്ങൾ തീർത്തു. സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ സമരത്തിന് പിന്തുണയുമായെത്തിയതൊടെ തൊഴിലാളി പ്രക്ഷോഭം ശക്തമായി. ഇതിൽ ഫെബ്രുവരി ഒൻപതിന് രാജ്യതലസ്ഥാന മേഖലയായ നോയ്‌ഡയിൽ പൊട്ടിപ്പുറപ്പെട്ട സമരം ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരിനെ ഞെട്ടിക്കുന്നതായിരുന്നു.
നോയിഡയിലെ തൊഴിലാളി സമരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
ന്യൂ ഓഖ്‌ല ഇൻഡസ്‌ട്രിയൽ ഡെവലെപ്‌മെന്റ് സൊസൈറ്റി അഥവാ നോയ്‌ഡ
ഡൽഹിയോട് ചേർന്ന്, ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ന്യൂ ഓഖ്‌ല ഇൻഡസ്‌ട്രിയൽ ഡെവലെപ്‌മെന്റ് സൊസൈറ്റി അഥവാ നോയ്‌ഡ. അടിയന്തരാവസ്ഥക്കാലത്ത് വ്യവസായിക ആവശ്യങ്ങൾക്കായാണ് ഇൗ ടൗൺഷിപ്പ് സ്ഥാപിക്കപ്പെടുന്നത്. നിർമാണ, ഐടി മേഖലയിലുൾപ്പെടെ ആകെ പതിനായിരക്കണക്കിന് കമ്പനികൾ നോയ്‌ഡയിൽ പ്രവർത്തിക്കുന്നു. പത്തുലക്ഷത്തിലധികം തൊഴിലാളികൾ ഇൗ യൂണിറ്റുകളിലായി തൊഴിലെടുക്കുന്നു.
മാറി മാറി വന്ന സർക്കാരുകൾ കോർപറേറ്റുകൾക്ക് നോയ്‌ഡ തുറന്നുകൊടുത്തു. എന്നാൽ കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന രാവും പകലും പണിയെടുക്കുന്ന തൊഴിലാളിക്ക് യാതൊരുവിധ മെച്ചവുമുണ്ടായില്ല. പതിനായിരത്തിൽ താഴെ വേതനം വാങ്ങിയാണ് തൊഴിലാളികൾ ജോലി ചെയ്തത്. എട്ടുമണിക്കൂർ ജോലി എന്ന വാഗ്‌ദാനമൊക്കെ ഭൂരിഭാഗം കമ്പനികളിലും വെറും ജലരേഖയായി. 12 മണിക്കൂറാണ് തൊഴിൽ സമയം. എന്നാൽ യാതൊരു വിധത്തിനുള്ള അധിക വേതനവും തൊഴിലാളികൾക്ക് ലഭിച്ചില്ല.
‘ഐഡി കാർഡ് പോലും നൽകാതെയാണ് നോയ്‌ഡയിലെ വൻകിട കമ്പനികൾ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചത്. ഇന്ന കമ്പനികളിലാണ് തങ്ങൾ ജോലി ചെയ്യുന്നതെന്ന് പറയാൻ യാതൊരുവിധത്തിലുള്ള രേഖയും തൊഴിലാളികളുടെ കയ്യിലുണ്ടായില്ല. ആകെയുണ്ടായിരുന്നത് കമ്പനികളിൽ തൊഴിലാളികളെ വിതരണം ചെയ്യുന്ന കരാറുകാർ നൽകിയ ഐഡി എന്ന് വേണമെങ്കിൽ പറയാവുന്ന ഒരു കാർഡ് മാത്രം’– സ്ഥലത്തെ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി രാം സ്വരാത് പറയുന്നു. തൊഴിലാളികളോടുള്ള കമ്പനികളുടെ സമീപനം ഏത് വിധേനയായിരുന്നു എന്ന് ഇൗ വാക്കുകളിൽ വ്യക്തം.
നോയിഡയിലെ തൊഴിലാളി സമരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
തൊഴിൽ കോഡുകളും പശ്ചിമേഷ്യൻ സംഘർഷവും
കേന്ദ്ര സർക്കാരിന്റെ നാല് ലേബർ കോഡുകൾ പ്രഖ്യാപിച്ചതുമുതൽ നിയമത്തിന്റെ ദൂഷ്യഫലങ്ങൾ തൊഴിലാളികളെ അസ്വസ്ഥമാക്കിയിരുന്നു. എന്നാൽ ഗോദി മാധ്യമങ്ങളിലേയും സമൂഹമാധ്യമ ഇടപെടലുകളുലൂടെയുമുള്ള ബിജെപിയുടെ തൊഴിൽ കോഡുകളെ വാഴ്‌ത്തുന്ന പ്രചാരണം ഉത്തരേന്ത്യയിലെ വലിയൊരു വിഭാഗം തൊഴിലാളികളെ സ്വാധീനിച്ചു. ചട്ടങ്ങളിലൂടെ തങ്ങളുടെ വേതനത്തിൽ വർധനവുണ്ടാവുമെന്ന് തൊഴിലാളികൾ വിശ്വസിച്ചു. എന്നാൽ ഇത് വെറും വ്യാജപ്രചാരണമാണെന്ന് തൊഴിലാളികൾ വൈകാതെ മനസിലാക്കിയതോടെ സമരത്തിന് നിർബന്ധിതരായി. പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച പ്രതിസന്ധികൾ സമരം എത്രയും പെട്ടന്നാക്കി.
നോയ്‌ഡയിൽ തൊഴിലെടുക്കുന്നവരിൽ ഭൂരിഭാഗമാളുകളും കുടിയേറ്റത്തൊഴിലാളികളാണ്. അതിനാൽ വേതനമായി ലഭിക്കുന്ന പതിനായിരത്തിൽ നാലായിരമോ അതിലധികമോ തുക റൂം, വീട് വാടകയായി നൽകണം. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതോടെ ഒരു കിലോ പാചകവാതകത്തിന് നൽകേണ്ടിയിരുന്ന തുക നൂറിൽ നിന്ന് 700 ആയി. മാന്യമായ വേതനമില്ലാത്തതിന്റെ അഭാവം തങ്ങളുടെ നാട്ടിൽ നിന്നും, വേണ്ടപ്പെട്ടവരെ കാണുന്നതിൽ നിന്നും തൊഴിലാളികളെ അകറ്റി.
എല്ലുമുറിയെ പണിയെടുക്കുന്ന തൊഴിലാളിക്ക് ദുരിതം മാത്രം ബാക്കി. നിലനിൽപ്പിന് സമരമല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് തൊഴിലാളികൾ തിരിച്ചറിഞ്ഞു. നോയ്‌ഡയിൽ റിച്ച ഗ്ലോബൽസ് എന്ന ടെക്‌സ്‌റ്റൈൽ കയറ്റുമതി കമ്പനിയിൽ ആദ്യ മുദ്രാവാക്യമുയർന്നു. നോയ്‌ഡയിലുള്ളവർക്ക് ഇൗ പ്രക്ഷോഭത്തിന് പ്രചോദനമായത് ഹരിയാനയിലെ മനേസറിലുണ്ടായ സമരമായിരുന്നു.
നോയിഡയിലെ തൊഴിലാളി സമരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ (Photo: ANI)
മനേസാറിൽ നിന്ന് നോയ്‌ഡയിലേക്ക്
മനേസറിലെ ഹോണ്ടാ മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യാ പ്ലാന്റിൽ(എച്ച്‌എംഎസ്‌ഐ) വേതനവർധനവ് ആവശ്യപ്പെട്ട് ആയിരകണക്കിന് ജീവനക്കാരാണ് സമരം ചെയ്തത്. എച്ച്‌എംഎസ്‌ഐ പ്ലാന്റിലെ സമരം പിന്നീട് മനേസറിലെ 20,000ത്തോളം ജീവനക്കാരിലേക്ക് പടർന്നുപിടിച്ചു. ഗുഡ്‌ഗാവിലെ വ്യാവസായിക മേഖലയാകെ മുദ്രാവാക്യങ്ങൾ മുഴങ്ങി. തുടർന്ന് മിനിമം വേതനം 15,220 ആയി വർധിപ്പിക്കാൻ ഹരിയാന സർക്കാർ നിർബന്ധിതരായി.
മനേസാറിലെ റിച്ച ഗ്ലോബൽസ് എന്ന വസ്‌ത്ര കയറ്റുമതി കമ്പനിയിലെ തൊഴിലാളികളും സമരത്തിൽ സജീവമായിരുന്നു. മനേസാറിലെ തൊഴിലാളികൾക്ക് വേതന വർധനവ് ലഭിച്ചത് റിച്ച ഗ്ലോബൽസിന്റെ നോയ്‌ഡയിലെ തൊഴിലാളികളറിഞ്ഞു. തുടർന്ന് നോയ്‌ഡയിൽ റിച്ച ഗ്ലോബൽസിലൂടെ സമരമാരംഭിച്ചു. മദർസൺ എന്ന കമ്പനിയിലെ തൊഴിലാളികളും സമരമുഖത്തെത്തിയതോടെ പ്രതിഷേധം രൂക്ഷമായി. തുടർന്ന് നാൽപതിനായിരത്തിലധികം തൊഴിലാളികൾ ബിജെപിയുടെ ആദിത്യനാഥ്–മോദി സർക്കാരുകളെ പ്രതിരോധത്തിലാക്കി. ഇടക്കാലത്തേക്കെങ്കിലും വേതനം വർധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായി.
അടിച്ചമർത്തൽ
യുവാക്കളായിരുന്നു സമരത്തിന്റെ മുന്നണിപ്പോരാളികൾ. നാൽപത് വയസിന് താഴെയുള്ളവർ. ഏപ്രിൽ പതിമൂന്നിനാണ് സമരം രൂക്ഷമായത്. സമരാരംഭം മുതൽ തന്നെ അടിച്ചമർത്താനുള്ള ശ്രമങ്ങളുമുണ്ടായി. ആയിരത്തിലേറെ ആളുകളെ തടവിലാക്കി. ഇതിൽ 350 കുട്ടികളുമുൾപ്പെടും. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ, സമരത്തിന് സാക്ഷികളായവർ, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നിർമാണ തൊഴിലാളികൾ, മരുന്നും വസ്‌ത്രങ്ങളും വീട്ടുസാധനങ്ങളും വാങ്ങാൻ കടകളിലെത്തിയവർ എന്നിവരെയെല്ലാം പൊലീസ് തടവിലാക്കി. യൂണിഫോമിലല്ലാതെയും പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളെ കസ്റ്റഡിയിലെടുത്തു. തൊഴിലാളികളെ ക്രൂരമായി മർദിച്ചു. സ്ഥാപനങ്ങളുടെ ഒത്താശയിലും തൊഴിലാളികൾക്കെതിരെ നടപടിയുണ്ടായി. അറസ്റ്റിനെക്കുറിച്ചും തടവിലാക്കപ്പെട്ടതിനെക്കുറിച്ചുമുള്ള വിവരങ്ങൾ കുടുംബങ്ങൾക്ക് പൊലീസ് കൈമാറിയതുമില്ല. ഭരണഘടനാ മാനദണ്ഡങ്ങളെ കാറ്റിൽപ്പറത്തിയായിരുന്നു പൊലീസ് നടപടി.
ബാഹ്യശക്തികളാണ് സമരത്തിന്റെ കാരണമെന്നാണ് യുപി സർക്കാരിന്റെ വാദം. സമരത്തിൽ പാകിസ്ഥാൻ ഇടപെടൽ ഉണ്ടോയെന്ന് സംശയിക്കണമെന്ന് തൊഴിൽ മന്ത്രി തുടക്കം തന്നെ പറഞ്ഞു. നെക്‌സൽ ഗ്രൂപ്പുകൾ ഇടപെട്ടിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രതികരണം.
നോയിഡയിലെ തൊഴിലാളി സമരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ (Photo: ANI)
‘മാന്യമായ വേതനത്തിനായി തൊഴിലാളികൾ സംഘടിച്ചു. യാതൊരു വിധത്തിലുള്ള കൂടിയാലോചനകളോ, ഏകീകരണമോ, സംഘടനകളുടെ ബാനറോ ഒന്നുമില്ലാതെയാണ് തൊഴിലാളികൾ സമരത്തിനിറങ്ങയത്. അതിന്റെ അഭാവവും പ്രതിഷേധത്തിൽ പ്രകടമായിരുന്നു. സമരത്തിൽ ബിജെപി സർക്കാർ ആരോപിക്കുന്ന ഗൂഢാലോചനാ സിന്ദാന്തം പ്രത്യേക രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്.’– സിഐടിയു ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി പി വി അനിയൻ പറയുന്നു.
സിഐടിയു നേതൃത്വം ക്രൂരമായി വേട്ടയാടപ്പെട്ടു. നോയ്‌ഡയിലെ സംഘടനയുടെ രണ്ട് ഓഫീസുകളും സീൽ ചെയ്തു. സിഐടിയു ജില്ലാ ഭാരവാഹികളായ രാം സ്വരത്, ഗംഗേശ്വർ ദത്ത് ശർമ എന്നിവരുൾപ്പെടുന്ന പത്തിലധികം പ്രവർത്തകർ ദിവസങ്ങളോളം തടങ്കലിലായി. പി വി അനിയൻ ഉൾപ്പെടുന്ന സംസ്ഥാന നേതൃത്വത്തെ ബലപ്രയോഗത്തെ കസ്റ്റഡിയിലെടുത്തു. മറ്റൊരു തൊഴിലാളി സംഘടനയ്‌ക്കും സമരത്തെത്തുടർന്ന് ഇൗ രീതിയിൽ നടപടികൾ നേരിടേണ്ടി വന്നില്ല.
ഇനിയെന്ത്
‘ഇന്ത്യയിലെ തൊഴിലാളി വർഗം ഉറങ്ങുകയാണ് എന്നൊക്കെ ചിലർ വെറുതേ പറയാറുണ്ട്. എന്നാൽ അവയെ എല്ലാം ഖണ്ഡിക്കുന്ന നീക്കങ്ങൾക്കാണ് നോയ്‌ഡയും രാജ്യതലസ്ഥാന മേഖലയും സാക്ഷിയായത്. തൊഴിൽ കോഡുകൾ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും പശ്ചിമേഷ്യൻ സംഘർഷം മൂലമുള്ള പ്രതിസന്ധിയാണ് തൊഴിലാളികളെ പ്രക്ഷോഭത്തിന് നിർബന്ധിതരാക്കിയത്. എങ്കിലും തൊഴിൽ കോഡുകളുൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും തൊഴിലാളികൾക്ക് കൂടുതൽ ബോധവത്‌കരണം നൽകേണ്ടതുണ്ട്. അതിന്റെ ഭാഗമായുള്ള പ്രവർത്തനം സിഐടിയുവിന്റെ ഭാഗത്തുനിന്നുണ്ടാവും’– അനിയൻ കൂട്ടിച്ചേർത്തു.
പാനിപ്പത്തും മനേസാറിലും നോയ്‌ഡയിലുമെല്ലാം പൊട്ടിപ്പുറപ്പെട്ട സമരം ഇന്ത്യയാകെ വ്യാപിക്കുകയാണ്. ഉത്തരാഖണ്ഡിലെ മദർസൺ, വിഗാർഡ് ഫാക്‌ടറികളിലെ തൊഴിലാളി സമരങ്ങൾ ഉദാഹരണം. ഉറച്ച പോരാട്ട വീര്യത്തോടെയാണ് ഇൗ സമരങ്ങളെല്ലാം മുന്നോട്ടുപോവുന്നത്. വേതന വർധനവില്ലാതെ തൊഴിലിടങ്ങളിലേക്ക് മടങ്ങില്ലെന്നായിരുന്നു സമരമുഖത്തെത്തിയ തൊഴിലാളികളുടെ നിലപാട്. വർഗ സമരം കൂടുതൽ പടർന്നാൽ ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ഏറ്റവും വലിയ ഉയർത്തെഴുന്നേൽപ്പിന് ലോകം സാക്ഷിയാവും.
















