ad
Deshabhimani

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, മൺസൂൺ തിരിച്ചെത്തുന്ന പ്രതീക്ഷയിൽ വരണ്ടുണങ്ങിയ സംസ്ഥാനങ്ങൾ

monsoon
വെബ് ഡെസ്ക്

Published on Jul 19, 2026, 05:07 PM | 2 min read

ന്യൂഡൽഹി: ജൂലൈ മാസത്തിൽ പെയ്തൊഴിഞ്ഞു നിന്ന മൺസൂൺ അടുത്ത ആഴ്ചയോടെ ശക്തമായി തിരിച്ചെത്തുന്നു. ഉത്തർപ്രദേശ്, ബിഹാർ അടങ്ങുന്ന ഉത്തരേന്ത്യൻ സമതലങ്ങൾ, കിഴക്കൻ-മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ അടുത്ത ആഴ്ചയോടെ വ്യാപകമായ മഴ ലഭിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദ്ദമാണ് വരണ്ട കാലാവസ്ഥയ്ക്കും കടുത്ത ചൂടിനും വിരാമമിട്ട് മഴയെ തിരികെ എത്തിക്കുന്നത്. ഇതോടെ കേരളത്തിലും മഴ സജീവമാകും.


ജൂലൈ മാസത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും മഴ വിട്ടുനിന്നത് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കടുത്ത വരൾച്ചയ്ക്കും അസഹനീയമായ ചൂടിനും കാരണമായിരുന്നു. എന്നാൽ ഈ കാത്തിരിപ്പ് അവസാനിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. മൺസൂണിന്റെ സജീവമാകൽ ആദ്യം വടക്കുകിഴക്കൻ ഇന്ത്യയിലാണ് പ്രകടമാകുക. തുടർന്ന് അടുത്ത ആഴ്ച ആദ്യത്തോടെ ഇത് കിഴക്കൻ, മധ്യ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും.


ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കാണ് സാധ്യത. ചിലയിടങ്ങളിൽ തീവ്രമായ മഴയും പ്രതീക്ഷിക്കാം.ആഴ്ചകളായി ഉഷ്ണതരംഗത്തിന് സമാനമായ അന്തരീക്ഷം നിലനിൽക്കുന്ന ഗംഗാ സമതലങ്ങളിലും മധ്യ ഇന്ത്യയിലും ഈ മഴ വലിയ ആശ്വാസമേകും.


ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദ്ദമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ചാലകശക്തി. അന്തരീക്ഷത്തിലെ വായു മുകളിലേക്ക് ഉയരുന്നത് വഴി ഉണ്ടായി വരുന്ന ഈ ന്യൂനമർദ്ദ മേഖല ഒരു വാക്വം ക്ലീനർ പോലെ കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റിനെ വലിച്ചെടുക്കുകയും മഴമേഘങ്ങളാക്കി മാറ്റുകയും ചെയ്യും.


ഈ ന്യൂനമർദ്ദം കിഴക്കൻ തീരം വഴി മധ്യ ഇന്ത്യയിലേക്ക് നീങ്ങുന്നതോടെ, മൺസൂണിൻ്റെ അച്ചുതണ്ട് വീണ്ടും യഥാർത്ഥ സ്ഥാനത്തേക്ക് തിരിച്ചെത്തും. വടക്കേ ഇന്ത്യയിലുടനീളം നീണ്ടു കിടക്കുന്ന ഈ ന്യൂനമർദ്ദരേഖയാണ് മൺസൂണിന്റെ ജീവൻ. ഈ രേഖ എവിടെയാണോ ഉള്ളത്, അവിടെയായിരിക്കും കൂടുതൽ മഴ ലഭിക്കുക. കഴിഞ്ഞ ആഴ്ചകളിൽ ഈ അച്ചുതണ്ട് ഹിമാലയൻ അടവാരങ്ങളിലേക്ക് മാറിയതിനാലാണ് മലയോര മേഖലകളിൽ കടുത്ത മഴയും സമതലങ്ങളിൽ കടുത്ത വരൾച്ചയും അനുഭവപ്പെട്ടത്. ഇനിയിത് തെക്കോട്ട് നീങ്ങുന്നതോടെ ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിൽ നിന്നുമുള്ള ഈർപ്പമേറിയ കാറ്റ് ഒന്നിച്ച് രാജ്യത്തിൻ്റെ ഉൾപ്രദേശങ്ങളിലേക്ക് വീശുകയും മഴ ശക്തമാവുകയും ചെയ്യും.


കാലാവസ്ഥാ ശാസ്ത്രത്തിൽ 'ബ്രേക്ക് മൺസൂൺ' എന്ന് വിളിക്കുന്ന ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോയത്. ബംഗാൾ ഉൾക്കടലിൽ ആവശ്യത്തിന് ന്യൂനമർദ്ദങ്ങൾ രൂപപ്പെടാതിരുന്നതും, അറബിക്കടലിൽ നിന്നുള്ള കാറ്റിൻ്റെ വേഗത കുറഞ്ഞതും മേഘരൂപീകരണത്തെ തടസ്സപ്പെടുത്തി. ഇതേത്തുടർന്ന് രാജ്യത്ത് നിലവിൽ 24 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ ലഭിക്കേണ്ട 323.1 മില്ലിമീറ്റർ മഴയ്ക്ക് പകരം 244.6 മില്ലിമീറ്റർ മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്.


മേഘങ്ങൾ ഒഴിഞ്ഞുപോയെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പത്തിൻ്റെ അളവ് കുറഞ്ഞിരുന്നില്ല. കടുത്ത സൂര്യപ്രകാശത്തിൽ ഭൂമി ചൂടുപിടിച്ചപ്പോൾ, ഉയർന്ന ഈർപ്പം കാരണം വിയർപ്പ് ബാഷ്പീകരിക്കപ്പെടാതെ വരികയും ഇത് പല നഗരങ്ങളിലും 'ഫീൽസ്-ലൈക്' താപനില (Heat Index) 40 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിക്കുകയും ചെയ്തു. കൂടാതെ, മണ്ണ് വരണ്ടുപോകുമ്പോൾ സൂര്യപ്രകാശം ജലബാഷ്പീകരണത്തിന് ഉപയോഗിക്കപ്പെടുന്നതിന് പകരം അന്തരീക്ഷ വായുവിനെ നേരിട്ട് ചൂടാക്കാൻ കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തിലെ മഴയായിരിക്കും ഈ വർഷത്തെ മൺസൂണിൻ്റെ ഭാവി നിർണ്ണയിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home