Articles

ഇന്ന്‌ 
അന്താരാഷ്ട്ര 
ബാലികാദിനം

‘പൂപ്പാത്രം തകർന്ന 
തെരുവുകളി’ലെ ബാലികമാർ

International Day of the Girl Child
ഡോ. കീർത്തിപ്രഭ

Published on Oct 10, 2025, 11:22 PM | 3 min read

"ഓ, ഗാസയിലെ വികൃതിക്കുട്ടികളേ, എന്റെ ജനലിനടിയിൽ നിങ്ങളുടെ നിലവിളികൾകൊണ്ട് എന്നെ നിരന്തരം ശല്യപ്പെടുത്തിയവരേ... തിരികെ വരൂ, ഒന്ന് തിരികെ വരൂ...’ ഖാലിദ് ജുമാ എന്ന കവിയുടെ ഈ വരികൾ ഒരു കവിയുടെ ദീർഘനിശ്വാസമല്ല, അത് കണ്ണീരുണങ്ങാത്ത ഒരു ദേശത്തിന്റെ നിലവിളിയാണ്. ഗാസയിലെ കുട്ടികളുടെ കളിയും ബഹളവും ഇഷ്ടമില്ലാത്ത അയൽക്കാരനല്ല കവി ഇവിടെ. മറിച്ച്, ആ ബഹളങ്ങൾ ഇല്ലാതായപ്പോൾ ഹൃദയം നുറുങ്ങിപ്പോയ ഒരു മനുഷ്യനാണ്. പൂപ്പാത്രം തകർത്തതും പൂവ് മോഷ്ടിച്ചതുമെല്ലാം ആ കുഞ്ഞുങ്ങൾ ജീവിച്ചിരുന്നു എന്നതിന്റെ, കളിച്ചിരുന്നു എന്നതിന്റെ, സ്വപ്നം കണ്ടിരുന്നു എന്നതിന്റെ അടയാളങ്ങളായിരുന്നു. അവരോട്‌ തിരികെ വരാനുള്ള കവിയുടെ അപേക്ഷ ലോകമെമ്പാടുമുള്ള കുട്ടികൾ, പ്രത്യേകിച്ച്‌ പെൺകുഞ്ഞുങ്ങൾ അനുഭവിക്കുന്ന യാതനകളുടെ നേർക്കാഴ്ചയാവുകയാണ്.


ഒക്ടോബർ 11, അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുമ്പോൾ ഓർക്കേണ്ടത്, ലോകത്തിന്റെ പല കോണുകളിലായി ഈ "വികൃതിക്കുട്ടികളി’ൽ പലരുടെയും നിലവിളികൾ എന്നെന്നേക്കുമായി നിലച്ചുപോവുകയോ അല്ലെങ്കിൽ ഭയത്തിലേക്ക് ഒതുങ്ങിപ്പോവുകയോ ചെയ്യുന്നുണ്ടെന്നാണ്. ഗാസയിൽമാത്രമല്ല, ദാരിദ്ര്യത്തിന്റെയും വിവേചനത്തിന്റെയും സാമൂഹ്യ കെട്ടുപാടുകളുടെയും ‘യുദ്ധഭൂമികളിൽ' ലക്ഷക്കണക്കിന് ബാലികമാർ നിശ്ശബ്ദം പോരാടുന്നു.


International Day of the Girl Child


പെൺകുട്ടികളുടെ സംഘടനകൾ, യുഎൻ പങ്കാളികൾ, എല്ലാത്തിനുമുപരിയായി പെൺകുട്ടികൾതന്നെയും നടത്തിയ കൂടിയാലോചനകളിലൂടെ രൂപപ്പെടുത്തിയ 2025-ലെ അന്താരാഷ്ട്ര ബാലികാദിനത്തിന്റെ പ്രമേയം ഇതാണ്: ‘ഞാൻ എന്ന പെൺകുട്ടി, ഞാൻ നയിക്കുന്ന മാറ്റം: പ്രതിസന്ധികളുടെ മുൻനിരയിൽ പെൺകുട്ടികൾ'. ലോകമെമ്പാടുമുള്ള പെൺകുട്ടികൾ ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടാൻ മുന്നോട്ടുവരുന്നു. അവർ കൂട്ടായ്മകൾ ഉണ്ടാക്കുന്നു, കാലാവസ്ഥാ നീതിക്കായി പോരാടുന്നു, ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നു, ഭാവിയെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നു. തങ്ങൾ ആരാണെന്നും എന്ത് പരിഹാരങ്ങളാണ് കൊണ്ടുവരുന്നതെന്നും കാണണമെന്ന് അവർ ആവശ്യപ്പെടുന്നു. എന്നിട്ടും, പലപ്പോഴും ആ ശബ്ദങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പ്രവർത്തനങ്ങൾ അവഗണിക്കപ്പെടുന്നു. ആവശ്യങ്ങളും അവകാശങ്ങളും തള്ളപ്പെടുന്നു.


ശാസ്ത്രം പുരോഗമിക്കുകയും ലോകം സാങ്കേതികവിദ്യയിൽ കുതിക്കുകയും ചെയ്യുമ്പോൾ, ബാലികമാർ ഇന്നും ദുർബലവിഭാഗമായി കണക്കാക്കപ്പെടുന്നു എന്നത് ഒരു വൈരുധ്യമാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം സാർവത്രികമായി പ്രഖ്യാപിക്കപ്പെട്ടിട്ടും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ല. ഇന്ത്യയിൽ ‘ബേട്ടി പഠാവോ' പോലുള്ള മുദ്രാവാക്യങ്ങൾ ഒരുവശത്ത് മുഴങ്ങുമ്പോൾ, സാമ്പത്തിക പരാധീനതകൾ, ലിംഗവിവേചനം, സുരക്ഷിതത്വമില്ലായ്മ, സ്‌കൂളിലേക്കുള്ള ദൂരക്കൂടുതൽ എന്നിവയെല്ലാം പെൺകുട്ടികളുടെ പഠനം മുടക്കുന്നു. അതേസമയം, കേരളത്തിൽ പെൺകുട്ടികൾ സുരക്ഷിതരാണ്‌. അവരുടെ സാമൂഹ്യജീവിതം, പഠനം, ജീവിതനിലവാരം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം കേരളം മികച്ച നിലവാരംതന്നെ പുലർത്തുന്നു.


International Day of the Girl Child


പല വികസ്വര രാജ്യങ്ങളിലും പെൺകുട്ടികൾക്ക് അവരുടെ കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ച്, തിടുക്കത്തിൽ ഒരു ഭാര്യയുടെയോ അമ്മയുടെയോ ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കേണ്ടി വരുന്നു. ശൈശവവിവാഹം അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സ്വാതന്ത്ര്യം എന്നിവയെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ശൈശവ വധുക്കൾ ഇപ്പോഴും ഇന്ത്യയിലാണ് (മൂന്നിലൊന്ന്). രാജ്യത്തെ യുവതികളിൽ ഏകദേശം നാലിലൊന്ന് (23 ശതമാനം) 18 വയസ്സിനുമുമ്പ് വിവാഹിതരാകുന്നു. എന്നാൽ, ഈ നിരക്ക് സംസ്ഥാനങ്ങൾക്കിടയിൽ വലിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും കൂടുതൽ ശൈശവ വധുക്കൾ ഉത്തർപ്രദേശിലാണ്.


യുദ്ധമേഖലകളിലും അഭയാർഥിക്യാമ്പുകളിലും മാത്രമല്ല, സ്വന്തം വീടുകളിൽപ്പോലും ബാലികമാർ ലൈംഗികാതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്നു. പലപ്പോഴും കുടുംബാംഗങ്ങളിൽനിന്നോ അടുത്ത ബന്ധുക്കളിൽനിന്നോ ഉള്ള അതിക്രമങ്ങൾ അവരുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. ഗാസയിൽ പൂപ്പാത്രം തകർത്ത ‘വികൃതി’യെ തിരികെ വിളിക്കാൻ നമുക്കാകും, എന്നാൽ മനസ്സിൽ മുറിവേറ്റ ഒരു ബാലികയെ പഴയ സന്തോഷത്തിലേക്ക് തിരികെ കൊണ്ടുവരിക അത്ര എളുപ്പമല്ല. ആധുനിക കാലത്ത്, സൈബർ ഇടങ്ങളിലും പെൺകുട്ടികൾക്ക് വിവേചനം നേരിടുന്നു. ഓൺലൈൻ ട്രോളുകൾ, ഭീഷണികൾ, സൈബർ ബുള്ളിയിങ് എന്നിവ അവരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ശാക്തീകരണത്തിനുള്ള ഉപകരണമായി ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ, പലപ്പോഴും അവരെ ഭയപ്പെടുത്താനുള്ള ആയുധമായി മാറുന്നു.


International Day of the Girl Child


ഗാസയിലെ കവിയെപ്പോലെ, നഷ്ടപ്പെട്ട കളികൾക്കുവേണ്ടി, സന്തോഷത്തിനുവേണ്ടി, നമുക്ക് ഉറക്കെ നിലവിളിക്കാൻ സാധിക്കണം. ഓരോ പെൺകുട്ടിയും ലോകത്തിന്റെ ഒറ്റപ്പൂവാണ്. അത്‌ മോഷ്ടിക്കാനോ നശിപ്പിക്കാനോ ആർക്കും അവകാശമില്ല. അന്താരാഷ്ട്ര ബാലികാദിനം വെറുമൊരു അനുസ്മരണമാകാതെ, പ്രതിജ്ഞാദിനമായി മാറണം. ഓരോ പെൺകുട്ടിക്കും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുക. കുടുംബത്തിലും സമൂഹത്തിലും പെൺകുട്ടികൾക്ക് ആൺകുട്ടികളെപ്പോലെ തുല്യപരിഗണനയും അവസരങ്ങളും നൽകുക. പെൺകുട്ടികൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാനും തീരുമാനങ്ങൾ എടുക്കാനും സ്വാതന്ത്ര്യവും ശബ്ദവും നൽകുക.


അവളുടെ ‘പൂപ്പാത്രങ്ങൾ തകരുന്നതും പൂക്കൾ മോഷ്ടിക്ക’പ്പെടുന്നതും യുദ്ധഭൂമിയിലെ ബോംബുകൾകൊണ്ടോ സമൂഹത്തിലെ വിവേചനങ്ങൾകൊണ്ടോ ആകരുത്. ലോകത്തിലെ ഓരോ ബാലികയ്ക്കും വികൃതിയാകാനും കളിക്കാനും പൂക്കൾ മോഷ്ടിക്കാനും ഏറ്റവും പ്രധാനമായി, സുരക്ഷിതമായി സ്വപ്നം കാണാനും കഴിയുന്ന ഒരു ലോകമാണ് നമ്മുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.



deshabhimani section

Dont Miss it

Recommended for you

Home