മോദിക്കാലത്തെ അരക്ഷിതരാജ്യം


കെ രാജേന്ദ്രൻ
Published on Nov 12, 2025, 12:00 AM | 3 min read
കഴിഞ്ഞ ഒന്പതിന് ബിഹാറിലെ സസറാമില്‍ തെരഞ്ഞെടുപ്പുപ്രചാരണ റാലിയെ അഭിസംബോധന ചെയ്യവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മോദിഭരണത്തിനുകീഴില്‍ രാജ്യത്തെ ഭീകരവാദം ഗണ്യമായി കുറഞ്ഞെന്ന് അവകാശപ്പെട്ടു. പക്ഷേ, മണിക്കൂറുകള്‍ക്കുള്ളില്‍ ഭീകരാക്രമണം രാജ്യതലസ്ഥാനത്തെ നടുക്കി.
1948 ജനുവരി 30നാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഭീകരാക്രമണം ഉണ്ടായത്. സംഘപരിവാര്‍ ഭീകരന്‍ നാഥുറാം വിനായക് ഗോഡ്സെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ഡൽഹിയിലെ ബിര്‍ളാഹൗസില്‍ വച്ചായിരുന്നു. അവിടെനിന്ന്, കഴിഞ്ഞദിവസത്തെ ഭീകരാക്രമണം നടന്ന ചെങ്കോട്ടയിലേക്കുള്ള ദൂരം വെറും ആറു കിലോമീറ്റര്‍. പ്രധാനമന്ത്രി താമസിക്കുന്ന 7 ആര്‍സിആറില്‍നിന്നും പാര്‍ലമെന്റ് മന്ദിരത്തില്‍നിന്നും വെറും ഏഴു കിലോമീറ്റര്‍മാത്രം ദൂരെയുള്ള അതീവസുരക്ഷാ മേഖലയിലാണ് ഭീകരാക്രമണം നടന്നത്.
ബിഹാറിലെ അവസാനഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍മാത്രം മുമ്പ് നടന്ന ഭീകരാക്രമണത്തെ മുസ്ലിംവിരുദ്ധത ആളിക്കത്തിച്ച് ഹിന്ദുവോട്ടുകള്‍ ധ്രുവീകരിക്കാനുള്ള സുവര്‍ണാവസരമാക്കി സംഘപരിവാര്‍ മാറ്റിയതില്‍ ഒട്ടും അത്ഭുതമില്ല. പക്ഷേ, അതീവസുരക്ഷാമേഖലയില്‍പ്പോലും സുരക്ഷയൊരുക്കാന്‍ കഴിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു.
രാജ്യസുരക്ഷയ്ക്കായി എന്ത് ചെയ്തു
പ്രത്യേക പദവി പിന്‍വലിക്കുകയും കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തശേഷം കശ്മീരിലെ ഭീകരവാദത്തെ പൂര്‍ണമായും അമര്‍ച്ച ചെയ്തെന്ന് വീരവാദം മുഴക്കുന്നതിനിടയിലാണ് ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ഭീകരര്‍ 26 പേരെ കൊലപ്പെടുത്തിയത്. ഭീകരര്‍ അഴിഞ്ഞാടിയപ്പോള്‍ പേരിന് ഒരു പൊലീസുകാരന്‍പോലും പഹല്‍ഗാമില്‍ ഉണ്ടായിരുന്നില്ല. ആറുമാസം പിന്നിട്ടു. അന്ന് ആക്രമണം നടത്തിയവരിൽ ഒരാളെപ്പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് പാകിസ്ഥാനിലായിരുന്നു. പാക് സൈനികമേധാവി അസിം മുനീറിന്റെ പങ്കാളിത്തത്തോടെയായിരുന്നു അത്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു; ഇരുരാജ്യങ്ങളും ഏറ്റുമുട്ടി. പിന്നാലെ ജൂണ്‍ 19ന് യുഎസ് പ്രസിഡന്റും മോദിയുടെ ഏറ്റവും "വിശ്വസ്ത’ സുഹൃത്തുമായ ഡോണള്‍ഡ് ട്രംപ് അസിം മുനീറിനെ വിളിച്ചുവരുത്തി ഉച്ചവിരുന്ന് നല്‍കി സല്‍ക്കരിച്ചു. പക്ഷേ , മോദി ഇപ്പോഴും ട്രംപിന്റെ വാഴ്‌ത്തുപാട്ടുകാരനാണ്. ഭീകരസംഘടനകള്‍ എങ്ങനെ കരുത്താര്‍ജിക്കാതിരിക്കും.
യുഎപിഎയും ദേശസുരക്ഷാ നിയമവും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. യുഎപിഎ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് വെറും മൂന്നുശതമാനംമാത്രമാണ്. ഭീമാകൊറേഗാവ് കേസില്‍ വിചാരണത്തടവുകാരനായിരുന്ന സ്റ്റാന്‍സ്വാമി ചികിത്സ ലഭിക്കാതെയാണ് ജയിലില്‍ മരിച്ചത്
ഭീകരവാദം തടയാനെന്ന പേരില്‍ ഒട്ടേറെ പദ്ധതികളും നിയമങ്ങളും നമ്മുടെ രാജ്യത്തുണ്ട്. ദേശവിരുദ്ധ ശക്തികളെ നിരീക്ഷിക്കാനെന്നു പറഞ്ഞാണ് മോദി സര്‍ക്കാര്‍ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയത്. എന്നാല്‍ ഇത് ഉപയോഗിച്ചതാകട്ടെ, രാഷ്‌ട്രീയ എതിരാളികളെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയുമെല്ലാം വേട്ടയാടാന്‍വേണ്ടിയാണ്. യുഎപിഎയും ദേശസുരക്ഷാ നിയമവും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. യുഎപിഎ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് വെറും മൂന്നുശതമാനംമാത്രമാണ്. ഭീമാകൊറേഗാവ് കേസില്‍ വിചാരണത്തടവുകാരനായിരുന്ന സ്റ്റാന്‍സ്വാമി ചികിത്സ ലഭിക്കാതെയാണ് ജയിലില്‍ മരിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്തതിന് 2020 ഏപ്രില്‍ ആറിന് ഡൽഹി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷവും ജാമ്യംലഭിക്കാതെ ജയില്‍ജീവിതം തുടരുന്നു.
ദേശവിരുദ്ധരെ കണ്ടെത്താനെന്നു പറഞ്ഞാണ് രാജ്യത്തിപ്പോള്‍ തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നത്. ഡൽഹിയില്‍ ബംഗ്ലാദേശികളെന്നു പറഞ്ഞ് നിരവധിപേരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. മുസ്ലിങ്ങളുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസര്‍കൊണ്ട് ഇടിച്ചുനിരത്തി. മോദിഭരണം ഹിന്ദുത്വയില്‍മാത്രം അഭിരമിക്കുമ്പോൾ ഭീകരര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. അതാണ് പഹല്‍ഗാമിനുപിന്നാലെ ചെങ്കോട്ടയിൽ കണ്ടത്.
ഒരേതൂവല്‍പ്പക്ഷികള്‍
1999 ഡിസംബര്‍ 24 രാജ്യചരിത്രത്തിലെ മോശം ദിനങ്ങളിലൊന്നാണ്. കാഠ്മണ്ഡുവില്‍നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഐസി 814 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം താലിബാന്‍ പിന്തുണയോടെ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ റാഞ്ചി. മൗലാന മസൂദ് അസര്‍, അഹമ്മദ് ഒമര്‍ സയിദ് ഷേഖ്, മുഷാതാഖ് അഹമ്മദ് സര്‍ഗാര്‍ എന്നീ കൊടുംഭീകരരെ അന്ന് എ ബി വാജ്പേയ് സര്‍ക്കാര്‍ താലിബാന് കൈമാറി. എന്നാല്‍, 26 വര്‍ഷങ്ങള്‍ക്കുശേഷം ഇതേ താലിബാന്റെ വിദേശമന്ത്രികൂടിയായ കൊടുംഭീകരന്‍ അമീര്‍ഖാന്‍ മുത്താഖിയെ കഴിഞ്ഞമാസം പച്ചപ്പരവതാനി വിരിച്ച് മോദിസര്‍ക്കാര്‍ ഇന്ത്യയിലേക്ക് സ്വീകരിച്ചു. സംഘപരിവാര്‍ സ്ഥാപനമായ വിവേകാനന്ദ സെന്റര്‍ മുത്താഖിയുടെ പ്രഭാഷണം സംഘടിപ്പിച്ചു. യുപിയിലെ ആദിത്യനാഥ് സര്‍ക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മുത്താഖിയെ സ്വീകരിച്ചത്. കൊടുംഭീകരര്‍ക്ക് ജനകീയ പരിവേഷം നല്‍കുന്ന മോദിസര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ ഭീകരർക്ക് നല്‍കുന്ന പ്രോത്സാഹനങ്ങളുടെ പ്രതിഫലനംകൂടിയാണ് ചെങ്കോട്ട ആക്രമണം.
സംഘപരിവാറിന്റെ വളര്‍ച്ചയ്ക്കൊപ്പം രാജ്യത്ത് ഹിന്ദുത്വ ഭീകരവാദവും വളര്‍ന്നു. ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വം മുസ്ലിങ്ങളുടെ തലയില്‍ കെട്ടിവച്ച് കലാപങ്ങള്‍ അഴിച്ചുവിടാന്‍ സംഘപരിവാര്‍ വിപുലമായ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഗോഡ്സെയെ കൈയോടെ പിടികൂടിയതോടെയാണ് ആ കുടിലതന്ത്രം പൊളിഞ്ഞത്. രണ്ടായിരത്തിനുശേഷം നടന്ന മലേഗാവ്, മെക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഹ, സംഝോതാ എക്സ്പ്രസ് ഭീകരാക്രമണങ്ങള്‍ക്കെല്ലാം പിറകില്‍ സംഘപരിവാറായിരുന്നു. എന്നാല്‍, ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ല. മോദിഭരണത്തിനുകീഴില്‍ കലാപകാരികള്‍ ഭീകരവാദികളായിമാറുന്നതും ക്രമസമാധാനം പാലിക്കാന്‍ ചുമതലപ്പെട്ടവര്‍ നോക്കിനിൽക്കുന്നതുമാണ് മണിപ്പുരില്‍ കണ്ടത്. സംഘപരിവാർ പിന്തുണയോടെ രൂപീകൃതമായ ആരംബൈ തെങ്കോള്‍, മെയ്തീ ലിപണ്‍ എന്നീ സംഘടനകളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇവര്‍ പ്രവര്‍ത്തിക്കുന്നത് ലക്ഷണമൊത്ത ഭീകരസംഘടനകളെപ്പോലെയാണ്. രാജ്യത്ത് ഏറ്റവും ഭീകരാക്രമണങ്ങള്‍ നടക്കുന്ന പ്രദേശം കശ്മീര്‍ അല്ല; മണിപ്പുരാണ്. ഭീകരാക്രമണങ്ങള്‍ കുറയുകയല്ല, കൂടുകയാണ്.
കേരള സ്റ്റോറിയില്‍നിന്ന് പഠിക്കേണ്ടത്
മതവിദ്വേഷത്തിന്റെ അടക്കാനാകാത്ത പകയാണ് ഭീകരവാദത്തിന് വിത്തുപാകുന്നത്. ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും ഡൽഹിയിലെ സിഖ് വിരുദ്ധ കലാപവും ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഉദാഹരണങ്ങള്‍. ഇവയെല്ലാം നടന്നത് സര്‍ക്കാരുകളുടെ പിന്തുണയോടെയായിരുന്നു. കേരള സ്റ്റോറി, കശ്മീര്‍ ഫയല്‍സ് എന്നീ സിനിമകളും ബീഫും ഹിജാബും തുടങ്ങി ക്രിക്കറ്റിനെവരെ വിദ്വേഷപ്രചാരണത്തിനുള്ള മാധ്യമമായി സംഘപരിവാര്‍ മാറ്റുന്നു. യഥാര്‍ഥ ജീവിതപ്രശ്നങ്ങള്‍ അവഗണിക്കപ്പെട്ടതോടെ രാജ്യം ആഗോള പട്ടിണിസൂചികയില്‍ ബംഗ്ലാദേശിനും നേപ്പാളിനും പിറകിലായി.
ഇന്ത്യയുടെ പൊതുസ്ഥിതിയില്‍നിന്ന് വ്യത്യസ്‌തമായ ഒരു പ്രദേശം രാജ്യത്തുണ്ട്; അത് കേരളമാണ്. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു കലാപമോ ക്രമസമാധാനം തകര്‍ക്കുന്ന സാമുദായികപ്രശ്നമോ കേരളത്തിലുണ്ടായിട്ടില്ല. ഒപ്പം, അതിദരിദ്രരില്ലാത്ത അത്യപൂര്‍വ പ്രദേശമായി മാറുകയും ചെയ്‌തു. ‘ഇന്ന് കേരളം ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കണം’ എന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ വാക്കുകള്‍ അന്വര്‍ഥമാകുന്നതും ഈ സാഹചര്യത്തിലാണ്.















