ഉള്ള് പൊള്ളയാക്കപ്പെടുന്ന ജനാധിപത്യം


എ എം ഷിനാസ്
Published on Sep 14, 2025, 11:20 PM | 4 min read
രണ്ട് ഗ്രീക്ക് വാക്കുകളായ ‘ഡെമോസ്’ (ജനം), ‘ക്രാറ്റോസ്’ (അധികാരം, ആധിപത്യം) എന്നിവയില്‍നിന്നാണ് ഡെമോക്രാറ്റിയ (ജനാധിപത്യം) എന്ന പദമുണ്ടായത്. എന്നാല്‍, ഏഥന്‍സിലെ ജനാധിപത്യത്തില്‍ സ്ത്രീകളും അടിമകളും സ്ഥിരവാസികളായ ഇതരദേശക്കാരും കീഴടക്കപ്പെട്ട ജനങ്ങളും ഒഴിച്ചുനിര്‍ത്തപ്പെട്ടിരുന്നു. ഏഥന്‍സിലെ ‘ജനഭരണ’ത്തില്‍ 80 ശതമാനത്തിലധികം ആളുകള്‍ക്കും രാഷ്ട്രീയ അവകാശങ്ങള്‍ ഉണ്ടായിരുന്നില്ല. 1863ല്‍ ഗെറ്റിസ്ബര്‍ഗില്‍ എബ്രഹാം ലിങ്കണ്‍ നടത്തിയ പ്രസിദ്ധ പ്രസംഗത്തിന്റെ ഒടുവിലാണ്, ‘ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണം’ എന്ന് ജനാധിപത്യത്തെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യത്തില്‍ വിഭാവനം ചെയ്യപ്പെട്ടതും മനുഷ്യരെല്ലാം തുല്യരാണെന്ന കാഴ്ചപ്പാടില്‍ സമര്‍പ്പിതവുമായ ഭരണവ്യവസ്ഥയാണ് ജനാധിപത്യമെന്നും ലിങ്കണ്‍ ആ ഭാഷണത്തില്‍ പറഞ്ഞിരുന്നു. എന്നിട്ടും ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കും സ്ത്രീകള്‍ക്കും തദ്ദേശീയ അമേരിക്കക്കാര്‍ക്കും വോട്ടവകാശം കിട്ടിയത് ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തിലും ഉത്തരാര്‍ധത്തിലുമാണ്; പ്രക്ഷുബ്‌ധ പ്രക്ഷോഭങ്ങളുടെ ഫലമായി. സ്ഥിതിസമത്വമില്ലാതെ യഥാര്‍ഥ ജനാധിപത്യം ഒരിക്കലും സാക്ഷാൽക്കരിക്കപ്പെടില്ല.
1949 നവംബര്‍ 25ന് ഭരണഘടനാ നിര്‍മാണസഭയുടെ അവസാന സെഷനില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ അടിവരയിട്ടു പറഞ്ഞ കാര്യം ഇത്തരുണത്തില്‍ നിത്യപ്രസക്തമാണ്: ‘1950 ജനുവരി 26ന് നാം വൈരുധ്യങ്ങളുടെ ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. രാഷ്ട്രീയജീവിതത്തില്‍ നമുക്ക് സമത്വമുണ്ടാകും. സാമൂഹിക– സാമ്പത്തിക ജീവിതത്തില്‍ അത് ഉണ്ടാകില്ല. രാഷ്ട്രീയത്തില്‍ ഒരാള്‍ക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം എന്ന തത്വം നാം അംഗീകരിക്കും. എന്നാല്‍, സാമൂഹിക– സാമ്പത്തിക ജീവിതത്തില്‍ ഒരാള്‍ക്ക് ഒരു മൂല്യം എന്ന തത്വം നിരാകരിക്കുന്നത് നാം തുടര്‍ന്നുകൊണ്ടിരിക്കും. ഈ വൈരുധ്യം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയ ജനാധിപത്യം അപകടത്തിലാകും; അസമത്വംമൂലം നരകിക്കുന്നവര്‍ ഈ സഭ വളരെ പാടുപെട്ടുണ്ടാക്കിയ രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയെ തകര്‍ക്കും’.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണാധികാരിയില്‍നിന്നും അവരുടെ സഹചരന്മാരില്‍നിന്നും ഭിന്നമായി ഇന്ത്യന്‍ സമൂഹത്തിന്റെ സമസ്‌ത മണ്ഡലങ്ങളുടെയും അലകും പിടിയും മാറ്റാനുള്ള പ്രതിലോമ പദ്ധതിയുണ്ട് ഇന്നത്തെ ഭരണവര്‍ഗത്തിന്. ഒരു നൂറ്റാണ്ടായി ആര്‍എസ്എസും അതിന്റെ കീഴിലുള്ള സംഘ കുടുംബവും അവധാനതയോടെയും ശുഷ്‌കാന്തിയോടെയും പിന്തുടരുന്ന ഹിന്ദുത്വരാഷ്ട്ര സംസ്ഥാപന പദ്ധതിയാണത്
അടിയന്തരാവസ്ഥയുടെ 21 മാസം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ രാഷ്ട്രീയ ജനാധിപത്യം പരിമിതികളും പാളിച്ചകളും ഉണ്ടായിരിക്കെത്തന്നെ 2014 വരെ ആടിയുലഞ്ഞു മറിയാതെ മുന്നോട്ടു പോയിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി പക്ഷേ, രാഷ്ട്രീയ ജനാധിപത്യം ഇന്ത്യയില്‍ വേട്ടയാടപ്പെടുകയാണ്. ജാതി, മത, വര്‍ഗ, ഭാഷാ പരിഗണനകളില്ലാതെ എല്ലാവര്‍ക്കും തുല്യാവകാശം എന്ന ഭരണഘടനാ ജനാധിപത്യത്തിന്റെ കാമ്പും കാതലുമായ ആശയത്തെ വംശീയ ഭൂരിപക്ഷവാദത്തിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയം മാറ്റിമറിച്ചിരിക്കുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണാധികാരിയില്‍നിന്നും അവരുടെ സഹചരന്മാരില്‍നിന്നും ഭിന്നമായി ഇന്ത്യന്‍ സമൂഹത്തിന്റെ സമസ്‌ത മണ്ഡലങ്ങളുടെയും അലകും പിടിയും മാറ്റാനുള്ള പ്രതിലോമ പദ്ധതിയുണ്ട് ഇന്നത്തെ ഭരണവര്‍ഗത്തിന്. ഒരു നൂറ്റാണ്ടായി ആര്‍എസ്എസും അതിന്റെ കീഴിലുള്ള സംഘ കുടുംബവും അവധാനതയോടെയും ശുഷ്‌കാന്തിയോടെയും പിന്തുടരുന്ന ഹിന്ദുത്വരാഷ്ട്ര സംസ്ഥാപന പദ്ധതിയാണത്.
പൗരാവകാശധ്വംസനത്തിന്റെയും മാധ്യമസ്വാതന്ത്ര്യവിലക്കിന്റെയും അധികാരകേന്ദ്രീകരണത്തിന്റെയും സര്‍വവ്യാപിയായ ഭീതിയുടെയും കാര്യത്തില്‍ ഇന്നുള്ള രാജ്യഭരണരീതി അടിയന്തരാവസ്ഥക്കാലത്തോട് സാമ്യം പുലര്‍ത്തുന്നുണ്ടെങ്കിലും വര്‍ത്തമാന ഭരണകൂട പ്രത്യയശാസ്ത്രത്തിന് മത വര്‍ഗീയ വംശീയ മാനമുണ്ട്. മതസമുദായങ്ങളെ വിരുദ്ധധ്രുവങ്ങളില്‍ വിന്യസിച്ച് കലഹവും കാലുഷ്യവും കലാപവുമുണ്ടാക്കുന്ന പ്രയോഗ പരിപാടിയുണ്ട്. ചരിത്രവിജ്ഞാനീയത്തെ തോന്നിയപോലെ വെട്ടുകയും തിരുത്തുകയും ചെയ്യുന്ന ‘ഗംഭീര’ വര്‍ഗീയവ്യവസ്ഥയും രൂപരേഖയുമുണ്ട്. ധൈഷണികലോകത്തെയും യുക്തിയെയും ശാസ്ത്രീയ മനോഭാവത്തെയും ഉന്നംവച്ചു കശക്കുന്ന കാര്യപരിപാടിയുണ്ട്. സര്‍വോപരി ന്യൂനപക്ഷങ്ങളെ നിരന്തരമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന കാര്യക്രമവുമുണ്ട്.
ഇരപിടിയന്‍ സ്വത്വങ്ങള്‍ക്ക് താന്താങ്ങളുടെ സാമൂഹ്യനിര്‍മിതിക്കും ഏകോപിത ജനസംഘാടനത്തിനും തങ്ങള്‍ക്ക് ഭീഷണിയെന്ന് കരുതപ്പെടുന്ന സാമൂഹ്യവിഭാഗങ്ങളെ ഇല്ലാതാക്കുന്നത് ആവശ്യവും അഭിലാഷവുമായി മാറും
ഇന്ത്യയില്‍ വിപുല ഭൂരിപക്ഷമുള്ള സമുദായത്തില്‍ ആഴത്തിലുള്ള ‘മൈനോറിറ്റി കോംപ്ലക്സ്’ ഉള്‍പ്രവേശിപ്പിക്കുന്ന പദ്ധതി വളരെ മുമ്പേ തുടങ്ങിയതാണ്. ഒരേസമയം ഹിന്ദു ഗര്‍വിലും ഇരയുടെ മാനസികാവസ്ഥയിലും ഊന്നുന്ന ദ്വിമുഖതന്ത്രമാണത്. ‘ആയിരം കൊല്ലത്തെ അടിമത്തം’ എന്ന ഹിന്ദുത്വ പല്ലവി അങ്ങനെ ഉണ്ടായതാണ്. ഇന്ത്യന്‍– അമേരിക്കന്‍ സാംസ്‌കാരിക നരവിജ്ഞാനീയ വിദഗ്ധനായ അര്‍ജുന്‍ അപ്പാദുരൈ ‘ഫിയര്‍ ഓഫ് സ്‌മാള്‍ നമ്പേഴ്സ്’ എന്ന ഗ്രന്ഥത്തില്‍, ‘ഇരപിടിയന്‍ സ്വത്വ’ങ്ങളെ നിര്‍വചിക്കുന്നുണ്ട്. ഇരപിടിയന്‍ സ്വത്വങ്ങള്‍ക്ക് താന്താങ്ങളുടെ സാമൂഹ്യനിര്‍മിതിക്കും ഏകോപിത ജനസംഘാടനത്തിനും തങ്ങള്‍ക്ക് ഭീഷണിയെന്ന് കരുതപ്പെടുന്ന സാമൂഹ്യവിഭാഗങ്ങളെ ഇല്ലാതാക്കുന്നത് ആവശ്യവും അഭിലാഷവുമായി മാറും. ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം, ഭൂരിപക്ഷ ജനവിഭാഗങ്ങളില്‍ ‘അപൂര്‍ണതയുടെ ആകുലത’ ഉഗ്രമാക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. കഴിഞ്ഞ നൂറു വര്‍ഷമായി സംഘപരിവാര്‍ ചെയ്യുന്നതും മറ്റൊന്നല്ല.
കഴിഞ്ഞ 11 വർഷമായി കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വശക്തികള്‍ അക്ഷരാര്‍ഥത്തില്‍ നടത്തുന്നത് ഭരണകൂട സ്ഥാപനങ്ങളിലൂടെയുള്ള ‘ദീർഘ രഥപ്രയാണ’മാണ്. തെരഞ്ഞെടുപ്പ് കമീഷന്‍, ഇഡി, സിബിഐ, വ്യത്യസ്ത തട്ടിലുള്ള നീതിന്യായ കോടതികള്‍ തുടങ്ങിയവയുടെ സ്വയംഭരണാധികാരത്തില്‍ കടന്നുകയറുകയോ അവയെ കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കുന്ന അനുബന്ധ സ്ഥാപനങ്ങളാക്കി മാറ്റുകയോ ചെയ്തിരിക്കുന്നു. കേന്ദ്ര– സംസ്ഥാന ബന്ധങ്ങളുടെ സൃഷ്ടിപരമായ ജനാധിപത്യതത്വമായി വര്‍ത്തിക്കുന്ന ഫെഡറലിസത്തെ വ്യത്യസ്ത ചതുരുപായങ്ങളിലൂടെ ഛിന്നഭിന്നമാക്കുന്നു. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായ വിയോജന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നവരെ ‘തുക്ഡെ തുക്ഡെ ഗ്യാങ്’ എന്ന് മുദ്രകുത്തി നിന്ദിക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി അഴികള്‍ക്കുള്ളില്‍ തള്ളുകയും ചെയ്യുന്നു. 2014ന് ശേഷമാണ് ഇന്ത്യയില്‍ 96 ശതമാനം രാജ്യദ്രോഹക്കുറ്റവും ഫയല്‍ ചെയ്തത്.
ജനാധിപത്യത്തിന്റെ ഉള്ളു പൊള്ളയാക്കുന്ന ഈ സൂക്ഷ്‌മ ഹിന്ദുത്വ പരിപാടിക്കെതിരെയുള്ള സമരമുഖങ്ങളില്‍ രാജ്യത്ത് ജനാധിപത്യവും അതിന്റെ ജീവവായുവായ മതനിരപേക്ഷതയും സ്വരവൈവിധ്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം അഭൂതപൂര്‍വമായി അണിനിരക്കേണ്ട നിര്‍ണായക സന്ധിയാണിത്
സ്വാതന്ത്ര്യസമരകാലത്തുതന്നെ ഇന്നത്തെ ഭരണഘടനാ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ നഖശിഖാന്തം എതിര്‍ത്തുപോന്നവരാണ് ഭരണഘടന തൽക്കാലം നിലനിര്‍ത്തിയും ഭരണഘടനാവാദത്തിന്റെ വാചാടോപങ്ങളിലും നാട്യങ്ങളിലും അഭിരമിച്ചും ഭരണഘടനാ ജനാധിപത്യത്തിന്റെ സത്തയെയും ചേതനയെയും അന്തസ്സാരശൂന്യമാക്കുന്നത്. ആസൂത്രിതവും ക്രമാനുഗതവുമായ ജനാധിപത്യ സംഹാരമാണത്. ജനാധിപത്യത്തിന്റെ ഉള്ളു പൊള്ളയാക്കുന്ന ഈ സൂക്ഷ്‌മ ഹിന്ദുത്വ പരിപാടിക്കെതിരെയുള്ള സമരമുഖങ്ങളില്‍ രാജ്യത്ത് ജനാധിപത്യവും അതിന്റെ ജീവവായുവായ മതനിരപേക്ഷതയും സ്വരവൈവിധ്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം അഭൂതപൂര്‍വമായി അണിനിരക്കേണ്ട നിര്‍ണായക സന്ധിയാണിത്.
അമേരിക്കന്‍ രാഷ്ട്രീയ സൈദ്ധാന്തികനായ ഷെല്‍ഡന്‍ എസ് വോലിന്‍ അമേരിക്കയിലുള്ളത് ‘തലകീഴാക്കപ്പെട്ട സമഗ്രാധിപത്യ’ മാണെന്ന് 2010ല്‍ ‘മാനേജ്ഡ് ഡെമോക്രസി ആന്‍ഡ് ദ സ്‌പെക്റ്റര്‍ ഓഫ് ഇന്‍വെര്‍ട്ടഡ് ടോട്ടാലിറ്റേറിയനിസം’ എന്ന പുസ്തകത്തില്‍ സമര്‍ഥിക്കുന്നു. ഈ പുതിയ സമഗ്രാധിപത്യത്തില്‍ കോര്‍പറേറ്റ് ശക്തികളും ഭരണവര്‍ഗവും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. ജനാധിപത്യത്തിന്റെ ഭാഗമായ പ്രക്രിയകളും സ്ഥാപനങ്ങളും– തെരഞ്ഞെടുപ്പ്, കോടതികള്‍, മീഡിയ ഒക്കെ ഉണ്ടാകുമെങ്കിലും അവയൊക്കെ ഭീമമായി നിയന്ത്രിക്കപ്പെടുന്നവയും അവിഹിതമായി സ്വാധീനിക്കപ്പെടുന്നവയുമാണ്. ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര വലതുപക്ഷം അധികാരത്തില്‍ പിടിമുറുക്കിയതോടെ ഈ സമഗ്രാധിപത്യ പ്രവണത പൂര്‍വാധികം പ്രബലമായി. തീവ്ര വലതുപക്ഷ സമഗ്രാധിപത്യ സ്വരൂപങ്ങൾ നിർമിതഭീതിയും വിഭജനവും വളമാക്കിയാണ് വളരുന്നത്. ചരിത്രം പഠിപ്പിക്കുന്നത്, ഇത്തരം ഭരണവ്യവസ്ഥകളുടെ പടർച്ചയെയും പ്രയാണത്തെയും അവസാനിപ്പിച്ചത് ജനാധിപത്യാഭിനിവേശമുള്ള ജനങ്ങൾ സ്വാതന്ത്ര്യവും സമത്വവും മനുഷ്യാന്തസ്സും പുലരാൻ ഒരുമയോടെ പ്രതിരോധമുന്നണി പടുത്തുയർത്തിയപ്പോഴാണ് എന്നത്രെ.
(മടപ്പള്ളി ഗവ. കോളേജില്‍ ചരിത്രവിഭാഗം മേധാവിയാണ് ലേഖകന്‍)














