വീണ്ടെടുക്കണം ഭരണഘടനയിലെ ഇന്ത്യയെ


എ എം ഷിനാസ്
Published on Aug 14, 2025, 11:19 PM | 3 min read
മൂന്നര പതിറ്റാണ്ടുമുമ്പ് സംഘപരിവാര്‍ സൂക്ഷ്മമായി സൂത്രധാരണം ചെയ്ത, തീവ്ര വര്‍ഗീയതയും രണോത്സുകതയും ആണത്തഘോഷണവും സര്‍വോപരി മുസ്ലിംവിരുദ്ധതയും മുഖമുദ്രയായ രഥയാത്രയ്ക്കൊടുവിലാണ് ബാബ്‌റി മസ്ജിദ് കര്‍സേവകര്‍ പട്ടാപ്പകല്‍ നിലംപരിശാക്കിയത്. ‘ഗര്‍വ് സേ കഹോ ഹം ഹിന്ദു ഹേം’ എന്നായിരുന്നു ആ രഥയാത്രയില്‍ പേര്‍ത്തും പേര്‍ത്തും പ്രഘോഷണം ചെയ്യപ്പെട്ട മുദ്രാവാക്യം. രാഷ്ട്രഗാത്രത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനും വിഭജിക്കാനുമുള്ള യുദ്ധോത്സുകമായ തീവ്രയത്ന പരിപാടിയായിരുന്നു 1990 തൊട്ട് സംഘപരിവാര്‍ ശക്തികളുടെ കാര്‍മികത്വത്തില്‍ അരങ്ങേറിയ ചെറുതും വലുതുമായ രഥയാത്രകള്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെന്ന മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കിനെ മതവര്‍ഗീയതയുടെ വാളും കുന്തവും കഠാരയും ഉപയോഗിച്ച് നിരന്തരമായി വിഭജിച്ചുപോരുന്ന ശക്തികൾ, ഇപ്പോള്‍ വിഭജന ഭീകരവിരുദ്ധദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നു എന്നത് വര്‍ത്തമാനകാലത്തെ പരിഹാസ്യമായ തമാശ.
ഹിന്ദുത്വത്തിന്റെ രാഷ്ട്രീയരൂപമായ കക്ഷിക്ക് കേന്ദ്രഭരണത്തിന്റെ ‘ചെങ്കോൽ’ കൈവശം വന്നതുമുതല്‍ രാജ്യം ദര്‍ശിക്കുന്നത്, ഭരണഘടനയെ ആമൂലാഗ്രം തുരങ്കം വയ്ക്കുന്ന ദീര്‍ഘമായ മറ്റൊരു ഹിന്ദുത്വ രഥപ്രയാണ പദ്ധതിയാണ്. ഭരണഘടനാസ്ഥാപനങ്ങളിലൂടെ കേന്ദ്രഭരണകക്ഷി നടത്തുന്ന ഭരണഘടനാവിരുദ്ധമായ രാഷ്ട്രീയ അട്ടിമറിയാണ് ഈ ജനാധിപത്യഹത്യാ പ്രക്രിയയുടെ മര്‍മപ്രധാനമായ ഒരു വശം. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാപദവികളുടെ വിശ്വാസ്യതയും പവിത്രതയും നിശ്ശേഷം നശിപ്പിക്കുന്ന കാര്യപരിപാടിയാണ് മറ്റൊരു വശം. ഇന്ത്യയിലെ സുപ്രധാനമായ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം പരിപൂര്‍ണമായോ ഭാഗികമായോ കേന്ദ്രഭരണകൂടം ‘തനിക്കാക്കി വെടക്കാക്കി’യിരിക്കുന്നു. ഈ സ്തോഭജനകമായ പരമാര്‍ഥത്തിന്റെ നിദര്‍ശനമാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് കമീഷനും വോട്ട് അട്ടിമറിയും തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്കരണവും ഉള്‍പ്പെടെ അതിനെതിരെ ഉയര്‍ന്നുവരുന്ന ഗൗരവതരമായ ആരോപണങ്ങള്‍. 2024ലെ തെരഞ്ഞെടുപ്പുകഴിഞ്ഞ് കമീഷനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം അറിയാന്‍ ലോക്‌നീതി- സിഎസ്ഡിഎസ് നടത്തിയ സര്‍വേയില്‍ നാലില്‍ ഒരാള്‍ മാത്രമാണ് ഈ ഭരണകൂടസ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ വിശ്വാസ്യതയും സുതാര്യതയും ഉണ്ടെന്ന് അഭിപ്രായപ്പെട്ടതെന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്തു വായിക്കാം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സമസ്തമായും നീതിന്യായ കോടതികളെ ഭാഗികമായും കേന്ദ്രഭരണകൂടം സമര്‍ഥമായി കൈവശപ്പെടുത്തിയിരിക്കുന്നു. മറുവശത്ത്, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനിര്‍വഹണം സുഗമമാക്കാനുള്ള ഭരണഘടനാപദവി വഹിക്കുന്ന ഗവര്‍ണര്‍മാരുടെ ആസ്ഥാനമായ രാജ്ഭവനുകളെ കേന്ദ്രഭരണകക്ഷിയുടെ അനുബന്ധകാര്യാലയമായി പരിവര്‍ത്തിപ്പിച്ചിരിക്കുന്നു.

ഈ അപകടകരമായ രാഷ്ട്രീയ പരിതോവസ്ഥയെ 2022ല്‍ അന്തരിച്ച ലോകപ്രശസ്ത മാര്‍ക്സിസ്റ്റ് ധൈഷണികനായ ഐജാസ് അഹമ്മദ്, 2019ല്‍ ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തില്‍ വന്ന ദീര്‍ഘ അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്, ‘രാജ്യത്തെയും ഭരണകൂടത്തെയും ഹിന്ദുത്വശക്തികള്‍ അകത്തുനിന്നുതന്നെ പിടിച്ചെടുത്തിരിക്കുന്നു’ എന്നാണ്. ഭരണഘടനയുടെ ആമുഖത്തില്‍ ആലേഖനം ചെയ്യപ്പെട്ട ഇന്ത്യ, ‘പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ ആശയങ്ങളെ ശീര്‍ഷാസനത്തില്‍ നിര്‍ത്തി, ‘തെരഞ്ഞടുക്കപ്പെട്ട സ്വേച്ഛാധിപത്യം’ എന്ന ഗര്‍ത്തത്തിലേക്ക് ഹിന്ദുത്വപരിവാര്‍ ഇന്ത്യയെ എത്തിച്ചിരിക്കുന്നു. കടുത്ത ഫാസിസ്റ്റ് സ്വഭാവമുള്ള ഈ സമഗ്രാധിപത്യം കൊണ്ടുവന്നത് പട്ടാള ബൂട്ടിന്റെയും യൂണിഫോമിന്റെയും അകമ്പടിയോടെയല്ല. ഭരണകൂട സ്ഥാപനങ്ങളെ പിടിച്ചെടുത്തും വരുതിക്ക് നിര്‍ത്തിയും ഭരണഘടനാപദവികളെ പാര്‍ടിപദവികളായി പരിവര്‍ത്തിപ്പിച്ചുമാണ്. മതനിരപേക്ഷത, സോഷ്യലിസം എന്നീ വാക്കുകള്‍ (ആശയങ്ങള്‍) ആമുഖത്തില്‍നിന്ന് നീക്കം ചെയ്യാന്‍ കോടതികളെ തുടരെത്തുടരെ സമീപിക്കുന്നതും ഇന്ത്യയെ ഔദ്യോഗികമായി മതാധിഷ്ഠിത രാജ്യമാക്കാന്‍ തീവ്രത്വരയുള്ള ഇതേ ശക്തികള്‍തന്നെ. ഭരണഘടനയുടെ ആമുഖം തങ്ങള്‍ക്ക് അനഭിമതമായ ‘ഒന്നാം റിപ്പബ്ലിക്’ മുന്നോട്ടുവയ്‌ക്കുന്ന ഇന്ത്യ എന്ന ആശയമാണ് ആവിഷ്കരിച്ചത് എന്നവര്‍ പലപാട് പറഞ്ഞിട്ടുണ്ട്. തങ്ങള്‍ വിഭാവനം ചെയ്യുന്ന ‘രണ്ടാം റിപ്പബ്ലിക്കി’ല്‍ (ഹിന്ദു രാഷ്ട്രം)നിന്ന് ഇവയൊക്കെ തുടച്ചുനീക്കിയേ തീരൂ.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ നടന്ന മൂന്ന് സംഭവങ്ങള്‍, രാഷ്ട്രത്തെ ‘ഹിന്ദു പ്രഥമ’ ഇന്ത്യയായി വിളംബരം ചെയ്തതിന്റെ പരസ്യപ്രഖ്യാപനങ്ങളായിരുന്നു. 2020 ആഗസ്‌ത് ആദ്യവാരത്തില്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ നടത്തിയതും തുടര്‍ന്ന് വെള്ളിശില പാകിയതും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. വി ഡി സവര്‍ക്കറിന്റെ ജന്മവാര്‍ഷികദിനമായ 2023 മെയ് 28ന് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചത് നരേന്ദ്ര മോദിയാണ്. ഒരു വലിയ സംഘം സന്യാസിമാരുടെയും യാഗയജ്ഞഹോമകര്‍മാദികളുടെയും ആരവത്തോടെ നടന്ന ആ ചടങ്ങിനുശേഷം മധ്യകാല രാജഛത്രാധിപത്യത്തിന്റെ പ്രതീകമായ സ്വര്‍ണ ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തോടുചേര്‍ന്ന് സ്ഥാപിക്കുകയും ചെയ്തു. ഒരു മതരാഷ്ട്രത്തിന്റെ പാര്‍ലമെന്റിന്റെ ഉദ്ഘാടന മഹാമഹത്തിനാണ് അന്ന് രാജ്യം സാക്ഷ്യംവഹിച്ചത്. 2024 ജനുവരി 22ന് രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം നല്‍കിയത് ശങ്കരാചാര്യമഠങ്ങളിലെ ഏതെങ്കിലും അധിപന്മാരല്ല, സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. ഇന്നത്തെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ ഹിന്ദുത്വത്തിലധിഷ്ഠിതമായ മതാസ്പദരാഷ്ട്രമാണെന്ന് കൂസലില്ലാതെ ഉദ്ഘോഷിക്കുകയായിരുന്നു ഈ ചടങ്ങുകളിലൂടെയെല്ലാം.
വലിയ വിഭാഗം മാധ്യമങ്ങള്‍ നിശ്ശബ്ദരാക്കപ്പെടുകയോ സ്വയം സെന്‍സര്‍ഷിപ്പിന് നിര്‍ബന്ധിതരാവുകയോ ചെയ്യുന്നു. അതേസമയം കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഭരണകക്ഷിക്ക് പാദസേവ ചെയ്യുന്നു. ഇന്നിന്റെ അടിയന്തരമായ ആവശ്യം, ഭരണഘടനയിലെ ഇന്ത്യയുടെ വീണ്ടെടുപ്പാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ നാല് നെടുംതൂണുകളാണ് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജലരേഖയായി മാറിയിരിക്കുന്നു. ബുള്‍ഡോസര്‍ (അ)നീതിയും പൗരത്വഭേദഗതി നിയമവും തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്കരണമെന്ന പേരില്‍ നടക്കുന്ന പിന്‍വാതില്‍ ദേശീയ പൗരത്വ രജിസ്റ്ററും ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരരായി മാറ്റിയിരിക്കുന്നു. ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം വ്യവസ്ഥാപിതമായി ചവിട്ടിമെതിക്കപ്പെടുന്നു. പദവിയിലും അവസരത്തിലുമുള്ള സമത്വം വാചാടോപമായി മാറ്റിയിരിക്കുന്നു. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുന്നതിനുപകരം സമുദായങ്ങള്‍ തമ്മില്‍ തീരാവൈരവും സമൂഹത്തില്‍ വര്‍ഗീയവിഭജനവും അക്രാമകമായി വിതയ്ക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു. സാഹോദര്യമല്ല, ഭീതിയാണ് വര്‍ത്തമാന ഇന്ത്യയെ ചൂഴ്‌ന്നുനില്‍ക്കുന്നത്. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുടെ ആരൂഢമായ ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പ്പറത്തിയിരിക്കുന്നു. കുരുന്നു മനസ്സുകളില്‍പ്പോലും വര്‍ഗീയതയുടെയും വിഭാഗീയതയുടെയും വിഷലിപ്തമായ മനക്കൂട്ട് സൃഷ്ടിക്കാന്‍ ചരിത്രവിജ്ഞാനീയത്തെ ചിത്രവധം ചെയ്യുന്നു. വലിയ വിഭാഗം മാധ്യമങ്ങള്‍ നിശ്ശബ്ദരാക്കപ്പെടുകയോ സ്വയം സെന്‍സര്‍ഷിപ്പിന് നിര്‍ബന്ധിതരാവുകയോ ചെയ്യുന്നു. അതേസമയം കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഭരണകക്ഷിക്ക് പാദസേവ ചെയ്യുന്നു. ഇന്നിന്റെ അടിയന്തരമായ ആവശ്യം, ഭരണഘടനയിലെ ഇന്ത്യയുടെ വീണ്ടെടുപ്പാണ്.
(മടപ്പള്ളി ഗവ. കോളേജില്‍ ചരിത്രവിഭാഗം മേധാവിയാണ് ലേഖകന്‍)














