വ്യാപാരക്കരാർ: വഴുതിമാറുന്ന അമേരിക്ക


ഡോ. രാമന്തളി രവി
Published on Jul 07, 2026, 11:33 PM | 2 min read
ഇടപെട്ട എല്ലാ വിഷയത്തിൽനിന്നും തലയൂരി രക്ഷപ്പെടേണ്ട സ്ഥിതിയിലാണ് കുറെ കാലമായി അമേരിക്ക. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും മാത്രമല്ല, വ്യാപാരക്കരാറുകളുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറുകൾക്കുള്ള ചർച്ചകൾ 2023 മുതൽ നീട്ടിയും കുറുക്കിയും ലക്ഷ്യത്തോടടുക്കുന്നു എന്നമട്ടിൽ നടന്നുവരികയാണ്. ഇന്ത്യയാകട്ടെ ഒരുകാര്യം അർഥശങ്കയ്ക്ക് ഇടനൽകാതെ അമേരിക്കയെ സന്തോഷിപ്പിക്കാനായി പറഞ്ഞിട്ടുണ്ട്: ‘‘കരാറുകളുടെ നൂലാമാലകൾ തീരുന്നതുവരെ എത്രനാൾവരെ കാത്തിരിക്കാനും ഞങ്ങൾ തയ്യാറാണ്.’’ മുച്ചീട്ടുകളിക്കാരന്റെ കൈവഴക്കത്തോടെ വ്യാപാരക്കരാർ കൈകാര്യം ചെയ്യാൻ യുഎസ് ശ്രമിക്കുന്നുമുണ്ട്.
യുഎസ് വ്യാപാര പ്രതിനിധിസംഘം തലവൻ ജാമിസൺ ഗ്രീറും കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി കരാറിൽ അവശേഷിക്കുന്ന പ്രശ്നങ്ങളും ഡൽഹിയിൽവച്ച് ചർച്ച ചെയ്ത് കൈകൊടുത്താണ് പിരിഞ്ഞത്. അടുത്ത ദിവസംതന്നെ പുതിയ പ്രശ്നങ്ങൾ അമേരിക്ക എടുത്തിട്ടു. അതിലൊന്ന് 301 വകുപ്പുപ്രകാരം തൊഴിൽചൂഷണം സംബന്ധിച്ചുള്ള അന്വേഷണവും അതുവഴി ഉണ്ടായ യുണൈറ്റഡ് സ്റ്റേറ്റ് ട്രേഡ് ഏജൻസിയുടെ 12.5 ശതമാനം പുതിയ നികുതിയുടെ ശുപാർശയുമാണ്. യുഎസ് ടെക് കന്പനികൾക്ക് ഡിജിറ്റൽ സേവനനികുതി ചുമത്തുന്ന എല്ലാ രാജ്യങ്ങളിലെയും ഉൽപ്പന്നങ്ങൾക്കും നൂറുശതമാനം തീരുവ ചുമത്തുമെന്ന് വൈകാതെ ട്രംപ് പ്രഖ്യാപിച്ചു. നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്നതുമായ വാണിജ്യകരാറുകളെ മറികടക്കുന്ന രീതിയിലാകും പുതിയ തീരുവ കൊണ്ടുവരികയെന്നും സമൂഹമാധ്യമത്തിൽ ട്രംപ് കുറിച്ചു. ചില യൂറോപ്യൻ രാജ്യങ്ങളെയാണ് യുഎസ് ഉന്നംവയ്‌ക്കുന്നത്.
അമേരിക്കയ്‌ക്ക് ലോകത്തുള്ള എല്ലാ വിപണികളും തുറന്നുകിട്ടണം. കച്ചവടം പൊടിപൊടിക്കണം. അവിടെയൊന്നും കാര്യമായ നികുതി പാടില്ല. ലാഭം വർധിപ്പിക്കണം. ഇതിനാവശ്യമായ വ്യാപാരക്കരാറുകളിൽ ലോകരാഷ്ട്രങ്ങളുമായി നിരന്തരം ഒപ്പിട്ടുകൊണ്ടിരിക്കണം. അന്താരാഷ്ട്രവ്യാപാരം, ചരക്ക്, നേരിട്ടുള്ള നിക്ഷേപം എന്നിവയ്ക്കുള്ള ചർച്ചയ്ക്കായി മേൽനോട്ടം വഹിക്കാനാണ് ഫെഡറൽ ഏജൻസിയായ യുഎസ്ടിആർ ഇന്ത്യയിലെത്തിയത്. കൃഷി, വ്യാപാരം എന്നീ മേഖലയിലാണ് സുപ്രധാന വ്യാപാരക്കരാർ ചർച്ചകൾ നടന്നത്. യുഎസ് നേരത്തേ 50 ശതമാനം തീരുവ ചുമത്തിയ സമയത്താണ് കരാറിനായുള്ള ചട്ടക്കൂട് തയ്യാറാക്കിയിരുന്നത്. അതിൽ 18 ശതമാനം തീരുവ ഇന്ത്യ അംഗീകരിച്ചിരുന്നു. എന്നാൽ, അന്നത്തെ തീരുവ സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഫെബ്രുവരി ഏഴിനുണ്ടാക്കിയ ചട്ടക്കൂടിലെ വ്യവസ്ഥകൾ അസാധുവായി.2025 ഫെബ്രുവരി 21 മുതൽ 24 വരെ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ നേതൃത്വത്തിൽ കരാർ സംബന്ധിച്ച ചർച്ച വിശദമായി നടന്നു. 2030 ആകുമ്പോഴേക്കും 500 ബില്യൻ ഡോളർ ലക്ഷ്യംവയ്‌ക്കുന്ന മെഗാ കരാർ, മോഡി–ട്രംപ് സംയുക്തപ്രസ്താവന കൊട്ടിഘോഷിച്ച് ഇറക്കി. 2026 ജനുവരി 12നും 13നും വിദേശമന്ത്രി എസ് ജയ്‌ശങ്കറും യുഎസ് വ്യാപാര സെക്രട്ടറി മാർക്കോ റൂബിയോയുമായി വേറൊരു വട്ടം ചർച്ചകൾകൂടി നടന്നു. എന്നിട്ടും കാര്യമായി ഒന്നും നടന്നുവെന്ന് പറയാറായിട്ടില്ല. സാമ്പത്തികമായി സംഘർഷങ്ങളിലകപ്പെട്ട അമേരിക്കൻ ജനതയ്ക്കും അവിചാരിതമായി നഷ്‌ടത്തിലേക്ക് മുതലക്കൂപ്പ് നടത്തുന്ന ഇടത്തരം കോർപറേറ്റുകൾക്കും മുമ്പിൽ ട്രംപിനും കൂട്ടുകാർക്കും വ്യാപാരക്കരാർ വിശദീകരിക്കാനും ബോധ്യപ്പെടുത്താനും കഴിയുന്നില്ലെന്നതാണ് വാസ്തവം.
രണ്ടുവർഷമായി ഇന്ത്യയിലെ തീരുവകൾ ഉയർത്തിയും കരാറുകൾ മാറ്റിമറിച്ചും അമേരിക്ക ഇന്ത്യയുമായി വിലപേശുകയാണ്. പലവട്ടം ചർച്ചകൾ നടന്നുവെന്നല്ലാതെ അമ്പിനും വില്ലിനും അടുക്കാതെ പോകുന്നു. അടുത്ത നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് യുഎസ് കോൺഗ്രസിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന ധാരണ പൊതുവേ ശക്തിപ്പെട്ടിട്ടുണ്ട്. എന്നാൽ, പ്രസിഡന്റിന്റെ വിവേചനാധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പുതന്നെ മാറ്റിവയ്‌ക്കുമോ എന്നേ നോക്കേണ്ടതുള്ളൂ. അങ്ങനെ സംഭവിച്ചാൽ അമേരിക്കൻ ജനാധിപത്യംതന്നെ പ്രതിസന്ധിയിലകപ്പെടും.














