രാജ്യതാൽപ്പര്യം മറക്കുന്ന മോദി


എ കെ രമേശ്
Published on Jul 04, 2025, 03:45 AM | 2 min read
‘ആറ്റിലേക്കച്യുതാ ചാടൊല്ലേ ചാടൊല്ലേ’ എന്ന് പണ്ട് കവി പാടിയത് കാളകൂടവിഷം വമിക്കുന്ന കാളിന്ദിയെ ഭയന്നാണ്. അതിലും അപകടകാരിയായ സാമ്രാജ്യത്വഭീകരൻ പത്തി ഒളിപ്പിച്ചുവച്ച ആറ്റിലേക്ക് ചാടല്ലേ എന്നാണ് മുൻ ക്യാബിനറ്റ് സെക്രട്ടറിയും ഡബ്ല്യുടിഒയിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന കെ എം ചന്ദ്രശേഖറും ഇന്ത്യയുടെ മുൻ വാണിജ്യ സെക്രട്ടറി ഗോപാൽപിള്ളയും ഡബ്ല്യുടിഒ തർക്കപരിഹാര സമിതിയുടെ അപ്പലറ്റ് ബോഡി ചെയർമാനായിരുന്ന ഉജൽ സിങ് ഭാട്ടിയയും മുന്നറിയിപ്പു നൽകിയത്.
അവരുടെ നേതൃത്വത്തിൽ തയ്യാറാക്കപ്പെട്ട മെമോറാണ്ടത്തിന് വിശ്വാസ്യത കൽപ്പിക്കാതിരിക്കാൻ രാജ്യത്തിനാകുമോ. സദാ ദേശീയത പാടുന്ന ഇന്ത്യൻ പ്രധാനമന്ത്രിക്കും കൂട്ടർക്കും കഴിയുമോ. വിഷയം അമേരിക്കയുമായുള്ള ഉഭയകക്ഷി ചർച്ചയാണ്. രഹസ്യമായാണ് ചർച്ചകൾ. ഇന്ത്യ– -പാക് യുദ്ധം ഒഴിവാകാൻ കാരണം വ്യാപാരകാര്യം പറഞ്ഞ് താൻ കണ്ണുരുട്ടിയതാണെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കുശേഷമുള്ള ഈ ഉഭയകക്ഷി ചർച്ച യഥാർഥത്തിൽ ഏറെ സുതാര്യമാകേണ്ടതായിരുന്നു. മോദിയിൽനിന്ന് അത് പ്രതീക്ഷിച്ചുകൂടല്ലോ.
ഇന്ത്യ– -അമേരിക്ക ഉഭയകക്ഷി കരാർ ചർച്ചകളിൽ കാണുന്ന അതാര്യത (opaqueness) ഭീതിജനകമാണ് എന്നതുകൊണ്ടാണ് ഡബ്ല്യുടിഒ ചർച്ചകളിൽ നേരിട്ട് പങ്കെടുത്ത്, അമേരിക്കൻ നീക്കങ്ങൾ നന്നായറിയാവുന്ന ഉന്നതോദ്യോഗസ്ഥർ ഇപ്പോൾ ആ വിഷപ്പത്തിയുടെ കാര്യം ഓർമിപ്പിക്കുന്നത്. അതിലൊരാൾ ഡബ്ല്യുടിഒ തർക്കപരിഹാര സമിതിയുടെ അപ്പലറ്റ് ബോഡി ചെയർമാൻകൂടിയായിരുന്നു. അതിനെ നിർവീര്യമാക്കാൻ അമേരിക്ക നടത്തിയ കുടിലതകൾ ചെറുതല്ല. ഒടുക്കം കോറം തികയ്ക്കാനാകാത്തവിധം പ്രവർത്തനരഹിതമാക്കുകയായിരുന്നു അമേരിക്ക. അതിലേക്ക് ആളെ നാമനിർദേശം ചെയ്യാതെ നീട്ടിക്കൊണ്ടു പോയാണ് നിർവീര്യമാക്കിയത്.
കാർഷികോൽപ്പന്നങ്ങളും പാലുൽപ്പന്നങ്ങളും യഥേഷ്ടം കൊണ്ടുവന്നു തള്ളാനുള്ള അവകാശമാണ് അമേരിക്ക ഉന്നയിക്കുന്നതത്രെ. സ്റ്റീൽ അടക്കമുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധികചുങ്കം ചുമത്തിയ അമേരിക്കൻ നടപടിയിൽ ഇന്ത്യ അനങ്ങാതിരുന്നപ്പോൾ, ചൈന തിരിച്ചങ്ങോട്ടും ചുങ്കം വർധിപ്പിക്കുകയായിരുന്നു
സ്വന്തം നാട്ടിലെ കുത്തകകൾക്കുവേണ്ടി ഏതറ്റവും പോകുന്നതാണ് ബുഷിന്റെയായാലും ഒബാമയുടെതായാലും ട്രംപിന്റെതായാലും യുഎസ് ഗവൺമെന്റുകൾ. അമേരിക്കയുമായി ഇന്ത്യയുണ്ടാക്കുന്ന ഉഭയകക്ഷി കരാറുകൾ രാജ്യത്തെ സാധാരണ മനുഷ്യരുടെ താൽപ്പര്യത്തിന് എതിരാകരുത് എന്നാണ് മെമോറാണ്ടം ആവശ്യപ്പെടുന്നത്. കാർഷികോൽപ്പന്നങ്ങളും പാലുൽപ്പന്നങ്ങളും യഥേഷ്ടം കൊണ്ടുവന്നു തള്ളാനുള്ള അവകാശമാണ് അമേരിക്ക ഉന്നയിക്കുന്നതത്രെ. സ്റ്റീൽ അടക്കമുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധികചുങ്കം ചുമത്തിയ അമേരിക്കൻ നടപടിയിൽ ഇന്ത്യ അനങ്ങാതിരുന്നപ്പോൾ, ചൈന തിരിച്ചങ്ങോട്ടും ചുങ്കം വർധിപ്പിക്കുകയായിരുന്നു. അതോടെ അധികചുങ്കം പിൻവലിക്കാൻ ട്രംപ് നിർബന്ധിതനായി.
ഇവിടെ ഇന്ത്യ മൗനം പാലിച്ചത് നമ്മുടെ ബലഹീനതയാണ് എന്നാണ് മുൻ ക്യാബിനറ്റ് സെക്രട്ടറി അടക്കമുള്ളവരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഡബ്ല്യുടിഒ അംഗരാജ്യം എന്ന നിലയ്‌ക്ക് അതിന്റെ നിബന്ധനകളും വഴക്കങ്ങളും കൈവിട്ടുകൊണ്ട് ഒരു ഉഭയകക്ഷിക്കരാറും ഒപ്പിടരുത് എന്നാണ് മെമോറാണ്ടം ആവശ്യപ്പെട്ടത്. ഉഭയകക്ഷിക്കരാറിൽനിന്ന് തെറ്റിപ്പിരിയുന്നതാകും ഒരു കീഴടങ്ങൽക്കരാറിന് വഴങ്ങുന്നതിലും നല്ലതെന്നും അവർ ഓർമപ്പെടുത്തിയിരുന്നു.
ഇന്ത്യൻ കർഷകരുടെ നടുവൊടിക്കുന്ന, ഇന്ത്യയിലെ സാധാരണ വ്യവസായങ്ങളെ തകർത്തെറിയുന്ന ഒരു ഉഭയകക്ഷിക്കരാറാണ് അമേരിക്കയ്‌ക്ക് വേണ്ടത്. അത് ജനങ്ങളോട് തുറന്നു പറഞ്ഞ്, അവരുടെ പിന്തുണയാർജിച്ച് സാമ്രാജ്യത്വ താൽപ്പര്യങ്ങളോട് ഏറ്റുമുട്ടുകയാണ് ഒരു സ്വതന്ത്ര പരമാധികാരരാജ്യം ചെയ്യേണ്ടത്. എന്നാൽ, വിദേശ മൂലധനത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്ന മോദി സർക്കാർ രഹസ്യചർച്ചകൾ നടത്തി കീഴടങ്ങാനാണ് തയ്യാറാകുന്നത്.















