Deshabhimani

ഇന്ത്യയും ന്യൂസിലന്‍ഡും; കായികരംഗത്തിലൂടെ ഒരു നൂറ്റാണ്ടിന്റെ സൗഹൃദം

IND NZ 100 YEAR UNITY
ഡോ. വസിഷ്ഠ് എം സി

Published on Nov 17, 2026, 11:51 AM | 3 min read

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കായികബന്ധത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിനായി സംഘടിപ്പിക്കുന്നതാണ് 'ഇന്ത്യ-ന്യൂസിലന്‍ഡ് സെഞ്ച്വറി ഓഫ് സ്‌പോര്‍ട്ടിംഗ് യൂണിറ്റി' (India-New Zealand Century of Sporting Unity) എന്ന പരിപാടി. 1926-ല്‍ ഇന്ത്യന്‍ ആര്‍മി ഹോക്കി ടീം നടത്തിയ ചരിത്രപ്രധാനമായ ന്യൂസിലന്‍ഡ് പര്യടനത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കായികബന്ധത്തിന് തുടക്കമായത്. ന്യൂസിലാന്‍ഡ് സന്ദര്‍ശിച്ച ഇന്ത്യന്‍ ടീമില്‍ ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദും ഉള്‍പ്പെട്ടിരുന്നു.


1926 ജൂണ്‍ 26-ന് ക്രൈസ്റ്റ് ചര്‍ച്ചിലെ ലാന്‍കാസ്റ്റര്‍ പാര്‍ക്കില്‍ ഇന്ത്യന്‍ ആര്‍മി ഹോക്കി ടീം ന്യൂസിലന്‍ഡിനെതിരെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. മത്സരത്തില്‍ ഇന്ത്യ 5-2ന് വിജയിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ ആദ്യ പരമ്പര അവസാനിച്ചപ്പോള്‍ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലുമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള നൂറുവര്‍ഷത്തെ കായിക വിനിമയങ്ങള്‍ക്ക് ഈ പരമ്പര അടിത്തറയിട്ടു.


ഈ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി 2026 നവംബറില്‍ 'കായികരംഗത്തിലൂടെ 100 വര്‍ഷത്തെ ഐക്യം' (100 Years of Unity Through Sport) എന്ന പേരില്‍ ഒരു മാസം നീളുന്ന വിപുലമായ പരിപാടികള്‍ ഇരു രാജ്യങ്ങളും സംഘടിപ്പിക്കുന്നു. ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡ്, ക്രൈസ്റ്റ് ചര്‍ച്ച്, ഹാമില്‍ട്ടണ്‍, ടൗറംഗ, വെല്ലിങ്ടണ്‍ എന്നീ നഗരങ്ങളിലാണ് പരിപാടികള്‍ നടക്കുന്നത്.


തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് ന്യൂസിലന്‍ഡ്. പ്രധാനമായും ക്രിക്കറ്റ്, ഹോക്കി തുടങ്ങിയ കായികമത്സരങ്ങളിലൂടെയാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സൗഹൃദം വളര്‍ന്നുവന്നത്. ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അന്താരാഷ്ട്ര കായികമേളകളിലും ഇരു രാജ്യങ്ങളും പലപ്പോഴും പരസ്പരം മത്സരിച്ചിട്ടുണ്ട്.


ഏകദേശം 50 ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂസിലന്‍ഡ്, ലോക കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച രാജ്യമാണ്. ഒളിമ്പിക്‌സില്‍ ഇതുവരെ ആകെ 166 മെഡലുകളാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ 157 എണ്ണം സമ്മര്‍ ഒളിമ്പിക്‌സിലും ഒമ്പതെണ്ണം വിന്റര്‍ ഒളിമ്പിക്‌സിലുമാണ്. 33 മെഡലുകളുമായി തുഴച്ചില്‍ (Rowing) ആണ് ന്യൂസിലന്‍ഡിന്റെ ഏറ്റവും മികച്ച നേട്ടമുള്ള കായിക ഇനം. അത്ലറ്റിക്‌സില്‍ 28 മെഡലുകളും രാജ്യം നേടിയിട്ടുണ്ട്. പാരീസ് ഒളിമ്പിക്‌സില്‍ 10 സ്വര്‍ണം, ഏഴ് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ ആകെ 20 മെഡലുകള്‍ നേടിയ ന്യൂസിലന്‍ഡ് മെഡല്‍ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തെത്തി.


ന്യൂസിലന്‍ഡിന്റെ പുരുഷ ദേശീയ ഫുട്‌ബോള്‍ ടീം 'ഓള്‍ വൈറ്റ്‌സ്' (All Whites) എന്ന പേരിലാണ് അറിയപ്പെടുന്നത്. 1982, 2010, 2026 വര്‍ഷങ്ങളില്‍ ഫിഫ ലോകകപ്പില്‍ ടീം പങ്കെടുത്തു. ബെല്‍ജിയത്തിലും നെതര്‍ലന്‍ഡ്‌സിലുമായി നടന്ന 2026-ലെ പുരുഷ ഹോക്കി ലോകകപ്പിലും ന്യൂസിലന്‍ഡ് പങ്കെടുത്തു.


പുരുഷ ട്വന്റി 20 ലോകകപ്പിന്റെ എല്ലാ പതിപ്പുകളിലും പങ്കെടുത്തിട്ടുള്ള ന്യൂസിലന്‍ഡ് ടീം 2021, 2026 വര്‍ഷങ്ങളില്‍ റണ്ണറപ്പായി. 2007, 2016, 2022 വര്‍ഷങ്ങളില്‍ സെമിഫൈനലിലും പ്രവേശിച്ചു.


1975-ല്‍ ആരംഭിച്ച ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ എല്ലാ പതിപ്പുകളിലും ന്യൂസിലന്‍ഡ് പങ്കെടുത്തിട്ടുണ്ട്. ഇതുവരെ കിരീടം നേടാനായിട്ടില്ലെങ്കിലും 2015, 2019 വര്‍ഷങ്ങളില്‍ ഫൈനലിലെത്തി റണ്ണറപ്പായി. 2019-ലെ ഫൈനലില്‍ ഇംഗ്ലണ്ടിനോട് ഏറെ നാടകീയമായ രീതിയിലാണ് കിവികള്‍ക്ക് കിരീടം നഷ്ടമായത്. 1975, 1979, 1992, 1999, 2007, 2011, 2015, 2019 വര്‍ഷങ്ങളിലായി എട്ടു തവണ ടീം ഏകദിന ലോകകപ്പിന്റെ സെമിഫൈനലില്‍ എത്തിയിട്ടുണ്ട്. താരതമ്യേന ചെറിയ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് അന്താരാഷ്ട്ര കായികരംഗത്ത് എത്രത്തോളം മികവ് പുലര്‍ത്താനാകുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ന്യൂസിലന്‍ഡിന്റെ ഈ നേട്ടങ്ങള്‍. ലോക കായികവേദിയില്‍ കിവികള്‍ കരുത്തുറ്റ സാന്നിധ്യമാണ്.


ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കായികസൗഹൃദത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 2026 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നിരവധി കായിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.


ഇന്ത്യ-ന്യൂസിലന്‍ഡ് അണ്ടര്‍-20 റഗ്ബി പരമ്പര (ഒക്ടോബര്‍ 2026): ഇന്ത്യയിലെ ബിഹാറിലുള്ള രാജ്ഗിര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ഈ യുവജന റഗ്ബി പരമ്പരയില്‍ ഇരു രാജ്യങ്ങളിലും കായിക പ്രതിഭകള്‍ പങ്കെടുത്തു. കായിക നയതന്ത്രത്തിലൂടെ നൂറുവര്‍ഷത്തെ സൗഹൃദം ആഘോഷിക്കുകയായിരുന്നു ഈ പരമ്പരയുടെ ലക്ഷ്യം.


ഈ ചരിത്രമുഹൂര്‍ത്തം അടയാളപ്പെടുത്തുന്നതിനായി ന്യൂസിലന്‍ഡിന്റെ ക്രിക്കറ്റ് ടീമായ ബ്ലാക്ക് ക്യാപ്‌സ് പ്രത്യേക പരിമിത പതിപ്പ് 'കൊതിതംഗ' (Kotahitanga) ഏകദിന ജഴ്‌സിയും പുറത്തിറക്കി. ന്യൂസിലന്‍ഡിലെയും ഇന്ത്യയിലെയും കലാകാരന്മാര്‍ സംയുക്തമായി രൂപകല്‍പ്പന ചെയ്തതാണ് ഈ ജഴ്‌സി. ഐക്യവും ഒരുമയും പ്രതിനിധീകരിക്കുന്നതാണ് ഇതിന്റെ ആശയം.


ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമും ഇന്ത്യ എ ടീമും സമ്പൂര്‍ണ പരമ്പരയ്ക്കായി ന്യൂസിലന്‍ഡിലേക്ക് പര്യടനം നടത്തുകയാണ്.


ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനം: സഞ്ജയ് നയിക്കുന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീം 2026 നവംബര്‍ 15 മുതല്‍ 23 വരെ ന്യൂസിലന്‍ഡ് പര്യടനം നടത്തുന്നു. അണ്ടര്‍-21 താരങ്ങളും ഇന്ത്യ എ ടീമിലെ പ്രധാന കളിക്കാരും ഉള്‍പ്പെട്ടതാണ് ഈ സംഘം. ഓക്ക്ലന്‍ഡിലെ ലോയ്ഡ് എല്‍സ്‌മോര്‍ ഹോക്കി സ്റ്റേഡിയത്തില്‍ നവംബര്‍ 19, 21, 22 തീയതികളിലാണ് മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.


ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ചരിത്രപരമായ പര്യടനം: 'ബ്ലൂ ടൈഗേഴ്‌സ്' എന്നറിയപ്പെടുന്ന ഇന്ത്യന്‍ പുരുഷ ദേശീയ ഫുട്‌ബോള്‍ ടീം 2026 നവംബറിലെ ഫിഫ അന്താരാഷ്ട്ര മത്സരജാലകത്തില്‍ ഇന്ത്യയും ന്യൂസ്‌ലാന്‍ഡും തമ്മില്‍ രണ്ട് ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിച്ചു. രണ്ടിലും ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും ഒരു മികച്ച ടീമിനോട് കളിക്കാന്‍ കഴിഞ്ഞു എന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആത്മവിശ്വാസമേകുന്ന കാര്യമാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമി്‌ന്റെ ചരിത്രത്തിലെ ആദ്യ ന്യൂസിലന്‍ഡ് പര്യടനമാണിത്.


മുറിവുകള്‍ ഉണക്കാനും രാജ്യങ്ങള്‍ക്കും വ്യക്തികള്‍ക്കുമിടയില്‍ സൗഹൃദവും പരസ്പരബന്ധവും ശക്തിപ്പെടുത്താനും കായികരംഗത്തിന് വലിയ കഴിവുണ്ട്. മത്സരങ്ങള്‍ കേവലം വിജയത്തിനും പരാജയത്തിനും വേണ്ടിയുള്ളതല്ല; അവ പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും സാംസ്‌കാരിക കൈമാറ്റത്തിന്റെയും വേദികള്‍ കൂടിയാണ്.


ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഒരു നൂറ്റാണ്ട് പഴക്കമുള്ള സൗഹൃദം കായികരംഗത്തിലൂടെ ഇനിയും കൂടുതല്‍ ശക്തിപ്പെടട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ന്യൂസിലന്‍ഡിനെപ്പോലെ കരുത്തുറ്റ ഒരു ടീമിനെതിരെ മത്സരിക്കുന്നത് ഇന്ത്യന്‍ ദേശീയ ടീമുകള്‍ക്ക് വലിയ അനുഭവസമ്പത്തും ആത്മവിശ്വാസവും പകരും. ഇത്തരം അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്ത്യന്‍ താരങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും സഹായകമാകുമെന്നതില്‍ സംശയമില്ല.


കായികരൂപങ്ങള്‍ അതിരുകള്‍ക്കപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്നു. അത് ഭാഷയുടേയും മതത്തിന്റേയും സംസ്‌കാരത്തിന്റെയും അതിര്‍ത്തികള്‍ ഭേദിക്കുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് സൗഹൃദത്തിന്റെ ഈ നൂറാം വര്‍ഷം അതിന്റെ ഉജ്ജ്വലമായ തെളിവായി മാറട്ടെ.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home