ad
Deshabhimani

Articles

ഐഎഫ്എഫ്കെ 2025

അരുതുകളോട്‌ എതിരിടുന്ന ഐഎഫ്‌എഫ്‌കെ

iffk 2025
avatar
അജിൻ ജി നാഥ്‌

Published on Dec 14, 2025, 05:43 PM | 3 min read

കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രോത്സവം അതിന്റെ മൂന്ന്‌ പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. സിനിമയുടെ ലോക കവാടത്തിലേക്ക്‌ തുറന്നുവച്ച മൂന്ന്‌ പതിറ്റാണ്ടുകളാണ്‌ ഐഎഫ്‌ഐകെയുടെ തിരശ്ശീലയിലൂടെ മിന്നിമറഞ്ഞത്‌. സിനിമ ജീവിതത്തിന്റെ നേൽക്കുപിടിച്ച കണ്ണാടിയാണ്. അങ്ങനെ വരുമ്പോൾ സിനിമയെന്നാൽ നമ്മുടെ ജീവപരിസരങ്ങളോട്‌ ചേർന്ന്‌ നിൽക്കുന്നതാണെന്ന്‌ വരും. സിനിമ നാം ജീവിക്കുന്ന ലോകത്തിന്റെ പരിച്ഛേദമാകുമെന്നും പറയാം. ആ ജീവപരിസരങ്ങളുടെ യാഥാർഥ്യങ്ങളെ തൊട്ടറിയുന്ന സിനിമളെയാണ്‌ ഇ‍ൗ മൂന്ന്‌ പതിറ്റാണ്ടുകാലം മലയാളത്തിന്റെ മഹാമേള ഉയർത്തിപ്പിടിച്ചത്‌. സിനിമകളാൽ മാത്രമല്ല ഐഎഫ്‌എഫ്‌കെ സ്വയം അടയാളപ്പെടുത്തുന്നത്‌, മറിച്ച്‌ പതിരില്ലാത്ത നിലപാടുകളിലൂടെയുമാണ്‌. അരുതുകളുടെ കോട്ടകൾ ഉയരുന്ന കാലത്ത്‌ തന്നെയാണ്‌ എതിരുകളുടെ പതർച്ചയില്ലാത്ത ശബ്‌ദമായി മലയാളത്തിന്റെ മഹാമേള മാറുന്നത്‌.


iffk 2025


അചഞ്ചലം അവൾക്കൊപ്പം

ഐഎഫ്‌എഫ്‌കെ എല്ലാകാലവും മറ്റ്‌ ലോകമേളകളിൽ നിന്ന്‌ വേറിട്ട്‌ നിന്നിട്ടുള്ള മേളയാണ്‌. അതുയർത്തിപ്പിടിക്കുന്ന രാഷ്‌ട്രീയം തന്നെയാണ്‌ ഐഎഫ്‌എഫ്‌കെയെ വേറിട്ട്‌ നിർത്തുന്നത്‌. കേരളം എല്ലാകാലത്തും ഉയർത്തിപ്പിടിച്ച വിശ്വമാനവികതയുടെ നിലപാടുതറയിലാണ്‌ ഇ‍ൗ മേളയും ഉരുവം കൊണ്ടത്‌. മുപ്പതാം മേളയും മറ്റൊരുവഴിക്കല്ല സഞ്ചരിക്കുന്നത്‌. മുപ്പതാം പതിപ്പിന്റെ ഉദ്‌ഘാടന വേദി തന്നെ ഇ‍ൗ നിലപാടിനെ ഉ‍ൗട്ടിയുറപ്പിക്കുന്നതായി മാറി. മൂന്ന്‌ കാര്യങ്ങളാൽ ആ വേദി ശ്രദ്ധേയമായി. ഉദ്‌ഘാടകനായ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാൻ അവൾക്കൊപ്പം എന്ന വാക്കിൽ നിന്നാണ്‌ തന്റെ ഉദ്‌ഘാടനപ്രസംഗം ആരംഭിച്ചത്‌.


iffk inaguration


അതിജീവിതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യമാണ്‌ അവിടെ പ്രകടമായത്‌. കുറച്ച്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ ഇതേ മേളയുടെ വേദിയിൽ ഉയർത്തിപ്പിടിച്ച ശിരസ്സുമായി ആ പെൺകുട്ടി ലോകത്തിന്‌ മുന്നിൽ ചിരിച്ച്‌ നിന്നതും നാം കണ്ടു. നടിയെ ആക്രമിച്ച കേസിലെ വിധി വന്ന വൈകുന്നേരത്താണ്‌ നിശാഗന്ധിയിൽ ഐഎഫ്‌എഫ്‌കെയ്‌ക്ക്‌ തിരി തെളിഞ്ഞത്‌. കേരളത്തിന്റെ മനസ്സാക്ഷി ആഗ്രഹിക്കും വിധമുള്ള ഒരു വിധിയല്ല നിർഭാഗ്യവശാൽ കോടതിയിൽ നിന്നുണ്ടായത്‌. അതേ, വൈകുന്നേരം തന്നെയാണ്‌ കേരളത്തിന്റെ യഥാർഥ നിലപാട്‌ നിശാഗന്ധിയിൽ പ്രഖ്യാപിക്കപ്പെട്ടത്‌.

പലസ്‌തീൻ ജനത ഒറ്റയ്‌ക്കല്ല

മറ്റൊരു സുപ്രധാന ഐക്യപ്പെടലിനും മുപ്പതാം വേദി സാക്ഷ്യം വഹിച്ചു. മേളയുടെ മുഖ്യാതിഥികളിൽ ഒരാളായത്‌ പലസ്‌തീൻ അംബാസഡർ അബ്‌ദുള്ള എം അബു ഷാവേസ്‌ ആണ്‌. പിറന്ന മണ്ണിൽ കാലുകുത്താനൊരുപിടി മണ്ണുപോലും നൽകാതെ ആട്ടിയോടിക്കപ്പെടുന്ന, വംശഹത്യക്ക്‌ ഇരയാക്കപ്പെടുന്ന പലസ്‌തീൻ ജനതയോട്‌ മലയാളം അതിന്റെ വിശ്വമഹാമേളയിൽ ഒരിക്കൽ കൂടി കലർപ്പില്ലാതെ ഐക്യപ്പെട്ടു. ഒരുപക്ഷേ, കഴിഞ്ഞ രാവിൽ നിശാഗന്ധിയിൽ ഏറെ കൈയടികൾ നേടിയതും പലസ്‌തീനാണ്‌.


iffk palastine

പിറന്ന മണ്ണിൽ അതിജീവിക്കാനുള്ള ആ ജനതയുടെ അവകാശത്തോടുള്ള ഐക്യദാർഢ്യവും, മനുഷ്യമനസ്സാക്ഷിയെ വെല്ലുവിളിക്കുന്ന ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരതയോടുള്ള സന്ധിയില്ലാത്ത പോരാട്ടമായി കൂടി ആ കൈയ്യടികളെ കാണണം. മുപ്പതാം മേളയുടെ ഉദ്‌ഘാടന ചിത്രമായതും ‘‘പലസ്‌തീൻ 36’’ ആണ്‌. കോളനി ഭരണത്തിനെതിരായ പലസ്‌തീൻ ജനതയുടെ ചെറുത്തുനിൽപ്പും സംഘർഷഭരിതമായ അന്തരീക്ഷവും അതിന്റെ യാഥാർഥ്യങ്ങളും പകർത്തിയ ആൻമേരി ജാസറിന്റെ ചിത്രം നിറഞ്ഞ മനസ്സോടെയാണ്‌ നിശാഗന്ധി ഏറ്റുവാങ്ങിയത്‌. ആ കാഴ്‌ചയ്‌ക്കപ്പുറം വേറെന്തുവേണം ഐഎഫ്‌എഫ്‌കെയുടെ സന്ദേശം ലോകത്തിന്‌ പകർന്നുനൽകാൻ.

സ്‌പിരിറ്റ്‌ ഓഫ്‌ പൊളിറ്റിക്‌സ്‌

ഉദ്‌ഘാടന ചടങ്ങിനെ ശ്രദ്ധേയമാക്കിയ മൂന്നാം ഘടകം ‘സ്‌പിരിറ്റ്‌ ഓഫ്‌ സിനിമ’ അവാർഡ്‌ വിതരണം ആണ്‌. സിനിമയെ സാമൂഹിക അനീതികൾക്കെതിരെ പോരാടാനുള്ള ആയുധമായി ഉപയോഗിക്കുന്ന ധീരരായ വനിതാ ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്നതിനായി 2021- മുതൽ ഐഎഫ്‌എഫ്‌കെ നൽകുന്ന പുരസ്‌കാരമാണിത്‌. ഇക്കൊല്ലത്തെ പുരസ്‌കാരം നൽകിയത്‌ കനേഡിയൻ ഫിലിംമേക്കർ കെല്ലി ഫൈഫ്‌ മാർഷലിനാണ്‌.


kelly fef

​കറുത്തവർഗക്കാരോടുള്ള വംശീയവിദ്വേഷങ്ങൾക്കെതിരായ പോരാട്ടമാണ്‌ കെല്ലിയുടെ സൃഷ്‌ടികൾ. വംശീയ വിദ്വേഷങ്ങളെ ഇഴകീറി പരിശോധിച്ച്‌ അവയുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്ന സാമൂഹിക നീതിക്കായി പോരാടുന്ന യാഥാർഥ്യങ്ങളെ തന്നെയാണ്‌ കെല്ലി പകർത്തുന്നത്‌. പുരസ്‌കാരം ഏറ്റുവാങ്ങി കെല്ലി പറഞ്ഞതിങ്ങനെയാണ്‌ ‘‘പോരാട്ടത്തിന്റെയും നിലനിൽപ്പിന്റെയും ചരിത്രമുള്ള ഇ‍ൗ നാടിന്റെ ഐക്യദാർഢ്യ പ്രഖ്യാപനം ഒരു വാക്ക്‌ മാത്രമല്ലെന്ന്‌ ഉറപ്പുണ്ട്‌. കറുത്ത വർഗക്കാർക്കായുള്ള ഞങ്ങളുടെ പോരാട്ടം സ്‌ത്രീകൾക്കും ഒറ്റപെട്ടവർക്കും മാത്രമായല്ല, ലോകത്തിന്റെ പലകോണുകളിലും അരികുവൽക്കരിക്കപ്പെടുന്നവരുടെ ശബ്‌ദമുയരാനായിട്ടാണ്‌’’ നോക്കൂ‍, ആ പോരാട്ടങ്ങളെയാണ്‌ ഐഎഫ്‌എഫ്‌കെ ഏറ്റെടുക്കുന്നത്‌. ലിംഗ–വർണ്ണ–വർഗ- വ്യത്യാസങ്ങളില്ലാതെ ഭാഷയും അതിരുകളും വിലക്കുകളാകാതെ ലോകത്ത്‌ പോരാടുന്ന എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുന്ന സമീപനമാണ്‌ നാം മുന്നോട്ട്‌ വയ്‌ക്കുന്നത്‌. അത്‌ തന്നെയാണ്‌ ഐഫ്‌എഫ്‌കെയുടെ സ്‌പിരിറ്റ്‌ ഓഫ്‌ പൊളിറ്റിക്‌സും


വിയറ്റ്നാമും ഗാസയും; പേരാട്ടത്തിന്റെ കാലദേശങ്ങൾ

മുപ്പതാം മേളയിലെ രണ്ട്‌ വിഭാഗങ്ങൾ ഇ‍ൗ മേള ഇക്കാലമത്രയും ഉയർത്തിപിടിച്ച സാമ്രാജ്യത്വവിരുദ്ധ, അധിനിവേശ വിരുദ്ധ നിലപാടിന്റെ പരിച്ഛേദമാണ്‌. ഫ്രം അണ്ടർ ദ ഒലീവ്‌ ട്രീ (From Under The Olive Tree), കൺട്രി ഫോക്കസ്‌: വിയറ്റ്നാം (Country Focus : Vietnam) എന്നിവയാണവ. പൊരുതുന്ന പലസ്‌തീനോടും അമേരിക്കൻ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച വിയറ്റ്നാമിനോടുള്ള ഐക്യദാർഢ്യമാണ്‌ ഇ‍ൗ വിഭാഗങ്ങൾ. പലസ്‌തീനിന്റെ പോരാട്ടചരിത്രത്തിലേക്കും നരകയാതനകളുടെ യാഥാർഥ്യങ്ങളിലേക്കും ഇന്നലകളിലേക്കുമെല്ലാം തുറന്നുവച്ച കാഴ്‌ചകളാണ്‌ ഫ്രം അണ്ടർ ദ ഒലീവ്‌ ട്രീയിലുള്ളത്‌. നാല്‌ സിനിമകളാണ്‌ ഇ‍ൗ വിഭാഗത്തിലുള്ളത്‌. ഉദ്‌ഘാടനചിത്രമായ പലസ്‌തീൻ 36 (Palestine 36)ന്‌ പുറമേ ആൾ ദാറ്റ്‌സ്‌ ലെഫ്‌റ്റ്‌ ഓഫ്‌ യു (All That’s Left of You), വൺസ്‌ അപ്പോൺ എ ടൈം ഇൻ ഗാസ (Once Upon a Time in Gaza), ദ സീ (The Sea) എന്നീ സിനിമകളാണ്‌ ഇ‍ൗ വിഭാഗത്തിലുള്ളത്‌. "കു ലി നെവർ ക്രൈസ് ' (Cu Li Never Cries), "ഡോണ്ട് ക്രൈ ബട്ടർഫ്‌ലൈ' (Don't Cry Butterfly),"ഗ്ലോറിയസ് ആഷസ്' (Glorious Ashes), "വൺസ് അപ്പോൺ എ ലവ് സ്റ്റോറി' (Once upon a Love Story),"ദ ട്രീ ഹൗസ്' (The Tree House)എന്നീ സിനിമകളാണ്‌ കൺട്രി ഫോക്കസ്‌: വിയറ്റ്നാം പ്രദർശിപ്പിക്കുന്നത്‌. വിയത്‌നാം അമേരിക്കയെ മുട്ടുകുത്തിച്ചതിന്റെ അമ്പതാം വർഷത്തിലാണ്‌ ഇത്തവണത്തെ മേളയിൽ ഇ‍ൗ വിഭാഗം ഉൾപ്പെട്ടത്‌.


iffk


ഇങ്ങനെ സമാനതകളില്ലാത്ത നിലപാടും രാഷ്‌ട്രീയവുമാണ്‌ ഐഎഫ്‌എഫ്‌കെയെ വേറിട്ട്‌ നിർത്തുന്നത്‌. കേരളത്തിന്റെ തലസ്ഥാന നഗരം കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടായി കൊല്ലാവസാനത്തിലെ ഒരാഴ്‌ച സിനിമയുടെ ലോക കാഴ്‌ചകളിലേക്ക്‌ മാത്രമല്ല കണ്ണും കാതും തുറക്കുന്നത്‌. ലോകത്തെമ്പാടും അരികുവൽക്കിരിക്കപ്പെട്ട മനുഷ്യരോട്‌ പോരാടുന്ന ജനതയോടെ നിർഭയം സംവദിക്കുക കൂടിയാണ്‌. കേരളം ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയുടെ അംബാസഡറാണ്‌ നമ്മുടെ ഐഎഫ്‌എഫ്‌കെ. ആശകൾ വറ്റിവരളുന്ന സമകാലത്ത്‌ പ്രതീക്ഷയുടെ തുരുത്താണ്‌ കേരളം. ചെറുതുകളിലൂടെ നാം തീർത്ത വലിയ ബദലുകളാണ്‌ നമ്മുടെ മാതൃക. ലോകത്തിന്‌ മുന്നിൽ അഭിമാനപൂർവം കേരളം കാട്ടുന്ന അചഞ്ചലമായ നിലപാടിന്റെ മാതൃക തീർക്കുകയാണ് ഐഎഫ്‌എഫ്‌കെ. അരുതുകളോട്‌ എതിരിടുന്ന മഹാമാതൃക.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home