അതിതീവ്ര മഴയുടെ കാലം


ഡോ. എസ് അഭിലാഷ്
Published on May 25, 2025, 11:38 PM | 4 min read
സമീപ ദശകങ്ങളിലെ വർധിത ആഗോള താപനത്തിന്റെ പരിണതിയായി കേരളത്തിലെ കാലാവസ്ഥയിലും അന്തരീക്ഷ സ്ഥിതിയിലും അതിതീവ്ര മാറ്റങ്ങൾ സംഭവിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മിതമായ മഴ ദിനം കുറയുകയും അതിതീവ്ര മഴ ദിനം കൂടുകയും ചെയ്യുന്നു. മലനാടും ഇടനാടും തീരപ്രദേശവും ഉൾപ്പെടുന്ന സവിശേഷ ഭൂപ്രകൃതിയുള്ള കേരളത്തെപ്പോലുള്ള സ്ഥലങ്ങളിൽ ഇത്തരം മാറ്റങ്ങൾ പ്രളയത്തിനും വരൾച്ചയ്ക്കും ഒരുപോലെ ആക്കം കൂട്ടാറുണ്ട്. കഴിഞ്ഞ ദശകത്തിൽ കേരളത്തിൽ ലഭിച്ച മൺസൂൺ മഴയുടെ തീവ്രത പരിശോധിച്ചാൽ ഇത് വ്യക്തമാകും. മൺസൂൺ മഴയുടെ വിതരണത്തിലും തീവ്രതയിലും കാണാൻ സാധിക്കുന്ന മാറ്റത്തിനൊപ്പം മഴമേഘങ്ങളുടെ ഘടനയിൽ സംഭവിച്ച മാറ്റവും എടുത്തു പറയേണ്ടതാണ്. അടുത്ത കാലത്തായി മൺസൂൺ സമയത്തും അന്തരീക്ഷത്തിൽ 10–--15 കിലോമീറ്റർവരെ ഉയരത്തിൽ എത്തുന്ന ഹിമകണങ്ങളുടെ സാന്നിധ്യമുള്ള ഇടി-– മിന്നൽ മേഘങ്ങളായ കൂമ്പാര (ക്യൂമുലോനിംബസ്) പതിവാകുന്നത് ആഗോളതാപനത്തിന്റെ ഫലമായിട്ടാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇത്തരം മേഘങ്ങളുടെ മറ്റൊരു സവിശേഷത, ചുരുങ്ങിയ കാലയളവിൽ അതിതീവ്ര മഴ പെയ്യിക്കാൻ സാധിക്കും എന്നതാണ്.
മനുഷ്യന്റെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന വിനാശകരമായ പ്രകൃതിദുരന്തങ്ങളിൽ ഏറ്റവും ഭീകരനായ വില്ലനാണ് ഉരുൾപൊട്ടൽ. മണ്ണിടിച്ചിലിന്റെ ഫലമായി ഓരോ വർഷവും നിരവധി ആളുകൾക്ക് ജീവനും സ്വത്തും നഷ്‌ടപ്പെടുന്നതിനോടൊപ്പം കാർഷികമേഖലയിലെ ജീവനോപാധികൾക്ക് വലിയ നാശവും വിതച്ചാണ് കടന്നുപോകാറുള്ളത്. അതിനാൽ, ഇത്തരം അപകടങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന സങ്കേതങ്ങൾ വികസിപ്പിക്കാൻ മണ്ണിടിച്ചിലിന് കാരണമാകുന്ന പ്രാദേശികമായ ഘടകങ്ങളെ കൂടുതൽ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

വലിയ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം കേരളത്തിൽ കൂടിവരുന്നതിന്റെ ഭാഗമായി മിന്നൽ ചുഴി (windgust) കാരണം കാർഷിക മേഖലയിലും വൈദ്യുതിവിതരണ ശൃംഖലയിലും കോടികളുടെ നാശമാണ് സംഭവിക്കുന്നത്. ഉദാഹരണമായി 2024ൽ വലിയ വരൾച്ചയും ഉഷ്‌ണതരംഗങ്ങളുംമൂലം ഏക്കറുകണക്കിന് നെൽക്കൃഷിയും ഏലംകൃഷിയും നശിച്ച സ്ഥലത്ത്, പിന്നീടുണ്ടായ അതിതീവ്രമഴയിൽ വെള്ളപ്പൊക്കം കാരണമുള്ള നാശനഷ്‌ടങ്ങളാണ് ഇപ്പോൾ അനുഭവിക്കേണ്ടി വന്നത്. ഉപജീവനത്തിനായി കടലും വനങ്ങളും കാർഷികവൃത്തിയുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ട് കഴിയുന്ന തദ്ദേശീയ ജനവിഭാഗങ്ങളായിരിക്കും ഇതിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്.
അറബിക്കടൽ ദ്രുതഗതിയിൽ ചൂടാകുന്നത് തീരദേശ ജനതയുടെ ജീവനോപാധിയെയും പ്രത്യക്ഷത്തിൽ ബാധിക്കുന്നതായി നമുക്ക് മനസ്സിലാക്കാനാകും. ഓഖിക്കുശേഷം തുടരെത്തുടരെ കേരളതീരത്തേക്ക് ന്യൂനമർദങ്ങളെത്തുന്നത് നമ്മുടെ തീരവും പഴയതുപോലെ സുരക്ഷിതമല്ലെന്ന യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഉയർന്നതോതിലുള്ള ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം ഇത്തരം അതിതീവ്ര ചുഴലിക്കാറ്റുകളുടെ എണ്ണം വർധിപ്പിക്കും. അത് നമ്മുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ കൂടുതൽ അപകടകരമായ സാമൂഹ്യ-–- സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും. ചുഴലിക്കാറ്റിന്റെ ഭാഗമായി മൂന്നുമുതൽ അഞ്ചു മീറ്റർവരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകും. കൂടാതെ, ആഗോള താപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് താഴ്‌ന്ന തീരദേശമേഖലകളിൽ ചുഴലിക്കാറ്റുമൂലമുണ്ടാകുന്ന ആഘാതവും ഭാവിയിൽ വർധിപ്പിക്കും. ഇതോടൊപ്പം വലിയ വേലിയേറ്റവും മൺസൂൺ കാറ്റുംകൂടി വന്നാൽ തീരദേശത്തിന്റെ അവസ്ഥ ഭാവിയിൽ കൂടുതൽ വഷളാകും. ഇതിന്റെ ഭാഗമായി മൺസൂൺ സമയത്തെ മത്സ്യബന്ധന വിലക്കിനൊപ്പം മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങൾ നഷ്‌ടമാകാനും കാരണമായേക്കും.
മാറുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ഞാറ്റുവേലകളിൽ അധിഷ്‌ഠിതമായ കാർഷികവൃത്തിയിൽനിന്ന് മാറി അസ്ഥിരമാകുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന കൃഷിരീതികളും വിളകളും വിളപരിപാലനവും സ്വീകരിക്കേണ്ടതായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനംമൂലമുള്ള വിളനാശം കുറച്ച്, ഉൽപ്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കുന്ന തരത്തിൽ തദ്ദേശീയമായ അറിവുകളും സാങ്കേതികവിദ്യയും സംയോജിപ്പിച്ചുള്ള അനുരൂപീകരണവും ആവശ്യമാണ്. വികസനപ്രവർത്തനം നടത്തുമ്പോൾ കാലാവസ്ഥാപരമായി ഓരോ പ്രദേശത്തിന്റെയും ദുർബലത മനസ്സിലാക്കി സ്വാഭാവികമായ നീരൊഴുക്കിന് തടസ്സമില്ലാതെ വെള്ളത്തിന് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് സുഗമമായി ഒഴുകാനുള്ള സംവിധാനം ഒരുക്കണം. ശരിയായ ശാസ്ത്രാവബോധത്തോടെ ഭൂവിനിയോഗനയം രൂപപ്പെടുത്തി നടപ്പാക്കാൻ നാം ഇനിയും വൈകിക്കൂടാ.
പങ്കാളിത്ത ദുരന്തനിവാരണം
കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ഈവിധ അടിസ്ഥാനപ്രശ്നങ്ങളെ കൂടുതലായി പഠിക്കുന്നതിനൊപ്പം, അവയെ മുൻകൂട്ടി അറിഞ്ഞ് വേണ്ടവിധം സമൂഹത്തിന് കൈമാറാനുള്ള മാർഗം അടിയന്തരമായി അവലംബിക്കണമെന്നതും നിസ്‌തർക്കമാണ്. കാലാവസ്ഥാ മുന്നറിയിപ്പുകൾ കൂടുതൽ പ്രാദേശികവും കൃത്യവും ആകേണ്ടതും ജനോപകാരമായ രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കേണ്ടതും കാലഘട്ടത്തിന്റ അനിവാര്യതയാണ്. കേരളത്തിന്റെ പശ്ചിമഘട്ട മേഖലയിൽ പ്രാദേശികതലത്തിലുള്ള അതിതീവ്ര മഴയും തുടർന്നുണ്ടാകുന്ന ഉരുൾപൊട്ടൽപോലുള്ള ദുരന്തങ്ങളും കേന്ദ്രീകൃത രീതിയിലുള്ള ദുരന്തനിവാരണ സംവിധാനത്തിലൂടെ കാര്യക്ഷമമായി കൈകാര്യം ചെയ്യുക പ്രയാസമാണെന്ന് തുടർച്ചയായുള്ള ദുരന്തങ്ങൾ കാണിച്ചുതരുന്നു. അതിനാൽ അടിയന്തരമായി പങ്കാളിത്ത ദുരന്തനിവാരണ നയം രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. തദ്ദേശവാസികളെകൂടി ഉൾപ്പെടുത്തിയുള്ള ദുരന്ത നിവാരണ നയങ്ങൾക്ക് മുൻതൂക്കം നൽകണം. കാലാവസ്ഥ മാറ്റങ്ങളെ മുൻകൂട്ടി അറിയാനും മനസ്സിലാക്കാനും യഥാസമയം മുന്നറിയിപ്പ് നൽകി ജീവനാശം കുറയ്‌ക്കാനും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ/ മഴ മാപിനികൾ സ്ഥാപിക്കണം. തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യമുറപ്പാക്കുന്നതുവഴി പ്രാദേശിമായ മഴ പ്രവചനങ്ങൾക്കും പ്രളയ-ഉരുൾപൊട്ടൽ മുന്നറിയിപ്പുകൾക്കും വേണ്ടി ഇത് ഉപയോഗിക്കാവുന്നതാണ്. സംസ്ഥാന, ജില്ല, തദ്ദേശ സ്ഥാപനങ്ങൾ, വാർഡ് തുടങ്ങി വിവിധതലത്തിൽ ജനങ്ങൾ, നിയമപാലകർ, അഗ്നിശമനസേനാംഗങ്ങൾ, മറ്റ് സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ ഏകോപിപ്പിച്ച് പങ്കാളിത്ത ദുരന്തനിവാരണ സമിതികൾ രൂപീകരിക്കാം.
വിവിധ സർക്കാർ സംവിധാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും വിദ്യാഭ്യാസ–- ഗവേഷണ സ്ഥാപങ്ങളുമായി യോജിച്ച് മീനച്ചിൽ നദീസംരക്ഷണ സമിതി ജനകീയമായി നടത്തുന്ന മഴയുടെയും പുഴയുടെയും നിരീക്ഷണ പ്രവർത്തനങ്ങൾ മറ്റ് പ്രദേശത്തേക്കും മാതൃകയാക്കാം. വയനാട്ടിലും മലപ്പുറത്തും ഇത്തരം ജനകീയ കൂട്ടായ്മകൾ സജീവമാണ്. കാലാവസ്ഥാവ്യതിയാനം ജീവനോപാധികളെയും സാമൂഹ്യ, സാമ്പത്തിക സുരക്ഷയെയും പ്രാദേശിക അടിസ്ഥാനത്തിൽ ബാധിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കി വേണ്ട ഇടപെടൽ പ്രാദേശിക അടിസ്ഥാനത്തിൽത്തന്നെ നടപ്പാക്കണം.
അതീവ ജാഗ്രത അനിവാര്യം
വീണ്ടുമൊരു മൺസൂൺ കാലത്തേക്ക് നമ്മൾ ഒരുങ്ങി പ്രവേശിക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ദീർഘ ശ്രേണി പ്രവചനം പ്രകാരം ഈ മൺസൂൺ സീസണിൽ ശരാശരിയിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. ശാന്തസമുദ്രത്തിൽ എൽനിനോ കാലഘട്ടം മാറി ഒരു നിഷ്‌പക്ഷ കാലഘട്ടത്തിലേക്ക് കടക്കുകയാണ്. അങ്ങനെ ശാന്തസമുദ്രത്തിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും സമുദ്ര ഘടകങ്ങൾ നല്ലൊരു മൺസൂൺ കാലഘട്ടത്തിന് അനുകൂലമായി നിൽക്കുകയാണ്. ദക്ഷിണേഷ്യയുടെ ഭാഗത്തുള്ള അന്തരീക്ഷ ഘടകങ്ങളും ലാലിനിക്ക് സമാനമായ തരത്തിൽ നല്ല മൺസൂൺ മഴയ്ക്ക് അനുകൂലമാണ്. അതുകൊണ്ട് കൂടുതൽ ജാഗ്രതയോടെ ഈ മൺസൂണും കൈകാര്യം ചെയ്യേണ്ടത് സമൂഹത്തിന്റെയും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്.
കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് കഴിഞ്ഞ കുറച്ചുകാലമായി മൺസൂണിൽ സംഭവിക്കുന്നത്. അത് പ്രാദേശികമായുള്ള വെള്ളക്കെട്ടുകൾക്കും മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും അതോടൊപ്പം മണ്ണിടിച്ചിലിനും ദുർബലമായ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും കാരണമായേക്കാം. അതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രതയോടുകൂടി ഈ മൺസൂൺ കാലഘട്ടത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

ഈ മൺസൂൺ മഴയിൽ കാറ്റും ഒരു വില്ലനായി വരുന്നതിനാൽ അപകടകരമായ സാഹചര്യങ്ങളിൽ നിലനിൽക്കുന്ന മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് പ്രദേശവാസികളുടെ കടമയും ഉത്തരവാദിത്വവുമാണ്. അപകടാവസ്ഥയിലുള്ള മരങ്ങളും പോസ്റ്റുകളും മറ്റും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടിതന്നെ അധികൃതരെ അറിയിച്ച് മാതൃകയാകണം. തീരപ്രദേശത്ത് കാറ്റും കടലാക്രമണവും ചില അവസരങ്ങളിൽ കള്ളക്കടൽ പ്രതിഭാസവും ഒരുപോലെ സംഭവിക്കുന്നതിനാൽ മത്സ്യബന്ധന യാനങ്ങളും വലയും മറ്റും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി നഷ്ടം കുറയ്ക്കാം. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വികസിക്കേണ്ടതായിട്ടുണ്ട്. മൺസൂൺ സമയത്ത് ഇത്തരം വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽക്കൂടി യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതും നമ്മുടെ കർത്തവ്യമാണ്.
അതിശക്തമായ മഴയുടെ സാഹചര്യം പ്രവചിക്കുന്ന അവസരങ്ങളിൽ വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിച്ച് നമ്മുടെ ഓരോരുത്തരുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കണം. അത് ഉത്തരവാദിത്വബോധമുള്ള ഓരോ പൗരന്റെയും കടമയാണെന്ന് മനസ്സിലാക്കി ഈ മൺസൂൺ കാലഘട്ടം വലിയ അപകടങ്ങൾ സൃഷ്ടിക്കാതെ നമുക്ക് തരണംചെയ്യാം.
(കുസാറ്റിലെ റഡാർ ഗവേഷണ കേന്ദ്രം ഡയറക്‌ടറാണ് ലേഖകൻ)















