തീരം തൊടുമോ ആശങ്കയുടെ ഹാന്റ

തീരം തൊടുമോ ആശങ്കയുടെ ഹാന്റ

വലിയശാല രാജു
Published on May 07, 2026, 10:42 PM | 3 min read
നമ്മുടെ തൊടിയിലെ എലികളിൽനിന്ന് പടരുന്ന, ശാസ്ത്രലോകം ‘ലെപ്റ്റോസ്‌പൈറോസിസ്' എന്ന് വിളിക്കുന്ന എലിപ്പനിയെക്കുറിച്ച് നമുക്കറിയാം. മഴക്കാലമെത്തിയാൽ ആരോഗ്യവകുപ്പ് നൽകുന്ന ജാഗ്രതാനിർദേശങ്ങളും ഡോക്സിസൈക്ലിൻ ഗുളികകളും മലയാളികൾക്ക് പരിചിതമാണ്. എന്നാൽ, കഴിഞ്ഞദിവസം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ആധുനിക ക്രൂസ് കപ്പലായ എംവി ഹോൻഡിയസിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ എലികളിലൂടെ പടരുന്ന രോഗങ്ങളെക്കുറിച്ചുള്ള ധാരണകളെ തിരുത്താൻ പ്രേരിപ്പിക്കുന്നതാണ്. ഹാന്റ വൈറസ് എന്ന നിശ്ശബ്ദ കൊലയാളിയുടെ സാന്നിധ്യം ആധുനിക വൈദ്യശാസ്ത്രത്തിനും സുരക്ഷാ മാനദണ്ഡങ്ങൾക്കും വലിയ വെല്ലുവിളിയായി മാറി.
കഴിഞ്ഞദിവസം അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്കും ഫാൽക്ക്‌ലാൻഡ് ദ്വീപുകളിലേക്കും വിനോദസഞ്ചാരത്തിന് പുറപ്പെട്ടതായിരുന്നു എംവി ഹോൻഡിയസ്. 176 യാത്രികരുമായി പോയ ഈ അത്യാധുനിക കപ്പൽ ഇപ്പോൾ മരണത്തിന്റെ നിഴലിലാണ്. മൂന്നു മരണം സ്ഥിരീകരിച്ചു. ഹാന്റ വൈറസിന്റെ മാരകമായ ‘ആൻഡീസ്' വകഭേദമാണ് ഇതിനുപിന്നിലെന്നാണ് സൂചന. കാനറി ദ്വീപുകൾ ഈ കപ്പലിന് അഭയം നിഷേധിച്ചതോടെ സമുദ്രമധ്യത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് സഞ്ചാരികൾ.
വീൽസ് ഡിസീസും ഹാന്റ വൈറസും
എലികളിലൂടെയാണ് പകരുന്നത് എന്നതൊഴിച്ചാൽ ഇവ രണ്ടും രണ്ട് വ്യത്യസ്ത രോഗങ്ങളാണ്. നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന എലിപ്പനി അഥവാ വീൽസ് ഡിസീസ് ബാക്ടീരിയമൂലമുണ്ടാകുന്ന രോഗമാണ്. ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മഞ്ഞപ്പിത്തം, വൃക്കസ്തംഭനം തുടങ്ങിയ ഗുരുതരാവസ്ഥയിലേക്ക് മാറുന്നതിനെയാണ് ‘വീൽസ് ഡിസീസ്' എന്ന് വിളിക്കുന്നത്. ഇത് ബാക്ടീരിയമൂലമായതുകൊണ്ടുതന്നെ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാം.
എന്നാൽ, ഹാന്റ പേര് സൂചിപ്പിക്കുന്നതുപോലെതന്നെ വൈറസ് രോഗമാണ്. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന ഈ അവസ്ഥയെ എച്ച്പിഎസ് എന്നാണ് വിളിക്കുന്നത്. ഇതിന് പ്രത്യേക മരുന്നുകളോ വാക്സിനുകളോ നിലവിലില്ല എന്നതും ആന്റിബയോട്ടിക്കുകൾ വൈറസിനെതിരെ പ്രവർത്തിക്കില്ല എന്നതും ഈ രോഗത്തെ കൂടുതൽ അപകടകാരിയാക്കുന്നു.
വെള്ളമല്ല, വായുവാണ് വില്ലൻ
വീൽസ് ഡിസീസ് അഥവാ സാധാരണ എലിപ്പനി പകരുന്നത് പ്രധാനമായും വെള്ളത്തിലൂടെയാണ്. കെട്ടിക്കിടക്കുന്ന മലിനജലത്തിലെ ബാക്ടീരിയ മുറിവുകളിലൂടെ മനുഷ്യശരീരത്തിൽ എത്തുന്നു. എന്നാൽ, ഹാന്റ വൈറസ് പകരുന്നത് വായുവിലൂടെയാണ്. എലികളുടെ മൂത്രം, ഉണങ്ങിയ കാഷ്ഠം, ഉമിനീർ എന്നിവ കലർന്ന പൊടിപടലങ്ങൾ വായുവിൽ കലരുകയും ആ വായു ശ്വസിക്കുകയും ചെയ്യുമ്പോൾ വൈറസ് നേരിട്ട് ശ്വാസകോശത്തിലെത്തുന്നു.
നൂതന സാങ്കേതികവിദ്യകളുള്ള ക്രൂസ് കപ്പലുകളിൽ എലി എങ്ങനെ കയറിയെന്നത് പ്രസക്തമായ ചോദ്യമാണ്. തുറമുഖത്തെ ഗോഡൗണുകളിൽനിന്ന് കയറ്റുന്ന ഭക്ഷണപ്പൊതികളോ പച്ചക്കറികളോ എലികളുടെ ഒളിത്താവളമാകാം. കപ്പൽ കെട്ടിയിടുന്ന വലിയ വടങ്ങളിലൂടെ എലികൾക്ക് അനായാസം മുകളിലെത്താം. ഒരിക്കൽ ഉള്ളിലെത്തിയാൽ കപ്പലിലെ എയർ കണ്ടീഷനിങ് പൈപ്പുകളും കേബിൾ വഴികളും ഇവയ്ക്ക് സുരക്ഷിത താവളമായിമാറുന്നു.
നഗരവൽക്കരണവും ആഗോളയാത്രകളും വർധിച്ച ഇക്കാലത്ത് ലോകത്തിന്റെ ഏത് കോണിലുണ്ടാകുന്ന വൈറസും നമ്മുടെ പടിക്കലെത്താൻ അധികസമയം വേണ്ടതില്ല. അറ്റ്‌ലാന്റിക്കിലെ കപ്പൽവാർത്ത കേവലം ഒരു യാദൃച്ഛികതയല്ല; മറിച്ച് പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ തെറ്റുമ്പോൾ മനുഷ്യൻ നൽകേണ്ടിവരുന്ന വലിയ വിലയുടെ ഓർമപ്പെടുത്തലാണ്.
ഹാന്റ വൈറസ് എന്നത് സമുദ്രങ്ങൾക്കപ്പുറത്തെ ഒരു ഭീഷണിമാത്രമാണെന്ന് കരുതി നാം ആശ്വസിക്കേണ്ടതില്ല. ഇന്ത്യയിലും ഇതിന്റെ സാന്നിധ്യം മുന്പേ സ്ഥിരീകരിച്ചിട്ടുണ്ട്. 1990-കളുടെ അവസാനത്തിൽ വെല്ലൂരിലാണ് ഇന്ത്യയിൽ ആദ്യമായി ഹാന്റ വൈറസിനെതിരെയുള്ള ആന്റിബോഡികൾ മനുഷ്യരിൽ കണ്ടെത്തിയത്. പിന്നീട് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും റിപ്പോർട്ട് ചെയ്‌തു.
കേരളത്തിലും ഹാന്റ വൈറസ് ബാധ മുന്പ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നത് നമ്മെ കൂടുതൽ ജാഗരൂകരാക്കേണ്ട വസ്തുതയാണ്. കേരളത്തിലെ ചില പനിബാധിതരിലും എലികളുമായി നിരന്തരം സമ്പർക്കമുള്ളവരിലും നടത്തിയ പഠനങ്ങളിൽ ഹാന്റ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നമ്മുടെ നാട്ടിൽ എലിപ്പനി (വീൽസ് ഡിസീസ്) വളരെ സാധാരണമായതിനാൽ, പലപ്പോഴും ഹാന്റ വൈറസ് ലക്ഷണങ്ങളെ നാം എലിപ്പനിയായി തെറ്റിദ്ധരിക്കാറുണ്ട് എന്നതാണ് പ്രധാന വെല്ലുവിളി. എലിപ്പനിക്കുള്ള മരുന്നുകൾ നൽകിയിട്ടും പനി കുറയാത്ത സാഹചര്യങ്ങളിലോ ശ്വാസകോശത്തിന് പെട്ടെന്ന് തകരാറ് സംഭവിക്കുന്ന അവസ്ഥയിലോ ഹാന്റ വൈറസ് സാധ്യതകൂടി പരിശോധിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ ഇതുവരെ വലിയ തോതിലുള്ള ഹാന്റ വൈറസ് വ്യാപനം ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും, അന്താരാഷ്ട്രയാത്രകൾ വർധിച്ച സാഹചര്യത്തിലും കപ്പലുകളിൽപ്പോലും വൈറസ് സാന്നിധ്യം കണ്ടെത്തുന്നതിനാലും അതീവജാഗ്രത പുലർത്തണം.
വീടിനുള്ളിലും പരിസരത്തും എലികൾ വരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. അടഞ്ഞ മുറികളോ സ്റ്റോർ റൂമുകളോ വൃത്തിയാക്കുമ്പോൾ മാസ്ക് ധരിക്കുക. പൊടിപടലങ്ങൾ നേരിട്ട് ശ്വസിക്കുന്നത് ഒഴിവാക്കാൻ നനച്ച് വൃത്തിയാക്കുന്ന രീതി ശീലിക്കുക. കടുത്ത പനിയോടൊപ്പം ശ്വാസതടസ്സമോ വൃക്കസംബന്ധമായ ബുദ്ധിമുട്ടുകളോ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ വിദഗ്ധസഹായം തേടുക. അറ്റ്‌ലാന്റിക്കിലെ കപ്പലിൽ സംഭവിച്ചത് നമുക്കൊരു പാഠമാണ്. പ്രകൃതിയിലെ ചെറിയ മാറ്റങ്ങളെപ്പോലും ഗൗരവത്തോടെ കാണുക. (ശാസ്ത്രപ്രചാരകനും എഴുത്തുകാരനുമാണ് ലേഖകൻ)















