ഗ്രൂപ്പിനെ വെല്ലുന്ന ‘കൂറ് ’ യുദ്ധം


സി കെ ദിനേശ്
Published on Aug 13, 2025, 11:23 PM | 2 min read
പുനഃസംഘടന സമയത്ത് കോൺഗ്രസ് അടിമുടി ‘ഗ്രൂപ്പുലയുന്നത് ’ പുതിയ സംഭവമല്ല. എന്നാൽ ഒറ്റക്കെട്ട് എന്ന് ആവർത്തിച്ച് പറയുന്നവർ തന്നെ സ്വന്തം സാമ്രാജ്യം വികസിപ്പിക്കാൻ നടത്തുന്ന തത്രപ്പാടുകളാണ് ഇപ്പോഴത്തെ പുനഃസംഘടന വഴിമുട്ടിച്ചിരിക്കുന്നത്. കോൺഗ്രസായതിനാൽ വളരെ ഗോപ്യമായിട്ടേ മാധ്യമങ്ങൾ ഇതൊക്കെ റിപ്പോർട്ട് ചെയ്യുന്നുള്ളു. അവർ മിണ്ടുന്നില്ലെങ്കിലും, വലിയ ബോംബുകളാണ് കോൺഗ്രസിനുള്ളിൽ പുകയുന്നത് എന്നതാണ് വാസ്തവം.
ആഗസ്ത് ആദ്യം കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരെയും പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണിജോസഫും നേരത്തേ അവകാശപ്പെട്ടത്. ഉപതെരഞ്ഞെടുപ്പിലെ വിജയവും സണ്ണിയെപോലെ പ്രശ്നക്കാരനല്ലാത്ത കെപിസിസി പ്രസിഡന്റും കൂടിയായ പ്പോൾ പ്രതിപക്ഷ നേതാവ് എല്ലാം കൈയിൽ കിട്ടിയെന്ന ഭാവത്തോടെ വാഴാൻ തുടങ്ങിയെന്ന വിമർശമാണ് കോൺഗ്രസിൽ ശക്തമായത്. ഇതോടെ ആശ്രയമറ്റവരും സ്വന്തമായി ഗ്രൂപ്പ് കൊണ്ടുനടക്കാൻ പറ്റാത്തവരും കെ സി വേണുഗോപാലിനൊപ്പം ചേരുന്ന സ്ഥിതിയായി. ചെന്നിത്തലയുൾപ്പെടെ ആ വഴിക്കെന്നും കേൾക്കുന്നു.
കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ കെ സുധാകരൻ വിശ്വസിച്ച് വലത്തും ഇടത്തും നിർത്തിയിരുന്നവരെല്ലാം ‘ കെസി യുടെ ആളുകൾ ’ ആയിരുന്നുവെന്നത് കോൺഗ്രസിൽ പാട്ടായിരുന്നു. സുധാകരൻ മാത്രമേ അതറിയാത്ത ആളായി ഉണ്ടായിരുന്നുള്ളു. കെപിസിസിയുടെ വൈസ് പ്രസിഡന്റ് പട്ടികയിൽ ഓന്തിനെപ്പോലെ നിറം മാറിയ ഒരാളെ കണ്ടപ്പോഴാണ് സുധാകരന് കാര്യം തിരിഞ്ഞത്.
ഞെട്ടിച്ച ‘എംപി ’ കൂട്ടായ്മ
തെരഞ്ഞെടുപ്പ് സമയമായതിനാൽ എല്ലാവരേയും ‘ ഉൾക്കൊണ്ടു ‘ എന്ന വ്യാജേന വലിയൊരു പട്ടികയുമായാണ് സണ്ണിയും സതീശനും ഡൽഹിയിലെത്തിയത്. ഉപായത്തിൽ എംപിമാരെ കണ്ട് ഒരു ചർച്ചയും. പക്ഷേ, അതോടെ ചിത്രം മാറി. പുനഃസംഘടനയിൽ എംപിമാരെകൂടി മുഖവിലയ്‌ക്കെടുക്കണമെന്ന എഐസിസി നേതൃതീരുമാനം അവർ ആയുധമാക്കി. കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും എം കെ രാഘവനും ബെന്നി ബെഹനാനും ശശി തരൂരും അടക്കം ഇടയുന്നവരുടെ എണ്ണം വർധിച്ചു. ഏതൊക്കെ ഡിസിസികളിൽ പ്രസിഡന്റ് മാറണം, പകരം ആര് ? കെപിസിസി യിൽ ആരൊക്കെയാണ് ഭാരവാഹികളാകുന്നത്, എന്താണ് മാനദണ്ഡം ? ചോദ്യങ്ങൾക്കു മുന്നിൽ നേതാക്കൾ പതറി. കാരണം പട്ടികയിൽ ‘ താക്കോൽ സ്ഥാനങ്ങളിൽ ’ നേതാക്കൾ സ്വന്തക്കാരെ വയ്ക്കുകയും മറ്റുള്ളവരെ പരിഗണിച്ചുവെന്ന് വരുത്താൻ കെപിസിസി സെക്രട്ടറിമാരും മറ്റുമാക്കുകയും ചെയ്തു. ഇൗ തന്ത്രമാണ് ഡൽഹിയിൽ പൊളിഞ്ഞത്.
കൊല്ലത്തെ ഡിസിസി പ്രസിഡന്റിനെ മാറ്റരുതെന്നാണ് കൊടിക്കുന്നിലിന്റെ വാദമെങ്കിലും ലക്ഷ്യം അതല്ല, അർഹമായ പരിഗണന ചർച്ചകളിൽ ലഭിക്കണം എന്നതാണ്. ഇതു തന്നെയാണ് അടൂർ പ്രകാശ് ഉൾപ്പെടെ മറ്റ് എംപിമാർക്കുമുള്ളത്. സ്വയം സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന വി ഡി സതീശനെ വാഴിക്കാൻ ഗ്രൂപ്പു വ്യത്യാസം മറന്ന് ബാക്കിയെല്ലാവരും ഒന്നിക്കുന്ന കാഴ്‌ചയാണിത്. അതിന് ശക്തമായ ബലം ഡൽഹിയിൽനിന്നുണ്ട്. അത് കെ സി അല്ലാതെ മറ്റാര് ? എതിർക്കാൻ ശക്തമാണോ വി ഡി സതീശൻ എന്നതാണ് ചോദ്യം.
‘ചതിച്ചവർ തകർന്നു’
പ്രതിപക്ഷ നേതാവിനൊപ്പം ആരൊക്കെ അണിനിരക്കുമെന്നത് കോൺഗ്രസിൽ ചർച്ചയാണെങ്കിലും, ഒരുത്തരം കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ചടങ്ങിൽ കെ മുരളീധരൻ വ്യക്തമായി നൽകി; ‘ കരുണാകരനെ വേദനിപ്പിച്ചവർ രാഷ്ട്രീയമായി താഴോട്ട് പതിച്ചു. ദേശീയപാത തകര്‍ന്നതുപോലെയാണ് ഇവര്‍ക്ക് സംഭവിച്ചത്. കരുണാകരനില്‍നിന്ന് കിട്ടിയ ശാപമാണ് കാരണം. ’ ആരെയെല്ലാമാണ് ഉദ്ദേശിച്ചതെന്ന് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കി. രമേശ് ചെന്നിത്തലയാണ് തകർന്നയാൾ. കെ സി വേണുഗോപാലും കരുണാകരന്റെ ഒരു കാലത്തെ ശക്തനായ വക്താവായിരുന്നല്ലോ. കൂടെനിന്ന് നേതാവായവർ നിർണായക ഘട്ടത്തിൽ കാലുവാരി മറുകണ്ടം ചാടി. അതാണ് മുരളീധരൻ മറയില്ലാതെ പറഞ്ഞത്.
പുനഃസംഘടന വഴിമുട്ടി നിൽക്കുന്നതും പുതിയ തലമുറയിലെ കൂറുമാറ്റക്കാരുടെ തനിനിറം കണ്ടാണ്. ഷാഫി പറമ്പിലും വിഷ്ണുനാഥും ചേർന്ന് തയ്യാറാക്കിയ പട്ടിക തങ്ങൾക്ക് കാണണ്ട എന്ന് ചില എംപിമാർ നിലപാടെടുത്തത് എന്തിനെന്നും വ്യക്തം.














