ad
Deshabhimani

Articles

ആസ്തിവളർത്താൻ നിക്ഷേപകന് വേണം നല്ലശീലങ്ങൾ

ആസ്തിവളർത്താൻ നിക്ഷേപകന് വേണം നല്ലശീലങ്ങൾ

Dhanapadam.jpg
ഡോ. സനേഷ് 
ചോലക്കാട്

Published on Aug 18, 2026, 12:31 AM | 3 min read

​ഓഹരിവിപണിയിൽ നിക്ഷേപം നടത്തി മികച്ച വിജയം നേടാൻ പണംമാത്രം പോരാ. അതിനപ്പുറം നിക്ഷേപകർ ചില വ്യക്തിഗതഗുണങ്ങളും ശീലങ്ങളും വളർത്തിയെടുക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകനായ വാറൻ ബഫറ്റ് മുതൽ ഇന്ത്യൻ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല വരെയുള്ളവരുടെ ജീവിതം പരിശോധിച്ചാൽ വിജയത്തിന് ചില ശീലങ്ങളും വ്യക്തിഗത ഗുണങ്ങളുമാണ് കരുത്തായതെന്ന് മനസ്സിലാക്കാം. നല്ല നിക്ഷേപകനാകാൻ ആവശ്യമായ ചില ഗുണങ്ങളും ശീലങ്ങളും നോക്കാം.

പരിഭ്രാന്തിയല്ല, വേണ്ടത് ക്ഷമ


ഓഹരിവിപണിയിൽ വിജയിക്കാൻ ഏറ്റവും ആവശ്യമായ ഒന്നാണ് ക്ഷമ. ഒറ്റദിവസംകൊണ്ട് വൻ ലാഭകൊയ്ത്ത് നടത്താമെന്ന്‌ കരുതരുത്. വിപണിയിൽ ഇറങ്ങുമ്പോൾത്തന്നെ എല്ലാ ഓഹരികളും വാങ്ങിക്കൂട്ടുകയുമരുത്. നല്ല കമ്പനികളുടെ ഓഹരികൾ ശരിയായ വിലയിൽ ലഭിക്കുന്നതുവരെ കാത്തിരിക്കണം. വിപണി എപ്പോഴും മുകളിലേക്ക് മാത്രമായിരിക്കില്ല. താഴ്ചയുമുണ്ടാകും. വില കുറയുമ്പോൾ പരിഭ്രാന്തരായി നഷ്ടത്തിൽ വിൽക്കരുത്. നല്ല കമ്പനിയാണെങ്കിൽ വില വീണ്ടും ഉയരുമെന്ന് മനസ്സിലാക്കി കാത്തിരിക്കുക. ദീർഘകാല നിക്ഷേപത്തിലൂടെയേ വലിയ ലാഭം ഉണ്ടാക്കാനാകൂ.

നിർബന്ധമാണ് 
'സ്റ്റോപ്പ് ലോസ്‌'


ദീർഘകാലാടിസ്ഥാനത്തിൽ ഓഹരി നിക്ഷേപരംഗത്ത് തുടരാനും കനത്ത സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാനും അച്ചടക്കം വേണം. വിപണിയിലെ അച്ചടക്കമെന്നാൽ കൃത്യമായൊരു നിക്ഷേപ പദ്ധതി കർശനമായി പാലിക്കുക, നഷ്ടസാധ്യതകൾ കൈകാര്യം ചെയ്യുക, വികാരങ്ങൾ നിയന്ത്രിക്കുക എന്നതാണ്. ഓഹരി എപ്പോൾ വാങ്ങണം, വിൽക്കണം എന്ന് മുൻകൂട്ടി തീരുമാനിക്കുക. വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ കണ്ട് പ്ലാൻ മാറ്റരുത്. കണക്കുകൂട്ടലുകൾക്ക് വിപരീതമായി വിപണി നീങ്ങിയാൽ നഷ്ടം ഒരുപരിധിയിൽ കൂടുതലാകാതിരിക്കാൻ നിർബന്ധമായും മുൻകൂർ ക്രമീകരണമായ "സ്റ്റോപ്പ് ലോസ്‌' വയ്‌ക്കുക. നിശ്ചിത വിലയിലെത്തുമ്പോൾ ഓഹരി സ്വയം വിറ്റുപോകാൻ ബ്രോക്കറേജ് പ്ലാറ്റ്‌ഫോമുകളിൽ സെറ്റ് ചെയ്യുന്ന ഒരു സംവിധാനമാണിത്. വലിയ തകർച്ചകളിൽനിന്ന് നിക്ഷേപത്തെ രക്ഷിക്കാൻ ഇത് സഹായിക്കും.

ലാഭവിവരം 
പരിശോധിക്കണം


കുറച്ച് ഓഹരി വാങ്ങി കൈയും കെട്ടിയിരുന്നാൽ നേട്ടമുണ്ടാക്കാമെന്ന് കരുതരുത്. മികച്ച ലാഭം നേടാൻ തുടർച്ചയായ പഠനവും ഗവേഷണവും അത്യാവശ്യമാണ്. മാർക്കറ്റ് ട്രെൻഡുകൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ പുതിയ വിവരങ്ങൾ അറിഞ്ഞുകൊണ്ടേയിരിക്കണം.

അടിസ്ഥാന വിശകലനമാണ് ഇതിനുള്ള ഒരു പ്രധാന മാർഗം. കമ്പനിയുടെ ബാലൻസ് ഷീറ്റ്, പ്രോഫിറ്റ്, കടബാധ്യതകൾ എന്നിവ പരിശോധിച്ച് ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ ഓഹരികൾ കണ്ടെത്തണം. ചാർട്ടുകളും ഇൻഡിക്കേറ്ററുകളും ഉപയോഗിച്ച് ഹ്രസ്വകാല വ്യാപാരത്തിനുള്ള ട്രെൻഡുകൾ മനസ്സിലാക്കുകയെന്ന സാങ്കേതിക വിശകലനമാണ് മറ്റൊരു മാർഗം. ഓരോ മൂന്നുമാസം കൂടുമ്പോഴും നിക്ഷേപിച്ച കമ്പനികളുടെ ലാഭവിവരങ്ങൾ പരിശോധിക്കണം. മാർക്കറ്റ് ആരംഭിക്കുന്നതിനുമുമ്പ് ബിസിനസ്‌ വാർത്തകൾ ശ്രദ്ധിക്കണം.

എടുത്തുചാടരുത്, അത്യാഗ്രഹം 
നിയന്ത്രിക്കണം


നഷ്ടം ഒഴിവാക്കാനും സ്ഥിരതയുള്ള ലാഭം നേടാനും വികാരങ്ങളെ നിയന്ത്രിക്കണം. ഭയം പിടികൂടിയാൽ വിപണി താഴുമ്പോൾ കൂടുതൽ നഷ്ടംവരുമെന്ന് പേടിച്ച് ഓഹരികൾ പെട്ടെന്ന് വിറ്റഴിക്കും. ഇത് വൻ നഷ്ടത്തിന് കാരണമാകും.


അത്യാഗ്രഹമാണ് നിയന്ത്രിക്കേണ്ട മറ്റൊന്ന്. വിപണി ഉയരുമ്പോൾ ഇനിയും ഉയരും, കൂടുതൽ ലാഭം കിട്ടും എന്നുകരുതി വിൽക്കാതെ കാത്തിരിക്കരുത്. ന്യായമായ ലാഭം കിട്ടുമെന്നാകുമ്പോൾ വിറ്റ് പിന്മാറണം. അല്ലെങ്കിൽ പെട്ടെന്ന് ഇടിഞ്ഞാൽ വലിയ നഷ്ടം സഹിക്കേണ്ടിവരും.


നഷ്ടത്തിന് പകരംവീട്ടും എന്ന വിചാരവും നിയന്ത്രിക്കണം. ഒരു വലിയനഷ്ടം വന്നാൽ, അത് ഉടൻതന്നെ തിരിച്ചുപിടിക്കും എന്ന വാശിയോടെ കൂടുതൽ തുകയ്ക്ക് ട്രേഡ് ചെയ്യരുത്. ഇത് വീണ്ടും വലിയ നഷ്ടത്തിന് ഇടയാക്കും.

വ്യത്യസ്ത 
കമ്പനികളിൽ 
നിക്ഷേപിക്കണം


നല്ല നിക്ഷേപകർ നിർബന്ധമായും നിക്ഷേപങ്ങൾ ഒരു ഓഹരിയിലോ ഒരു മേഖലയിലോമാത്രം ഒതുക്കാതെ, വ്യത്യസ്ത കമ്പനികളിലും ഇൻഡസ്ട്രികളിലുമായി നിക്ഷേപിക്കണം (ഡൈവേഴ്സിഫിക്കേഷൻ). "എല്ലാ മുട്ടയും ഒരു കുട്ടയിൽ വയ്‌ക്കരുത്’ എന്ന തത്വമാണ് ഇതിന് പിന്നിലുള്ളത്. ഒരു കമ്പനിക്കോ മേഖലയ്ക്കോ തകർച്ച ഉണ്ടായാൽ ആകെ നിക്ഷേപത്തെ അത് ബാധിക്കാതിരിക്കാൻ ഇത് സഹായിക്കും.

തെറ്റുകൾ 
സമ്മതിക്കണം, 
തിരുത്തണം


നിക്ഷേപത്തിൽ തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. തെറ്റുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് ഒരാളുടെ വിജയം നിർണയിക്കുന്നത്. അതിനാൽ, തെറ്റുകൾ സമ്മതിക്കുകയും അവയിൽനിന്ന് പഠിക്കുകയും ചെയ്യുക. തെറ്റായൊരു ഓഹരിയിലാണ് നിക്ഷേപിച്ചതെന്ന് മനസ്സിലായാൽ വില കൂടുമെന്ന പ്രതീക്ഷയിൽ അത് കൈവശം വയ്ക്കാതിരിക്കുക. നിശ്ചയിച്ച സ്റ്റോപ്പ് ലോസ് വിലയിലെത്തുമ്പോൾ നഷ്ടം അംഗീകരിച്ച് ട്രേഡിൽനിന്ന് പുറത്തുകടക്കണം.

വിപണിയേക്കാൾ വലുതെന്ന ചിന്ത​
വേണ്ട


നിക്ഷേപകർക്ക് താൻ വിപണിയേക്കാൾ വലുതാണെന്ന ചിന്ത പാടില്ല. അത് ട്രേഡിങ്ങിൽ നിങ്ങളെ തകർക്കുന്ന ഏറ്റവും വലിയ ശത്രുവാകും. മാർക്കറ്റ് എപ്പോഴും ശരിയാണ്, നമ്മൾ തെറ്റാകാം എന്ന് സമ്മതിക്കാനുള്ള മനസ്സ് വേണം. വിപണി എത്ര കയറിയാലും ഇറങ്ങിയാലും നിങ്ങളുടെ റിസ്ക് മാനേജ്മെന്റ് നിയമങ്ങളിൽ മാറ്റം വരുത്തരുത്. അഹംഭാവം മാറ്റിവച്ചാൽമാത്രമേ വിപണിയുടെ ചലനങ്ങൾ കൃത്യമായി പഠിക്കാനും എവിടെയാണ് പിഴവുപറ്റിയതെന്ന് മനസ്സിലാക്കാനും കഴിയൂ. ഭാവിയിൽ സമാനമായ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും ഇത് സഹായിക്കും. വിപണിയെ തോൽപ്പിക്കുകയല്ല, സ്വന്തം നിക്ഷേപം സുരക്ഷിതമായി വളർത്തുകയാണ് പ്രധാന ലക്ഷ്യം എന്ന കാര്യം മറക്കാതിരിക്കുക.

(അഭിപ്രായങ്ങളും നിലപാടുകളും ലേഖകന്റേത്. സെബി സ്മാർട്ട്, എൻഎസ്ഇ, ബിഎസ്ഇ, എൻഎസ്ഡിഎൽ, പിഎഫ്ആർഡിഎ, സിഎൽഡിഎൽ, എൻസിഡിഇഎക്സ് എന്നിവയുടെ അം​ഗീകൃത പരിശീലകനാണ് ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home