Deshabhimani

സ്വർണവില ഇനി എങ്ങോട്ട്?

Gold Rate
ഡോ. മോനി മോഹനൻ, ഡോ. എ വി ബിജു

Published on Nov 11, 2026, 12:00 AM | 5 min read

പശ്ചിമേഷ്യയിലെ യുദ്ധം അസംസ്‌കൃത എണ്ണവില ഈ വർഷം ഏറെ സമയവും വീപ്പയ്‌ക്ക്‌ 100 ഡോളറിനുമുകളിൽ നിർത്തിയിട്ടും അന്താരാഷ്‌ട്രവിപണിയിൽ സ്വർണവില ജനുവരിയിലെ ഉയരത്തിൽനിന്ന് കുത്തനെ ഇടിഞ്ഞു. ജനുവരി അവസാനം ഔൺസിന് 5600 ഡോളർവരെ ഉയർന്ന വിപണിവില (സ്‌പോട്ട്) ഒക്ടോബർ 30ന് 4000 ഡോളറിനു ചുറ്റുമെത്തി; 28 ശതമാനമാണ്‌ ഇടിവ്‌. ലണ്ടൻ മാനദണ്ഡവിലയിൽ 23 ശതമാനം ഇടിവുണ്ടായി. യുദ്ധകാലത്തെ സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ സാധാരണ കാണുന്നത്. അതിനാൽ ഈ വിലയിടിവ് പലരെയും അമ്പരപ്പിച്ചു. ഈ വർഷം സ്വർണവിലയെ കൂടുതൽ സ്വാധീനിച്ചത് യുഎസിലെ പലിശനിരക്കിനെക്കുറിച്ചുള്ള പ്രതീക്ഷകളും ഡോളറിന്റെ മുന്നേറ്റവും ഫ്യൂച്ചേഴ്സ് വിപണിയിലെ വിൽപ്പനയുമാണ്.


ആഗോള വിലയിടിവിന്റെ നേട്ടം ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഭാഗികമായേ ലഭിച്ചുള്ളൂ. മേയിൽ ഇറക്കുമതിത്തീരുവ കുത്തനെ കൂട്ടിയത് ആഭ്യന്തര വിലനിലവാരം ഉയർത്തി; രൂപയുടെ മൂല്യത്തകർച്ച ഇടിവിന്റെ തോത് കുറച്ചു. ഇറക്കുമതി വൻതോതിൽ കുറഞ്ഞെങ്കിലും കള്ളക്കടത്ത് വീണ്ടും സജീവമാകുമെന്ന ആശങ്കയും ഉയർന്നു.


​ചാഞ്ചാട്ടങ്ങളുടെ വർഷം


2025ൽ സ്വർണവില ഏകദേശം 67 ശതമാനം ഉയർന്നതായി വേൾഡ് ഗോൾഡ് ക‍ൗൺസിൽ കണക്കാക്കുന്നു. നാലുപതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന പ്രകടനമായിരുന്നു ഇത്‌. ഇക്കൊല്ലം ജനുവരിയിലും കുതിപ്പ് തുടർന്നു. പിന്നാലെ ജനുവരി 30ന് ഒരുഘട്ടത്തിൽ വില 12 ശതമാനത്തിലേറെ ഇടിഞ്ഞു. 1980കളുടെ തുടക്കത്തിനുശേഷമുള്ള ഏറ്റവും വലിയ വിലയിടിവുകളിലൊന്നായിരുന്നു ഇത്. ആ മാസം മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ 10 ഗ്രാമിന് 1,80,779 രൂപ എന്ന റെക്കോഡ് കുറിച്ചിരുന്നു.


യുഎസും ഇസ്രയേലും ചേർന്നുള്ള ആക്രമണത്തിനുപിന്നാലെ മാർച്ച് നാലിന് ഇറാൻ, ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചു. മാർച്ച് എട്ടിന് എണ്ണവില നാലുവർഷത്തിനുശേഷം ആദ്യമായി വീപ്പയ്‌ക്ക്‌ 100 ഡോളർ കടന്നു; ലോകബാങ്ക്‌ കണക്കുപ്രകാരം ജൂണിൽ ഔൺസിന് ശരാശരി 4228 ഡോളറായിരുന്ന സ്വർണവില ജൂലൈയിൽ 4073 ഡോളറായി കുറഞ്ഞു. ആഗസ്‌തിൽ 4411 ഡോളറായി തിരിച്ചുകയറിയെങ്കിലും സെപ്‌തംബറിൽ ഇടിഞ്ഞ് 4319 ഡോളറായി. ഒക്‌ടോബർ 23ന് സ്‌പോട്ട്‌ വ്യാപാരത്തിനിടെ 4000 ഡോളറിനു താഴെയെത്തി. യുദ്ധം തുടങ്ങിയശേഷവും സ്വർണവില താഴേക്കായിരുന്നു; ഫെഡ് പലിശ കൂട്ടിയതോടെ ഇടിവ് ശക്തമായി.


​എണ്ണ, പണപ്പെരുപ്പം, ഫെഡ്


​യുദ്ധം പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ പണപ്പെരുപ്പഭീതി കൂട്ടി. പലിശ കുറയ്‌ക്കൽ പ്രതീക്ഷിച്ച വിപണിയിൽ, പലിശ കൂട്ടുന്നതിനെക്കുറിച്ചായി ചർച്ച. സെപ്‌തംബർ 16ന് ഫെഡ് അടിസ്ഥാന പലിശനിരക്ക് 0.25 പോയിന്റ് ഉയർത്തി; 2023 ജൂലൈക്കുശേഷം ആദ്യ നിരക്കുവർധന. ഈ വർഷം ഒരു വർധനകൂടി ഉണ്ടാകുമെന്നാണ് ഫെഡിന്റെതന്നെ അനുമാനം.

പലിശ കൂടുന്നത് രണ്ടുതരത്തിൽ സ്വർണത്തെ ബാധിക്കും. സ്വർണത്തിന് പലിശ ലഭിക്കില്ല; യുഎസ് കടപ്പത്രങ്ങളുടെ ആദായം കൂടുമ്പോൾ സ്വർണം കൈവശം വയ്‌ക്കുന്നതിന്റെ നഷ്‌ടം കൂടും. യുഎസിൽ പലിശ കൂടുമ്പോൾ ഡോളർ ശക്തിപ്പെടുകയും ചെയ്യും. സ്വർണവില ഡോളറിലായതിനാൽ മറ്റു കറൻസികളിൽ വാങ്ങുന്നവർക്ക് സ്വർണം കൂടുതൽ ചെലവേറിയതാകും. സെപ്‌തംബറിൽ ഈ രണ്ടു ഘടകങ്ങളും ഒരുമിച്ച്‌ പ്രവർത്തിച്ചു.


​ഫ്യൂച്ചേഴ്സ് വിപണിയിലെ വിൽപ്പന


​വില ഉയരുമെന്ന പ്രതീക്ഷയിൽ 2025ലും 2026 ആദ്യവും ഫ്യൂച്ചേഴ്സ് വിപണിയിൽ പലരും വലിയ തോതിൽ വാങ്ങൽ സ്ഥാനങ്ങൾ എടുത്തു. വില താഴാൻ തുടങ്ങിയതോടെ ചിലർ വിറ്റൊഴിഞ്ഞു. കടമെടുത്ത് വ്യാപാരം നടത്തിയവർക്ക് കൂടുതൽ പണം ഈടായി നൽകുകയോ സ്ഥാനങ്ങൾ അവസാനിപ്പിക്കുകയോ ചെയ്യേണ്ടിവന്നു. ഒക്‌ടോബർ 23ലെ ഇടിവും സമാനമായിരുന്നു. അടുത്ത ഒരുവർഷം 4.7 ശതമാനം പണപ്പെരുപ്പം പ്രതീക്ഷിക്കുന്നതായി യുഎസിലെ മിഷിഗൻ സർവകലാശാലയുടെ സർവേ കാണിച്ചതിനുപിന്നാലെ മിനിറ്റുകൾക്കകം വില ഏകദേശം 3976 ഡോളർവരെ താഴ്‌ന്നു.


​സുരക്ഷിത നിക്ഷേപം 
എന്തുകൊണ്ട് തുണച്ചില്ല


​2008ലെ ആഗോള സാമ്പത്തികപ്രതിസന്ധിക്കാലത്തും 2020ലെ കോവിഡ്കാലത്തും കേന്ദ്രബാങ്കുകൾ പലിശ കുറച്ചതോടെയാണ് സ്വർണം ശക്തമായി ഉയർന്നത്. എന്നാൽ, ആ രണ്ടു പ്രതിസന്ധികളുടെയും തുടക്കത്തിൽ, പണലഭ്യതയ്‌ക്കായി നിക്ഷേപകർ കൈവശമുള്ളതെല്ലാം വിറ്റപ്പോൾ, സ്വർണവിലയും ആദ്യം താഴ്ന്നിരുന്നു. ഈ വർഷം എണ്ണവിലവർധന പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കി. ഇത് പലിശനിരക്ക് ഉയർന്ന നിലയിൽ തുടരാനുള്ള സാധ്യത കൂട്ടിയതോടെ സ്വർണത്തിനുമേൽ സമ്മർദമുണ്ടായി. വിതരണതടസ്സത്തെക്കുറിച്ചുള്ള ആശങ്കകൾ എണ്ണവിലയെ ഉയർത്തി.


​ഇടിഎഫുകളും കേന്ദ്ര ബാങ്കുകളും


ഓഹരിവിപണിവഴി സ്വർണത്തിൽ നിക്ഷേപിക്കാൻ സഹായിക്കുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഇടിഎഫ്)നിന്ന് ഏപ്രിൽ–ജൂൺ കാലത്ത്‌ 45 ടൺ സ്വർണം അറ്റ വിൽപ്പനയായി പുറത്തുപോയി. എന്നാൽ, ജൂലൈ–സെപ്തംബറിൽ ലോകത്തെ സ്വർണ ഇടിഎഫുകളിലേക്ക് റെക്കോഡ് 3100 കോടി ഡോളറെത്തി. സെപ്‌തംബറിൽമാത്രം 1000 കോടി ഡോളറിന്റെ നിക്ഷേപമുണ്ടായി; ആ മാസം ഇടിഎഫ് ശേഖരം 67 ടൺ വർധിച്ച് റെക്കോഡായ 4256 ടണ്ണിലെത്തി. വില ഇടിഞ്ഞ സെപ്‌തംബറിലും ഇടിഎഫുകളിലേക്ക് നിക്ഷേപം ഒഴുകിയപ്പോൾ ഫ്യൂച്ചേഴ്സ് വിപണിയിലെ നിക്ഷേപകർ വാങ്ങൽ സ്ഥാനങ്ങൾ കുറച്ചു. ഈ വിൽപ്പനയും വിലയിടിവിന്‌ കാരണമായതായി വിലയിരുത്തുന്നു. കേന്ദ്ര ബാങ്കുകൾ ഏപ്രിൽ–ജൂണിൽ 289 ടൺ സ്വർണം വാങ്ങി; മുൻവർഷം ഇതേ കാലത്തേക്കാൾ 62 ശതമാനം കൂടുതൽ.


​ഇന്ത്യ വാങ്ങുന്നത് കുറവ്, ചെലവ് കൂടുതൽ


​ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്താവായ ഇന്ത്യയിൽ ഏപ്രിൽ–ജൂണിൽ സ്വർണ ആവശ്യം ആറുശതമാനം കുറഞ്ഞ് ഏകദേശം 131 ടണ്ണായി. എന്നാൽ, മൂല്യം 50 ശതമാനം ഉയർന്ന് റെക്കോഡായ 1.98 ലക്ഷം കോടി രൂപയിലെത്തി. ആഭരണ ആവശ്യം 15 ശതമാനം കുറഞ്ഞ് 75.1 ടണ്ണായപ്പോൾ നാണയങ്ങളുടെയും ബാറുകളുടെയും ആവശ്യം ഒന്പതുശതമാനം വർധിച്ച് 50.3 ടണ്ണിലെത്തി. ശേഷിക്കുന്ന ആവശ്യത്തിൽ ഗോൾഡ് ഇടിഎഫ് നിക്ഷേപവും വ്യാവസായിക ഉപയോഗവും ഉൾപ്പെടുന്നു. വില താഴുമ്പോഴും ഇന്ത്യക്കാർ ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപം തുടരുന്നു. സെപ്‌തംബറിൽ 4450 കോടി രൂപയുടെ അറ്റ നിക്ഷേപമെത്തി; ഏഴുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന തുക.​ ഇന്ത്യയിൽ ആഭരണ ആവശ്യം കുറയുമ്പോൾ നാണയം, ബാർ, ഇടിഎഫ് എന്നിവയിലെ നിക്ഷേപം വർധിക്കുന്നു.


​രൂപയും തീരുവ വർധനയും


​ആവശ്യമായ എണ്ണയുടെ 85 ശതമാനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ എണ്ണവില ഉയർന്നതോടെ രൂപ റെക്കോഡ് താഴ്‌ചയിലെത്തി; വിദേശനാണ്യശേഖരവും കുറഞ്ഞു. മെയ് 13ന് സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിത്തീരുവ ആറുശതമാനത്തിൽനിന്ന് 15 ശതമാനമാക്കി കേന്ദ്രം ഉയർത്തി. കള്ളക്കടത്ത് തടയാൻ 2024 ജൂലൈയിൽ തീരുവ 15 ശതമാനത്തിൽനിന്ന് ആറുശതമാനമാക്കി കുറച്ചിരുന്നു; ആ തീരുമാനമാണ്‌ തിരുത്തിയത്.


ഏപ്രിൽ–സെപ്‌തംബറിൽ സ്വർണ ഇറക്കുമതി മുൻവർഷം ഇതേ കാലത്തെ 2651 കോടി ഡോളറിൽനിന്ന് 27.3 ശതമാനം കുറഞ്ഞ് 1927 കോടി ഡോളറായി. ഇറക്കുമതിയിലെ കുറവിന്റെ ഒരു ഭാഗം പഴയ സ്വർണം നികത്തി. പഴയ ആഭരണം മാറ്റി പുതിയത് വാങ്ങുന്ന ഇടപാടുകൾ മുൻവർഷത്തേക്കാൾ 10 ശതമാനത്തിലേറെ വർധിച്ചു.


​ആഭ്യന്തര വില കാര്യമായി കുറയുന്നില്ല


​സെപ്‌തംബറിൽ രാജ്യാന്തര വില 8.5 ശതമാനം ഇടിഞ്ഞപ്പോൾ എംസിഎക്‌സിലെ ആഭ്യന്തര വില 4.8 ശതമാനംമാത്രം കുറഞ്ഞ് 10 ഗ്രാമിന് 1,47,613 രൂപയായി; രൂപയുടെ ദൗർബല്യമാണ് ഇടിവിന്റെ തോത്‌ കുറച്ചത്. ജനുവരിയിലെ റെക്കോഡിൽനിന്ന് സെപ്‌തംബർ അവസാനംവരെ ആഭ്യന്തര വില ഏകദേശം 15.8 ശതമാനം കുറഞ്ഞപ്പോൾ രാജ്യാന്തര മാനദണ്ഡവില 23 ശതമാനം ഇടിഞ്ഞു. ഈ വ്യത്യാസത്തിന്റെ വലിയൊരു ഭാഗം മേയിലെ തീരുവവർധനയും രൂപയുടെ മൂല്യത്തകർച്ചയുമാണ്. തീരുവവർധന കള്ളക്കടത്ത് വീണ്ടും സജീവമാക്കുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ്‌ നൽകിയിരുന്നു. മെയ് മുതൽ കള്ളക്കടത്ത് എത്രത്തോളം കൂടിയെന്നതിന് ഔദ്യോഗിക കണക്ക് ഇതുവരെയില്ല.


​പവൻവില എങ്ങനെ രൂപപ്പെടുന്നു


ഇന്ത്യ ഉപയോഗിക്കുന്ന സ്വർണത്തിന്റെ 90 ശതമാനത്തിലേറെയും ഇറക്കുമതി ചെയ്യുന്നതാണ്. ലണ്ടനിലെയോ കോമെക്‌സിലെയോ ഡോളർവില അന്നത്തെ വിനിമയ നിരക്കിൽ രൂപയിലാക്കി ഇറക്കുമതിത്തീരുവ ചേർത്താണ് ആഭ്യന്തര അടിസ്ഥാനവില. കടയിലെത്തുമ്പോൾ മൂന്നുശതമാനം ജിഎസ്ടിയും പണിക്കൂലിയുംകൂടി വരും. വാർത്തകളിലെ രാജ്യാന്തര വില ഒരു ട്രോയ് ഔൺസ് (ഏകദേശം 31.1 ഗ്രാം) ശുദ്ധസ്വർണത്തിന്റെ (24 കാരറ്റ്) മൊത്തവിലയാണ്; കടയിലെ ആഭരണവില 22 കാരറ്റിന്റെ ചില്ലറവിലയും. രൂപയുടെ വിനിമയനിരക്കിലെ മാറ്റം, പണിക്കൂലി, പ്രാദേശിക വ്യാപാരി സംഘടനകൾ ദിവസനിരക്ക് നിശ്ചയിക്കുന്ന സമയം എന്നിവയും വിലയെ സ്വാധീനിക്കും.


​​ഇനി എന്ത്?


വരും ആഴ്ചകളിൽ മൂന്നു കാര്യങ്ങളാകും സ്വർണവിലയുടെ ഗതി നിർണയിക്കുക. ഒന്ന്, യുഎസിലെ പലിശനയം. വരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷയേക്കാൾ ഉയരുകയോ ഫെഡിന്റെ തുടർസൂചനകൾ കടുത്തതാകുകയോ ചെയ്താൽ സ്വർണവില വീണ്ടും സമ്മർദത്തിലായേക്കാം. രണ്ട്, എണ്ണവില. മൂന്ന്, താഴ്‌ന്ന വിലയിൽ കേന്ദ്ര ബാങ്കുകളും ഇടിഎഫ് നിക്ഷേപകരും വാങ്ങൽ തുടരുമോ എന്നത്. ഇത്തരം ലക്ഷ്യവിലകൾ പലിശയെയും ഡോളറിനെയും കുറിച്ചുള്ള അനുമാനങ്ങളെ ആശ്രയിച്ചുള്ളതാണ്; അനുമാനം മാറിയാൽ ലക്ഷ്യവിലയും മാറും.


​ഇറക്കുമതി കൂട്ടാതെ സ്വർണത്തിൽ സമ്പാദിക്കാൻ ജനങ്ങൾക്ക് മാർഗം വേണം. ഗോൾഡ് ഇടിഎഫുകൾ ഭൗതികസ്വർണം സൂക്ഷിക്കേണ്ടതിനാൽ അവ ഈ ലക്ഷ്യം നിറവേറ്റുന്നില്ല. 2024 ഫെബ്രുവരിക്കുശേഷം നിർത്തിവച്ച സോവറിൻ ഗോൾഡ് ബോണ്ട് പോലുള്ള പദ്ധതി വീണ്ടും കൊണ്ടുവരുമ്പോൾ വിലവർധനയ്‌ക്കെതിരെ സംരക്ഷണം ഉറപ്പാക്കുകയോ റിസർവ് ബാങ്കിന്റെ സ്വർണശേഖരത്തിന്റെ പിൻബലം നൽകുകയോ വേണം. സോവറിൻ ഗോൾഡ് ബോണ്ടുകൾ വഴി സർക്കാർ മൊത്തം 72,274 കോടി രൂപ സമാഹരിച്ചതായി സർക്കാർ കടബാധ്യതാ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്വർണവില ഉയരുന്നതിനനുസരിച്ച് ബോണ്ടുകളുടെ തിരിച്ചടവിനുള്ള ചെലവും ഉയരുമെന്നതിനാൽ പുതിയ പദ്ധതിയുടെ സാമ്പത്തികബാധ്യത മുൻകൂട്ടി വിലയിരുത്തേണ്ടതുണ്ട്. രണ്ട്, 25–30 ശതമാനം വിലയിടിവ് താങ്ങാനുള്ള ശേഷി സ്വർണപ്പണയ സ്ഥാപനങ്ങൾക്കുണ്ടോയെന്ന് റിസർവ് ബാങ്ക് പരിശോധിക്കണം. മൂന്ന്, സ്ഥിരതയുള്ള; മിതമായ ഇറക്കുമതിത്തീരുവ നിശ്ചയിച്ച് അതിൽ ഉറച്ചുനിൽക്കണം.


സ്വർണപ്പണയ വായ്‌പകൾക്ക് പരീക്ഷണം


ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ (എൻബിഎഫ്സി) സ്വർണപ്പണയവായ്പ 2026 ജൂൺവരെയുള്ള ഒരുവർഷത്തിൽ 69.3 ശതമാനം വർധിച്ച് 3.41 ലക്ഷം കോടി രൂപയായി. ഈ മേഖലയിലെ പ്രമുഖ എൻബിഎഫ്സികളിൽ പലതും കേരളം ആസ്ഥാനമായുള്ളവയാണ്. റിസർവ് ബാങ്കിന്റെ പുതുക്കിയ ചട്ടപ്രകാരം 2.5 ലക്ഷം രൂപവരെയുള്ള ഉപഭോഗ വായ്‌പകൾക്ക് പണയസ്വർണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനംവരെയും 2.5 ലക്ഷത്തിനുമുകളിൽ അഞ്ചുലക്ഷം രൂപവരെയുള്ളവയ്‌ക്ക്‌ 80 ശതമാനംവരെയും വായ്‌പ നൽകാം. അതിനുമുകളിലുള്ള ഉപഭോഗ വായ്‌പകൾക്ക് പരിധി 75 ശതമാനമാണ്. സ്ഥാപനങ്ങൾ ഈ ചട്ടങ്ങൾ 2026 ഏപ്രിൽ ഒന്നിനകം നടപ്പാക്കേണ്ടതായിരുന്നു. ജനുവരിയിലെ ഉയർന്ന വിലയിൽ 75 ശതമാനം പരിധിവരെ വായ്പയെടുത്തവരുടെ പണയസ്വർണത്തിന് അതിനുശേഷം സെപ്‌തംബർ അവസാനംവരെ ആഭ്യന്തര സ്‌പോട്ട് വിലയുടെ അടിസ്ഥാനത്തിൽ ഏകദേശം 15.8 ശതമാനം മൂല്യം കുറഞ്ഞു. ഇതോടെ വായ്‌പത്തുകയും സ്വർണത്തിന്റെ നിലവിലെ മൂല്യവും തമ്മിലുള്ള സുരക്ഷാ മാർജിൻ ഗണ്യമായി കുറഞ്ഞു. കുടിശ്ശികപ്പലിശകൂടി ചേർത്താൽ ഈ മാർജിൻ ഇനിയും കുറയും. ഏപ്രിൽമുതൽ പ്രാബല്യത്തിലുള്ള പുതിയ ചട്ടപ്രകാരം 2.5 ലക്ഷം രൂപവരെയുള്ള ഉപഭോഗ വായ്പകൾക്ക് 85 ശതമാനംവരെ അനുവദിക്കാം. ഈ പരിധിയിൽ പുതിയ വായ്പയെടുക്കുന്നവർക്ക് സ്വർണവിലയിൽ 15 ശതമാനം ഇടിവുണ്ടായാൽ പണയസ്വർണത്തിന്റെ മൂല്യം വായ്‌പയുടെ ആരംഭത്തുകയ്‌ക്ക്‌ തുല്യമാകും. ഇത്തരം ഘട്ടങ്ങളിൽ കൂടുതൽ സ്വർണം പണയംവയ്ക്കാനോ വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാനോ സ്ഥാപനങ്ങൾ ആവശ്യപ്പെടും; തിരിച്ചടവ് മുടങ്ങിയാൽ ആവശ്യമായ നോട്ടീസും നിയമപ്രകാരമുള്ള നടപടികളും പൂർത്തിയാക്കിയശേഷം സ്ഥാപനങ്ങൾക്ക് പണയസ്വർണം ലേലം ചെയ്യാം.


​(ഡോ. മോനി മോഹനൻ ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌വാട്ടർസ്‌റാൻഡ് സർവകലാശാലയിൽ പോസ്റ്റ്‌ഡോക്ടറൽ ഗവേഷകനാണ്‌, ഡോ. എ വി ബിജു കേരള സർവകലാശാലയിലെ കൊമേഴ്‌സ് 
വിഭാഗത്തിൽ പ്രൊഫസറാണ്‌)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home