ad
Deshabhimani

Articles

ഇടതുപക്ഷം ജനതയുടെ പ്രതിരോധകവചം

ഇടതുപക്ഷം ജനതയുടെ പ്രതിരോധകവചം

cpim
avatar
ടി നരേന്ദ്രൻ

Published on Jun 03, 2026, 09:53 PM | 3 min read

മുതലാളിത്ത ചരിത്രത്തിലെ അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്. അമേരിക്കയുടെ കടം അവരുടെ ജിഡിപിയുടെ 123 ശതമാനംവരും. അതായത് 39 ലക്ഷം കോടി ഡോളർ (ഏകദേശം 3744 ലക്ഷം കോടി രൂപ). ആയുധവിൽപ്പന ത്വരിതപ്പെടുത്താതെയും മറ്റു രാജ്യങ്ങളിൽ അധിനിവേശമില്ലാതെയും അമേരിക്കയ്‌ക്ക്‌ പിടിച്ചുനിൽക്കാനാകില്ല. മറ്റൊരു കടുംവെട്ടായിരുന്നു ഭീമൻചുങ്കം ചുമത്തൽ. സുഗമമായ ആഗോളവ്യാപാരത്തെ അട്ടിമറിക്കുന്ന ഈ നടപടിയിൽ മുതലാളിത്ത രാജ്യങ്ങൾക്കിടയിലെ ഭിന്നത രൂക്ഷമാണ്.


അമേരിക്കയ്‌ക്കകത്ത് ട്രംപ്‌ ഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാണ്. ഫോസിലിനുശേഷമുള്ള ഊർജസ്രോതസ്സുകളായ സോളാർ, കാറ്റ്, തിരമാല എന്നിവയിലാണ് ചൈനയുടെ കേന്ദ്രീകരണം. ആഭ്യന്തര ഉപയോഗം ഉയർത്തിയും തദ്ദേശീയ ഘടകങ്ങളെ ഉത്തേജിപ്പിച്ചും മാത്രമേ വികസനം സാധ്യമാകൂ എന്ന തിരിച്ചറിവ് ശക്തമാണിന്ന്. ധനമൂലധനം ലോകമാകെ സഞ്ചരിച്ച് നടത്തിയ സാമ്രാജ്യത്വ ആഗോളവൽക്കരണചൂഷണം സമ്പൂർണ പരാജയമാണ്‌. എന്നിട്ടും മോദിസർക്കാരിന്റെ അമേരിക്കൻ വിധേയത്വത്തിനും പഴകിദ്രവിച്ച നവഉദാര നയത്തിനോടുള്ള അഭിനിവേശത്തിനും കുറവൊന്നുമില്ല. ഇന്ത്യയുടെ വാണിജ്യകാര്യങ്ങളും വിദേശനയവും അമേരിക്കൻ പ്രസിഡന്റ് വാഷിങ്ടണിൽ പ്രഖ്യാപിക്കുന്നിടംവരെ കാര്യങ്ങൾ എത്തിയിരിക്കുന്നു!

ഫാസിസത്തിന്റെ ചരിത്രം


​20–ാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിൽത്തന്നെ ഉദാരമുതലാളിത്തവ്യവസ്ഥ തകരാൻ തുടങ്ങിയിരുന്നു. 1929ലെ മഹാമാന്ദ്യം ജനങ്ങളുടെ വാങ്ങൽശേഷിയിൽ വന്ന ഇടിവിനെ കാണിച്ചുതന്നു. തകരുന്ന ഉദാരമുതലാളിത്തവ്യവസ്ഥയെ രക്ഷിക്കാനുള്ള നീക്കമായിരുന്നു ഹിറ്റ്‌ലറും മുസ്സോളിനിയും നടപ്പാക്കിയ ഫാസിസം. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന അവർ പിന്നീടുള്ള തെരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചു. കോടതിയും പാർലമെന്റും വേണ്ടെന്നുവച്ചു. അതുകൊണ്ടൊന്നും അന്നത്തെ ഉദാരമുതലാളിത്തത്തെ രക്ഷിക്കാനായില്ല. രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഫാസിസത്തെ തൂത്തെറിഞ്ഞത് ചരിത്രമാണ്. തുടർന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സ്വതന്ത്രമാകുന്നതും ചൈനയടക്കമുള്ള സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ പിറവിയെടുക്കുന്നതും.


കോളനിഭരണം അവസാനിച്ചതിനാൽ മുതലാളിത്തശക്തികൾക്ക് മറ്റു രാജ്യങ്ങളെ ചൂഷണം ചെയ്യാൻ പറ്റാതായി. അങ്ങനെയാണ് റൊണാൾഡ് റീഗനും മാർഗരറ്റ് താച്ചറും ചേർന്ന് മുതലാളിത്ത രാജ്യങ്ങൾക്ക് ലോകരാജ്യങ്ങളിൽ കൂടുകൂട്ടാനുതകുന്ന നവഉദാര മുതലാളിത്തനയം 1970കളിൽ ആവിഷ്‌കരിക്കുന്നത്. താരിഫും നിയന്ത്രണവുമില്ലാത്ത ആഗോളഗ്രാമം എന്നായിരുന്നു അതിന്റെ പ്രമേയം. രണ്ടുപതിറ്റാണ്ടായപ്പോഴേക്കും ആ മുതലാളിത്തസമ്പ്രദായവും ദുർബലമാകാൻ തുടങ്ങി. നവഉദാര നയങ്ങൾ പോസ്റ്റുമോർട്ടം ടേബിളിലെന്ന് ജോസഫ് സ്റ്റിഗ്‌ളിറ്റ്‌സ് തന്നെ ഏറ്റുപറഞ്ഞു. പ്രതികാരച്ചുങ്കവും തദ്ദേശീയ സുരക്ഷയും നടപ്പാക്കി ഡോണൾഡ് ട്രംപും ആ നയം ഉപേക്ഷിച്ചു. നവഉദാര നയങ്ങൾ സൃഷ്‌ടിച്ച പ്രതിസന്ധിയിൽനിന്ന്‌ പുറത്തുകടക്കാൻ ലോകമുതലാളിത്തം കണ്ടെത്തിയ മാർഗങ്ങളിലൊന്നാണ് നവ ഫാസിസം.

അനുഭവം തീവ്രം

ആധുനിക ഉൽപ്പാദനപ്രക്രിയയിലെ ഏറ്റവും വലിയ മൂലധനവും അസംസ്‌കൃതവസ്‌തുവും അറിവാണ്. അടിമകളുടെ എണ്ണവും ഭൂമിയുടെ അളവുമായിരുന്നു ആദ്യകാല ചൂഷണവസ്‌തു. അറിവും സാങ്കേതികവിദ്യയും നിർമിതബുദ്ധിയുമാണ് ഇന്നത്തെ ചൂഷണോപാധി. ഹിറ്റ്‌ലറുടെ പ്രത്യക്ഷ അതിക്രമങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ജനാധിപത്യസ്ഥാപനങ്ങളെ സാങ്കേതികമായി നിലനിർത്തിക്കൊണ്ട്, ക്രമേണ അതിന്റെ സത്തയും മൂല്യവും ഊറ്റിക്കളയുന്നതാണ് നവ ഫാസിസ്റ്റ് തന്ത്രം. മതം, മാധ്യമങ്ങൾ, പണം, ജനങ്ങളിലെ നിഷ്‌ക്രിയത എന്നിവയിലൂടെ സൂക്ഷ്‌മതലത്തിൽ ഉയരുന്ന ജീവിതപ്രതിഷേധങ്ങളെ തണുപ്പിക്കലാണ് ഒരു രീതി. എല്ലാം കണക്കാണെന്ന് വരുത്തി നിലവിലുള്ള ചൂഷണവ്യവസ്ഥയിൽ ജനങ്ങളുടെ സമ്മതം ഉൽപ്പാദിപ്പിക്കലാണ് മറ്റൊരു മാർഗം. പത്രം, ടിവി, സമൂഹമാധ്യമം, ഇന്റർനെറ്റ് എന്നിവ ഉപയോഗിച്ചാണ് ജനങ്ങളിൽ അഭിരുചിനിർമാണവും മനോഭാവമാറ്റവും സാധ്യമാക്കുന്നത്.

ഇലോൺ മസ്‌ക് കോടിക്കണക്കിന് ഡോളർ മുടക്കി ട്വിറ്റർ കരസ്ഥമാക്കിയതും അംബാനി ഇന്ത്യയിലെ 70 ശതമാനത്തിലധികം മാധ്യമങ്ങളെ സ്വന്തമാക്കിയതും ജനമനസ്സുകളെ കീഴടക്കാനുള്ള മാർഗമായാണ്. പാർലമെന്ററി സംവിധാനത്തിലെ കവാടങ്ങളുപയോഗിച്ച് തെരഞ്ഞെടുപ്പ് കമീഷനെ വരുതിയിലാക്കുന്നതിന്റെ ലക്ഷ്യവും അതുതന്നെ. ഭരണഘടനാ നിർമാണവേളയിലെ ബി ആർ അംബേദ്കറുടെ നിരീക്ഷണം ഏറെ പ്രസക്തമാണ്. ഭരണഘടനയെ മാറ്റാതെതന്നെ അത് കൈകാര്യം ചെയ്യുന്നവർക്ക് വിശുദ്ധി ഇല്ലാതായാൽ ഭരണഘടനയുടെ മൂല്യം നഷ്‌ടപ്പെടാനിടയുണ്ട്! രാഷ്‌ട്രീയഭൂരിപക്ഷത്തെ എതിർത്തുതോൽപ്പിക്കാൻ കഴിഞ്ഞേക്കും; എന്നാൽ വർഗീയഭൂരിപക്ഷത്തെ അതിജീവിക്കുന്നത് ദുഷ്‌കരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാധ്യമങ്ങളുടെ ഇടപെടൽ

ജനങ്ങളുടെ വഴികാട്ടികളാകേണ്ട മാധ്യമങ്ങൾ നവ ഫാസിസത്തിന്റെ ബുൾഡോസർ പ്രയോക്താക്കളാകുന്നതാണ് കാലം. സ്‌ക്രീനും അൽഗോരിതവും മുഖാന്തരം ഓരോ വ്യക്തിയിലേക്കും പടർന്നുകയറിയാണ് അഭിരുചിനിർമാണവും മനോഭാവനിർമിതിയും. ജനങ്ങളുടെ ജീവിതനെരിപ്പോടിൽനിന്ന്‌ ശ്രദ്ധതിരിക്കാൻ വൈകാരികവിഷയങ്ങൾ ഉയർത്തുന്ന വലതുപക്ഷ മാധ്യമവൈദഗ്‌ധ്യം കുപ്രസിദ്ധമാണ്. നുണകളുടെ നിർമാണവും നിരന്തര ആവർത്തനങ്ങളും ഗോസിപ്പുകളും വിതരണം ചെയ്‌ത്‌ അവർ മനുഷ്യമനസ്സുകളെ മലീമസമാക്കുന്നു. വ്യക്തികളെ കൂട്ടായ്‌മകളിൽനിന്ന്‌ വിടുതൽ ചെയ്‌ത്‌ ഒറ്റയാനായി നിലനിർത്തുന്നത് പ്രതിരോധങ്ങളെ ദുർബലപ്പെടുത്താനും ചൂഷണം തുടരാനുമാണ്.

സമൂഹത്തിന്റെ പ്രതിരോധകവചമാണ് ഇടതുപക്ഷം. ആഗോളവൽക്കരണ കവർച്ച മനുഷ്യ കൊള്ളയിലേക്ക് നീങ്ങുമ്പോൾ അതിനെ ചെറുക്കാനുള്ള ആശയപരവും പ്രായോഗികവുമായുള്ള സ്ഥൈര്യം ഇടതുപക്ഷത്തിനുമാത്രമാണുള്ളത്. നവ ഫാസിസ്റ്റ് രൂപത്തിൽ ജനമനസ്സുകളിൽ കുത്തിനിറയ്‌ക്കുന്ന തിന്മകളെ സൂക്ഷ്‌മതലത്തിൽ പ്രതിരോധിക്കാൻ നിശ്ചയദാർഢ്യമുള്ള ഇടതുപക്ഷത്തിനേ സാധിക്കൂ. ഊതിപ്പെരുപ്പിച്ചുണ്ടാക്കുന്ന പൊളിവചനങ്ങളെ കുത്തിപ്പൊട്ടിക്കാൻ ഇടതുപക്ഷ സയൻസിൽമാത്രമേ പരിഹാരമുള്ളൂ. അതുകൊണ്ടാണ് ലോകത്താകമാനം ഇടതുപക്ഷത്തിനുനേരെ മൂലധനശക്തികളുടെ വളഞ്ഞിട്ടാക്രമണം അതിതീവ്രമാകുന്നത്. ഇടതുപക്ഷത്തിന് ശക്തി കുറയുന്നിടത്തൊക്കെ ജനദ്രോഹനയങ്ങൾ പെരുകുന്ന പ്രവണത സാർവലൗകികമാണ്. മുൻവിധിയാൽ രൂപപ്പെട്ട വ്യക്തിഗത കമ്യൂണിസ്റ്റ് വിരോധത്തിന്റെ മഞ്ഞക്കണ്ണട മാറ്റിവച്ച് സമൂഹത്തെ സമഗ്രതയോടെ വായിക്കേണ്ട കാലമാണിത്.



Deshabhimani
Home