ad
Deshabhimani

മഹാരാജാസിലെ ഭരതൻ മാഷും രണ്ട്‌ ഭരതും

Harisree Ashokan Nadirsha Salim Kumar Bharathan

സലിം കുമാർ ഹരിശ്രീ അശോകൻ, നാദിർഷ, മഹാരാജാസിലെ അധ്യാപകൻ ഭരതൻ എന്നിവർക്കൊപ്പം

avatar
എം എസ്‌ അശോകൻ

Published on Jun 07, 2026, 06:14 AM | 2 min read

പ്രീഡിഗ്രിക്ക് സെക്കൻറ് ക്ലാസ് മാത്രമുണ്ടായ സലിംകുമാറിന് മിമിക്രിയുടെ ബലത്തിൽ ഭരതൻ മാഷാണ് മഹാരാജാസിൽ ഡിഗ്രിക്ക് അഡ്മിഷൻ നൽകിയത്. മൂന്ന് തവണ സർവകലാശാല യുവജനോത്സവത്തിൽ സമ്മാനം നേടി.


ഡിഗ്രിയെടുക്കുക എന്ന ലക്ഷ്യത്തോടെയല്ലല്ലോ ചേർന്നത്. അതുകൊണ്ട് ക്ലാസിൽ പോക്കില്ലായിരുന്നു. എങ്കിലും കോളേജിൽ മുടങ്ങില്ല. നാലുവർഷം കൊണ്ടാണ് ബിഎ തീർന്നത്. ക്ലാസിൽ ഇല്ലെങ്കിലും പുസ്തകമുണ്ടാകും. ചില പെൺസുഹൃത്തുക്കൾ നോട്ടെഴുതി വയ്ക്കും. ജി ശങ്കരപ്പിള്ളയായിരുന്നു ഡിപ്പാർട്ട്മെൻറ് ഹെഡ്. അദ്ദേഹത്തിന് പോയിട്ട് ഒരാൾക്കും അറിയില്ല സലിം മലയാളം ബിഎക്കുള്ള കാര്യം.


സി ആർ ഓമനക്കുട്ടൻ സാറും സലിമും സർവകലാശാല യുവജനോത്സവം നടക്കുമ്പോൾ ഒന്നിച്ച് ബഞ്ചിൽ കിടന്നുറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് അറിയില്ലായിരുന്നു സ്വന്തം സ്റ്റുഡന്റാണെന്ന്. വൈകിയാണെങ്കിലും ആ സത്യം അറിഞ്ഞു. ‘എടാ ഒന്നു കയറിയിരുന്നിട്ട് പോടാ’ എന്ന് പറഞ്ഞു. മലയാള സിനിമയിൽ വെന്നിക്കൊടി പാറിച്ച നിരവധിപ്പേർ അന്ന് മഹാരാജാസിലുണ്ടായി. നടി ജ്യോതിർമയിയെ ചിത്രകാരിയായാണ് മഹാരാജാസിൽ കണ്ടത്. ഗൗരവത്തിൽ ചിത്രം വരച്ച്് നിൽക്കുന്ന അവരെ അന്ന് കളിയാക്കിയിട്ടുള്ളതൊക്കെ ഓർക്കുന്നു. കോളേജിൽ എന്തെങ്കിലും പരിപാടിക്ക് കർട്ടൻ പൊങ്ങിയാൽ സലിമിന്റെ മിമിക്രി. എല്ലാ ബാച്ചിലും സുഹൃത്തുക്കൾ. ഏതു ക്ലസിൽ ചെന്നാലും ലാത്തി കേൾക്കാൻ കുറെപ്പേർ.


കോളേജിലെ സമ്പന്ന വിദ്യാർഥിയായിരുന്നു സലിം. സമ്പന്നൻ എന്ന് പറഞ്ഞാൽ നല്ല വേഷം, ചായ കുടിക്കാൻ കാശ്. പുറത്ത് മിമിക്രി അവതരിപ്പിക്കാൻ പോകും.200 രൂപയാണ് ഒരു സ്റ്റേജിന്. സ്റ്റീൽ അലമാരയുടെ ഓർഡർ പിടിച്ചും പണമുണ്ടാക്കി. രാത്രി വൈകിയാണ് വീട്ടിലേക്ക്ബസ് കയറുക. അതുവരെ നഗരത്തിൽ. രാത്രി പറവൂർക്കുള്ള വണ്ടിയിൽ മിക്കവാറും ഭരതൻമാഷും. അവാർഡ് കിട്ടിയ ശേഷം പഴയ മഹാരാജാസ് സൗഹൃദങ്ങളിൽനിന്ന് എസ്എംഎസുകൾ. മമ്മൂട്ടിക്ക്ശേഷം മഹാരാജാസിലേക്കെത്തുന്ന ദേശീയ പുരസ്കാരം, മഹാരാജാസ് ഗ്രേറ്റ് എഗെയ്ൻ എന്നൊക്കെയുള്ള എസ്എംഎസുകൾ.


സലിമും ഭരതൻ മാഷും ഒന്നിച്ചാണ് മഹാരാജാസ് വിട്ടത്. കോളേജ് വിടുമ്പോഴേ സലിമിന്റെ വഴി ക്ലിയർ. ഏഷ്യാനെറ്റിൽ അവതാരക വേഷം. കലാഭവൻ മണി, നാദിർഷാ, ദിലീപ് എന്നിവർക്കൊപ്പം പരിപാടി. സിനിമയിൽ ചാൻസ് ചോദിച്ച് എവിടെയും പോയില്ല. നടന്നത് മുഴുവൻ നാദിർഷ. ആദ്യ സിനിമയായ സിദ്ദിഖ് ഷമീറിന്റെ ‘ഇഷ്ടമാണ് നൂറുവട്ടം’ ഒപ്പിച്ചതും അയാൾ. കല്യാണ പിറ്റേന്നാണ് ഷൂട്ടിങ്ങിന് പോയത്.


1997 ലായിരുന്നു വിവാഹം. വിവാഹം നടക്കുമോ എന്നുപോലും അറിയാത്ത കാലത്ത് സലിം മക്കൾക്ക് പേര് കണ്ട് വച്ചു. അവർ പിറന്നപ്പോൾ പറഞ്ഞുറപ്പിച്ചപോലെ ചന്തുവും ആരോമലുമായി. ആറ്റ് നോറ്റ് കിട്ടിയ ആദ്യ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാലുടൻ വിരുന്ന് എന്ന് വ്യാമോഹിപ്പിച്ചാണ് ഭാര്യവീട്ടിൽ നിന്ന് സിദ്ദിഖ് ഷമീറിെൻറ സെറ്റിലേക്ക് കയറിയത്. മോശമായില്ല. അഞ്ചു വർഷത്തിനുള്ളിൽ 85 ഓളം സിനിമകൾ. റാഫി മെക്കാർട്ടിന്റെ തെങ്കാശിപ്പട്ടണമാണ് കൊമേഡിയൻ എന്ന നിലയിൽ ബ്രേക്ക് നൽകിയത്.


അങ്ങനെ ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിക്കണമെന്ന് സ്വപ്നം കണ്ട സലിം ഇരുന്നുറിലേറെ പൂർത്തിയാക്കി. കമലാണ് വേറിട്ടൊരു വേഷത്തിലേക്ക് ക്ഷണിച്ചത്. ഗ്രാമഫോണിലെ തബല ഭാസ്കരൻ. ചിത്രാഞ്ജലി സ്റ്റുഡിയോയിൽനിന്ന് ഇറങ്ങുമ്പോഴാണ് അദ്ദേഹത്തെ കണ്ടത്. അടുത്ത ചിത്രത്തിൽ സീരിയസ് വേഷമുണ്ടെന്ന് കമൽ. ആയ്ക്കോട്ടെ എന്ന് മറുപടി. ചിത്രീകരണം മട്ടാഞ്ചേരിയിൽ ആരംഭിച്ചപ്പോൾ വിളിച്ചു. അപ്പോഴാണ് ഗൗരവം മനസിലായത്. അതേ സമയത്താണ് താണ്ഡവത്തിന്റെ ചിത്രീകരണവും. കമലിെൻറ ചിത്രത്തിൽ പോകാനുള്ള പേടി കൊണ്ട് താണ്ഡവത്തിലേക്ക് മുങ്ങി. കാണാതായപ്പോൾ കമൽ കുഴപ്പത്തിലായി.


പൊഡക്ഷൻ എക്സിക്യൂട്ടീവ് പകരക്കാരന് വേണ്ടി അന്വേഷണവും തുടങ്ങി. സലിം എവിടെ എന്ന് കമൽ തിരക്കിയപ്പോൾ കാണാനില്ല, വേറെ ആർട്ടിസ്റ്റിനെ ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. കമൽ സമ്മതിച്ചില്ല. താൻ നിശ്ചയിച്ച ആർട്ടിസ്റ്റിനെ കൊണ്ടുവാ എന്നായി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് താണ്ഡവത്തിന്റെ സെറ്റിൽ വന്ന് വിളിച്ചപ്പോൾ ധൈര്യം സംഭരിച്ച് മട്ടാഞ്ചേരിക്ക് വിട്ടു. കമലിനോട് കാര്യം പറഞ്ഞു. പേടിച്ചിട്ടാണെന്ന്; സാരമില്ല നോക്കാമെന്നായി. തബല ഭാസ്കരനെ അവതരിപ്പിച്ച് തുടങ്ങിയപ്പോൾ സലിമിനും ഇതൊക്കെ വഴങ്ങുമെന്ന് മനസിലായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home