ad
Deshabhimani

Articles

ഇന്ത്യൻ തെരുവിൽ ഭഗത് സിങുമാർ ജനിക്കുന്നു

ഇന്ത്യൻ തെരുവിൽ ഭഗത് സിങുമാർ ജനിക്കുന്നു

CJP

പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പൊലീസ് തല്ലിചതക്കുന്നു (ഇടത്) ഭഗത് സിങിന്റെ ചിത്രം ഉയർത്തി വിദ്യാർഥികൾ പ്രതിഷേധിക്കുന്നു (വലത്| Photo:PTI)

avatar
പി ടി രാഹേഷ്

Published on Jul 22, 2026, 08:45 PM | 3 min read

'അമ്മ കരയരുത്, അമ്മയ്ക്ക് മകനായി ആയിരം ഭഗത് സിംഗുമാർ ഇന്ത്യയിൽ ഇനിയും ജനിക്കും'. തൂക്കിലേറ്റുന്നതിന്റെ തലേദിവസം നിറകണ്ണുകളോട് കൂടി കടന്നുവന്ന അമ്മയോട് ഭഗത് സിംഗ് പറഞ്ഞ വാക്കുകളാണിത്. അമ്മ കരഞ്ഞാൽ ബ്രിട്ടീഷുകാർ ചിരിക്കുമെന്നും, അതുകൊണ്ട് ഈ ജയിലിൽ നിന്നും അമ്മ ചിരിച്ചുകൊണ്ട് ഇറങ്ങി പോകണമെന്നുമാണ് ഭഗത് പറഞ്ഞത്. അമ്മ ചിരിച്ചാൽ ബ്രിട്ടീഷുകാർ വിറക്കും, അവസാനത്തെ നിമിഷവും ബ്രിട്ടീഷുകാരെ വിറപ്പിക്കാൻ ശ്രമിച്ച ഭഗത് പറഞ്ഞ വാക്കുകൾ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. ഇന്ത്യൻ തെരുവുകളിൽ ആയിരക്കണക്കിന് ഭഗത് സിങ്ങുമാരാണ് ഏകാധിപത്യത്തിനെതിരെ ഇപ്പാൾ നിർഭയമായി പോരാടുന്നത്. നമുക്ക് പിറകെ വരുന്നവർ നമ്മളെക്കാൾ ശക്തർ മാത്രമല്ല, നിർഭയരുമാണെന്ന് കാണാനാവും.


ഇന്ത്യൻ മാധ്യമങ്ങൾ ജെൻസി പ്രക്ഷോഭമെന്ന് വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ അഴിമതിക്കെതിരായ ഈ പോരാട്ടം ജെൻ ആൽഫക്കാരുടേത് കൂടിയായി മാറുകയാണ്. കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവച്ച ഓൺലൈൻ സമരം തെരുവുകളിലേക്ക് പടരുകയും, അഴിമതിക്കെതിരായ മഹാപ്രക്ഷോഭമായി വളരുകയും ചെയ്തിരിക്കുകയാണ്. ജെൻസി തലമുറക്കാരുടെ മാത്രം സമരമായി ചുരുങ്ങാതെ ഇന്ത്യൻ ജനതയാകെ അണിചേരുന്ന ഒരു വർഗസമരമായി അതു വളർന്നിരിക്കുന്നു. കുട്ടികൾ മുതൽ വയോധികർ വരേയും, സിനിമ സാംസ്കാരിക പ്രവർത്തകർ മുതൽ ട്രാൻസ്ജെൻഡേർസ് വരേയും ഒരുമിച്ചു കൈകോർക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ വിപ്ലവകരമായ മുന്നേറ്റമായി ഈ സമരം പടർന്നു പന്തലിച്ചിരിക്കുന്നു. ഇന്ത്യയുടെ വിവിധ കോണുകളിൽ നിന്ന് ജന്തർമന്ദറിലെത്തി അടിയുടെ, ഇടിയുടെ, വെടിയുടെ മുന്നിൽ തളരാതെയും തലകുനിക്കാതെയും തെരുവാകെ നിറയുന്ന സമര പോരാളികൾ ഒരേ സ്വരത്തിൽ പറയുന്നു 'ഈ ഫാസിസത്തെ ഞങ്ങൾ തോൽപ്പിക്കും'.


ജാലിയൻവാലാബാഗിലെ കൂട്ടക്കൊലയിൽ മനംനൊന്തു കൊണ്ട് ഒരു പതിമൂന്ന് വയസ്സുകാരൻ അവിടേക്ക് പുറപ്പെടുന്നുണ്ട്. സ്വാതന്ത്രസമരസേനാനിയായ കല്യാൺ സിംഗിന്റെ മകൻ. ജാലിയൻവാലാബാഗിൽ ചോര വീണു കുതിർന്ന ഒരു പിടി മണൽത്തരികൾ കയ്യിലെടുത്ത് മഷി കുപ്പിയിൽ അടച്ചുവെച്ച് അവൻ പ്രതിജ്ഞ ചെയ്തു. 'ഇതിനു ഞങ്ങൾ പ്രതികാരം ചെയ്യും'. ആ പതിമൂന്നുകാരനായ ഭഗത് സിങിനെ ഓർമിപ്പിക്കും വിധം ഇന്നലെ ജന്തർമന്തറിൽ ഒരു ഒമ്പത് വയസ്സുകാരൻ പറഞ്ഞു. 'നരേന്ദ്ര മോദിക്കും, പോലീസിനും ഞങ്ങളെ ഭയമാണ്'. എന്തിനാണ് നിങ്ങളിവിടെ വന്നത്...? എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവൻ ഉത്തരം പറഞ്ഞു.


'പാർലമെന്റിന് മുന്നിൽ സമരം ചെയ്യാൻ വന്നതാണ് '. സമരത്തിൻ്റെ വീഡിയോകൾ കണ്ട്, പൊലീസ് കുട്ടികൾക്ക് നേരെ ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമങ്ങൾ കണ്ട് വന്നതാണത്രേ അവൻ. പൊലീസ് അഴിഞ്ഞാടുന്ന സമരത്തിന് നടുവിലേക്ക് വരാൻ അവനു ഭയം ഉണ്ടായില്ല. 'ഞങ്ങൾ വിദ്യാർഥികൾ ഞങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് സമരം ചെയ്യുന്നത്. അതിന് പൊലീസ് ഇങ്ങനെ കുട്ടികളെ അടിക്കേണ്ട കാര്യമില്ല' എന്നു പറയാനാണ് അവൻ ഇവിടെ എത്തിയത്. സൂക്ഷിച്ചു നോക്കിയ പൊലീസുകാരനോട് മാധ്യമപ്രവർത്തകയുടെ മൈക്കിലൂടെ അവൻ പറഞ്ഞു 'ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ മൂല്യം സംരക്ഷിക്കപെടണം. ചോദ്യ പേപ്പർ ലീക്കാവുകയാണ്. പണമുള്ളവർക്ക് മാത്രം പണം കൊടുത്ത് ഡോക്ടറായാൽ അത് പൊതുസമൂഹത്തിന് നല്ലതല്ല'. ഇന്ത്യയിലെ കൊച്ചുകുട്ടികൾ പോലും ഈ മഹാസമരത്തിന്റെ മുദ്രാവാക്യം ആഴത്തിൽ മനസ്സിലാക്കിയിരിക്കുന്നു എന്നതിന് ഇതിലേറെ തെളിവ് എന്താണ് വേണ്ടത്.


ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിന്റെ ജനവിരുദ്ധതക്കെതിരായി അവസാനത്തെ ഇന്ത്യക്കാരനെയും അണിനിരത്താനാണ് മഹാത്മാഗാന്ധി ഉപ്പുസത്യാഗ്രഹം നടത്തിയത്. എല്ലാ മനുഷ്യരെയും നേരിട്ട് ബാധിക്കുന്ന, എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു സമര ഉൽപ്പന്നമായി ഗാന്ധി ഉപ്പിനെ മാറ്റി. നിരക്ഷരരായിരുന്ന ആബാലവൃദ്ധം ഇന്ത്യൻ ജനതയെ സ്വാതന്ത്ര്യ സമരത്തിൽ കണ്ണി ചേർക്കാൻ ഗാന്ധി സ്വീകരിച്ച മാർഗ്ഗമായിരുന്നത്. ഇന്ന് ഇന്ത്യൻ തെരുവിൽ സമരം ചെയ്യുന്നത് വിദ്യാർഥി സമൂഹമാണ്. സാക്ഷരരും ബിരുദധാരികളുമായി മാറിയ ഇന്ത്യക്കാർ വളരെ വേഗത്തിലാണ് സമരത്തിന്റെ മുദ്രാവാക്യവും, രാഷ്ട്രീയവും തിരിച്ചറിയുന്നത്. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തകർക്കാൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഒരു നൂറ്റാണ്ടോളം നീണ്ടുനിന്നെങ്കിൽ, ഈ നവ ഫാസിസ ഏകാധിപത്യത്തെ തകർക്കാൻ ഈ വിദ്യാർഥികൾക്ക് അധികസമയം വേണ്ടിവരില്ല.


പുതിയ തലമുറക്കാർക്ക് കൊടി പിടിക്കാനും, മുഷ്ടിചുരുട്ടാനും അറിയില്ല എന്ന ധാരണ തിരുത്തപ്പെടുകയാണ്. 'നന്നായി പഠിച്ചവർക്ക് പോലും നന്നായി ജീവിക്കാൻ കഴിയില്ല' എന്ന ചൂഷണ വ്യവസ്ഥയെ തിരിച്ചറിഞ്ഞാൽ ഏതൊരു സമൂഹവും സമരമായി മാറും. ആരും പറഞ്ഞു പഠിപ്പിക്കാതെ തന്നെ നീതി നിഷേധത്തിനെതിരെ പോരാടും. ആദ്യമായി സമരമുഖത്ത് വന്നവർ, തല പൊട്ടി ചോരയൊലിച്ചാൽ തിരിഞ്ഞോടുമെന്ന് കരുതിയ ഭരണകൂടത്തിന് തെറ്റി. മുൻപരിചയങ്ങൾ ഒന്നുമില്ലാതെ ഇന്ത്യൻ തലസ്ഥാനത്ത് ഒത്തുചേർന്ന വിദ്യാർഥികളെ സമര പോരാട്ടത്തിന്റെ താളവും, ശൈലിയും പഠിപ്പിക്കുന്നത് എസ്എഫ്ഐയാണ്.


ഇതൊരു തലമുറ സംഘർഷം മാത്രമായി ചുരുങ്ങാതിരിക്കാൻ ശ്രദ്ധാപൂർവ്വം ഇടപെടുന്നത് ഇടതുപക്ഷവും, വിശിഷ്യാ സിപിഐ എമ്മുമാണ്. ജനാധിപത്യ രീതിയിലും, ഗാന്ധി മാർഗത്തിലും നടന്ന സമരത്തെ അടിച്ചമർത്താൻ ശ്രമിച്ച നരേന്ദ്രമോദി ഭരണകൂടത്തിനെതിരെയുള്ള ഇന്ത്യയിലാകെ ജനരോഷം കൊടുമ്പിരി കൊള്ളുകയാണ്. ഒട്ടും നീറ്റല്ലാത്ത ഈ ഭരണകൂടത്തിനെതിരെ വിരൽ ചൂണൽ 'ചോര തുടിക്കുന്ന ചെറുകയ്യുകളടക്കം' നിർഭയം കടന്നുവരികയാണ്. ഈ പോരാട്ടത്തിനൊടുവിൽ കടമ്മനിട്ട പാടിയത് പോലെ


'എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുക്കളാകും,

എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും.

എല്ലാ സുൽത്താൻമാരും വെളിച്ചം കടക്കാത്ത ഇരുളറകളിലൂടെ ഒളിച്ചോടും.

ഉറക്കച്ചടവില്ലാത്ത നമ്മുടെ കുട്ടികൾ

ഇതെല്ലാം കൗതുകപൂർവ്വം നോക്കിക്കാണും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home