ad
Deshabhimani

Articles

യുദ്ധവും ഫാസിസവും

അവർ കടന്നുപോകില്ല: ഫാസിസത്തിനെതിരായ നമ്മുടെ ആഹ്വാനം

fascism

image credit: thetricontinental

avatar
വിജയ് പ്രഷാദ്

Published on Sep 01, 2025, 01:32 PM | 4 min read

ബീജിങ്ങിലെ ജാപ്പനീസ് ആക്രമണത്തെ പ്രതിരോധിച്ചുള്ള ചൈനീസ് ജനതയുടെ യുദ്ധത്തിന്റെ മ്യൂസിയത്തിലൂടെ നടക്കുമ്പോൾ യുദ്ധത്തെയും സൈനികതയെയും കുറിച്ചുള്ള എല്ലാത്തിനെയും വെറുക്കാൻ കഴിയും. വടക്കൻ പ്രദേശത്തെ ജാപ്പനീസ് അധിനിവേശത്തിൽ നിന്ന് തങ്ങളുടെ രാജ്യത്തെ മോചിപ്പിക്കാൻ ചൈനീസ് ജനത യുദ്ധം ആരംഭിച്ച മാർക്കോ പോളോ (അല്ലെങ്കിൽ ലുഗോ) പാലത്തിൽ നിന്ന് വളരെ അകലെയല്ല ഈ മ്യൂസിയം. മ്യൂസിയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങൾ ജാപ്പനീസ് സൈനികാധിനിവേശത്തിൻ്റെ നികൃഷ്ടമായ ചിത്രം പ്രകടമാക്കുന്നവയാണ്. നാൻജിംഗ് കൂട്ടക്കൊല (1937–1938), വടക്കുകിഴക്കൻ നഗരമായ ഹാർബിനിൽ യൂണിറ്റ് 731 നടത്തിയ ഭയാനകമായ ജൈവ-രാസ യുദ്ധങ്ങളും പറഞ്ഞറിയിക്കാനാവാത്തവിധം മനുഷ്യരെ പരീക്ഷണവസ്തുക്കളാക്കിയതും, ജാപ്പനീസ് സൈന്യം അവരുടെ സൈനികർക്കായി ഇയാൻഫു അഥവാ 'ആശ്വാസത്തിനായുള്ള സ്ത്രീകൾ' എന്ന് വിളിക്കപ്പെട്ട ലൈംഗിക അടിമകളെ പാർപ്പിക്കാൻ സ്ഥാപിച്ച ജയിലുകൾ.. ഇവയെല്ലാം ഉദാഹരണങ്ങളാണ്.


മ്യൂസിയത്തിലൂടെ ചുറ്റിനടക്കുമ്പോൾ, രണ്ടാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ കാലഘട്ടത്തിൽ ദശലക്ഷക്കണക്കിന് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാകും: 1937 മുതൽ 1945 വരെ നടന്ന ജാപ്പനീസ് സൈനികരും ചൈനീസ് ജനതയും തമ്മിലുള്ള യുദ്ധമായിരുന്നു അത്. കണക്കുകൾ അതിശയിപ്പിക്കുന്നതാണ്. കുറഞ്ഞത് ഇരുപത് ദശലക്ഷം ചൈനീസ് പൗരന്മാരും സൈനികരും കൊല്ലപ്പെട്ടു, എൺപത് ദശലക്ഷം ആളുകളെ അഭയാർത്ഥികളാക്കി, കാന്റണിനടുത്തുള്ള പേൾ റിവർ ഡെൽറ്റയിലെ അടിസ്ഥാന സൗകര്യങ്ങളുടെ മുപ്പത് ശതമാനവും നശിപ്പിക്കപ്പെട്ടു, ഷാങ്ഹായുടെ പകുതിയിലധികവും നശിപ്പിക്കപ്പെട്ടു, ചൈനയുടെ തലസ്ഥാനമായ നാൻജിംഗിന്റെ എൺപത് ശതമാനവും തകർന്നു. ജാപ്പനീസ് സൈന്യത്തിന്റെ 'ത്രീ ആൾസ്' നയം (എല്ലാവരെയും ചുട്ടുകളയുക, എല്ലാവരെയും കൊല്ലുക, എല്ലാവരെയും കൊള്ളയടിക്കുക) എല്ലാ അർഥത്തിലും വംശഹത്യയായിരുന്നു. 1942 ൽ, ഹെബെയ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ, ജാപ്പനീസ് സൈന്യം എണ്ണൂറ് കർഷകർ ഒളിച്ചിരുന്ന ഒരു തുരങ്കത്തിലേക്ക് വിഷവാതകം കുത്തിവച്ച് എല്ലാവരെയും കൊന്നത് ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ്.


രണ്ടാം ലോകമഹായുദ്ധകാലത്തെ മരണസംഖ്യ ഇപ്പോഴും ചർച്ചകൾക്കും സംവാദങ്ങൾക്കും വിഷയമാണ്. എന്നിരുന്നാലും, ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് സോവിയറ്റ് യൂണിയനിൽ നിന്നും (27 ദശലക്ഷം - ഓസ്‌ട്രേലിയയിലെ നിലവിലെ ജനസംഖ്യ) ചൈനയിൽ നിന്നും (20 ദശലക്ഷം - ചിലിയിലെ നിലവിലെ ജനസംഖ്യ) ആണെന്നതിൽ തർക്കമില്ല. 1942 ൽ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ സ്ഥാപിതമായ എക്‌സ്‌ട്രാഓഡിനറി സ്റ്റേറ്റ് കമീഷൻ (ChGK) ഉൾപ്പെടെ നിരവധി സ്രോതസ്സുകളിൽ നിന്നാണ് സോവിയറ്റ് യൂണിയന് സഹിക്കേണ്ടിവന്ന മനുഷ്യനഷ്ടങ്ങളുടെ തോത് കണക്കാക്കപ്പെട്ടത്. 1943 ജനുവരി 4 ന് സോവിയറ്റ് ചെമ്പട നാസികളിൽ നിന്ന് നാൽചിക്കിനെ തിരിച്ചുപിടിച്ചതിനുശേഷം ക്രാസ്നോഡറിൽ (വടക്കൻ കോക്കസസ്) ഇത്തരത്തിലുള്ള ട്രൈബ്യൂണലുകളിൽ ആദ്യത്തേത് സ്ഥാപിതമായി. നഗരത്തിനടുത്തുള്ള ഒരു ടാങ്ക് വിരുദ്ധ കുഴിയിൽ വിഷവാതകം ഉപയോഗിച്ച് കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ മൃതദേഹങ്ങൾ ഈ ട്രൈബ്യൂണൽ കണ്ടെത്തി. രണ്ട് വർഷം മുമ്പ്, 1941 ൽ, സോവിയറ്റ് യൂണിയനിലേക്ക് ഭക്ഷണം എത്താതിരിക്കാനായുള്ള 'ഹംഗർ പ്ലാൻ' എന്നൊരു പദ്ധതി നാസി ഹൈക്കമാൻഡ് രൂപപ്പെടുത്തിയിരുന്നു. അതിന്റെ ഫലമായി 4.2 ദശലക്ഷം സോവിയറ്റ് പൗരന്മാർ മരിച്ചു.




നമ്മൾ കൈകാര്യം ചെയ്യുന്നത് അളക്കാനാവാത്ത സംഖ്യകളാണ് - ഇവിടെ ഒരു ദശലക്ഷം പേർ കൊല്ലപ്പെട്ടു, അവിടെ ഏതാനും ആയിരങ്ങൾ, മറ്റിടങ്ങളിൽ മറ്റൊരു ലക്ഷം പേർ. ഏത് സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയ്ക്കാണ് ഈ ഭയാനകമായ മരണ കണക്ക് ഉൾക്കൊള്ളാൻ കഴിയുക?

image credit: thetricontinentalimage credit: thetricontinental

ഫാസിസത്തിനും സൈനികതയ്ക്കും എതിരായ ഈ യുദ്ധം അവസാനിച്ചതിന്റെ എൺപതാം വാർഷികം (1945 സെപ്റ്റംബർ 3) ആഘോഷിക്കുന്ന വേളയിൽ, നോ കോൾഡ് വാർ കൂട്ടായ്‌മ, യുദ്ധത്തിനെതിരെയും സമാധാനത്തിനായുമുള്ള സാന്റിയാഗോ അപ്പീൽ എന്ന അഭ്യർഥന തയാറാക്കിയിട്ടുണ്ട്. 1950-ലെ സ്റ്റോക്ക്‌ഹോം അപ്പീൽ പോലെ, ദശലക്ഷക്കണക്കിന് ആളുകളെ 'അവർ കടന്ന് പോകില്ല' എന്ന കാവൽവചനം ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നതിനായി ഇത് വായിക്കാനും പങ്കിടാനും ഇത് വായിക്കുന്നവരോട് ഞങ്ങൾ അഭ്യർഥിക്കുകയാണ്.


മനുഷ്യ സർഗാത്മകതയോടും, ജീവിതത്തിന്റെ മൂല്യത്തിനോടും, നമ്മൾ പങ്കിടുന്ന ഗ്രഹത്തിനോടുമുള്ള ആത്യന്തിക വഞ്ചനയാണ് യുദ്ധം. എൺപത് വർഷങ്ങൾക്ക് മുമ്പ്, ആദ്യത്തെ അണുബോംബുകൾ വർഷിച്ചുകൊണ്ട് അമേരിക്ക ഇപ്പോഴും നമ്മെയെല്ലാം ഭീഷണിപ്പെടുത്തുന്ന സമാനതകളില്ലാത്ത ഭീകരതയുടെ ഒരു ആയുധം പ്രയോഗിച്ചു.


ഫാസിസത്തെയും പരാജയപ്പെടുത്തുവാനായി ദശലക്ഷക്കണക്കിനാളുകൾ ജീവൻ വെടിഞ്ഞു; അവരിൽ അസാധാരണമായ ത്യാഗങ്ങൾ ചെയ്യുകയും ഏറ്റവും കനത്ത നഷ്ടം സഹിക്കുകയും ചെയ്ത സോവിയറ്റ്, ചൈനീസ് ജനതയും ഉണ്ടായിരുന്നു. അവരുടെ ധീരത നമ്മോട് ആവശ്യപ്പെടുന്നത് ഓർമിക്കുക എന്നതിനേക്കാൾ കൂടുതൽ പ്രവർത്തിക്കുക എന്നതാണ്. സാമ്രാജ്യത്വവും ദുരയും വളർത്തിയ ഹിംസയുടെ അനന്തമായ ആവർത്തനചക്രത്തെ ഞങ്ങൾ നിരസിക്കുന്നു.


സമാധാനവും നീതിയും പങ്കുവെക്കപ്പെടുന്ന സമൃദ്ധിയും നിലനിൽക്കുന്ന ഒരു ഭാവിയാണ് നമ്മൾ ആവശ്യപ്പെടുന്നത് - മാനവികതയും പ്രകൃതിയും ഇണങ്ങി ജീവിക്കുന്ന, വരും തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കുന്ന ഒരു ഭാവി. ഒരു നിമിഷം വൈകാതെ നിരായുധീകരണം നടത്തുക, സൈനികവൽക്കരണം അവസാനിപ്പിക്കുക, എല്ലാ ജീവജാലങ്ങൾക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു ലോകം കെട്ടിപ്പടുക്കുക.


image credit: thetricontinentalimage credit: thetricontinental


ആ​ഗസ്ത് 15 ന് അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തി. ഏഴ് വർഷത്തിനിടെ റഷ്യയുടെയും യുഎസിന്റെയും പ്രസിഡന്റുമാർ തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത് (അവസാന കൂടിക്കാഴ്ച 2018 ൽ ഫിൻ‌ലാൻഡിലെ ഹെൽ‌സിങ്കിയിൽ ആയിരുന്നു). ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഎസും റഷ്യയും തമ്മിലുള്ള, അല്ലെങ്കിൽ യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു വഴിത്തിരിവും ഉണ്ടാകാൻ സാധ്യതയില്ല. എന്നാലും ഈ ചർച്ചകൾ പ്രധാനമാണ്. അവ നയതന്ത്രപ്രവർത്തനങ്ങളിലേക്കുള്ള ഒരു തിരിച്ചുവരവാണ്. സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു അനിവാര്യ ഘടകമാണത്. ലോകമെമ്പാടും കൂടുതൽ യുദ്ധത്തിനായുള്ള തൃഷ്ണ നിലനിൽക്കുന്നില്ല. എന്നിരുന്നാലും, ഗാസ മുതൽ സുഡാൻ വരെ, നമ്മുടെ ആത്മാവിനെ അസ്വസ്ഥമാക്കുന്ന തിന്മയുടെ ഭൂപടം നോക്കുമ്പോൾ ഒരാൾക്ക് അത് അറിയാൻ കഴിയില്ല. പുടിൻ-ട്രംപ് ഉച്ചകോടിക്കിടയിൽ പോപ്പ് ലിയോ പതിനാലാമൻ പറഞ്ഞു, 'ഇന്ന്, ദുഃഖകരമെന്നു പറയട്ടെ, ലോകമെമ്പാടും പടരുന്ന ഹിംസയ്ക്ക് മുന്നിൽ ഒന്നും ചെയ്യാനാകാത്ത അശക്തരായി നമുക്ക് സ്വയം അനുഭവപ്പെടുന്നു - കരുണയ്ക്കായുള്ള മാനവികതയുടെ ഒരു ഉണർവിനോടും പ്രതികരിക്കാത്ത, അനാസ്ഥയും ബധിരതയും നിറഞ്ഞ ഒരു ഹിംസ'. കാതടപ്പിക്കുന്നതും മറ്റൊന്നിനും ചെവികൊടുക്കാൻ തയ്യാറാകാത്തതുമായ ഹിംസ എന്ന സങ്കൽപ്പം വസ്തുതാപരമാണ്. പലസ്തീനികൾക്കെതിരായ വംശഹത്യയിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മനോഭാവമാണിത്.


ഹിംസയും നിശബ്ദതയും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ചും യുദ്ധത്തിൻ്റെ ആക്രോശങ്ങളുടെ പശ്ചാത്തലത്തിൽ. 1941 നും 1944 നും ഇടയിൽ 872 ദിവസം നീണ്ടു നിന്ന ഫാസിസ്റ്റ് ജർമനിയുടെ സൈന്യത്തിൻ്റെ ലെനിൻഗ്രാഡ് വളഞ്ഞ് പിടിക്കലിനെ അതിജീവിക്കുകയും അതിനെക്കുറിച്ച് സർറിയൽ കവിതകൾ എഴുതുകയും ചെയ്ത ഗെന്നഡി ഗോർ (1907–1981) ഒടുവിലൊരു പ്രധാന സയൻസ് ഫിക്ഷൻ എഴുത്തുകാരനായി മാറിയതിൽ അതിശയിക്കാനില്ല. യുദ്ധത്തിനകത്ത് സയൻസ് ഫിക്ഷന്റെ ഒരു ഘടകമുണ്ട്, ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഏറ്റവും ക്രൂരമായ മാർഗങ്ങൾക്കായി ഉപയോഗിച്ചതിൻ്റേത്. ഫാസിസത്തിൽ നിന്ന് ലോകത്തെ പ്രതിരോധിക്കാൻ ദശലക്ഷക്കണക്കിന് ആളുകൾ ജീവൻ വെടിഞ്ഞ പ്രതിരോധത്തിൽ നിന്നുള്ള ഗോറിന്റെ കവിതകളിൽ ഒന്ന് ഇതാ:


സംസാരം മടുത്ത അരുവി

ജലത്തോട് പറഞ്ഞു

എനിക്കൊരു പക്ഷവുമില്ല


നിശബ്ദത മടുത്ത ജലം

ഉടനെ വീണ്ടും അലറിവിളിക്കാൻ തുടങ്ങി.


ഇല്ല, അവർ കടന്ന് പോകില്ല.


(ചരിത്രകാരനും അധ്യാപകനും ജേർണലിസ്റ്റുമായ വിജയ് പ്രഷാദ് എക്സിക്യൂടീവ് ഡയറക്ടറായ ട്രൈക്കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിൽ നിന്നുള്ള 2025 ലെ മുപ്പത്തിമൂന്നാമത്തെ ന്യൂസ് ലെറ്ററിൻ്റെ പരിഭാഷയാണിത്)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home