പടരണം ഇൗ സമരജ്വാല

എം പ്രശാന്ത്
Published on Nov 25, 2025, 10:41 PM | 3 min read
സംഘപരിവാറിനാൽ നിയന്ത്രിക്കപ്പെടുന്ന മോദിസർക്കാർ ആഗോള–ആഭ്യന്തര കുത്തകകളുമായി കൈകോർത്ത് രാജ്യത്തെ തൊഴിലാളികൾക്കും കർഷകർക്കുമെതിരായി ആസൂത്രിതമായ കടന്നാക്രമണത്തിന് തുടക്കമിട്ടിരിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായും കവർന്നെടുത്തും കാർഷികമേഖലയിലേക്ക് വലിയതോതിൽ പ്രവേശനം അനുവദിച്ചും കുത്തകതാൽപ്പര്യങ്ങൾമാത്രമായി സംരക്ഷിക്കുകയാണ് മോദിസർക്കാർ. സർക്കാരിന്റെ അടിച്ചമർത്തൽ നിലപാടുകൾക്കെതിരായി സമരപോരാട്ടങ്ങളിലേക്ക് കടക്കാനാണ് ട്രേഡ് യൂണിയനുകളും കർഷക–കർഷകത്തൊഴിലാളി സംഘടനകളും കൂട്ടായി തീരുമാനിച്ചിരിക്കുന്നത്. ഐതിഹാസികമായ കർഷകസമരത്തിന്റെ അഞ്ചാംവാർഷികം മുൻനിർത്തി ബുധനാഴ്‌ച കർഷകരും തൊഴിലാളികളും കൈകോർത്ത് സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രക്ഷോഭം ദീർഘനാൾ നീളുന്ന സമരപരമ്പരയ്‌ക്കാകും തുടക്കംകുറിക്കുക.
കോൺഗ്രസിനെയും വെല്ലുന്ന കോർപറേറ്റ് പ്രീണനം
‘കോൺഗ്രസാണ് ഇനി നമ്മുടെ കട’ . കുത്തക വ്യവസായി മുകേഷ് അംബാനി രണ്ടാം യുപിഎ സർക്കാരിനെ ഒറ്റവാക്കിൽ വിശേഷിപ്പിച്ചത് ഇങ്ങനെ. കുപ്രസിദ്ധമായ റാഡിയ ടേപ്പുകളിലൂടെയാണ് അംബാനിയുടെ കോൺഗ്രസ് വിശേഷണം പുറത്തുവന്നത്. കുത്തകകളുമായുള്ള വഴിവിട്ട ബന്ധം സൃഷ്ടിച്ച അഴിമതിപരമ്പര രണ്ടാം യുപിഎ സർക്കാരിനെ 2014ൽ അധികാരത്തിൽനിന്ന് പുറത്താക്കി. തുടർന്നെത്തിയ ബിജെപി സർക്കാർ കോർപറേറ്റ് സ്‌തുതിപാടലിൽ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി. തീവ്ര വർഗീയതയുടെയും അതേപോലെ തീവ്രമായ വലത് സാമ്പത്തിനയങ്ങളുടെയും സമ്മിശ്രമായി ഒന്നും രണ്ടും മോദിസർക്കാരുകൾ മാറി.
തൊഴിലാളിദ്രോഹ ലേബർ കോഡുകൾ
പതിറ്റാണ്ടുകൾ നീണ്ട സമരപോരാട്ടങ്ങളിലൂടെയാണ് ഇന്ത്യൻ തൊഴിലാളിവർഗം മാന്യമായി തൊഴിലെടുക്കുന്നതിനും വേതനം കൈപ്പറ്റുന്നതിനും സാമൂഹ്യസുരക്ഷ ഒരുപരിധിവരെ ലഭ്യമാകുന്നതിനുമുള്ള നിയമപരമായ സാഹചര്യം ഉറപ്പുവരുത്തിയത്. തൊഴിലാളിക്ഷേമം മുൻനിർത്തിയുള്ള എല്ലാ നിയമങ്ങളെയും അട്ടിമറിക്കാൻ 1991ലെ കോൺഗ്രസ് സർക്കാർ തുടക്കമിട്ട തീവ്ര വലത് സാമ്പത്തികപരിഷ്‌കാരങ്ങളുടെ കാലംമുതൽ കുത്തകമുതലാളിത്തം ശ്രമിക്കുന്നുണ്ട്. എന്നാൽ, കേന്ദ്രത്തിൽ രൂപപ്പെട്ട സഖ്യസർക്കാരുകളും ഇടതുപക്ഷ പാർടികളുടെ ശക്തമായ പാർലമെന്ററി സാന്നിധ്യവും ഇതിന് തടസ്സമായി. 2014ലെ തെരഞ്ഞെടുപ്പ് ഇൗ സാഹചര്യങ്ങളെയെല്ലാം മാറ്റിയെടുത്തു. കാൽനൂറ്റാണ്ടിനുശേഷം ഒരു പാർടിക്കുമാത്രമായി ഭൂരിപക്ഷമുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തി. അതും എക്കാലവും കോർപറേറ്റ് താൽപ്പര്യങ്ങളോട് ചേർന്നുനടന്ന സംഘപരിവാർ നേതൃത്വത്തിൽ. രാജ്യത്തെ നിലവിലെ തൊഴിൽനിയമങ്ങളെ അപ്പാടെ പൊളിച്ചെഴുതി ഏതാനും ലേബർ കോഡുകളിലേക്ക് ചുരുക്കാനുള്ള ശ്രമമാണ് മോദിസർക്കാർ ആദ്യം ഏറ്റെടുത്തത്. എന്നാൽ, സംഘപരിവാർ ട്രേഡ് യൂണിയനായ ബിഎംഎസ് അടക്കം ചെറുത്തതോടെ തൽക്കാലം നീക്കം ഉപേക്ഷിച്ചു. രണ്ടാം മോദിസർക്കാർ കൂടുതൽ ഭൂരിപക്ഷത്തിൽ 2019ൽ അധികാരത്തിൽ വന്നതോടെ തൊഴിലാളി–കർഷകദ്രോഹ നീക്കങ്ങൾ തീവ്രമായി.
29 തൊഴിൽനിയമങ്ങൾ നാല് കോഡുകളിലേക്ക് ചുരുക്കിയുള്ള നിയമനിർമാണത്തിന് തുടക്കമിട്ടു. സർക്കാർ സമ്മർദത്തിന് വഴങ്ങിയ ബിഎംഎസ് തൊഴിലാളിവർഗത്തെയാകെ ഒറ്റുകൊടുത്ത് ലേബർ കോഡുകളുടെ കാര്യത്തിൽ നിലപാട് മാറ്റി. 2019–20 വർഷങ്ങളിലായി നാല് ലേബർ കോഡുകളും പാർലമെന്റിൽ പാസാക്കി. കുത്തകതാൽപ്പര്യം മുൻനിർത്തിയുള്ള നിയമനിർമാണങ്ങൾക്ക് കോൺഗ്രസും കൂട്ടുനിന്നു. ഇടതുപക്ഷ പാർടികൾമാത്രം കടുത്ത എതിർപ്പുയർത്തി. പാർലമെന്റ് എന്ന കടമ്പ കടന്നെങ്കിലും ട്രേഡ് യൂണിയനുകൾ ഉയർത്തിയ പ്രതിരോധത്തെ മറികടന്ന് നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ രണ്ടാം മോദിസർക്കാരിനായില്ല.

കുത്തകകൾക്കായി കാർഷികനിയമങ്ങളും
വിദേശ–ആഭ്യന്തര കുത്തകകൾക്കായി കാർഷികമേഖല തുറന്നുകൊടുക്കുകയെന്ന ലക്ഷ്യത്തോടെ 2020ൽ മൂന്നു കാർഷികനിയമങ്ങൾ മോദിസർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്നു. കാർഷികോൽപ്പന്നങ്ങൾക്ക് കുത്തകകൾ വില നിശ്ചയിക്കുന്ന സാഹചര്യമൊരുങ്ങി. അൽപ്പമെങ്കിലും ആശ്വാസകരമായ താങ്ങുവില സംവിധാനംകൂടി ഇല്ലാതാകുമെന്ന ആശങ്ക കർഷകരിൽ ശക്തമായി. കുത്തകകൾക്കായി കാർഷികോൽപ്പന്നങ്ങളുടെ സംഭരണപരിധിയും എടുത്തുകളഞ്ഞു. കിസാൻസഭ ഉൾപ്പെടെയുള്ള കർഷകസംഘടനകൾ നിയമങ്ങൾക്കെതിരായി രംഗത്തുവന്നു. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ കർഷകമുന്നേറ്റമുയർന്നു. സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്തേക്ക് ട്രാക്ടറുകളിലുംമറ്റുമായി കൂട്ടമായി എത്തി. 2020 നവംബർ 26ന് ഡൽഹി വളഞ്ഞുള്ള പ്രക്ഷോഭത്തിന് തുടക്കമായി.
കർഷകസമരത്തെ അടിച്ചമർത്താൻ മോദിസർക്കാർ എല്ലാ ശ്രമവും നടത്തി. കോർപറേറ്റ് മാധ്യമങ്ങൾ ഇതിന് കൂട്ടുനിന്നു. കർഷകരെ ഖലിസ്ഥാൻഭീകരരായും നക്‌സലുകളായും രാജ്യദ്രോഹികളായും ചിത്രീകരിച്ചു. 380 ദിവസം നീണ്ട സമരത്തിൽ 736 കർഷകർ രക്തസാക്ഷികളായി. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾകൂടി രംഗത്തുവന്നതോടെ മോദിസർക്കാർ പ്രതിരോധത്തിലായി. 2021 ഡിസംബറിൽ മൂന്നു കാർഷികനിയമങ്ങളും പിൻവലിച്ചുള്ള ബിൽ പാർലമെന്റിൽ കൊണ്ടുവന്നു. ഐതിഹാസികസമരത്തിന് വിജയസമാപ്‌തി.
വീണ്ടും സജീവമായ കോർപറേറ്റ് സേവ
തൊഴിലാളിയാവശ്യങ്ങൾ മുൻനിർത്തി ട്രേഡ് യൂണിയനുകളും നിയമാനുസൃതമായ എംഎസ്‌പി അടക്കമുള്ള മുദ്രാവാക്യങ്ങളുയർത്തി കർഷകസംഘടനകളും നടത്തിയ സമരപരമ്പരകൾ തീർത്ത രാഷ്ട്രീയാടിത്തറ 2024 ൽ ബിജെപിക്ക് പ്രഹരമേൽപ്പിച്ചു. 400 സീറ്റോടെ മൂന്നാംസർക്കാർ ലക്ഷ്യമിട്ട സംഘപരിവാർ കേവല ഭൂരിപക്ഷംപോലുമില്ലാതെ 240 സീറ്റിൽ ഒതുങ്ങി. വീണ്ടും കേന്ദ്രത്തിൽ സഖ്യസർക്കാർ രൂപപ്പെട്ടു. തൊഴിലാളി–കർഷകദ്രോഹ അജൻഡ തൽക്കാലത്തേക്ക് മാറ്റിയെങ്കിലും ബിഹാർ ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായുണ്ടായ വിജയം വീണ്ടും കോർപറേറ്റ് പ്രീണന നടപടികളിലേക്ക് ബിജെപിയെ തിരിച്ചെത്തിച്ചിരിക്കുകയാണ്. ലേബർ കോഡുകൾ പ്രാബല്യത്തിലായതായ പ്രഖ്യാപനം ഒടുവിലെ ഉദാഹരണം. തൊഴിൽനിയമങ്ങളൊന്നും ബാധകമല്ലാത്ത അസംഘടിതമേഖലയിലാണ് രാജ്യത്തെ 90 ശതമാനം തൊഴിലാളികളും. ഇപ്പോഴത്തെ ലേബർ കോഡുകളാകട്ടെ സംഘടിതമേഖലയിലെ തൊഴിലാളികളിൽ 90 ശതമാനത്തെക്കൂടി തൊഴിൽസുരക്ഷാ നിയമങ്ങളിൽനിന്ന് പുറത്താക്കുകയാണ്.
തൊഴിലുടമകൾക്ക് തോന്നുംപോലെ ജീവനക്കാരെ പിരിച്ചുവിടാനും സ്ഥാപനം അടച്ചുപൂട്ടാനുമെല്ലാം സ്വാതന്ത്ര്യം നൽകുന്ന ലേബർ കോഡുകൾ, സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങളെയും നിഷേധിക്കുകയാണ്. അടിമതുല്യമായ സാഹചര്യത്തിലേക്ക് തൊഴിലാളികളെ തള്ളിവിടുന്ന പുതിയ നിയമങ്ങളെ വൻകിട കുത്തകകൾ സഹർഷം സ്വാഗതം ചെയ്യുകയാണ്. തൊഴിലാളികളെ ദ്രോഹിക്കുന്നതിനൊപ്പം മറുവശത്ത് നിയമാനുസൃതമായ എംഎസ്‌പി അടക്കം കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നുമില്ല. ഒപ്പം വിത്ത്–വൈദ്യുതി–ആണവ ഭേദഗതി ബില്ലുകളിലൂടെ കുത്തകതാൽപ്പര്യങ്ങൾ കൂടുതലായി സംരക്ഷിക്കുകയുമാണ്. ജിഎസ്‌ടി പരിഷ്‌കാരം, ദേശീയ സഹകരണ നയം, വിദ്യാഭ്യാസനയം, കാർഷിക വിപണന നയം തുടങ്ങി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒരുവശത്ത് കവർന്നെടുത്താണ് എൻഡിഎ സർക്കാരിന്റെ തൊഴിലാളി–കർഷകദ്രോഹ നീക്കങ്ങൾ. ഇതിനെല്ലാമെതിരായുള്ള ബുധനാഴ്‌ചത്തെ പ്രക്ഷോഭം വലിയൊരു ജനമുന്നേറ്റമായി വരുംനാളുകളിൽ രാജ്യമാകെ പടരും.
















