പ്രതീക്ഷകളും നന്മകളും കാത്തുസൂക്ഷിക്കാം


എം വിജയകുമാർ
Published on Aug 17, 2026, 01:30 AM | 3 min read
ഇന്നേക്ക് 1201 വർഷംമുമ്പ്, എഡി 825ൽ കൊല്ലം ആസ്ഥാനമായിരുന്ന തിരുവിതാംകൂർ രാജവംശത്തിലെ ഉദയമാർത്താണ്ഡന്റെ ഭരണകാലത്താണ് കൊല്ലവർഷം അംഗീകരിക്കപ്പെട്ടത്. കൃത്യമായ കാലഗണനയോടെ തിരുവിതാംകൂറിലാകെയുള്ള കൃഷി സമ്പ്രദായങ്ങളുടെ സമയക്രമം ഇതുവഴി വരച്ചുകാണിക്കാനായി എന്നതാണ് ഏറ്റവും പ്രധാനം. പിന്നീട് കേരളത്തിലാകെ ആശ്രയിക്കുന്ന കാർഷിക കലണ്ടറായി അതു മാറി. കാലാവസ്ഥയും വിളകളുടെ നടീൽ, വിളവെടുപ്പ് എന്നിവയുടെ കാലക്രമവും രേഖപ്പെടുത്തിയും പ്രകൃതി പ്രതിഭാസങ്ങളെ അന്നത്തെ അറിവിന്റെ അടിസ്ഥാനത്തിൽ അപഗ്രഥിച്ചും തയ്യാറാക്കിയ കലണ്ടറിന് കൊല്ലവർഷം എന്ന് പേര് വന്നു. "കോലം' എന്നാൽ സംസ്‌കൃതത്തിൽ കുരുമുളക് എന്നും അർഥമുണ്ടത്രെ. കുരുമുളക് വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു അക്കാലത്തെ പ്രധാന തുറമുഖമായ കൊല്ലം.
കൊല്ലവർഷ കലണ്ടർ അനുസരിച്ച് പുതുവർഷം പിറക്കുന്ന ദിനമാണ് ചിങ്ങം ഒന്ന്. ഗുരുതര കാലാവസ്ഥാ വ്യതിയാനം സംഭവിക്കാത്ത അക്കാലത്ത് പഞ്ഞ കർക്കടകം എന്ന് വിളിച്ചിരുന്ന കർക്കടക മാസം എല്ലാ രീതിയിലും ജനങ്ങൾക്ക് ദുരിതകാലമായിരുന്നു. മിക്കവാറും എല്ലാ ദിവസവും കോരിച്ചൊരിയുന്ന മഴയായിരിക്കും. ബഹുഭൂരിപക്ഷം വീടുകളും ചോർന്നൊലിക്കുന്നവ; കൃഷി മാത്രമായിരുന്നു തൊഴിൽ. കൃഷിപ്പണികളൊന്നും നടക്കില്ല. നാട്ടിലാകെ പട്ടിണിയും പരിവട്ടവും. കർക്കടകത്തിലെ പഞ്ഞത്തിന്റെ ആലസ്യത്തിൽനിന്ന് മാറി മഴയും കാറുമൊഴിഞ്ഞ തെളിഞ്ഞ ആകാശത്തിലെ പ്രഭാതകിരണങ്ങളേറ്റുവാങ്ങി ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾക്കാകെ ഉത്സാഹമായിരുന്നു. പൊന്നിൻചിങ്ങത്തെ വരവേൽക്കാൻ ഏവരും ആവേശത്തിലായിരിക്കും. പുതിയ വർഷം കാർഷിക അഭിവൃദ്ധിയുടേതാകുമെന്ന പ്രതീക്ഷ ഓരോ കർഷകനും കൃഷിപ്പണികൾക്ക് പ്രത്യേക ഉന്മേഷമേകും. പിൽക്കാലത്ത് സംസ്ഥാനസർക്കാർ എല്ലാ വർഷവും ചിങ്ങം ഒന്ന് കർഷകദിനമായി ആചരിക്കുന്നു. ഓരോ പഞ്ചായത്തിലും മികച്ച കർഷകരെ ആദരിക്കാറുണ്ട്.
ചിങ്ങത്തിൽ വിളഞ്ഞ നെൽക്കൃഷിയിടങ്ങളിൽനിന്ന് ആദ്യമായി കതിർ കയറ്റുകയെന്ന ചടങ്ങുണ്ടായിരുന്നു. ഓണാഘോഷ ചടങ്ങുകളിലും ഭക്ഷണരീതികളിലുമെല്ലാം വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഓണപ്പായസത്തിനുള്ള നെല്ലിനങ്ങൾ ഉൾപ്പെടെ പലതും ഇന്ന് നമുക്ക് നഷ്ടപ്പെടുകയോ പ്രയോഗത്തിൽ കാണാതാകുകയോ ചെയ്യുന്നുണ്ട്. പുത്തരി ചരിത്രപുസ്തകത്തിൽ എവിടെയോ വായിച്ച അറിവിലേക്കുമാത്രമായി പുതുതലമുറ എത്തിപ്പെട്ടു. ഓണസദ്യക്ക് സ്വന്തമായി വിളയിച്ചെടുത്ത ഉൽപ്പന്നങ്ങൾ അപൂർവംമാത്രം. ഓണസദ്യക്കുള്ള ഉത്രാടപ്പാച്ചിൽ ഇന്ന് നഗരങ്ങളിലെ എയർകണ്ടീഷൻ മാളുകളിലേക്കും അന്യ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പച്ചക്കറി ചന്തകളിലേക്കുമാണ്. ഓണപ്പുടവ കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രമാളുകളിലെ വിസ്മയലോകത്തുനിന്ന് കണ്ടെത്തുന്നു.
വർണവൈവിധ്യങ്ങളുള്ള ഓണപ്പൂക്കൾ തരാൻ കാടും തൊടികളും ഇന്നണിഞ്ഞൊരുങ്ങുന്നില്ല. ലോറികളിലെത്തി നമ്മുടെ പട്ടണങ്ങളെ നിറയ്ക്കുന്ന പൂ കച്ചവടക്കാരിൽനിന്ന് പൂക്കൾ വിലയ്ക്ക് വാങ്ങും. ഓണക്കളികൾ പലതും പഴമക്കാരുടെ ഓർമകളിൽമാത്രം. ഏറ്റവും ഉൽകൃഷ്ടമായ സ്ഥിതിസമത്വത്തിന്റെ പ്രതീകമായ മഹാബലിയെന്ന അസുരവംശജനെ പ്രച്ഛന്ന വേഷധാരിയാക്കി തെരുവുകളിൽ പ്രദർശിപ്പിച്ച് ആഹ്ലാദം പങ്കിടുമ്പോൾ പലരും ഓർക്കുന്നില്ല ഈ മഹത്തായ സ്ഥിതിസമത്വ സിദ്ധാന്തത്തിന്റെ പൊരുളും മഹത്വവും.
ഓണം മഹത്തായ സമത്വബോധത്തിന്റെയും ചൂഷണരാഹിത്യത്തിന്റെയും സ്വയം പര്യാപ്തതയുടെയും സമ്പൽസമൃദ്ധിയുടെയുമെല്ലാം ദീർഘദർശനമാണ്. സമൂഹത്തിന് ജീവിതം സ്വയം നിർണയിച്ച് സ്വയം പര്യാപ്തതയിലെത്താൻ കഴിയുന്ന സാമൂഹ്യ അവസ്ഥയെ ഓർമപ്പെടുത്തുന്ന ആഘോഷമാണ്.
മഹാബലിയും മാവേലിനാടും സങ്കൽപ്പമാണ്. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത നാട്. അവിടത്തെ രാജാവായി മഹാബലിയെ നമ്മൾ മലയാളികൾ വാഴ്ത്തുന്നു. സോഷ്യലിസ്റ്റ് കാഴ്ചപ്പാടെന്നു പറയാം. സോഷ്യലിസ്റ്റ് ആശയത്തിന്റെ ഗുണങ്ങൾ അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ അധിവസിക്കുന്ന പല രാജ്യങ്ങളുമുണ്ട്.
കാലോചിതവും അനിവാര്യവുമായ മാറ്റം സ്വാഭാവികമായും ഓണാഘോഷ ചടങ്ങിലും രീതിയിലും ഭാവുകത്വത്തിലുമെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നു. തലമുറകളിലൂടെ കൈമാറുമ്പോൾ ഇവയ്‌ക്കെല്ലാം രൂപഭാവഭേദവും സംഭവിക്കുന്നു. ആഘോഷ ചടങ്ങുകളുടെ രീതികളിലെ മാറ്റവും പഴയ കാർഷിക സംസ്‌കാരത്തിന്റെ ആഴവും പരപ്പും മൂല്യവും ചോർന്നുപോകുന്നതും ആധുനിക കാലത്തിന്റെ പുതുമകൾ വിളക്കിച്ചേർക്കുന്നതുമെല്ലാം ഇതിന്റെ പ്രതിഫലനമാണ്. എന്നാൽ പഴയകാല ഓണക്കാഴ്‌ചയുടെയും വർണഭംഗിയുടെയും തിളക്കവും കാർഷിക മേഖലയിൽ അനിവാര്യമായി എന്നും നിലനിൽക്കേണ്ട അടിസ്ഥാന കാര്യങ്ങളും തലമുറകൾക്ക് കൈമാറേണ്ടവയാണ്. അവ ഉൽപ്പാദിപ്പിച്ച സമൂഹതത്വങ്ങളെ ഉപേക്ഷിക്കാതെ വീണ്ടെടുക്കുകയും പിന്തുടരുകയും ചെയ്യുക എന്നതും കാലത്തിന്റെ അനിവാര്യതകൂടിയാണ്.
"തിരുവോണത്തിൻ കോടിയുടുക്കാൻ കൊതിക്കുന്നു തെരുവിൻ മക്കൾ... അവർക്കില്ല പൂമുറ്റങ്ങൾ പൂ നിരത്തുവാൻ. വയറിന്റെ ഗാനം കേട്ടേ മയങ്ങുന്ന വാമനന്മാർ അവർക്കോണക്കോടിയായി നീ വാ...' ശ്രീകുമാരൻ തമ്പിയുടെ ഈ വരികൾ 1980കളുടെ ആദ്യം രചിക്കപ്പെട്ടതാണ്. എന്നാലിന്നത്തെ കേരളം അതിദരിദ്രരില്ലാത്ത, പട്ടിണിക്കാരില്ലാത്ത, എല്ലാവർക്കും വിദ്യാഭ്യാസമുള്ള, എല്ലാവർക്കും ഉണ്ണാനും ഉടുക്കാനുമുള്ള, ബഹുഭൂരിപക്ഷത്തിനും അടച്ചുറപ്പുള്ള വീടുകളുള്ള നാടായി മാറിയിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളം മുന്നേറി. മാവേലി നാടെന്ന സങ്കൽപ്പത്തിലെ "എല്ലാരും ഒന്നുപോലെ' കഴിയുന്ന ലോകത്തിലേക്ക് നമ്മൾ
മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു.
അതിന് മുഖ്യകാരണം ഇടതുപക്ഷ സർക്കാരുകളുടെ പ്രവർത്തനങ്ങളാണ്; കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണം കുതിപ്പുതന്നെ സൃഷ്ടിച്ചു. 1957ൽ ഇ എം എസ് സർക്കാർ തുടക്കമിട്ട ഭൂപരിഷ്‌കരണംമുതൽ വിവിധ എൽഡിഎഫ് സർക്കാരുകൾ നടപ്പാക്കിയ സമ്പൂർണ സാക്ഷരതാ യജ്ഞവും ജനകീയാസൂത്രണവും കുടുംബശ്രീ പ്രസ്ഥാനവും ശുചിത്വ മിഷനും ഭവനപദ്ധതികളുമെല്ലാം അടങ്ങുന്ന ഭാവനാപൂർണവും അഴിമതിരഹിതവുമായ ഭരണനിർവഹണവും ഇച്ഛാശക്തിയും ആയിരുന്നു ഇതിനു പിന്നിൽ.
സമൂഹത്തിൽ പിന്നാക്കം നിന്നവരെ മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ഉയർത്തിയതിനോടൊപ്പം മികച്ച റോഡുകളും മറ്റ് പശ്ചാത്തല സൗകര്യങ്ങളും സൃഷ്ടിച്ചു. പക്ഷേ, സത്യാനന്തരകാല രാഷ്‌ട്രീയശൈലി അവലംബിച്ച്, മാധ്യമങ്ങളെ കൈയിലെടുത്താൽ എത്ര കളവും പ്രചരിപ്പിക്കാമെന്നും ഏത് ജനതയെയും തെറ്റിദ്ധരിപ്പിക്കാമെന്നും നാം കണ്ടു. അതിന്റെ ഭവിഷ്യത്തുകൾ നാട് ഇപ്പോൾത്തന്നെ അനുഭവിച്ചു തുടങ്ങി. നാടിന്റെ നന്മയെ തിരിച്ചുപിടിക്കാൻ പ്രതിജ്ഞാബദ്ധരായി നിലകൊള്ളണമെന്ന സന്ദേശംകൂടിയാണ് ഇൗ ദിവസം നമുക്ക് നൽകുന്നത്. പ്രതീക്ഷയോടെ പോരാട്ടങ്ങൾ തുടരാമെന്നും സത്യത്തിനുവേണ്ടി സമർപ്പിക്കാമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.
(കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)















