‘രഹസ്യരേഖ’യും ബൂമറാങ് !


സി കെ ദിനേശ്
Published on Aug 20, 2025, 11:15 PM | 2 min read
ആരാലും നിർദേശിക്കപ്പെട്ടില്ലെങ്കിൽ പോലും ഒറ്റക്കെട്ടായി സിപിഐ എമ്മിനെതിരെ വാർത്ത പടയ്ക്കുക മാധ്യമ കൂട്ടായ്മയുടെ ഒരു വഴക്കമാണ്. യുഡിഎഫ് അധികാരത്തിലുള്ള കാലത്തുപോലും വാർത്തകളുടെ ഉന്നമതായിരുന്നു. സമരവും പണിമുടക്കും പൊതുയോഗങ്ങൾ പോലും ‘ ശല്യ ’ ത്തിന്റെ പട്ടികയിൽ കൊണ്ടിടാനുള്ള തത്രപ്പാട് ! മികച്ച ഭരണം നടത്തിയ എൽഡിഎഫ് സർക്കാരുകൾക്കെതിരെപോലും വ്യാജ വാർത്തകൾ സൃഷ്ടിച്ച് ജനവികാരം എതിരാക്കാൻ ശ്രമിച്ചതും ചരിത്രത്തിലുണ്ട്.
തൊണ്ണൂറുകളുടെ അവസാനം മാധ്യമങ്ങളെ തുറന്നുകാണിക്കാൻ സിപിഐ എം ശക്തമായി ഇറങ്ങിയതോടെയാണ് കള്ളങ്ങളുടെ മുന കുറെയൊക്കെ ഒടിയാൻ തുടങ്ങിയത്. പിന്നീട് സമൂഹമാധ്യമങ്ങളുടെ വരവ് അതിന് സഹായകവുമായി. ഒരു വിഭാഗം മാധ്യമങ്ങൾ ഗൂഢാലോചന നടത്തി ഉയർത്തിക്കൊണ്ടുവന്ന വ്യാജ അഴിമതിക്കഥകൾ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടു. മുഖ്യധാര എന്ത് നുണ പൊട്ടിച്ചാലും സത്യം കുറച്ച് ഇഴഞ്ഞാണെങ്കിലും ജനങ്ങളിൽ എത്താൻ തുടങ്ങി. എന്നാൽ, 2021 ലെ തുടർഭരണം മുഖ്യധാരയുടെ സമനില തെറ്റിച്ചു. സർക്കാർ വാർത്തകൾ പൂർണമായും തമസ്കരിച്ചു. വികസന, ക്ഷേമ വാർത്തകൾ കൊടുക്കില്ല. കിട്ടുന്നതെന്തും സിപിഐ എമ്മിനെതിരെ ഉപയോഗിക്കുകയെന്നായി. യുഡിഎഫിനും ബിജെപിക്കും പ്രചാരണ ആയുധങ്ങൾ നൽകുക മാത്രമല്ല, മാധ്യമങ്ങൾ സ്വയമേവ ഇടതുവിരുദ്ധ ചേരിയുടെ നേതൃത്വം ഏറ്റെടുത്തു.
ഗൗരവമേറിയ വിമർശങ്ങൾക്കും രാഷ്‌ട്രീയ ചർച്ചകൾക്കും വികസന അജൻഡയ്ക്കും അവസരമൊരുക്കേണ്ടവർ വ്യാജസൃഷ്ടികളിൽ മാത്രം അഭിരമിക്കുന്ന സ്ഥിതിയായി. അവരുടെ വിശ്വാസ്യത പൂർണമായും ചോദ്യം ചെയ്യപ്പെട്ടു. അവർ ദിവസങ്ങളോളം ആഘോഷിച്ച വ്യാജസൃഷ്ടികളുടെ ദുർഗന്ധം ഇപ്പോഴുമുണ്ട്. മുഖ്യമന്ത്രിയുടെ ബംഗ്ലാവും കമല ഇന്റർനാഷണലും എവിടെ ? മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണം കടത്തിയെന്ന് തെളിഞ്ഞോ ? ബിരിയാണി ചെമ്പിലും ഖുറാനിലും ഇൗന്തപ്പഴത്തിലും സ്വർണം കണ്ടെത്തിയോ ? എ ഐ കാമറയിലെ അഴിമതി ? കൈതോലപ്പായയിൽ കെട്ടിപ്പൊതിഞ്ഞുകൊണ്ടുപോയ കോടികൾ ? സ്‌പ്രിംഗ്ലർ, കെ ഫോൺ അഴിമതികൾ തെളിയിച്ചോ ? ഇൗ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലെന്നറിയാം. പുതിയ വിഴുപ്പ് കൊണ്ടുവരുമ്പോഴെങ്കിലും ശ്രദ്ധിക്കണ്ടേ.
ഇപ്പോഴത്തെ ‘ രേഖാ വിവാദം ’ എത്രമാത്രം അധഃപതിച്ചു ഇക്കൂട്ടർ എന്നതിനുള്ള ഉത്തമ ഉദാഹരണമാണ്. മാസങ്ങൾക്ക് മുമ്പ് തങ്ങൾക്ക് ലഭിച്ചുവെന്ന് മാധ്യമ പ്രവർത്തകർ സ്ഥിരീകരിച്ച കത്ത്, പരസ്യപ്പെടുത്തിയിട്ടുണ്ടെന്ന് കൊടുത്തയാൾ തന്നെ സമ്മതിച്ച കത്ത് ‘ പിബി രഹസ്യ രേഖ ’ എന്ന് പറഞ്ഞ് അവതരിപ്പിക്കാൻ ചില്ലറ തൊലിക്കട്ടി പോര. മാധ്യമങ്ങൾ ആഘോഷിക്കുന്ന വ്യവസായിയുടെ ചരിത്രമെന്താണ്, തരിമ്പെങ്കിലും വിശ്വസിക്കാമോ ? അതെന്തിന് നോക്കുന്നു, സിപിഐ എമ്മിനെതിരല്ലേ എന്നതാണ് നിലപാട്. ഫലമോ ? ദിവസങ്ങളായി പാർടിയെ ‘ ചരിത്ര പ്രതിസന്ധി ’ യിലാക്കിയ രണ്ട് മുഖ്യധാര പത്രങ്ങൾ ഇപ്പോൾ വാലും ചുരുട്ടി മാളത്തിൽ ഒളിക്കാൻ തുടങ്ങിയിരിക്കുന്നു. ഇവർ കൊണ്ടാടുന്ന വ്യക്തിക്കെതിരെ ജീവിത പങ്കാളിയായിരുന്ന സ്ത്രീ നൽകിയ പരാതിയിന്മേൽ കോടതി പറഞ്ഞത് ഇങ്ങനെ: രണ്ട് കുഞ്ഞുങ്ങളുള്ള ആ സ്‌ത്രീയുടെ വീട്ടിൽ കയറരുത്, അവർ ജോലിയെടുക്കുന്ന സ്ഥലത്തേക്ക് പോകരുത്, മിണ്ടരുത്, സന്ദേശങ്ങൾ അയക്കരുത്, ആ സ്‌ത്രീയെ കുറിച്ച് സമൂഹമാധ്യമങ്ങളിലോ മറ്റോ എഴുതരുത്. ഗാർഹിക പീഡനത്തിന് അരലക്ഷം രൂപ നൽകണം, ചെലവിന് കോടതി പറഞ്ഞ തുക കൈമാറണം. ഇതിനൊക്കെ പുറമെ ആ സ്‌ത്രീ തന്നെ സമൂഹമാധ്യമങ്ങളിൽ ഇയാളിൽനിന്ന് നേരിട്ടത് പീഡനങ്ങളും ദുരനുഭവങ്ങളുമാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്.
ഒരു വ്യക്തിയുടെ കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ വൈരാഗ്യവും മറ്റൊരു വ്യക്തിയുമായുള്ള ഏറ്റുമുട്ടലുമാണ് വിഷയം. അത് സിപിഐ എമ്മിനെതിരെ ദുരുപയോഗം ചെയ്യാൻ അത്യുത്സാഹം കാണിക്കുന്ന ഒരുവിഭാഗം മാധ്യമങ്ങൾ സ്വന്തം പ്രേക്ഷകരുടേയും വായനക്കാരുടേയും മുന്നിലാണ് പരിഹാസ്യരായത്. ഇതേ വ്യക്തി യുഡിഎഫ് നേതാവിനെതിരെയാണ് ഇത്തരമൊരു ആരോപണവുമായി വന്നതെന്ന് സങ്കൽപ്പിക്കുക. മാധ്യമങ്ങൾ ആദ്യം ചികയുക ഇയാളുടെ ചരിത്രമായിരിക്കില്ലേ. സ്‌ത്രീ പീഡകനായും വ്യാജസൃഷ്ടിയുടെ രാജാവായും അവതരിപ്പിച്ചു കൊണ്ടായിരിക്കില്ലേ വാർത്താ പരമ്പരകൾ. നിഷ്‌പക്ഷ ആവരണങ്ങൾ എടുത്തണിഞ്ഞ മാധ്യമങ്ങളോടുപോലും പൂർണമായും നിഷ്‌പക്ഷമാകണമെന്നോ ‘ എത്തിക്‌സ് ’ പാലിക്കണമെന്നോ ഇന്നാരും വാശിപിടിക്കില്ല. പക്ഷേ, വാർത്തയിൽ എവിടെയെങ്കിലും വാസ്തവത്തിന്റെ ഒരു തുള്ളി വേണമെന്ന് ജനത്തിന് ആഗ്രഹിച്ചുകൂടെ ? ഒരു തുള്ളി !














