തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഘടകങ്ങള്‍

പ്രതീകാത്മകചിത്രം

പുത്തലത്ത് ദിനേശൻ
Published on Jun 22, 2026, 09:51 PM | 4 min read
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ പരാജയത്തെ തെറ്റായ രീതിയിൽ വിശകലനംചെയ്ത് അവതരിപ്പിക്കുന്നതിനുള്ള ബോധപൂർവമായ പരിശ്രമങ്ങളാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്നത്. യഥാർഥ കാരണങ്ങളെ വിശകലനംചെയ്ത് ഇടതുപക്ഷം കൂടുതൽ കരുത്തോടെ മുന്നോട്ടുവരുന്നത് തടയാനാണ് ഇത്തരം ഇടപെടലുകൾ. അതേസമയം, യഥാർഥ കാരണങ്ങൾ മനസ്സിലാക്കി തിരുത്തുകയെന്നുള്ളത് ഏറെ പ്രധാനവുമാണ്.
ആഗോളവൽക്കരണനയങ്ങൾ അതിശക്തമായി അടിച്ചേൽപ്പിക്കുന്നതിനുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാഴ്ചപ്പാടുകളാണ് ലോകത്ത് മേൽക്കൈ നേടുന്നത്. ലോകത്തെമ്പാടും എത്തിച്ചേരുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം ഇത്തരം കാഴ്ചപ്പാടുകളെല്ലാം സ്വാധീനം ചെലുത്തുക സ്വാഭാവികമാണ്. കോർപറേറ്റ് അനുകൂലനയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. അവയെ ദുർബലപ്പെടുത്തുന്നതിന് ജാതീയവും വർഗീയവും വംശീയവുമായ പ്രശ്നങ്ങൾ വളർത്തിക്കൊണ്ടുവരുന്നതിന് വലതുപക്ഷം ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം ആശയഗതികളാണ് പുരോഗമനപരമെന്ന ചിന്തകളും അവർ വളർത്തിയെടുക്കുന്നുണ്ട്. ഈ സ്വാധീനം കേരളത്തിലും കാണാനാകും.
ശാസ്ത്രസാങ്കേതികവികാസത്തെ ഉൽപ്പാദനരംഗത്ത് ഉപയോഗപ്പെടുത്തിയാണ് ലോക മുതലാളിത്തം വളർന്നുവരുന്നത്. സാങ്കേതികമായ ഈ വളർച്ച ഒരു ഗ്ലോബൽ സാഹചര്യം വളർത്തിയെടുത്തിട്ടുണ്ട്. സ്വന്തം അയൽക്കാരുമായോ നാട്ടുകാരുമായോ ബന്ധമില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന രീതി നമ്മുടെ നാട്ടിലും ശക്തിപ്പെട്ടിട്ടുണ്ട്. ഈ ബന്ധം ലോകത്തെ വിവിധങ്ങളായ ചിന്തകളെ ഇവിടെ കൊണ്ടുവരുന്നുണ്ട്. ഇവ പലതും ചിന്തയ്‌ക്കും യുക്തിക്കും പകരം വൈകാരികമായ കാഴ്ചകളിൽ അഭിരമിക്കുകയെന്നതുകൂടിയാണ്. ഇൗ സ്വാധീനം സമൂഹത്തിൽ വിശിഷ്യാ പുതിയ തലമുറയിൽ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഈ ചിന്തകളെ ശരിയായ രീതിയിൽ മനസ്സിലാക്കി ഇടപെടുകയെന്നത് ഇടതുപക്ഷത്തിന്റെ മുന്നിൽ പ്രധാന പ്രശ്നമായി ഉയരുന്നുണ്ട്.
സംസ്ഥാനത്ത് ഭരണത്തിലിരുന്നതിന്റെ ദീർഘകാല അനുഭവം സിപിഐ എമ്മിനുണ്ട്. പശ്ചിമബംഗാളിലെ തുടർഭരണത്തെ തുടർന്ന് പിന്നീട് പരാജയപ്പെടുന്ന സ്ഥിതിയുണ്ടായി. കേരളത്തിലും തുടർഭരണം ഉണ്ടാകുമ്പോൾ ഇത്തരത്തിലുള്ള സാധ്യതകളെ മറികടക്കുന്നതിനാണ് സംസ്ഥാന സർക്കാരും പാർടിയും എന്ന രേഖതന്നെ സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചത്. ഭരണരംഗത്തുള്ളവർ ആ രംഗത്തും സംഘടനാരംഗത്തുള്ളവർ ആ രംഗത്തും കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങൾ പാർടിക്ക് ശ്രദ്ധയിൽപ്പെടുത്തണമെന്നുണ്ടെങ്കിൽ ഭരണതലത്തിൽ നേതൃത്വം വഹിക്കുന്നവരുടെ ശ്രദ്ധയിൽ കൊണ്ടുവരികയെന്നതുമാണ് അതിലൂടെ ലക്ഷ്യംവച്ചത്. എല്ലാവർക്കും നീതിപുലർത്തുന്ന ഒരു ഭരണസംവിധാനം ഉണ്ടാക്കുകയും പ്രകടനപത്രികയിലെ കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കി ഇടതുപക്ഷനയം നടപ്പാക്കുകയുമായിരുന്നു ലക്ഷ്യം. അവ ശരിയായ രീതിയിൽ നടപ്പാക്കാൻ കഴിയാതെപോയത് സംഘടനാരംഗത്തെ ദുർബലപ്പെടുത്താനിടയാക്കി. അതുകൊണ്ട്, പാർലമെന്റും പാർലമെന്റ് ഇതരവുമായ രീതികളെ കൂട്ടിയോജിപ്പിക്കുകയെന്ന പാർടി കാഴ്ചപ്പാട് പ്രാവർത്തികമാക്കുന്നതിൽ പോരായ്മവന്നു.
സിപിഐ എം ഒരു വിപ്ലവപാർടിയാണ്. രാജ്യത്ത് സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കുന്നതിനാണ് പാർടി നിലകൊള്ളുന്നത്. അതിനുമുന്നോടിയായി ജനകീയ ജനാധിപത്യവിപ്ലവം ഉണ്ടാകേണ്ടതുണ്ട്. ഇത്തരത്തിലുള്ള പാർടി പാർലമെന്ററി പ്രവർത്തനത്തിന്റെ ഭാഗമാകുമ്പോൾ പരിമിതികളും സാധ്യതകളും നിലനിൽക്കുന്നുണ്ട്. ഇവ പാർടി സഖാക്കളെയും ബഹുജനങ്ങളെയും ബോധ്യപ്പെടുത്തുന്നതിൽ പോരായ്മയുണ്ടായി. ഈ ദൗർബല്യം ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഈ സംവിധാനത്തിനകത്ത് പരിഹരിക്കാമെന്ന വ്യാമോഹം രൂപപ്പെടുത്തി. അതിനാൽ തങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് സർക്കാരിന് കഴിഞ്ഞില്ലെന്ന അസംതൃപ്തി രൂപപ്പെടുന്നതിന് ഇടയാക്കി. അതും തെരഞ്ഞെടുപ്പിനെ ബാധിച്ച പ്രധാന പ്രശ്നമാണ്.
പാർലമെന്ററി പ്രവർത്തനത്തിൽ പാർടി ഏർപ്പെടുമ്പോഴുണ്ടാകുന്ന പരിമിതി ബോധ്യമാകാതെവരുമ്പോൾ ഇടതുപക്ഷ സർക്കാർ ഇടതുപക്ഷപരിപാടികളിൽനിന്ന് പിന്നോട്ടുപോകുന്നുവെന്ന തോന്നൽ ഇടതുപക്ഷമനസ്സുള്ള കേരളത്തിൽ രൂപപ്പെടുക സ്വാഭാവികമാണ്. ഇടതുപക്ഷം കാഴ്ചപ്പാടുകളിൽനിന്ന് വ്യതിചലിച്ചിരിക്കുന്നുവെന്ന്, പലവിധ കാരണങ്ങളാൽ പാർടിയിൽനിന്ന് പുറത്തുപോയവരെ ഉപയോഗിച്ച് വലതുപക്ഷം പ്രചാരണം നടത്തി. ദൃശ്യമാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും ചർച്ച പരിശോധിച്ചാൽ ഇത്തരക്കാർ ഇടതുപക്ഷത്തിനെതിരെ പ്രധാന ആശയപ്രചാരകരായി മാറിയതായി കാണാം.
കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും ഭരണതലത്തിലുള്ള ഇടപെടലുകളും സമൂഹത്തെ മുന്നോട്ടുകൊണ്ടുപോയി. ഇതിന്റെ ഭാഗമായി ഇടത്തരം വിഭാഗങ്ങൾ വലിയ തോതിൽ വർധിച്ചു. ഇടത്തരം വിഭാഗങ്ങളെ പാർടിയുമായി കൂടുതൽ അടുപ്പിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നത് ആശയരംഗത്തെ ഇടപെടലാണ്. കേരളത്തിന്റെ സാംസ്കാരികമേഖലയിൽ ഉൾപ്പെടെ വലതുപക്ഷവൽക്കരണം ശക്തിപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ സാംസ്കാരികപ്രവർത്തകർപോലും ഭരണമാറ്റമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നുപോലും പറയുകയുണ്ടായി. ഇതും തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചിട്ടുണ്ട്.
ഇന്ത്യൻ സാഹചര്യത്തിലെ വർഗസമരം സാമ്പത്തികസമത്വത്തിനും സാമൂഹ്യനീതിക്കുമുള്ള സമരവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം മേഖലയിലെ മാറ്റങ്ങൾ മനസ്സിലാക്കുകയെന്നത് കമ്യൂണിസ്റ്റ് പാർടിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കാർഷികമേഖലയിൽ നിരവധി പ്രക്ഷോഭങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും അവ രാഷ്ട്രീയപിന്തുണയായി മാറിയില്ല. കർഷകത്തൊഴിലാളികൾ പൊതുവിൽ ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും മത്സ്യത്തൊഴിലാളിമേഖലയിൽനിന്ന് കഴിഞ്ഞ കാലങ്ങളിലെ പിന്തുണ ലഭ്യമായില്ല. പരമ്പരാഗതമേഖല ആധുനിക യന്ത്രസംവിധാനങ്ങളുടെ വളർച്ചയോടെ ദുർബലമായിട്ടുണ്ട്. ഈ രംഗത്തെ സംരക്ഷിക്കാൻ സാമ്പത്തിക പരിമിതികൾക്കകത്ത് നിന്നുകൊണ്ട് ഏറെ ഇടപെടലുകൾ എൽഡിഎഫ് സർക്കാർ നടത്തിയിരുന്നു. എന്നാൽ, പൂർണമായും പ്രശ്നങ്ങൾ പരിഹരിക്കാത്തത് ആ മേഖലകളിലും അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.
സാമൂഹ്യമായ അവശതകൾ രൂപപ്പെടുത്തുന്ന ഫ്യൂഡൽ വ്യവസ്ഥയിൽനിന്ന് അത് മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത് ബിജെപിയാണ്. കോൺഗ്രസാകട്ടെ ഭൂപരിഷ്‌കരണത്തിന് താൽപ്പര്യമെടുക്കുന്നതിന് തയ്യാറായില്ല. ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസ് സർക്കാരുകൾ ഇക്കാര്യത്തിൽ തെറ്റായ നയമാണ് സ്വീകരിച്ചത്. ഫ്യൂഡൽ രീതികളുമായി സമരസപ്പെട്ടുപോകുന്ന സമീപനമാണ് അവർക്കുള്ളത്. 1957-ലെ ഭൂപരിഷ്കരണ കാഴ്ചപ്പാടിൽ, മിച്ചഭൂമി സർക്കാർ പിടിച്ചെടുത്ത് കർഷകത്തൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്നായിരുന്നു. എന്നാൽ, വിമോചനസമരത്തിനുശേഷം അധികാരത്തിൽ വന്ന വലതുപക്ഷം ഇഷ്ടദാന ബിൽ കൊണ്ടുവന്ന് അത്തരം സാധ്യതകളെ തകർത്തുകളഞ്ഞു. കേരളത്തിലെ പട്ടികജാതി–വർഗങ്ങളുടെ ഉൾപ്പെടെ ഭൂപ്രശ്നത്തിന്റെ അടിസ്ഥാനം ഇതാണ്. എന്നാൽ, ബിജെപിയുടെയും കോൺഗ്രസിന്റെയും നയങ്ങളെ എതിർക്കാൻ സ്വത്വവാദികൾ തയ്യാറാകാറില്ല. പകരം നിലവിലുള്ള അവസ്ഥയ്‌ക്ക് കാരണം ഇടതുപക്ഷമാണെന്ന പ്രചാരവേല നടത്താനാണ് ശ്രമിക്കാറുള്ളത്. ഈ തെരഞ്ഞെടുപ്പിൽ ഇത്തരം ഇടപെടലുകളും വലതുപക്ഷത്തിന് സഹായമായിട്ടുണ്ട്.
എസ്ഐആർ വന്നതിനുശേഷം 88 മണ്ഡലങ്ങളിൽ മൊത്തം വോട്ട് കുറഞ്ഞപ്പോൾ 52 മണ്ഡലങ്ങളിൽ വോട്ട് വർധിക്കുകയും ചെയ്തു. മണ്ഡലത്തിലെ ബലാബലത്തിൽ ഇത് വലിയ സ്വാധീനം ചെലുത്തുന്ന നിലയുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുന്ന ഒന്നായി ഇത് മാറി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുസേവനമേഖലകളെ ശക്തിപ്പെടുത്താൻ ഇടതുപക്ഷം നടത്തിയ ഇടപെടലുകൾ ഈ മേഖലയിലെ സ്ഥാപിത താൽപ്പര്യക്കാരെ എതിരാക്കിമാറ്റിയിട്ടുണ്ട്. അഴിമതിരഹിത ഭരണസംവിധാനമാണ് ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്നത്. വഴിവിട്ട് കാര്യങ്ങൾ നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇതൊരു തടസ്സമാണ്. അതിനാൽ, അത്തരക്കാരും ഇടതുപക്ഷ സർക്കാരിനെതിരെ രംഗത്തുവന്നു.
നമ്മുടെ നാട്ടിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രമാണ് ഉത്തരാധുനികതയും സ്വത്വരാഷ്ട്രീയവും. ലോകത്തെ സമഗ്രമായി കാണുന്ന മാർക്സിസ്റ്റ് സമീപനം കാലഹരണപ്പെട്ടുപോയതാണെന്ന ആശയഗതികൾ ഇവർ പ്രചരിപ്പിക്കുന്നു. ഓരോ വിഭാഗവും സ്വത്വപരമായ കാഴ്ചപ്പാടോടെ സംഘടിച്ച് തങ്ങളുടെ അവകാശങ്ങൾ നേടുകയാണ് വേണ്ടതെന്നതാണ് ഇവരുടെ സമീപനം. ഒരു വിഭാഗത്തിന്റെ പ്രശ്നങ്ങൾ മറ്റാർക്കും മനസ്സിലാകില്ലെന്ന കാഴ്ചപ്പാടും ഇവർ അവതരിപ്പിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ജാതീയമായും വർഗീയമായും സംഘടിക്കുന്നതാണ് പുരോഗമനപരമെന്ന കാഴ്ചപ്പാട് ഉയർന്നുവരികയാണ്. കേരളത്തിന്റെ അക്കാദമിക രംഗത്തും സാംസ്കാരികമേഖലയിലുമെല്ലാം സ്വാധീനം ചെലുത്തുന്ന ഇത്തരം ആശയഗതികളും ഇടതുപക്ഷത്തിനെതിരായ വികാരം സൃഷ്ടിക്കുന്നതിന് ഇടയായിട്ടുണ്ട്.
വർഗീയതയെ എതിർക്കുന്നത് മതവിശ്വാസത്തെ എതിർക്കുന്നതാണെന്ന പ്രചാരണം വലതുപക്ഷം നടത്തുന്നുണ്ട്. സംഘപരിവാറിന്റെ നിലപാടുകൾ എതിർത്താൽ ഹിന്ദുവിരുദ്ധമെന്നും മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമീപനത്തെ തുറന്നുകാണിക്കുമ്പോൾ മുസ്ലിംവിരുദ്ധമാണെന്നുമുള്ള കാഴ്ചപ്പാടും അവതരിപ്പിക്കുന്നു. ഇതിന്റെ ഫലമായി വർഗീയരാഷ്ട്രീയത്തെ ചേർത്തുപിടിച്ച് യുഡിഎഫ് നടത്തുന്ന മുന്നേറ്റത്തെ എതിർക്കുമ്പോൾ, അത് മതവിശ്വാസത്തിനെതിരാണെന്ന പ്രചാരണം നടക്കുന്നു. ഇതുപയോഗിച്ച് വോട്ട് പിടിക്കുന്ന സമീപനം യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നു.
എൽഡിഎഫിന് ഈ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് നിരവധി ഘടകങ്ങളുണ്ടെന്നു കാണാം. അവയെ തിരിച്ചറിഞ്ഞുകൊണ്ട് ഇടപെടുകയെന്നതാണ് പ്രധാനം. സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി, പരാജയത്തിന്റെ കാരണങ്ങൾ ഇത്തരത്തിലുള്ള നിരവധി ഘടകങ്ങളുമായി ചേർന്നുനിൽക്കുന്നതാണെന്ന് തിരിച്ചറിയുകയാണ് ചെയ്യുന്നത്. ഈ യാഥാർഥ്യം മനസ്സിലാക്കാതെ കള്ളപ്രചാരവേലകളുമായി രംഗത്തിറങ്ങുന്ന വലതുപക്ഷശക്തികളുടെ ലക്ഷ്യം ഇടതുപക്ഷത്തിന്റെ തകർച്ചയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കഴിയണം.















