ad
Deshabhimani

Articles

ഓരോ ദിനവും ഗാസയുടേതാണ്

ഓരോ ദിനവും ഗാസയുടേതാണ്

gaza
നിതീഷ് നാരായണൻ

Published on Nov 10, 2025, 02:38 AM | 3 min read

ഗാസയിൽ ഇനിയും സമാധാനം പുലർന്നിട്ടില്ല. ഏറെ ആഘോഷിക്കപ്പെട്ട വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും ബോംബുകൾ വർഷിക്കപ്പെട്ടു. നൂറിലേറെ പേർ അതിനുശേഷം മാത്രം കൊല്ലപ്പെട്ടു. വീടുകളും സ്കൂളുകളും ആശുപത്രികളും പാതകളും ജീവിതോപാധികളും തുടങ്ങി എല്ലാം തകർക്കപ്പെട്ടിടത്തേക്ക് വംശഹത്യയിൽ ബാക്കിയായ പലസ്തീനികൾ തിരിച്ചു വരുന്ന കാഴ്ച ലോകം കാണുന്നു. എന്നാൽ ആ യാത്ര മനുഷ്യവംശം സഹിച്ച എല്ലാ സഹനങ്ങളുടെയും മുറിവുകൾ പേറിയുള്ളതാണെന്ന് നാം മറക്കരുത്.


കഴിഞ്ഞ ഒക്ടോബർ 16ന്, വടകരയിലെ മണിയൂരിൽ ഡിവൈഎഫ്ഐ ഒരു ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. ലോക ഭക്ഷ്യദിനമായിരുന്നു അന്ന്. പട്ടിണി അടിച്ചേൽപ്പിക്കപ്പെട്ട ഗാസയിലെ മനുഷ്യരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യുവജന സഖാക്കൾ ഉപവാസമിരിക്കാൻ തീരുമാനിച്ചത്. ഗാസയിലെ ഏകദേശം എല്ലാ ജനങ്ങളും ഭക്ഷ്യക്ഷാമം നേരിടുന്നവരാണ്. അവരുടെ കൃഷിയിടങ്ങളും മത്സ്യസമ്പത്തിന്റെ ഉറവിടങ്ങളും ധാന്യശേഖരങ്ങളും വിഷം കലർത്തപ്പെട്ടിരിക്കുന്നു. ക്രൂരമായ സയണിസ്റ്റ് യുദ്ധത്തിൽ സർവവും നഷ്ടപ്പെട്ടിരിക്കുന്ന മനുഷ്യർക്കിടയിലേക്ക് ഭക്ഷണവുമായി എത്തുന്ന ട്രക്കുകളെ അതിർത്തിയിൽ തടഞ്ഞുവച്ചു, ഭക്ഷണത്തിനായി ഒത്തുചേർന്നവർക്ക് നേരെ ഇസ്രയേൽ സൈന്യം വെടിയുതിർക്കുന്ന ഭീകരതയും കാണേണ്ടിവന്നു. ഇതൊക്കെയാണ് ഗാസയിലെ അനുഭവങ്ങൾ. ലോക ഭക്ഷ്യദിനത്തിൽ മറ്റേതൊരു നാടിനെയാണ് നാം ആദ്യം ഓർക്കേണ്ടത്? ആ ദിനം മാത്രമല്ല, എല്ലാ ദിനാചരണങ്ങളിലും ആദ്യം മനസ്സിലേക്ക് വരേണ്ടത് പലസ്തീനിലെ മനുഷ്യർ തന്നെയാണ്. പലസ്തീനെ ഓർമിക്കാതെ നമ്മുടെ ഒരു ദിനവും കടന്നുപോകുന്നില്ല എന്നതാണ് മാനവികതയുടെ സത്യം.


ഭക്ഷ്യദിനത്തിനും ഒരാഴ്ച മുമ്പാണ് ലോക മാനസികാരോഗ്യ ദിനം (ഒക്ടോബർ 10) കൊണ്ടാടപ്പെട്ടത്. ആരോഗ്യമെന്നാൽ ശാരീരികമായ സൗഖ്യത്തിനൊപ്പം തന്നെ പൂർണമായ സാമൂഹികവും മാനസികവുമായ ക്ഷേമംകൂടിയാണെന്ന് ലോകാരോഗ്യ സംഘടന തന്നെ നിർവചിക്കുന്നുണ്ട്. മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുമ്പെന്നത്തേക്കാളുമേറെ ചർച്ചകളും ഇപ്പോൾ നടക്കുന്നുണ്ട്. ഗാസയ്ക്കുമേലുള്ള യുദ്ധം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കമ്യൂണിറ്റി ട്രയിനിങ്‌ സെന്റർ ഫോർ ക്രൈസിസ് മാനേജ്മെന്റ്‌ നടത്തിയ പഠനം ഞെട്ടിക്കുന്ന കണക്കുകളാണ് അവതരിപ്പിച്ചത്. ഗാസയിലെ 79 ശതമാനം കുട്ടികളും ഉറക്കത്തിൽ പേടിസ്വപ്നം കണ്ട് ഞെട്ടിയുണരുന്നു. ആകാശത്തെ സങ്കൽപ്പിക്കുമ്പോൾ നക്ഷത്രങ്ങൾക്കുപകരം യുദ്ധ വിമാനങ്ങളെയും മിസൈലുകളെയും മാത്രം കാണാനാകുന്നവരാണ് അന്നാട്ടിലെ കുട്ടികൾ.

നവംബർ 20 നു ലോകം കുട്ടികളുടെ ദിനം കൊണ്ടാടും. അതിനും ഒരാഴ്ച മുമ്പ്‌ ഇന്ത്യയിൽ ദേശീയ ബാലദിനം ആഘോഷിക്കും.


പ്രൊഫസർ ലീലാവതി ടീച്ചർ ഓർമിപ്പിച്ചതുപോലെ ‘ഏത് നാട്ടിലായാലും ഏത് മതമായാലും ഏത് ജാതിയായാലും കുഞ്ഞുങ്ങളെല്ലാം ഒരുപോലെയല്ലെ, അത് ഇവിടത്തെ കുട്ടികളാണെങ്കിലും ഗാസയിലെ കുട്ടികളാണെങ്കിലുമൊക്കെ'. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിൽ വളരാനും സന്തോഷം അനുഭവിക്കാനും പഠനത്തിനും പോഷകാഹാരത്തിനും മാതാപിതാക്കളുടെ സംരക്ഷണത്തിനുമെല്ലാം കുട്ടികൾക്കുള്ള അവകാശം ഉറപ്പിക്കണമെന്നാണ് ഈ ദിനം കൊണ്ടാടുന്നതിലൂടെ ലോകം ആവർത്തിക്കുന്നത്. കഴിഞ്ഞ ഇരുപത്തിരണ്ട് മാസങ്ങൾക്കുള്ളിൽ ഗാസയിൽ മാത്രം കൊല്ലപ്പെട്ടത് ഇരുപതിനായിരത്തിലേറെ കുട്ടികളാണ്. അതിലുമെത്രയോ അധികമാണ് ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ എണ്ണം. യു എന്നിന്റെ പലസ്തീൻ ഏജൻസി കമീഷൻ ജനറലായ ഫിലിപ്പ് ലസാറിനി സാക്ഷ്യപ്പെടുത്തിയത് ഇങ്ങനെയാണ്, “ഓരോ ദിവസവും പത്ത് കുട്ടികൾക്ക് ഇസ്രയേൽ ബോംബാക്രമണത്തിൽ ഒന്നുകിൽ ഒരു കാൽ അല്ലെങ്കിൽ രണ്ട് കാലുകളും നഷ്ടപ്പെട്ടുകൊണ്ടിരുന്നു.” ലോകം കുട്ടികളുടെ ദിനം കൊണ്ടാടുമ്പോൾ ഗാസയിലെ കുഞ്ഞുങ്ങളെയല്ലാതെ മറ്റാരെയാണ് നാം ഓർക്കേണ്ടത്?


മെയ് മൂന്നിനാണ് ലോക പത്ര സ്വാതന്ത്ര്യ ദിനം. മാധ്യമ പ്രവർത്തകർക്ക് ഭയരഹിതവും സുരക്ഷിതവുമായ സാഹചര്യത്തിൽ പ്രവർത്തിക്കാൻ സാധിക്കണം. കഴിഞ്ഞ രണ്ട് വർഷത്തിനകം മാത്രം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനിലെ മാധ്യമപ്രവർത്തകരുടെ എണ്ണം ഇരുനൂറ്റി എഴുപതിലേറെയാണ്. അൽ ജസീറയുടെ മാത്രം പത്തോളം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. നിർഭാഗ്യവശാൽ, കേരളത്തിൽ അങ്ങോളമിങ്ങോളം നടന്നുവരുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ കണ്ട് പ്രകോപിതനായ ഒരു മാധ്യമ പ്രവർത്തകൻ ആക്രോശിച്ചത് പക്ഷേ, ‘പലസ്തീൻ കേരളത്തിലാണോ?’ എന്നായിരുന്നു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽപ്പറത്തിയും മാധ്യമ പ്രവർത്തനത്തിന് കൽപ്പിച്ചു നൽകപ്പെട്ട പരിഗണനകൾ പൂർണമായും റദ്ദാക്കിയും പലസ്തീനിൽ താൻ ചെയ്യുന്ന അതേ തൊഴിൽ ചെയ്യുന്നവർക്ക് മേൽ നടക്കുന്ന ഭീകരതയെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിൽ ആ അവതാരകന് അങ്ങനെ ചോദിക്കാൻ മാത്രം ഹൃദയം പ്രവർത്തനരഹിതമാകുമായിരുന്നോ?


ശുദ്ധജലം മനുഷ്യരുടെ അവകാശമാണ് എന്ന സന്ദേശവുമായാണ് മാർച്ച് 22 ന് ലോക ജലദിനമായി കൊണ്ടാടുന്നത്. ഗാസയിലെ എൺപത്തിയഞ്ച് ശതമാനം ശുദ്ധജല സ്രോതസ്സുകളും മലിനമാക്കപ്പെട്ടിരിക്കുന്നു. കനാലുകളും കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളുമെല്ലാം രാസവസ്തുക്കൾ നിറഞ്ഞ് മലീമസമായിരിക്കുന്നു. കുഴൽക്കിണർ കുഴിക്കാൻ മുതൽ ജോർദാൻ നദിയിൽനിന്ന് വെള്ളമെടുക്കുവാൻവരെ അവർക്ക് ഇസ്രയേലിന്റെ അനുവാദത്തിന് കാത്തുനിൽക്കണം. അന്നാടിനെക്കുറിച്ച് ആലോചിക്കാതെ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം കൊണ്ടാടുന്നതും എങ്ങനെ?


ഏപ്രിൽ ഏഴിനാണ് ലോക ആരോഗ്യ ദിനം. ലോകത്ത് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുകയും ആശുപത്രികൾ തകർക്കപ്പെടുകയും ആരോഗ്യ സംവിധാനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്ത നാടിന്റെ പേരാണ് ഗാസ. യുദ്ധകാലത്തുപോലും ആരോഗ്യ സ്ഥാപനങ്ങൾ ആക്രമിക്കാതിരിക്കുക എന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മര്യാദയും ധാരണയുമാണ്. ഒക്ടോബർ ആദ്യവാരം ലോകാരോഗ്യ സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ഗാസയിലെ 36 ആശുപത്രികളിൽ വെറും 14 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കാനാകുന്ന അവസ്ഥയിലുള്ളത് എന്നാണ്. 42 വിദഗ്‌ധ ഡോക്ടർമാർ ഉൾപ്പെടെ കുറഞ്ഞത് 587 ആരോഗ്യ പ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിരിക്കുന്നു.


ഏത് ദിനത്തെയും നമുക്ക് പലസ്തീനിലെ മനുഷ്യരുമായി ബന്ധിപ്പിക്കാനാകും. മനുഷ്യനന്മയിൽ കോർക്കപ്പെട്ട ഏത് ആഘോഷത്തിന്റെയും നക്ഷത്രവെളിച്ചം അന്നാടിന് അനുഭവിക്കേണ്ടിവരുന്ന സാമ്രാജ്യത്വം അടിച്ചേൽപ്പിച്ച മഹാദുരന്തങ്ങൾക്കു മുന്നിൽ കെട്ടുപോകും. ജീവിതത്തിന് അർഥം തേടിയുള്ള ഓരോ യാത്രയും ഗാസ മുനമ്പിൽ തട്ടിനിൽക്കും. അതിജീവിക്കുവാനുള്ള അനക്കങ്ങൾ നിശ്ചലമാകും. നിശ്ശബ്ദതകൾ പോലും കുറ്റകൃത്യമായി മാറും, മനുഷ്യൻ എന്ന പദത്തിന്റെ നിറം കെടുത്തും. അതുകൊണ്ട് തന്നെ, ഒരു ദിവസം ജീവിക്കുകയെന്നാൽ ഒരു ദിവസംകൂടി പലസ്തീനെക്കുറിച്ച് ഓർക്കുക എന്നുകൂടിയാണ് അർഥം.​



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home