ഇ 20 ; വാഹനങ്ങൾക്കല്ല, പിന്നെ ആർക്കാണ് ഗുണം?

ന്യൂഡല്‍ഹി : ഇനി പമ്പുകളിൽ കലർപ്പില്ലാത്ത പെട്രോൾ ലഭിക്കില്ല. 2016 ൽ നോട്ട് നിരോധനിച്ചത് പോലെ കലർപ്പില്ലാത്ത സാധാരണ പെട്രോളിനും കേന്ദ്രം നിരോധനമേർപ്പെടുത്തിയിരിക്കുന്നു. മുൻകൂട്ടി പ്രഖ്യാപനമില്ലാതെയാണ് നോട്ട് നിരോധിച്ചതെങ്കിൽ 2030 ഓടെ എത്തുമെന്ന് പറഞ്ഞ ഇ 20, ഏഴ് വർഷം മുൻപ് തിടുക്കപ്പെട്ട് നടപ്പാക്കി. ഈ തിടുക്കത്തിന് പിന്നിലെ താൽപര്യങ്ങളെക്കുറിച്ച് സംശയങ്ങളേറെയാണ്.
കൃത്യമായി ആസൂത്രണം ചെയ്ത കൊള്ളയാണ് ഇ 20 പെട്രോൾ. 2001ലാണ് പൈലറ്റ് പദ്ധതി എന്നനിലയിൽ എഥനോൾ കലർന്ന പെട്രോൾ ഇന്ത്യയിൽ വിപണനം തുടങ്ങിയത്. 2003 ൽ ഒമ്പത് സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലും ഔദ്യോഗികമായി ഇത് പ്രാബല്യത്തിൽ വരുത്തി. ആദ്യഘട്ടത്തിൽ അഞ്ചുശതമാനം എഥനോൾ കലർത്തിയാണ് എഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതിക്ക് തുടക്കംകുറിച്ചത്. 2022ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ 10 ശതമാനം എഥനോൾ കലർത്തുന്ന രീതിയിലേക്ക് മാറി. എന്നാൽ, 2023 ഏപ്രിലിൽ മാത്രമാണ് രാജ്യത്തെ ഓട്ടോമൊബൈൽ കമ്പനികൾ ഇ20 പെട്രോൾ ഇന്ധനമായി ഉപയോഗിക്കാവുന്ന നിർമാണരീതിയിലേക്ക് മാറിയത്. 2024 ഓടെ രാജ്യത്തെ ആയിരക്കണക്കിന് പമ്പുകളിൽ ഇ20 പെട്രോളാണ് വിതരണം ചെയ്യുന്നത്. 20 % എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയതാണ് ഇ 20 ഇന്ധനം. നിലവിൽ ഇന്ത്യയിലെ ഭൂരിഭാഗം പമ്പുകളിലും ഇ 20 പെട്രോളാണ്. അതായത്, ശുദ്ധമായ പെട്രോളിന് നൽകുന്ന അതേ വിലയിൽ എഥനോൾ കലർന്ന പെട്രോൾ വാഹനങ്ങളിൽ നിറച്ചുനൽകുകയാണ്.
കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി സാധാരണക്കാരെ കൊള്ളയടിക്കാനുള്ള ഗൂഢലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ള ഈ കേന്ദ്ര നയത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. എന്നാൽ വിൽപ്പന നയത്തിൽ നിന്ന് ഒരു തരിപോലും പിന്നോട്ട് പോകാൻ കേന്ദ്രം തയ്യാറല്ല. ഇ 20 പെട്രോൾ വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി തന്നെ തുറന്നുസമ്മതിച്ചിട്ടും എഥനോൾ കലർത്തലിൽ കേന്ദ്ര സർക്കാർ കടിച്ചുതൂങ്ങുകയാണ്.
തീരാത്ത ആശങ്ക
ഇ 20 പെട്രോൾ ഉപയോഗത്തിലൂടെ വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകളാണ് തുടക്കം മുതൽ ഉയരുന്ന ആശങ്ക. ഇതിൽ ഏറ്റവും വലിയ പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത് മൈലേജ് കുറയുമെന്നതാണ്. മൈലേജ് അഞ്ചുമുതൽ ഏഴുശതമാനം വരെ കുറയുമെന്ന്
കാർനിർമ്മാതാക്കളടക്കം പറയുന്നു.
വാഹനങ്ങളിലെ കാർബറേറ്ററുകളെ എഥനോൾ അതിവേഗം തകരാറിലാക്കുന്നുവെന്ന് പല വിദഗ്ധ മെക്കാനിക്കുകളും പറയുന്നു. രണ്ട് മുതൽ മൂന്നുവർഷം കഴിഞ്ഞ വാഹനങ്ങളിലെ കാർബറേറ്ററിനുള്ളിൽ പൊടിപോലെ വസ്‌തു അടിഞ്ഞാണ് പ്രശ്‌നമുണ്ടാകുന്നത്. ഇതോടെ
വണ്ടി സ്‌റ്റാർട്ട് ആകാൻ പ്രയാസമുണ്ടാകുന്നു. ഓടിക്കൊണ്ടിരിക്കുന്നവ പെട്ടെന്ന് നിൽക്കാനും കാരണമാകും. ഇ 20 വന്ന ശേഷം കാർബറേറ്ററുകളുടെ ആയുസ്സ് 30 ശതമാനത്തിലേറ കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതോടെ വിപണിയിൽ കാർബറേറ്റർ വിലയും കൂടി.
ഇ20 ഉപയോഗം വാഹനങ്ങളുടെ എഞ്ചിന്റ ആയുസ്സ് കുറയ്‌ക്കുമെന്നും പൈപ്പുകളും മെറ്റൽ ഭാഗങ്ങളും തുരുമ്പിക്കാനിടയാകുമെന്നതുമാണ് മറ്റൊരു ആശങ്ക. പ്രത്യേകിച്ച് പഴയ വാഹനങ്ങളുടെ കാര്യത്തിൽ, ഇ 20 പെട്രോൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഇന്ധന പൈപ്പുകളിലെയും ടാങ്കിലെയും റബ്ബർ, പ്ലാസ്റ്റിക് ഭാഗങ്ങൾക്ക് വേഗത്തിൽ തേയ്മാനവും കേടുപാടുകളും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ക്രൂഡ് ഓയിൽ അടിസ്ഥാനമാക്കിയുള്ള ഉത്പ്പന്നങ്ങൾ ഫോസിൽ ഇന്ധനങ്ങളാണ്. എഥനോൾ ഉത്പാദനത്തിനായി കരിമ്പ്, ചോളം, അരി തുടങ്ങിയ ഭക്ഷ്യവിളകളാണുപയോഗിക്കുന്നത്. ഫോസിൽ ഇന്ധനത്തിന്റെയും ജൈവ ഇന്ധനങ്ങളുടെയും രാസഘടനയും പ്രവർത്തനരീതിയും വ്യത്യസ്തമാണ്. ജൈവ ഇന്ധനങ്ങൾ ഫോസിൽ ഇന്ധനങ്ങളുടെ അതേ ക്ഷമതയിലല്ല പ്രവർത്തിക്കുന്നത്. ജൈവ ഇന്ധനങ്ങളുടെ പ്രവർത്തനക്ഷമതയെക്കുറിച്ചുള്ള പഠനങ്ങളും പരീക്ഷണങ്ങളും നടക്കുന്നതേയുള്ളൂ. മാത്രമല്ല, രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും.
കൊള്ളലാഭം കൊയ്യുന്ന സ്വകാര്യകമ്പനികൾ
രാജ്യത്തെ കുത്തക മുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാനുള്ള മാർഗമായി ഇ 20 യെ കേന്ദ്രം ഏൽപ്പിച്ചുനൽകുകയാണ്. എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനായി സ്വകാര്യ ഡിസ്റ്റിലറികൾക്ക് മോദി സർക്കാർ തുച്ഛമായ വിലയ്ക്ക് ഭക്ഷ്യധാന്യം നൽകിയതിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. അതായത് 2022-23 ൽ സബ്സിഡി നിരക്കിൽ എഥനോൾ ഉൽപ്പാദനത്തിനായി 15.15 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം നൽകിയപ്പോൾ സംസ്ഥാനങ്ങൾക്ക് വെറും 1.83 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് നൽകിയത്. ഭക്ഷ്യരംഗത്തേക്കുള്ള അദാനിയുടെ കടന്നുവരവും പെട്രോളിലെ എഥനോൾ കലർത്തലുമായി കൂട്ടിവായിക്കുമ്പോഴാണ് രാജ്യത്തെ കർഷകർ വഞ്ചിക്കപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന വിവരം മനസിലാകുന്നത്. തന്റെ കുടുംബത്തിന് പഞ്ചാസാരനിർമാണശാലകളുണ്ടെന്ന കാര്യം ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും സമ്മതിച്ചിട്ടുണ്ട്. ഇ 20 എഥനോൾ മിശ്രിത ഇന്ധനനയത്തിൽ നിന്ന് ഇത്തരത്തിൽ പലർക്കും സാമ്പത്തികലാഭം ലഭിക്കുന്നുവെന്നതാണ് യാഥാർഥ്യം.
യുഎസിന്റ താൽപര്യം
ഇതിനെല്ലാം പുറമെ രാജ്യത്ത് ഇ20 പദ്ധതി തിടുക്കപ്പെട്ട് നടപ്പാക്കിയതിന് പിന്നിൽ അമേരിക്കയുടെയും വൻ വ്യവസായ ലോബികളുടെയും താത്പര്യങ്ങളുമുണ്ട്. ഇന്ത്യയുടെ എഥനോൾ കലർപ്പ് പദ്ധതിയെ ആദ്യം സ്വാഗതം ചെയ്തത് അമേരിക്കയാണ്. ഇപ്പോൾ തന്നെ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി ഇന്ത്യ ഏറ്റവും അധികം എഥനോൾ ഇറക്കുമതി ചെയ്യുന്നത് അമേരിക്കയിൽ നിന്നാണ്. അന്താരാഷ്ട്ര തലത്തിൽ പുതിയ വിപണികൾ കണ്ടെത്തുക എന്നത് അമേരിക്കൻ ലോബിയുടെ പ്രധാന ലക്ഷ്യമാണ്. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്ന അവസരത്തിലും 2030 ഓടെ പെട്രോളിൽ എഥനോളിന്റെ അളവ് 30 ശതമാനമായി ഉയർത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ രാജ്യത്തെ ചില പമ്പുകളിൽ ഇ85 അവതരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, അപ്പോഴും രാജ്യത്തെ കർഷകരും വാഹനഉടമകളും ഉയർത്തിയ ആശങ്കകൾ പരിഹരിക്കപ്പെടുന്നില്ല.









0 comments