നീണ്ടകരയിൽ കണ്ണടച്ച് സർക്കാർ; വിവാദമായതിനെ തുടർന്ന് ഒൻപതാം നാൾ സ്‌കൂബാ സംഘത്തെ ഇറക്കുമെന്ന് വാഗ്ദാനം

തെരച്ചിലിലെ സർക്കാർ അനാസ്ഥയ്ക്കെതിരെ റോഡിൽ പ്രതിഷേധിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബം
കൊല്ലം: കൊല്ലം നീണ്ടകരയിൽ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധം ശക്തം. തെരച്ചിൽ നടത്ത തഴഞ്ഞ് ഒടുവിൽ ഒൻപതാം നാൾ വിവാദങ്ങളെ ഭയന്ന് സ്‌കൂബാ ടീമിനെ തെരച്ചിലിനെത്തിക്കുമെന്ന് സർക്കാർ.
സംഭവത്തിൽ തെരച്ചിൽ കാര്യക്ഷമമായി നടക്കുന്നില്ല എന്നാരോപിച്ച് മത്സ്യത്തൊഴിലാളികളുടെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നിട്ടും തെരച്ചിൽ മന്ദഗതിയിൽ തന്നെ തുടർന്നതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഇതിനെത്തുടർന്ന് സ്‌കൂബാ സംഘത്തെ തെരച്ചിലിനെത്തിക്കും എന്ന വാഗ്ദാനവുമായി ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ എത്തിയിരിക്കുകയാണ്. വിഴിഞ്ഞത്തുനിന്ന് പോയ ജോൺ മത്യാസ്, മുതലപ്പൊഴിയിൽനിന്ന് കാണാതായ ഫ്രീമോൻ, നീണ്ടകര പുത്തൻതുറയിലെ ഗൗതം കൃഷ്‌ണ, ആലപ്പുഴ കാടൂർ സ്വദേശി പുഷ്‌പാംഗദൻ എന്നിവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഷിജിനെ കാണാതായിട്ടും എട്ട് ദിവസം കഴിഞ്ഞു. ഇവർക്കായുള്ള തെരച്ചിലും മന്ദഗതിയിലാണ് നടക്കുന്നത്. ദുരന്ത സമയത്ത് അടിയന്തര രക്ഷാപ്രവർത്തനത്തിനെത്തേണ്ട ഫിഷറീസ് വകുപ്പിന്റെ ഗുരുതര വീഴ്ചകളാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
മാധ്യമങ്ങളുടെ മുന്നിലും ഉത്തരം പറയാതെ തടിതപ്പുകയായിരുന്നു മന്ത്രി. ശേഷം പത്രക്കുറിപ്പിലൂടെയാണ് തെരച്ചിലിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ‘സർക്കാർ വന്നിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള സൗകര്യങ്ങൾവച്ച് തിരച്ചിൽ നടത്തുന്നുണ്ട്.
കുടുംബങ്ങളുമായി ഉദ്യോഗസ്ഥർ സംസാരിക്കുന്നുണ്ട്’ എന്നുമാത്രമാണ് മന്ത്രിയുടെ മറുപടി. സ്ഥലം സന്ദർശിക്കാത്തതെന്തുകൊണ്ടെന്ന് മാധ്യമപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോൾ, പ്രഥമ പരിഗണന കാണാതായവരെ കണ്ടുപിടിക്കാനാണെന്ന് പറഞ്ഞ് മന്ത്രി തടിതപ്പി.









0 comments