ad
Deshabhimani

മഴ കുറഞ്ഞു; കുട്ടനാട് വെള്ളത്തിൽ തന്നെ

PIC

എല്ലാ ദുരിതവും മറന്നൊരു ചിരി

വെബ് ഡെസ്ക്

Published on Aug 08, 2026, 02:12 PM | 2 min read

ദുരിതം തുടർക്കഥയാകുമ്പോൾ കുട്ടനാടെന്ന അതിമനോഹരമായ നാട് ഒരോ മഴക്കാലത്തും പ്രദേശവാസികൾക്ക് ഭീതിജനകമായ ഓർമയായി മാറുകയാണ്. പുറമേ നിന്നുള്ള കാഴ്ച്ചക്കാർക്ക് പച്ചപുതച്ച നെൽപ്പാടവും താറാവിൻ കൂട്ടങ്ങൾ ഒന്നിച്ചൊന്നായ് നീന്തിത്തുടിക്കുന്നതും തെളിഞ്ഞ ജലാശയവും രുചികരമായ കടൽ-കായൽ മത്സ്യങ്ങളുടെ സ്വാദുമൊക്കെ ഒന്നിച്ചുചേരുന്ന കേരളത്തിലെ ഏക പ്രദേശങ്ങളിലൊന്നാണ് കുട്ടനാടെങ്കിൽ, കുട്ടനാട്ടുകാരെ സംബന്ധിച്ച് മടവീഴ്ച്ചയും കിഴക്കൻ‌ വെള്ളം സംഭാവന ചെയ്യുന്ന വെള്ളപ്പൊക്കവും ഏക്കറുകളുടെ കൃഷുനാശം വിതയ്ക്കുന്ന മഴക്കെടുതിയും ചേർന്ന ദുരിതക്കയമാണത്


ഒരാഴ്ചയായി കേരളത്തിൽ പെയ്ത കനത്ത മഴയിൽ കുട്ടനാടായിരുന്നു യഥാർഥ ഇരയായി മാറിയത്. പമ്പയും മണിമലയാറും ഒഴുക്കുന്ന വെള്ളം കുട്ടനാടിനെ മുക്കുകയായിരുന്നു. പലരുടേയും വീടിന്റെ പകുതിയോളം വരെ വെള്ളമെത്തി കെട്ടിനിൽക്കുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി റോഡേതാണ് പുഴയേതാണ് കായലേതാണെന്ന് തിരിച്ചറിയാത്ത അവസ്ഥയിലായി കാര്യങ്ങൾ.


മണിമലയാർ, പമ്പ തുടങ്ങിയ നദികൾ നിറയുന്നതിന് പിന്നാലെ വെള്ളം അപ്പർകുട്ടനാട്ടിലേക്കെത്തും. ആഗസ്‌ത്‌ ഒന്നുമുതൽ ആറുവരെയുള്ള കണക്കെടുത്താൽ‌ കുട്ടനാടൻ പാടശേഖരത്തിൽ ഇതുവരെ വീണത്‌ 12 മടകളാണ് . തകഴി പഞ്ചായത്തിലാണ്‌ കൂടുതൽ. നാലിടത്താണ്‌ വീഴ്‌ച. ചേട്ടുതറക്കരി, കൊല്ലനാടി, മാമ്പുഴക്കരി, ചൂരവടിപ്പാടം എന്നിവിടങ്ങളിലാണ്‌ മട വീണത്‌. ചമ്പക്കുളം പഞ്ചായത്തിൽ ഏഴുകാട്‌, മൂലപൊങ്ങമ്പ്ര, പടച്ചാൽ എന്നിവിടങ്ങളിലും പുളിങ്കുന്ന്‌ തെക്കേ മണപ്പള്ളി, വടക്കേക്കര മായക്കാട്‌, നെടുമുടി മണപ്ര വടക്ക്‌, കരുവാറ്റ ചാലുങ്കൽ, അമ്പലപ്പുഴ തെക്ക്‌ വലിയതുരുത്ത്‌–ചെറിയതുരുത്ത്‌ പാടശേഖരങ്ങളിലുമാണ്‌ മട വീഴ്‌ച.


12.53 കോടി രൂപയുടെ നഷ്‌ടമാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഇത്‌ കാലവർഷത്തിൽ ജില്ലയിലുണ്ടായ മൊത്തം കൃഷിനാശത്തിന്റെ 61.40 ശതമാനം വരും. മഴമൂലമുണ്ടായ വെള്ളം മറ്റ് ജില്ലകളിൽ‌ രണ്ട് ദിവസത്തിൽ ഇറങ്ങുമ്പോൾ രണ്ടാഴ്ചയോളമാണ് കുട്ടനാട്ടിൽ ജനത്തെ ദുരിതത്തിലാക്കി വെള്ളം കെട്ടിനിൽക്കുന്നത്. ബസ് ​ഗതാ​ഗതം പൂർണമായി അവസാനിപ്പിക്കേണ്ട സ്ഥിതിയിലായി. അതേ സമയം തന്നെ ക്യാമ്പുകളിലും നിരവധി ആളുകൾ തുടരുകയാണ്.


തലവടിയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. പുളിങ്കുന്ന് എഞ്ചിനീയറിം​ഗ് കോളേജിലാണ് ഏറ്റവും അധികം ആളുകൾ‌ താമസിക്കുന്ന ക്യാമ്പുള്ളത്. ഡിവെെഎഫ്ഐ പ്രവർത്തകരുടെ സജീവ ഇടപെടലാണ് ഇവിടെയുള്ളത് .ക്യാമ്പുകൾ‌ പൂർണമായി ഡി വെെഎഫ്ഐ യൂത്ത് ബ്രി​ഗേഡ് ഏറ്റെടുത്തിരിക്കുന്നു എന്ന് തന്നെ പറയാം. കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളാണ് ക്യാമ്പുകളേക്കാൾ കൂടുതലായി പ്രവർത്തിക്കുന്നത്. ഇത് പറയുന്പോള്‍ തന്നെ അപ്പർ‌ കുട്ടനാട്ടിൽ നല്ല നിലയിൽ വെള്ളം താഴ്ന്നിട്ടുമുണ്ട്. കിഴക്കൻ മേഖലയിൽ മഴ മാറിനിൽക്കാത്ത സ്ഥി

തിയുണ്ടായാൽ വീണ്ടും വെള്ളം പൊങ്ങിയേക്കാം. മടവീഴ്ചയ്ക്കും മറ്റും കാരണമായേക്കാം. കഴിഞ്ഞ വെള്ളപ്പോക്കത്തിന് ശേഷം മഴക്കാലത്തിന് 3 മാസംമുന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍‌ തോട്ടപിള്ളി സ്പിൽ വേയിലെ മണ്ണ് നീക്കുമായിരുന്നു .എന്നാൽ യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ കാണിച്ച വീഴ്ച്ചയാണ് കുട്ടനാട്ടിൽ‌ വലിയ പ്രതിസന്ധി ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്.


തോട്ടപ്പള്ളി സ്‌പിൽവേയിലൂടെ കടലിലേക്കുള്ള വെള്ളമൊഴുക്ക് ഇപ്പോഴും വേഗത്തിലായിട്ടില്ല. ജില്ലയിലെ 127 ദുരിതാശ്വാസ ക്യാമ്പിലായി 6487 കുടുംബത്തിലെ 18,057 പേരുണ്ട്. ഇതിൽ 7401‌ പുരുഷന്മാരും 8514 സ്‌ത്രീകളും 2142 കുട്ടികളും ഉൾപ്പെടും. ചെങ്ങന്നൂർ- 40, കുട്ടനാട് ​-33, കാർത്തികപ്പള്ളി- 23, മാവേലിക്കര- 15​, ചേർത്തല- അഞ്ച്​​, അമ്പലപ്പുഴ -11 എന്നിങ്ങനെയാണ്​ ക്യാമ്പുകൾ. 
 കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലായി 599 കഞ്ഞിവീഴ്‍ത്തൽകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കിഴക്കൻവെള്ളത്തിന്റെ വരവ് കുറഞ്ഞതിനാൽ തലവടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം പതുക്കെ ഇറങ്ങിത്തുടങ്ങി. നിരവധി റോഡുകളിലും വീടുകളുടെ പരിസരങ്ങളിലും വെള്ളം ഗണ്യമായി കുറഞ്ഞു. അമ്പലപ്പുഴ- – തിരുവല്ല സംസ്ഥാനപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. അമ്പലപ്പുഴ- –തിരുവല്ല കെഎസ്ആർടിസി ബസ് സർവീസുകൾ പുനരാരംഭിച്ചു. വെള്ളപ്പൊക്കത്തിന്‌ അയവുണ്ടായതോടെ ക്ഷേത്രങ്ങൾ, പൊതുസ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങളും സജീവമായി.


മഴക്കാലമായാൽ കുട്ടനാട്ടുകാർ‌ മറ്റിടങ്ങളിൽ നിന്നുമുള്ള അണമുറിയാത്ത ജലം പേറി ദുരിതത്തിലാകുന്നത് ശീലിച്ചചെങ്കിലും തോട്ടപ്പിള്ളി സ്പിൽ‌വേയിലെ മണ്ണെടുക്കാത്ത യുഡിഎഫ് സർക്കാരിന്റെ അനാസ്ഥ വലിയ തിരിച്ചടിയാണ് വെള്ളത്തിന്റെ ഒഴുക്കിനുണ്ടാക്കിയത്. ഇത് മൂലം അപ്പർ കൂട്ടനാട്ടിൽ നിന്നെത്തിയവ ജലം ഒഴുകിപ്പോകാതെ ഒരു ജനതയ്ക്ക് എന്നും തീരാദുരിതമാകുകയാണ്. കആളപായമോ അപകട മരണമോ ഒന്നും വെള്ളക്കെട്ട് മൂലം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാതാണ് ആശ്വാസം. കേരളത്തിന്‌റെ നെല്ലറയും പ്രകൃതിയുടെ സൗന്ദര്യവും ഒത്തിണങ്ങിയ കുട്ടനാട്ടിലെ ജനങ്ങളെ വെള്ളത്തിൽ‌ മുക്കുന്ന ദുരിതം ഒരുപരിധി വരെയെങ്കിലും അവസാനിപ്പിക്കാൻ അധിൃകതർ കാര്യക്ഷമമായി നടപടികൾ കെെകൊണ്ടെ പറ്റു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home