ടീം ഇന്ത്യ പരിക്കിൽ;13 താരങ്ങൾ ബംഗളുരുവിൽ പുനരധിവാസത്തിൽ

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിനെ പരിക്ക് ആശങ്കകൾ അലട്ടുന്നു. ഓഗസ്റ്റ് 15 ന് ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ നിരവധി പ്രധാന താരങ്ങൾ പരിക്ക് മൂലം പുറത്തായപ്പോൾ, മറ്റുചിലർ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഇതിനകം ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് പുറത്തായിട്ടുണ്ട്. വാഷിങ്ടൺ സുന്ദറിന്റെയും സായ് സുദർശന്റെയും ഫിറ്റ്നസ് നിലയും ടീം മാനേജ്മെന്റ് നിരീക്ഷിച്ചുവരികയാണ്.
നിലവിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായോ ഭാവിയിൽ ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടാവുന്നവരായോ ഉള്ള 13 താരങ്ങൾ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ പുനരധിവാസത്തിലാണ്. തുടർച്ചയായ പരിക്കുകൾ വിവിധ ഫോർമാറ്റുകളിലെ ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥയെയും ബാധിക്കുന്നുണ്ട്.
ഇടത് കാൽമുട്ടിലെ വീക്കത്തെ തുടർന്നാണ് ജസ്പ്രീത് ബുമ്ര ശ്രീലങ്കൻ പരമ്പരയിൽ നിന്ന് പുറത്തായത്. പുനരധിവാസത്തിനിടെ ജോഗിങ്ങിലും ഒറ്റക്കാലിൽ ചെയ്യുന്ന വ്യായാമങ്ങളിലും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് താരത്തിന്റെ തിരിച്ചുവരവിന് ഇതുവരെ കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല.
ഇടത് തുടയിലെ പരിക്കിൽ നിന്ന് മുക്തനാകുന്നതിനിടെ ഹാർദിക് പാണ്ഡ്യക്കും നേരിയ തിരിച്ചടി നേരിട്ടു. പൂർണ തീവ്രതയിൽ ബൗളിങ് പുനരാരംഭിച്ചതിന് പിന്നാലെ വലത് കാൽവണ്ണയിൽ വേദന അനുഭവപ്പെട്ടതോടെ ഓട്ടവും ബൗളിങ്ങും താൽക്കാലികമായി നിർത്തിയിരുന്നു. ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിച്ച താരം വീണ്ടും ഓട്ടപരിശീലനം ആരംഭിച്ചിട്ടുണ്ട്.
ഇടത് തുടയിലെ പരിക്കിൽ നിന്ന് മുക്തനാകുന്ന നിതീഷ് കുമാർ റെഡ്ഡി ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു. ബൗളിങ്ങിനൊപ്പം സ്പ്രിന്റ് പരിശീലനവും ശക്തി വർധിപ്പിക്കുന്ന വ്യായാമങ്ങളും താരം തുടരുകയാണ്.
വലത് കാലിലെ സ്ട്രെസ് റിയാക്ഷനിൽ നിന്ന് മുക്തനായ സായ് സുദർശൻ ബാറ്റിങ്ങും ഫീൽഡിങ്ങും പുനരാരംഭിച്ചിട്ടുണ്ട്. പരിശീലനത്തിന് ശേഷം ചെറിയ വേദന തുടരുന്നതിനാൽ താരത്തിന്റെ ഫിറ്റ്നസ് മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
വലത് ഹാംസ്ട്രിങ് പരിക്കേറ്റ ഹർഷിത് റാണയും പുനരധിവാസത്തിൽ പുരോഗതി കൈവരിക്കുന്നുണ്ട്. ശക്തിയും ചടുലതയും ഫിറ്റ്നസും മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനത്തിലാണ് താരം. 13 താരങ്ങൾ ബംഗളുരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ പുനരധിവാസത്തിലാണെന്നാണ് ദി ഡെയിലി ജാഗ്രൻ ക്രിക് ഡെയിലി റിപ്പോർട്ട് ചെയുന്നു
ശ്രീലങ്കൻ ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിന്റെ ആദ്യ ദിനത്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും കളിക്കാനായില്ല. പരിശീലനത്തിനിടെ വലത് കൈയിലെ മോതിരവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ഗിൽ വിശ്രമിച്ചത്.
മുൻകരുതലിന്റെ ഭാഗമായാണ് താരത്തെ മത്സരത്തിൽ നിന്ന് മാറ്റിനിർത്തിയതെന്നാണ് ബിസിസിഐ അറിയിച്ചത്. ഗില്ലിന്റെ അഭാവത്തിൽ കെഎൽ രാഹുലാണ് ടീമിനെ നയിക്കുന്നത്.
നിരവധി താരങ്ങളുടെ അഭാവത്തിൽ ശ്രീലങ്കൻ പരമ്പര ഇന്ത്യയ്ക്ക് നിർണായക പരീക്ഷണമാകും. പരിക്കേറ്റ താരങ്ങളുടെ തിരിച്ചുവരവ് നിശ്ചിത സമയപരിധിയേക്കാൾ ഫിറ്റ്നസ് മാനദണ്ഡങ്ങൾ കൈവരിക്കുന്നതിനെ ആശ്രയിച്ചായിരിക്കും. അതിനാൽ തന്നെ പരമ്പരയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ താരങ്ങളുടെ ഫിറ്റ്നസ് നിലയിലായിരിക്കും ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ പ്രധാന ശ്രദ്ധ.









0 comments