എംഡിഎംഎ പണമിടപാട് കേസ്: അന്വേഷണം ഇതര സംസ്ഥാനത്തേക്ക്; കീർത്തനയ്ക്ക് ഇടപാടുകാരുമായി ബന്ധം

വടകര: അധ്യാപികമാർ ഉൾപ്പെടെ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിൽ അന്വേഷണം ഇതര സംസ്ഥാനത്തേക്കും. കേസിലെ മറ്റ് പ്രതികൾ സംസ്ഥാനത്തിന് പുറത്താണെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽവിട്ട രണ്ടാം പ്രതി കീർത്തനയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എംഡിഎംഎ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ലഹരി വിൽപ്പനയ്‌ക്കായി കുട്ടികളെ ഉപയോഗപ്പെടുത്തിയോ, കുറ്റകൃത്യത്തിന് കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തിയോ, ലഹരി വസ്തുക്കൾ ലഭിച്ച സ്ഥലം എന്നിവ പൊലീസ് ചോദിച്ചറിഞ്ഞു. ഈ കേസിൽ രണ്ട് മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷകസംഘം. കേസുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളും ബാങ്ക് ഇടപാടുകളും പരിശോധിക്കുകയാണ്.
കീർത്തനയ്ക്ക് നിരവധി എംഡിഎംഎ ഇടപാടുകാരുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകളുടെ വിവരങ്ങളാണ് അന്വേഷകസംഘം പ്രധാനമായും ശേഖരിച്ചത്. 15 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകൾ വിവിധ സ്ഥലങ്ങളിലുള്ള എംഡിഎംഎ വിൽപ്പന സംഘങ്ങളുമായി കീർത്തന നടത്തിയിട്ടുണ്ട്. ജനുവരി മുതൽ ജൂൺവരെയുള്ള മാസങ്ങളിലാണ് ഇടപാട് നടന്നത്. ഇതിലൂടെ ലഭിക്കുന്ന പണം കീർത്തന തന്റെ കമീഷൻ കഴിച്ച് മറ്റൊരു പ്രതിയായ ജിജിൻ കുര്യാക്കോസിന് കൈമാറുകയായിരുന്നു.
ലഭിക്കുന്ന തുക വളരെ വേഗം ജിജിന് കൈമാറുന്നതായിരുന്നു രീതി. ബാങ്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് ഇടപാട് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. കീർത്തന അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിച്ചിരുന്നില്ല. ശാസ്ത്രീയ തെളിവുകളുടെയും ബാങ്ക് ഇടപാടുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷകസംഘം പ്രതിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്. കുട്ടികളെ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കീർത്തനയുമായി പണമിടപാട് നടത്തിയ മുഖ്യകണ്ണി ജിജിനാണ്. ഒരു കോടിയോളം രൂപയാണ് ഇയാളുടെ അക്കൗണ്ടിലൂടെ പലരും ഇടപാട് നടത്തിയത്.
നിലവിൽ മൂന്ന് അധ്യാപികമാർ അടക്കം അഞ്ച് പേരാണ് റിമാൻഡിലുള്ളത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസിനെ മറ്റൊരു കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇൗ കേസിൽ വെള്ളിയാഴ്ച ജിജിനെ കോടതിയിൽ ഹാജരാക്കി. ഈ കേസിലും ജിജിനിനെ റിമാൻഡ് ചെയ്തു.









0 comments