ഇൗ ചക്രകസേര ഉരുളുന്നത് സ്വപ്നങ്ങളുടെ ആകാശത്തേക്ക്

ഡോ. ശാരദാദേവി

പി എസ് മഞ്ജരി
Published on Mar 08, 2026, 12:39 PM | 3 min read
'ലോകത്തിന്റെ ഏറ്റവും മനോഹരമായ കാഴ്‌ചകൾ ആസ്വദിക്കാൻ കണ്ണോ കൈയോ വേണ്ട. ഹൃദയം മതി’ എന്ന ഹെലൻ കെല്ലറിന്റെ വാക്കുകൾക്ക് കാലാതീതമായ കരുത്തുണ്ട്. ഹെലൻ കെല്ലറെ പോലെ സ്വന്തം പരിമിതികളെ വെല്ലുവിളിച്ച് അസാധ്യമായതിനെ സാധ്യമാക്കിയ ഒരുപാട് വ്യക്തികൾ നമുക്കു ചുറ്റുമുണ്ട്. അതിജീവനത്തിന് പുതിയ നിർവചനം തേടി അധികമൊന്നും പോവേണ്ടതില്ല.
പരിമിതികളെ പടിക്കുപുറത്താക്കിയ, മനസിനെ തളരാൻ വിട്ടുകൊടുക്കാത്ത ആത്മവിശ്വാസത്തിന്റെ നേർക്കാഴ്ചയാണ് ഡോ. ശാരദാ ദേവി. വിധി തടസപ്പെടുത്തിയ വഴികളിലൂടെ സ്വന്തം കരുത്തിലും ആത്മവിശ്വാസത്തിലും മുന്നേറിവന്ന് തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ, കേരള സംസ്ഥാന യുവജന കമ്മീഷന്റെ യുവപ്രതിഭാ പുരസ്കാരത്തിന് അർഹയായ ഡോ ശാരദാ ദേവി വെല്ലുവിളികൾക്കു മുന്നിൽ തളർന്നുപോകുന്നവർക്ക് ഒരു പാഠപുസ്തകമാണ്.
ഓർമവെച്ച നാൾമുതൽ പഠിച്ചു മുന്നേറണമെന്ന് മനസ്സിലുറപ്പിച്ച കുട്ടിയായിരുന്നു ശാരദ. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയാണെന്ന തോന്നലുണ്ടായിരുന്നെങ്കിലും മുത്തശ്ശിയും വല്യച്ഛനും അമ്മയും അച്ഛനും പഠിപ്പിച്ച അധ്യാപകരുമെല്ലാം നൽകിയ പിന്തുണയാണ് ശാരദാ ദേവിയെ ഇവിടെയെത്തിച്ചത്. "എനിക്ക് ഇതുവരെ അനുഭവിക്കാൻ കഴിഞ്ഞ, ലഭിച്ച എല്ലാ അവസരങ്ങളും എന്റെ ചുറ്റുമുള്ളവരുടെ പിന്തുണയുടെ ഫല’മാണെന്നാണ് ശാരദാ ദേവിയുടെ പക്ഷം.
ചക്രക്കസേരയിലിരുന്ന് ശാരദാ ദേവി അറിവിന്റെ വെളിച്ചം പകരുന്നത് വിദ്യാർത്ഥികൾക്ക് മാത്രമല്ല, പ്രതിസന്ധികൾ നേരിടുന്ന എല്ലാ മനുഷ്യർക്കുമാണ്. ഈ വനിതാ ദിനത്തിൽ നിശ്ചദാർഢ്യത്തിന്റെ ഗാഥയെഴുതിയ ശാരദാ ദേവി പറയുന്നു "നമ്മളിനിയും ഏറെ ദൂരം പോകാനുണ്ട്".
സ്ത്രീ - എല്ലാ ദിവസവും ആഘോഷിക്കപ്പെടണം
‘സവിശേഷ കാർണിവൽ ഓഫ് ഡിഫറന്റ്’വേദിയിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രിയിൽ നിന്ന് ആദരം ഏറ്റുവാങ്ങുന്നു
എല്ലാ അർത്ഥത്തിലും പൂർണമായ നീതി നടപ്പാക്കണം. അതിനുശേഷം മാത്രമേ തുല്യനീതി ഉറപ്പാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ശാരദാ ദേവിയുടെ അഭിപ്രായം. വനിതാ ദിനങ്ങളിൽ ഒതുങ്ങിപ്പോവാതെ സ്ത്രീകൾ എന്നും ആഘോഷിക്കപ്പെടേണ്ടവരാണ്. ആ അവബോധം സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്. ഒരു ഭാഷാ അധ്യാപികയെന്ന നിലയിൽ ഭാഷയിൽ പോലും സ്ത്രീകൾ ബഹുമാനിക്കപ്പെടണമെന്ന് ശാരദാ ദേവി പറയുന്നു.
ഓരോ മനുഷ്യരും വ്യത്യസ്തരെന്ന പോലെ ഓരോ സ്ത്രീയും വൈവിധ്യമുള്ളവരാണ്
സ്ത്രീ മുന്നേറ്റ നടപടികളിൽ നമ്മുടെ സംസ്ഥാനം ഏറെ മുന്നിലാണ്. ഭിന്നശേഷി സ്ത്രീകളുടെ ഉന്നമനത്തിലും കേരളം മാതൃകയാണ്. എങ്കിലും ഇനിയും ഏറെ താണ്ടാനുണ്ട്. നമ്മുടെ സ്ത്രീപക്ഷ മുന്നേറ്റങ്ങൾ പോലും ഭിന്നശേഷി വനിതകളുടെ പ്രശ്നങ്ങളെ സംബോധന ചെയ്തു തുടങ്ങിയിട്ട് അധികമായില്ല.
ഡോ. ശാരദാ ദേവി സഹപ്രവർത്തകർക്കൊപ്പം
പൊതുചർച്ചകളിൽ പോലും ഭിന്നശേഷി സ്ത്രീകൾക്ക് ഇടമുണ്ടായിരുന്നില്ല. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന തരത്തിൽ സ്ത്രീപക്ഷ ചിന്തകൾ ഉയർന്നപ്പോഴാണ് കേരളത്തിലും ഭിന്നശേഷിക്കാരായ സ്ത്രീകളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ തുടങ്ങിയത്. ഓരോ മനുഷ്യരും വ്യത്യസ്തരെന്ന പോലെ ഓരോ സ്ത്രീയും വൈവിധ്യമുള്ളവരാണെന്ന് കുറച്ചുപേരെങ്കിലും അംഗീകരിച്ചു തുടങ്ങി. ഇന്നിപ്പോൾ ഭിന്നശേഷി സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ പലരും ശ്രദ്ധിക്കാറുണ്ട്. സ്ത്രീപക്ഷവാദമെന്നത് ആ തലത്തിൽ മുന്നേറിത്തുടങ്ങിയതിൽ പങ്കുവഹിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഡോ ശാരദാ ദേവി.
അവകാശങ്ങളിലേക്കുള്ള ദൂരം കുറയുന്നു
ഭിന്നശേഷിക്കാരായ സ്ത്രീകൾക്കു വേണ്ടി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. സംരംഭകത്വ പദ്ധതികളായും സ്കോളർഷിപ്പായും വീൽചെയർ പോലുള്ള സഹായ ഉപകരണങ്ങൾ നൽകിയും സർക്കാർ അവർക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തിന് വലിയ പങ്കുവഹിച്ച ഒരു കൂട്ടായ്മയാണ് കുടുംബശ്രീ. ഭിന്നശേഷിയുള്ള ഒരു സ്ത്രീക്ക് എങ്ങനെയാണ് ഒരു കുടുംബശ്രീ പ്രവർത്തകയാവാൻ കഴിയുകയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഡോ. ശാരദാ ദേവി
കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാരായ സ്ത്രീകൾക്ക് വേണ്ടി സുശക്തി പോലുള്ള പദ്ധതികൾ വരുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പരിമിതികളെ വെല്ലുവിളിച്ച് മുന്നോട്ടുവരാൻ ബുദ്ധിമുട്ടുന്നവർക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. പൊതുവേദികളിൽ പോലും ഭിന്നശേഷി സൗഹൃദമാക്കാൻ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. സഹാനുഭൂതിക്കപ്പറും ഇതൊക്കെയും ഭിന്നശേഷിക്കാരുടെ അവകാശമാണെന്നുറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയാണ് ശാരദാ ദേവി.
വിവേചനങ്ങളില്ലാത്ത തലമുറ

ഡോ. ശാരദാ ദേവി വിദ്യാർഥികൾക്കൊപ്പം
വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു തലമുറ വളർന്നുവരുന്നു എന്നുള്ളത് സമൂഹത്തിൽ സംഭവിക്കുന്ന ക്രിയാമ്തകമായ മാറ്റത്തിന്റെ അടയാളമാണ്. പഠിപ്പിക്കുന്ന പല വിദ്യാർഥികളുടെയും കാഴ്ചപ്പാടുകൾ നമ്മുടെ ചിന്തകൾക്കപ്പുറമാണെന്നതിൽ പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്. ഭിന്നശേഷിക്കാരോടായാലും മറ്റു സാമൂഹ്യ വിഷയങ്ങളിലായാലും പക്വത നിറഞ്ഞ, അനുഭാവമുള്ള സമീപനമാണ് ഇന്നത്തെ തലമുറക്കുള്ളത്.
പഴയ ചിന്താഗതിയുള്ളവരെ തിരുത്തുക പ്രയാസമാണെങ്കിലും സകലതിനേയും ഉൾക്കൊള്ളാൻ കഴിയുന്നതുകൊണ്ടുതന്നെ ഈ തലമുറയിലുള്ള കുട്ടികളെ നമുക്ക് തിരുത്താൻ സാധിക്കുമെന്ന് അധ്യാപികയായ ശാരദാ ദേവി വ്യക്തമാക്കുന്നു. വ്യത്യസ്തയുള്ള സഹപാഠികളെ ചേർത്തു നിർത്താനും, മനുഷ്യാവകാശങ്ങളെപ്പറ്റി പഠിപ്പിക്കുമ്പോൾ വേഗത്തിൽ ഉൾക്കൊള്ളാനും അവർക്കു കഴിയുന്നു എന്നത് ശുഭപ്രതീക്ഷ നൽകുന്നുണ്ട്.
കേരളം സ്ത്രീപക്ഷ - ഭിന്നശേഷി സൗഹൃദ സംസ്ഥാനം
ഡോ. ശാരദാ ദേവി
കേരളത്തിൽ പൂർണമായല്ലെങ്കിലും ഭിന്നശേഷി സൗഹൃദമായ അന്തരീക്ഷം നിലവിലുണ്ട്. നിയമങ്ങൾ ഒരുപാടുണ്ടെങ്കിലും നമ്മുടെ കാഴ്ചപ്പാടുകളിലാണ് യഥാർത്ഥത്തിൽ മാറ്റം വരേണ്ടത്. ലോകമാകെ സ്ത്രീകളോടുള്ള സമീപനം മാറിയതിനൊപ്പം കേരളത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന ഒരു സമൂഹമായി നമ്മളിനിയും മുന്നേറാനുണ്ട്. അതിന് സർക്കാർ മാത്രം മുൻകൈയെടുത്താൽ പോരാ, സമൂഹവും മാറേണ്ടതുണ്ട്. സെക്സ് എഡ്യൂക്കേഷനും ജൻഡർ എഡ്യൂക്കേഷനും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനൊപ്പം അടിത്തട്ടിൽ നിന്നുള്ള അവബോധം ഇനിയും ഉറപ്പാക്കണമെന്ന് ഡോ ശാരദാ ദേവി സൂചിപ്പിക്കുന്നു.
ഉദ്യോഗസ്ഥലത്തിൽ പോലും ഈ വിഷയത്തിൽ കൃത്യമായ ബോധവൽക്കരണം ആവശ്യമാണ്. എന്തുകൊണ്ട് കേരളം ഭിന്നശേഷി സൗഹൃദമാകണമെന്ന് തിരിച്ചറിവിലേക്കാണ് സമൂഹം വളരേണ്ടത്. അനുകമ്പയല്ല മറിച്ച് അനുഭാവമാണ് സ്ത്രീകളും ഭിന്നശേഷിക്കാരും ആഗ്രഹിക്കുന്നത് എന്ന ബോധ്യം ഓരോ പൗരനും ഉണ്ടാകേണ്ടതുണ്ട്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും തുല്യനീതിയും അന്തസും ഉറപ്പാക്കുന്ന ഒരു സമൂഹം എങ്ങനെ കെട്ടിപ്പടുക്കാം എന്ന ചിന്തയിലേക്കാണ് നാം വളരേണ്ടത്.
ഈ വനിതാ ദിനത്തിൽ ഐക്യരാഷ്ട്രസഭ മുന്നോട്ട് വയ്ക്കുന്ന ആപ്തവാക്യം തുല്യനീതിക്ക് തടസമാകുന്ന എല്ലാ വെല്ലുവിളികളെയും ഇല്ലാതാക്കാൻ ആഹ്വാനം ചെയ്യുന്നതാണ്. അവകാശങ്ങൾ, നീതി, നടപടി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഉറപ്പാക്കാം (Rights. Justice. Action. For ALL Women and Girls) എന്നതിലൂടെ വിവേചനത്തിന്റെ മതിലുകൾ തകർക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറണം.















