Articles
മലയാളത്തിന്റെ പടിക്കല്‍ സെഞ്ചുറി വസന്തം; ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ചുറിയുമായി ദേവ്ദത്ത്
മലയാളത്തിന്റെ പടിക്കല്‍ സെഞ്ചുറി വസന്തം; ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ചുറിയുമായി ദേവ്ദത്ത്

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ അർഹിച്ച അംഗീകാരം തേടിയെത്തിയപ്പോൾ, ചരിത്രത്തിന്റെ ഏടുകളിലേക്ക് ബാറ്റ് വീശി കയറി മലയാളി താരം ദേവ്ദത്ത് പടിക്കൽ. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഗോളിൽ നടക്കുന്ന അറുനൂറാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം കന്നി അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ചുറിയോടെ (134 പന്തിൽ) ദേവ്ദത്ത് തന്റെ പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരം എന്ന ചരിത്രനേട്ടമാണ് ഇതോടെ ദേവ്ദത്ത് സ്വന്തമാക്കിയത്.
ലഭിച്ച അവസരങ്ങളിലൊക്കെയും പ്രതിഭ തെളിയിച്ചിട്ടും അർഹിച്ച പരിഗണന ലഭിക്കാതിരുന്ന ദേവ്ദത്തിന്, രണ്ടു വർഷത്തെ ടെസ്റ്റ് കരിയറിലെ മൂന്നാം മത്സരത്തിലാണ് ഈ സ്വപ്നനേട്ടം കൈവരിക്കാനായത്. സായ് സുദർശന് പരുക്കേറ്റതിനെ തുടർന്ന് അപ്രതീക്ഷിതമായി ടീമിലെത്തിയ താരം, ആ അവസരം ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കൊളംബോയിൽ നടന്ന സന്നാഹ മത്സരത്തിൽ ശ്രീലങ്കൻ ഇലവനെതിരെ സെഞ്ചുറി നേടിയ ദേവ്ദത്ത്, അതേ ഫോം ഗോളിലെ ഒന്നാം ടെസ്റ്റിലും തുടരുകയായിരുന്നു.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ തുടക്കത്തിൽ യശസ്വി ജയ്സ്വാളിനെ നഷ്ടമായി ഇന്ത്യ പടുതിയിലായപ്പോൾ, കെഎൽ രാഹുലുമൊത്ത് 150 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ദേവ്ദത്ത് ഇന്നിങ്സിന് ഉറച്ച അടിത്തറയിട്ടു. ഒരു സിക്സും ഒൻപത് ഫോറുമടക്കം ശാന്തതയോടെ ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും നിയന്ത്രണം കൈവിടാതെ കളിച്ച മലയാളി താരം, മഴ പലതവണ കളി തടസ്സപ്പെടുത്തിയിട്ടും ശ്രദ്ധ പതറാതെ നിലയുറപ്പിച്ചു. ഒന്നാം ദിനം കളി നിർത്തുമ്പോൾ 178 പന്തിൽ 131 റൺസുമായി പുറത്താകാതെ നിൽക്കുന്ന ദേവ്ദത്ത്, ഇന്ത്യൻ സ്കോർ രണ്ട് വിക്കറ്റിന് 273 എന്ന മികച്ച നിലയിലെത്തിച്ചിട്ടുണ്ട്.
2002ൽ സിംബാബ്‌വെയ്ക്കെതിരെ ഡൽഹിയിൽ സൗരവ് ഗാംഗുലി 136 റൺസ് നേടിയ ശേഷം, മൂന്നാം നമ്പറിലിറങ്ങി ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഇടംകയ്യൻ ബാറ്റ്‌സ്മാനായി ദേവ്ദത്ത് മാറി. 2024ൽ ശുഭ്മൻ ഗില്ലിന് ശേഷം മൂന്നാം നമ്പറിൽ 100 കടക്കുന്ന ആദ്യ താരവുമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ സെഞ്ചുറി തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് (വിരാട് കോലിക്ക് ശേഷം) ദേവ്ദത്ത്.
ദേവ്ദത്ത് പടിക്കലിനെ മലയാളി എന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കുന്നതിൽ തെല്ലും മടി വേണ്ട. കളി ശൈലി കൊണ്ടും സംസ്‌കാരം കൊണ്ടും കർണാടകയുടെ പ്രിയപുത്രനാണെങ്കിലും നന്നായി മലയാളം സംസാരിക്കുന്ന ദേവ് ജനിച്ചതും നാലു വയസ്സുവരെ വളർന്നതും മലപ്പുറം ജില്ലയിലെ എടപ്പാളിലാണ്. മലപ്പുറം എടപ്പാൾ സ്വദേശിയായ അമ്മ അമ്പിളി ബാലൻ പടിക്കലിന്റെ വീട്ടുപേരാണ് ദേവ്ദത്തിന്റെ പേരിനൊപ്പമുള്ള 'പടിക്കൽ'. അമ്മയുടെ സഹോദരൻ മുരളി പടിക്കൽ കേരള അണ്ടർ 19 ടീമിൽ കളിച്ചിട്ടുണ്ട്. അച്ഛൻ ബാബുനു കുന്നത്ത് പാലക്കാട് ചിറ്റൂർ സ്വദേശിയാണ്. ബംഗളൂരുവിൽ ഇലക്ട്രോണിക്സ് ബിസിനസ് രംഗത്താണ് ബാബുനു. എൽഎൽഎം പൂർത്തിയാക്കിയ ചാന്ദ്‌നിയാണ് ഏക സഹോദരി. അച്ഛന് ജോലിമാറ്റമായതോടെ ഹൈദരാബാദിലേക്ക് ചേക്കേറിയ കുടുംബം, പിന്നീട് ക്രിക്കറ്റ് എന്ന ലക്ഷ്യം മുൻനിർത്തി ബംഗളൂരുവിലേക്ക് മാറുകയായിരുന്നു.
കോളേജ് പഠനകാലത്ത് നിലമ്പൂർ മമ്പാട് കോളേജ് ടീമിനായി മലപ്പുറത്ത് ക്രിക്കറ്റ് കളിച്ചു നടന്ന അച്ഛൻ ബാബുനുവിന്റെ ടെലിവിഷൻ ക്രിക്കറ്റ് പ്രേമം കണ്ടാണ് കുഞ്ഞുദേവും കളിയിൽ കമ്പം കയറിയത്. ഏഴാം വയസ്സിൽ ഹൈദരാബാദിൽ വേനൽക്കാല പരിശീലനത്തിന് ചേർന്നതാണ് ദേവ്ദത്തിന്റെ ആദ്യ ക്രിക്കറ്റ് കളരി. കുഞ്ഞുദേവിന്റെ ബാറ്റിങ് പാടവം തിരിച്ചറിഞ്ഞ കോച്ച് ഹരീഷ്, താരത്തെ അക്കാദമിയിൽ നിന്നും സ്കൂൾ ക്രിക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. തുടർന്ന്, മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് ബംഗളൂരുവിലെ വളക്കൂറുള്ള മണ്ണാണ് ഏറ്റവും അനുയോജ്യമെന്ന് മനസ്സിലാക്കിയ അച്ഛൻ ബാബുനു 2011ൽ കുടുംബത്തോടെ ഇവിടേക്ക് താമസം മാറ്റി.
കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിൽ ബാറ്റും പിടിച്ച് കയറിച്ചെന്ന പതിനൊന്നുകാരന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മുഹമ്മദ് നസീറുദീൻ എന്ന കോച്ചിന്റെ കീഴിൽ ദേവ്ദത്ത് തന്റെ കരിയറിന് ഗാർഡ് എടുത്തു. ഇന്ത്യൻ ക്രിക്കറ്റിലെ 'വൻമതിൽ' രാഹുൽ ദ്രാവിഡ് അടക്കമുള്ള പ്രഗത്ഭർ പഠിച്ചിറങ്ങിയ ബംഗളൂരുവിലെ സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളിലായിരുന്നു താരത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. അണ്ടർ 14 സംസ്ഥാന ടീമിലെത്തിയ ആദ്യ വർഷം തന്നെ രണ്ട് സെഞ്ചുറികൾ അടിച്ച് താൻ വരാനിരിക്കുന്ന കൊടുങ്കാറ്റാണെന്ന് ഈ ഇടംകയ്യൻ ബാറ്റർ സൂചന നൽകി.
കൂച്ച് ബെഹാർ ട്രോഫിയിലെ ഉജ്ജ്വല ബാറ്റിങ് ദേവ്ദത്തിനെ ഇന്ത്യൻ അണ്ടർ 19 ടീമിലെത്തിച്ചു. ഏഷ്യ കപ്പിലെ തിളക്കത്തിന് പിന്നാലെ
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തെ സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20, ഐപിഎൽ എന്നിവയിലെല്ലാം തന്റെ കന്നി മത്സരങ്ങളിൽ തന്നെ അർധ സെഞ്ചുറി നേടി അരങ്ങേറ്റം ഗംഭീരമാക്കുക എന്ന അപൂർവ്വ ശീലം ദേവ്ദത്തിനുണ്ടായിരുന്നു.
ഐപിഎല്ലിൽ വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, യുവ്രാജ് സിങ് എന്നിവർക്കൊപ്പം ആർസിബിക്കായി ആദ്യാവസരത്തിൽ തന്നെ ഫിഫ്റ്റി അടിക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് താരവും ഉയർന്നു. കർണാടകയ്ക്കായി വിജയ് ഹസാരെ ട്രോഫിയിലും (609 റൺസ്), സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും (580 റൺസ്) ടോപ് സ്കോററായി കിരീടം നേടിക്കൊടുത്തത് ഈ ഇരുപതുകാരന്റെ ക്ലാസ് ബാറ്റിങ് ആയിരുന്നു.
ശിഖർ ധവാനെ ഓർമിപ്പിക്കുന്ന അനായാസമായ സ്ട്രോക്ക് പ്ലേയും ടൈമിങ്ങുമാണ് ദേവ്ദത്തിന്റെ പ്രധാന സവിശേഷത. കളിക്കളത്തിൽ ഏതുവിധത്തിലുള്ള സമ്മർദ്ദങ്ങളെയും ശാന്തമായി നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവ്, ബിജു മേനോന്റെ 'വെള്ളിമൂങ്ങ'യിലെ കഥാപാത്രം പോലെ കൂളാണെന്നാണ് സഹതാരങ്ങൾ പറയാറുള്ളത്. 'ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം' എന്ന് മുൻപ് ഐപിഎൽ കാലത്ത് ദേവ്ദത്ത് പറഞ്ഞ വാക്കുകൾക്ക് ഇപ്പോൾ ഗോളിലെ ഗ്രൗണ്ടിൽ പൊന്നിന്റെ തിളക്കമുണ്ട്















