നിലനിൽക്കേണ്ടത് സമരങ്ങളുടെ ഡൽഹി

ഡോ. നിതീഷ് നാരായണൻ
Published on Oct 13, 2026, 01:30 AM | 3 min read
ഡൽഹിയിൽ നിന്ന് നാം കണ്ട ദൃശ്യങ്ങളിൽ ഏറ്റവും അപകടകരമായത് ഏതാണ്? അർധസൈനികർ ഉൾപ്പെടെ സായുധരായ 50,000 പൊലീസുകാരെ നഗരത്തിലെമ്പാടും വിന്യസിച്ചതും വിദ്യാർഥികൾക്കൊപ്പം മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരെ തടങ്കലിലാക്കിയതും എംപിമാരും സുപ്രീംകോടതി അഭിഭാഷകരും മാധ്യമപ്രവർത്തകരും ക്രൂരമായി ആക്രമിക്കപ്പെട്ടതും നാം കണ്ടു. സമാനതകളില്ലാത്ത ഈ ഭരണകൂട ഭീകരതയ്ക്കൊപ്പം നടുക്കുന്ന മറ്റൊരു കാഴ്ചയ്ക്കും ഡൽഹി തെരുവുകൾ സാക്ഷിയായി. അത് ജനാധിപത്യം സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ ചെറുപ്പക്കാരെ നേരിടാൻ ആക്രോശങ്ങളുമായി എത്തിയ അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടമായിരുന്നു.
മണിപ്പുരിലും മുസഫർനഗറിലും നമ്മൾ കണ്ട ആ ഭീകരസംഘം, ഭരണകൂടത്തിന്റെ സംരക്ഷണത്തിൽ തെരുവുകളിൽ പടരുന്ന വെറുപ്പിന്റെ കൂട്ടം, പശുവിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തിയ അതേ ആൾക്കൂട്ടം, ഡൽഹി അതിർത്തിയിലെ കർഷകസമരത്തിനിടയിലേക്ക് ആയുധങ്ങളുമായെത്തി കർഷകരെ ആക്രമിച്ച സംഘം, അവരെ രാജ്യത്തിന്റെ തലസ്ഥാനനഗരിയിൽത്തന്നെ കണ്ടു. എങ്ങനെയാണ് സംഘപരിവാറിന്റെ ഈ ക്രിമിനൽസംഘം ഡൽഹിയിലെത്തിയത്? അങ്ങോട്ടേക്ക് വരുന്ന ട്രെയിനുകളിൽ കയറി ചെറുപ്പക്കാരെയാകെ അറസ്റ്റ് ചെയ്തിട്ടും ഡൽഹിയിലേക്കുള്ള ട്രെയിനുകൾതന്നെ റദ്ദാക്കിയിട്ടും പെട്രോളടിക്കാനും പൂജയ്ക്ക് പൂവാങ്ങാനും പുറത്തിറങ്ങിയ ചെറുപ്പക്കാരെപ്പോലും ഡൽഹിയിലെമ്പാടും കസ്റ്റഡിയിലെടുത്തിട്ടും വെറുപ്പ് ഭക്ഷിച്ച് ജീവിക്കുന്ന ഈ വിദ്വേഷക്കൂട്ടം പക്ഷേ ആ നഗരത്തിലേക്ക് സുരക്ഷിതമായി എത്തി.
സമരം ചെയ്യുന്നവർക്കെതിരെ ബലാത്സംഗഭീഷണിയും വധഭീഷണിയുമായി അവർ തെരുവുകളിൽ വിഹരിച്ചു. സമരത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളെയും ആക്രമിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത സമരക്കാർക്കുനേരെ ആക്രോശവും അസഭ്യവർഷവുമായി പാഞ്ഞടുത്തു. അവരെ പൊലീസ്വാഹനത്തിൽനിന്ന് വലിച്ചിറക്കാൻ ശ്രമിച്ചു. അമിത് ഷാ വിന്യസിച്ച 50,000 പൊലീസുകാർ ഇതിനെല്ലാം മൗനാനുവാദം നൽകി. സമരങ്ങളെ നിരോധിക്കുന്നവർ മനുഷ്യവിദ്വേഷം പേറുന്ന കലാപകാരികളെ പോറ്റിവളർത്തുന്നത് എങ്ങനെയെന്നുകൂടിയാണ് രാജ്യതലസ്ഥാനം കാണിച്ചുതരുന്നത്. സമരങ്ങൾ ഇല്ലാതാകുന്നതോടെ സമാധാനത്തിലേക്കല്ല, ഭരണകൂടത്തിന്റെ ഈ തെരുവുസേനയുടെ വൈകൃതങ്ങളിലേക്കാണ് ഒരു നാട് വലിച്ചെറിയപ്പെടുകയെന്നും അത് പഠിപ്പിക്കുന്നുണ്ട്.
എണ്ണമറ്റ സമരങ്ങൾക്ക് സാക്ഷിയായ നഗരമാണ് ഡൽഹി. ഇന്ത്യയുടെ കൊളോണിയൽവിരുദ്ധ പോരാട്ടങ്ങൾക്ക് ഇന്ധനംപകർന്ന സമരപരമ്പരകൾക്ക് ഡൽഹി വേദിയായിട്ടുണ്ട്. ഒന്നാം സ്വാതന്ത്ര്യസമരംമുതൽ നാൽപ്പതുകളുടെ രണ്ടാംപകുതിയിൽ നാവികകലാപത്തിലെ പോരാളികളുടെ നീണ്ട തടവിനും വിചാരണയ്ക്കും എതിരെ നടന്ന പ്രക്ഷോഭങ്ങൾവരെ എത്രയോ സമര അടയാളങ്ങൾ ആ മണ്ണിലുണ്ട്. 1911ലാണ് ബ്രിട്ടീഷുകാർ ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നത്. അക്കാലംമുതൽ ഡൽഹിയിൽ സമരങ്ങൾ നിരോധിക്കാനുള്ള നീക്കവും ആരംഭിക്കുന്നുണ്ട്. സമരങ്ങളെ അടിച്ചമർത്താനായി ബ്രിട്ടീഷുകാർ തയ്യാറാക്കിയ റൗലത്ത് ആക്ടിനെതിരായ പ്രക്ഷോഭത്തിൽ 60 പേർ പൊലീസിന്റെ വെടിയേറ്റ് രക്തസാക്ഷികളായ ചരിത്രമുള്ള നഗരമാണത്. ഗാന്ധിജിയായിരുന്നു അന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഒരാൾ. അതേ നഗരത്തിൽത്തന്നെയാണ് ഹിന്ദുത്വഭീകരതയുടെ വെടിയേറ്റ് ഗാന്ധിജി രക്തസാക്ഷിയാകുന്നതും. ഇന്ത്യയുടെ സമരത്തിന്റെ വീറും പലതരം മുറിവുകളുടെ വേദനയും ഒരുപോലെ അനുഭവിച്ച നഗരമാണ് ഡൽഹി. വിഭജനത്തിന്റെ രക്തവും നിലവിളിയും കലർന്ന നാട്.
സ്വതന്ത്ര ജനാധിപത്യ ഇന്ത്യയെ കെട്ടിപ്പടുത്ത സമരത്തിന്റെയും മതനിരപേക്ഷ ഇന്ത്യയെ നിർമിച്ച വൈവിധ്യങ്ങൾ ആഘോഷിക്കപ്പെട്ട സംസ്കാരത്തിന്റെയും ഇടമാണ് ഡൽഹി. അതേസമയംതന്നെ വിഭജനത്തിന്റെയും വംശീയതയുടെയും അധികാരദുർവാഴ്ചയുടെയും ആക്രോശങ്ങളും ആ നഗരത്തെ കീഴടക്കാൻ ശ്രമിച്ചതും കാണാം. ജന്തർ മന്തർ സമരം പ്രതിനിധാനം ചെയ്യുന്നത് ആദ്യത്തെ ഡൽഹിയെയാണ്. 1950കളിൽ മുനിസിപ്പൽ തൊഴിലാളികളും വ്യവസായത്തൊഴിലാളികളും റെയിൽവേ തൊഴിലാളികളും ഉയർത്തിയ സമരങ്ങളും അറുപതുകളിലെ വിദ്യാർഥി–യുവജന പ്രക്ഷോഭങ്ങളും എഴുപതുകളിൽ അടിയന്തരാവസ്ഥയ്ക്കെതിരായ ചെറുത്തുനിൽപ്പുകളും എൺപതുകളിലെ കർഷകപ്രക്ഷോഭവുമെല്ലാം സ്വാതന്ത്ര്യസമരപോരാളികൾ സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ജനങ്ങളുടെ ജാഗ്രതയുടെ ഉൽപ്പന്നങ്ങളായിരുന്നു. നിർഭയ സമരവും പൗരത്വ ഭേദഗതി നിയമത്തിനെതിരായ മുന്നേറ്റവും കർഷകസമരവുമെല്ലാം അതിന്റെ തുടർച്ചയായിരുന്നു. അതാണ് ജന്തർ മന്തറിന്റെ പാരമ്പര്യം. എന്നാൽ, രണ്ടാമത്തെ ധാരയിൽ ഉയർന്നുകേട്ടത് ഹിന്ദുത്വശക്തികൾ വിഭാവനംചെയ്ത ഇന്ത്യക്കായുള്ള മുറവിളിയായിരുന്നു. 1966ൽ ഗോവധ നിരോധന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് ആക്രമിച്ചത് അക്കൂട്ടരാണ്. സംവരണവിരുദ്ധ പ്രക്ഷോഭവും വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയകലാപവും ഉൾപ്പെടെയുള്ളവ നീതിയുടെ നേർക്ക് വീശിയ വാളുകളായിരുന്നു. ജന്തർ മന്തറിലേക്ക് വന്ന സമരക്കാരെ വേട്ടയാടിയ അതേഭരണകൂടം, കഴിഞ്ഞ കുറെ വർഷങ്ങളായി കുത്തബ് മിനാറിന്റെ പേര് മാറ്റാനും മഥുരയിലെ പള്ളി തകർക്കാനും വിഷലിപ്തമായ മുറവിളി കൂട്ടുന്ന ആൾക്കൂട്ടത്തിന്റെ രോമത്തിൽ തൊട്ടിട്ടില്ല. ഡൽഹിയെ ആര് നിർവചിക്കണം എന്നതാണ് ചോദ്യം.
അധികാരവും പദവിയും പത്രാസുമൊന്നുമില്ലാത്ത ജനങ്ങൾക്ക് ജനാധിപത്യത്തിൽ അവരെ അടയാളപ്പെടുത്താൻ ആകെയുള്ളത് അവരുടെ സമരശേഷിയാണ്. ചോദ്യം ചോദിക്കുന്ന ജനതയോട് ഉത്തരം പറയുന്നതിനുപകരം, അവരുടെ ശബ്ദം നിശ്ശബ്ദമാക്കപ്പെടുമ്പോൾ ജനാധിപത്യം ശ്വാസംമുട്ടി മരിക്കും. ഡൽഹിയിലെ സമരത്തെരുവുകൾ ഓരോന്നായി അടച്ചുപൂട്ടപ്പെടുമ്പോൾ സംഭവിക്കുന്നതും അതുതന്നെ. ആ ഒഴിഞ്ഞ ഇടങ്ങളിലേക്ക് മുദ്രാവാക്യങ്ങൾക്കുപകരം മണിപ്പുരിലെയും ഗുജറാത്തിലെയും മുസഫർനഗറിലെയും ആക്രോശങ്ങൾ പടരും. ജനതയ്ക്ക് നഷ്ടപ്പെട്ട ഒന്നായി രാജ്യതലസ്ഥാനം മാറും. അധികാരത്തിന്റെ ഏഴയലത്തേക്ക് ജനങ്ങൾ വരരുതെന്ന് ആഗ്രഹിക്കുന്ന ഭരണകൂടം ജനാധിപത്യത്തിന്റേതല്ല. ബ്രിട്ടീഷുകാർമുതൽ സംഘപരിവാർവരെ നിശ്ചയിച്ച അധികാരത്തിന്റെ ഡൽഹിയിലല്ല, ജന്തർ മന്തറിലെ സമരത്തിന്റെ ഡൽഹിയിലാണ് മതനിരപേക്ഷ ജനാധിപത്യരാഷ്ട്രം, അതിന്റെ തലസ്ഥാനത്തെ കണ്ടെത്താൻ ശ്രമിക്കുന്നത്.













