ക്യൂബ; അതിജീവനത്തിന്റെ അണയാത്ത വിപ്ലവവീര്യം

അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനെയും വെല്ലുവിളിച്ചുകൊണ്ട് അമേരിക്ക കാലങ്ങളായി ക്യൂബൻ ജനതയുടെ ദൈനംദിന ജീവിതത്തെ കടന്നാക്രമിക്കുകയാണ്.

വിജയ് പ്രഷാദ്
Published on Mar 19, 2026, 09:23 PM | 5 min read
ക്യൂബയിലെ ഹവാനയിൽ പ്രസിഡന്റ് മിഗേൽ ദിയാസ് കനേൽ മാർച്ച് 13ന് ഒരു വാർത്താ സമ്മേളനം നടത്തി. ദീർഘകാലമായി തുടരുന്ന നിയമവിരുദ്ധമായ യുഎസ് ഉപരോധം കാരണം ക്യൂബ രൂക്ഷമായ ഇന്ധന, വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഈ വർഷം തുടക്കത്തിൽ ദ്വീപിലേക്കുള്ള എണ്ണക്കപ്പലുകൾ തടഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം ഉപരോധം കൂടുതൽ കർശനമാക്കിയിരുന്നു.
ജനുവരി 29ന് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡറിൽ ക്യൂബ 'ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ അന്താരാഷ്ട്ര ഭീകര സംഘടനകളെ സ്വാഗതം ചെയ്യുന്നു' എന്നതുൾപ്പെടെയുള്ള ഒട്ടേറെ നുണകളുണ്ടായിരുന്നു. കൂടാതെ ക്യൂബയിലേക്ക് എണ്ണ അയക്കാൻ ശ്രമിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും നികുതി ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി.
ക്യൂബയ്ക്ക് ആവശ്യമായ ഇന്ധനത്തിന്റെ ഏകദേശം 40 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നത്. ബാക്കി പ്രധാനമായും മെക്സിക്കോയിൽ നിന്നും വെനസ്വേലയിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡുറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി നിർത്താൻ വെനസ്വേല നിർബന്ധിതരായി. അതേസമയം അമേരിക്കയുടെ നികുതി ഭീഷണിയെത്തുടർന്ന് മെക്സിക്കോയും കയറ്റുമതി നിർത്തിവച്ചു. ജനുവരി ആദ്യ വാരം മുതൽ ക്യൂബയ്ക്ക് ഇന്ധനമൊന്നും ലഭിച്ചിട്ടില്ല.
രാജ്യത്ത് അവശേഷിക്കുന്ന ഇന്ധനം വിദ്യാഭ്യാസം, ആരോഗ്യം, ജലവിതരണം, ഭക്ഷണം തുടങ്ങിയ അത്യാവശ്യ സേവനങ്ങൾക്കായി ക്യൂബൻ സർക്കാർ മാറ്റിവയ്ക്കുമെന്ന് ഉപപ്രധാനമന്ത്രി ഓസ്കർ പെരസ് ഒലിവ ഫെബ്രുവരി ആദ്യം പ്രസ്താവന നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ഉഭയകക്ഷി പ്രശ്നങ്ങൾ പരിഹരിക്കാനും അടിയന്തര നടപടികൾ കൈക്കൊള്ളാനും ലക്ഷ്യമിട്ടുള്ള നിർണായകമായ ചർച്ചകൾ ക്യൂബയും അമേരിക്കയും ആരംഭിച്ചത്.

വാർത്താ സമ്മേളനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലിയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. വളരെ പ്രയാസകരമായ സാഹചര്യമാണ് നിലവിലെന്നും എന്നാൽ ക്യൂബൻ ജനത നേരിടുന്ന ദുരിതങ്ങൾ ലഘൂകരിക്കാൻ തന്റെ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ദിയാസ് കനേൽ പറഞ്ഞു. അതേസമയം പരമാധികാരത്തിലും അന്തസിലുമൂന്നിയ സോഷ്യലിസ്റ്റ് തത്വങ്ങൾ കൈവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ എണ്ണ ഉപരോധം മൂലമുണ്ടായ ഇന്ധന പ്രതിസന്ധി കാരണം ക്യൂബയിലുളളവർക്ക് തലസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെഈ വാർത്താ സമ്മേളനത്തിലൂടെ പ്രസിഡന്റ് ക്യൂബൻ ജനതക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഹവാനയിലുടനീളമുള്ള ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിഫലിച്ചു.
1962 ഫെബ്രുവരി 7ന് ആരംഭിച്ച നിയമവിരുദ്ധമായ യുഎസ് ഉപരോധത്തിന്റെ തുടർച്ചയാണ് ട്രംപ് ഭരണകൂടം ക്യൂബക്കെതിരെ ഇപ്പോൾ നടത്തുന്ന നീക്കങ്ങൾ. അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡി 1961ലെ ഫോറിൻ അസിസ്റ്റൻസ് ആക്റ്റിന്റെ സെക്ഷൻ 620(എ) പ്രകാരം 'പ്രൊക്ലമേഷൻ 3447' ഒപ്പുവച്ചു കൊണ്ടാണ് ഈ പ്രതസന്ധികൾക്ക് തുടക്കമിട്ടത്. പിന്നീട് 1963 ജൂലൈയിൽ 1917ലെ 'ട്രേഡിംഗ് വിത്ത് ദി എനിമി' നിയമത്തിന്റെ അധികാരമുപയോഗിച്ച് ഇത് കൂടുതൽ ശക്തമാക്കി. 1960ൽ നിലവിലുണ്ടായിരുന്ന വ്യാപാര നിയന്ത്രണങ്ങൾ വിപുലീകരിച്ച കെന്നഡിയുടെ ഈ നടപടി അമേരിക്കയും ക്യൂബയും തമ്മിലുള്ള ഒട്ടുമിക്ക എല്ലാ വാണിജ്യ - സാമ്പത്തിക ബന്ധങ്ങളെയും പൂർണമായും നിരോധിക്കുന്ന ഒന്നായി മാറി.
1991ന് ശേഷം ഈ ഉപരോധം അഥവാ അധികാരം ക്യൂബയുടെ അതിർത്തിക്ക് പുറത്തേക്കും വ്യാപിച്ചു. 1992ലെ ടോറിസെല്ലി നിയമം അമേരിക്കൻ കമ്പനികളുടെ വിദേശ ഉപകമ്പനികൾ ക്യൂബയുമായി വ്യാപാരം നടത്തുന്നത് തടയുകയും ക്യൂബയുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന കപ്പലുകൾക്ക് 180 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 1996ലെ ഹെംസ് - ബർട്ടൺ നിയമം ഉപരോധത്തിന്റെ പരിധി മൂന്നാം രാജ്യങ്ങളിലേക്കും വിദേശ കമ്പനികളിലേക്കും നിയമവിരുദ്ധമായി വ്യാപിപ്പിച്ചു.
അന്നത്തെപ്പോലെ ഇന്നും പുതിയ നയം വ്യക്തമായും രൂപകൽപ്പന ചെയ്തിരിക്കുന്നത് ക്യൂബയെ ദുർബലപ്പെടുത്താനാണ്. ആദ്യം യൂറോപ്പിന്റെയും 1898ന് ശേഷം അമേരിക്കയുടെയും ആധിപത്യത്തിൽ നിന്ന് മോചിതമായി ഒരു പരമാധികാര പാത കെട്ടിപ്പടുക്കാൻ ശ്രമിച്ച രാജ്യമാണ് ക്യൂബ. അമേരിക്കൻ നിയന്ത്രണങ്ങളെ വെല്ലുവിളിച്ചതിനും മൂന്നാം ലോക രാജ്യങ്ങൾക്ക് ഒരു മാതൃകയായി മാറിയതിനും ക്യൂബയെ ശിക്ഷിക്കാനാണ് അമേരിക്ക ഈ ഉപരോധം ഉപയോഗിച്ചത്.
തുടക്കം മുതൽ ഈ ഉപരോധത്തിന്റെ ലക്ഷ്യം വെറും നയതന്ത്രപരമായിരുന്നില്ല. ക്യൂബയിൽ വ്യാപകമായി സാമ്പത്തിക അസംതൃപ്തിയും ദുരിതവും സൃഷ്ടിച്ച് രാഷ്ട്രീയ മാറ്റം കൊണ്ടുവരിക എന്നതാണ് അമേരിക്കയുടെ തന്ത്രമെന്ന് സർക്കാരിന്റെ ആഭ്യന്തര രേഖകൾ തന്നെ വെളിപ്പെടുത്തുന്നു. കാലക്രമേണ ഈ ഉപരോധം കൂടുതൽ സങ്കീർണവും ശിക്ഷാപരവുമായി മാറി. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് പ്രധാന വ്യാപാര പങ്കാളിയെ ക്യൂബക്ക് നഷ്ടമായി. ക്യൂബ പ്രത്യേക സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കാലഘട്ടത്തിൽ സമ്മർദം കുറക്കുന്നതിന് പകരം അമേരിക്ക തങ്ങളുടെ നയങ്ങൾ കൂടുതൽ കർശനമാക്കുകയാണുണ്ടായത്. ഇത്തരം ഉപരോധങ്ങൾ അന്താരാഷ്ട്ര വ്യാപാര മാനദണ്ഡങ്ങൾക്കും മറ്റ് രാജ്യങ്ങളുടെ പരമാധികാര അവകാശങ്ങൾക്കും എതിരെയുള്ള കടന്നാക്രമണമാണ്.
അന്താരാഷ്ട്ര നിയമപ്രകാരം ക്യൂബക്കെതിരെയുള്ള യുഎസ് ഉപരോധം നിയമവിരുദ്ധമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാരണം രാഷ്ട്രങ്ങളുടെ പരമാധികാരത്തിലും ആഭ്യന്തര കാര്യങ്ങളിലും നിയമപരമായ വ്യാപാരത്തിൽ ഏർപ്പെടാനുള്ള മറ്റ് രാജ്യങ്ങളുടെ അവകാശത്തിലും ഇടപെടാതിരിക്കുക എന്നീ അടിസ്ഥാന തത്വങ്ങളെ ഈ ഉപരോധം ലംഘിക്കുന്നു. 1945ലെ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലും യുഎൻ സംവിധാനങ്ങളിലും ഈ തത്വങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രങ്ങളുടെ പരമാധികാര സമത്വം ഉറപ്പുനൽകുന്ന ഈ ചാർട്ടർ മറ്റ് രാജ്യങ്ങളുടെ പ്രാദേശിക അഖണ്ഡതയ്‌ക്കോ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനോ എതിരെ ഭീഷണി മുഴക്കുന്നതും ബലപ്രയോഗം നടത്തുന്നതും നിരോധിക്കുന്നു. കൂടാതെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെയും ഇത് വിലക്കുന്നു.
1962 മുതൽ അമേരിക്ക ലംഘിച്ചുകൊണ്ടിരിക്കുന്ന പ്രധാന അന്താരാഷ്ട്ര നിയമതത്വങ്ങളും ഉടമ്പടികളും പ്രഖ്യാപനങ്ങളും ഇവയാണ്:
1945ലെ ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ (അനുച്ഛേദം 2(1), 2(4), 2(7)) രാഷ്ട്രങ്ങളുടെ പരമാധികാരം ഉറപ്പുനൽകുന്നു. ഒരു രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതക്കോ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനോ എതിരെ ഭീഷണി മുഴക്കുന്നതോ ബലപ്രയോഗം നടത്തുന്നതോ ഈ ചാർട്ടർ നിരോധിക്കുന്നു. കൂടാതെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെയും ഇത് വിലക്കുന്നു.
1970ലെ അന്താരാഷ്ട്ര നിയമതത്വങ്ങളുടെ പ്രഖ്യാപനം (Declaration on Principles of International Law) അനുസരിച്ച് മറ്റൊരു ഗവൺമെന്റിനെ കീഴ്പ്പെടുത്താനോ അവരുടെ പരമാധികാര അവകാശങ്ങളെ തടയാനോ വേണ്ടി സാമ്പത്തിക - രാഷ്ട്രീയ സമ്മർദങ്ങൾ ചെലുത്താൻ ഒരു രാജ്യത്തിനും അവകാശമില്ല.
1966ൽ അംഗീകരിച്ച സാമൂഹിക - രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയും (ICCPR) സാമ്പത്തിക - സാമൂഹിക - സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയും (ICESCR) ജനങ്ങളുടെ സ്വയം നിർണയാവകാശത്തെ അംഗീകരിക്കുന്നു. ഇതിൽ സ്വന്തം സാമ്പത്തിക വ്യവസ്ഥിതിക്ക് മേലുള്ള നിയന്ത്രണവും ഉൾപ്പെടുന്നു.
ഐക്യരാഷ്ട്രസഭയുടെ ഈ വ്യക്തമായ ഉടമ്പടികൾക്ക് പുറമെ അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും മൂന്നാം രാജ്യങ്ങൾക്ക് മേൽ അധികാരം അടിച്ചേൽപ്പിക്കുന്നതിനെതിരെയും പണ്ടുമുതൽ നിലനിൽക്കുന്ന അന്താരാഷ്ട്ര വ്യവഹാര നിയമങ്ങളും (Customary International Law) നിലവിലുണ്ട്.
ആഭ്യന്തര രാഷ്ട്രീയ - സാമ്പത്തിക വ്യവസ്ഥ നിർണയിക്കാൻ ശ്രമിക്കുന്ന ഈ ഉപരോധം ക്യൂബയുടെ പരമാധികാര സമത്വത്തിന്റെ തത്വങ്ങളെ ലംഘിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാക്കുക എന്ന ഈ ഉപരോധത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നിയമവിരുദ്ധവും നിർബന്ധിതവുമാണ്. അമേരിക്ക ഉപരോധങ്ങൾ മൂന്നാം രാജ്യങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ആ രാജ്യങ്ങളുടെയും പൗരന്മാരുടെയും പരമാധികാര അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. യുഎൻ സുരക്ഷാ കൗൺസിലിന്റെ അംഗീകാരമില്ലാതെ നടത്തുന്ന ഈ നടപടി ഉപരോധത്തിന്റെ ഏകപക്ഷീയമായ സ്വഭാവത്തെ അടിവരയിടുന്നതാണ്.
കോവിഡ് കാരണം വോട്ടെടുപ്പ് നടക്കാതിരുന്ന 2020 ഒഴികെ 1992 മുതൽ എല്ലാ വർഷവും ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ക്യൂബക്കെതിരെയുള്ള ഉപരോധത്തെ ബഹുഭൂരിപക്ഷം വോട്ടുകളോടെ അപലപിച്ചിട്ടുണ്ട്. ഈ ഉപരോധം അന്താരാഷ്ട്ര നിയമങ്ങൾക്കും യുഎൻ ചാർട്ടറിനും വിരുദ്ധമാണെന്ന് സഭ വ്യക്തമാക്കുന്നു.
ക്യൂബയുടെ സ്വയംനിർണയാവകാശത്തെ ഈ നയം ലംഘിക്കുന്നുവെന്നും രാജ്യങ്ങൾ തമ്മിലുള്ള സാധാരണ സാമ്പത്തിക ബന്ധങ്ങളെ ഇത് തടസപ്പെടുത്തുന്നുവെന്നും ഈ പ്രമേയങ്ങൾ ഊന്നിപ്പറയുന്നു.
ഹവാനയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജി ആൻഡ് ന്യൂറോ സർജറിയിലെ ഒരു നഴ്സ് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, തന്റെ വീട്ടിൽ നിന്ന് ജോലിസ്ഥലത്തെത്താൻ രണ്ട് മണിക്കൂറിലധികം സമയമെടുക്കും. എന്നാൽ ഈ ബുദ്ധിമുട്ടിനെ ക്യൂബൻ വിപ്ലവത്തിനു വേണ്ടിയുള്ള തന്റെ ദൗത്യത്തിന്റെ ഭാഗമായാണ് അവർ കാണുന്നത്. ആശുപത്രിയിലെ ജീവനക്കാർ തങ്ങളുടെ രോഗികളോടും ക്യൂബൻ വിപ്ലവ പ്രക്രിയയോടുള്ള പ്രതിബദ്ധതയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. എണ്ണ ഉപരോധവും അതിന്റെ ഫലമായുണ്ടാകുന്ന വൈദ്യുതി തടസവും കാരണം സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയകൾ നടത്തുന്നതിനെക്കുറിച്ച് സർജന്മാരും നഴ്സുമാരും ആശങ്കാകുലരാണ്. അപസ്മാരമോ മസ്തിഷ്ക മുഴകളോ ബാധിച്ച അവരുടെ രോഗികൾക്ക് ഇപ്പോൾ കാത്തിരിക്കയല്ലാതെ മറ്റ് വഴികളില്ല.
ആശുപത്രി ഡയറക്ടർ ഡോ ഒറെസ്റ്റസ് ലോപ്പസ് പൈലറ്റോ എന്നെ പ്രധാന വാർഡിലൂടെ കൊണ്ടുപോയി. "ഞാൻ കിഴക്കൻ ക്യൂബയിലെ ഓറിയന്റിലെ തെക്കൻ ഭാഗത്തുനിന്നാണ് വരുന്നത്. എന്റെ കുടുംബം മണ്ണിൽ പണിയെടുക്കുന്ന കറുത്തവർഗ്ഗക്കാരായ തൊഴിലാളികളും കർഷകരുമാണ്," അദ്ദേഹം എന്നോട് പറഞ്ഞു.
"ഈ വിപ്ലവം കാരണമാണ് ഞാൻ ഒരു ഡോക്ടറും സർജനുമായത്. അതുകൊണ്ടാണ് രാജ്യത്തെ പ്രധാന മെഡിക്കൽ സെന്ററുകളിലൊന്നിൽ എനിക്ക് സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത്. ശേഷം എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം തുടർന്നു,
"വിപ്ലവവിരുദ്ധരായ ചിലരുണ്ടാകാം. എന്നാൽ അതിനെ അനുകൂലിക്കുന്നവരാണ് ഭൂരിഭാഗവും. ഞങ്ങൾ ഒന്നിനെയും ഭയപ്പെടുന്നില്ല."















