‘സാമ്യവാദ’ത്തിന്റെ പുതുയുഗം


മധു നീലകണ്ഠൻ
Published on Mar 06, 2025, 12:00 AM | 4 min read
1937 മലയാളക്കരയുടെ ചരിത്രത്തിലെ ചുവന്ന ഏടാണ്, വഴിത്തിരിവാണ്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ചരിത്രത്തിലും മലയാള സാഹിത്യത്തിലും മാർക്സിസത്തിന്റെ ചരിത്രത്തിലും‘1937' ഇടം പിടിക്കുന്നു. കമ്യൂണിസ്റ്റ് പാർടിയുടെ കേരളത്തിലെ പ്രഥമ ഘടകം (ഗ്രൂപ്പ്) രൂപീകരിക്കുന്നത് അക്കൊല്ലമാണ്. കൊച്ചുകേരളത്തിന് ലോക ചരിത്രത്തിൽ ഇടം നേടിക്കൊടുത്ത, കേരളത്തിന്റെ അലകും പിടിയും മാറ്റിപ്പണിത മഹാപ്രസ്ഥാനം ഇവിടെ പിറവിയെടുത്ത വർഷം. മാർക്സിസ്റ്റ് കാഴ്ചപ്പാടോടെ സാഹിത്യ ലക്ഷ്യങ്ങളെ വിലയിരുത്തി ആദ്യത്തെ മലയാള ലേഖനം പ്രസിദ്ധീകരിക്കുന്നതും ഇതേ വർഷം. ഇ എം എസ് എഴുതിയ ആ ലേഖനം പ്രസിദ്ധപ്പെടുത്തിയത് ‘മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ. പിന്നീട് മലയാള സാഹിത്യത്തെയും സാഹിത്യചിന്തയെയും കീഴ്മേൽ മറിച്ച പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യ സംഘടനാ രൂപമായ ‘ജീവൽ സാഹിത്യ സംഘടന' രൂപം കൊള്ളുന്നതും 1937-ൽ. ലക്ഷണമൊത്ത പ്രോലിറ്റേറിയൻ നാടകമായ ‘പാട്ടബാക്കി' അരങ്ങേറിയത് ഇതേകൊല്ലം തന്നെ. വർഗ വൈരുധ്യവും ചൂഷണവും കാവ്യശിൽപ്പമാക്കിയ ചങ്ങമ്പുഴയുടെ ‘വാഴക്കുല' പുറത്തു വന്നതും ‘വേലതൻ പവിഴക്കൊടിക്കൂറ' പറപ്പിക്കുന്ന പുതുലോകത്തെക്കുറിച്ച് ( നാളെ എന്ന കവിത ) ജി ശങ്കരക്കുറുപ്പ് പാടിയതും 1937ൽ . അതെ, 1937 കേരളത്തിന്റെ ചരിത്രത്തിലെ നിർണായക വഴിത്തിരിവ് തന്നെ. ( ‘ഇസങ്ങൾക്കിപ്പുറം' എന്ന പുസ്തകത്തിൽ പി ഗോവിന്ദപിള്ള ഇതിന്റെ വിശദാംശങ്ങൾ പറയുന്നുണ്ട്).
1937ൽ കേരളത്തിന്റെ ചരിത്രത്താൾ ഇവ്വണ്ണം ശോഭയേറിയതാകുന്നത്, ഇവിടെയൊരു കമ്യൂണിസ്റ്റ് ചെടി മുളയ്ക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദംമുതൽ തന്നെ ഇവിടെ അതിന് വളക്കൂറുള്ള മണ്ണ് ഒരുങ്ങിയതു കൊണ്ടാണ്. ആ മണ്ണ് ഒരുക്കുന്നതിൽ എണ്ണമറ്റ സമരങ്ങൾക്കൊപ്പം മലയാള കലാസാഹിത്യത്തിലെ ആദ്യപഥികരും സാമൂഹ്യ പരിഷ്കർത്താക്കളും വലിയ പങ്കുവഹിച്ചു. ആ ചരിത്രവഴികളിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണ് ഈ കുറിപ്പ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാളി മനസ്സ് പുരോഗമനപരമായി പാകപ്പെടുത്തുന്നതിൽ ശ്രീനാരായണ പ്രസ്ഥാനത്തിനും ദേശീയ സ്വാതന്ത്ര്യ സമരത്തിനും നിർണായക പങ്കുണ്ടെങ്കിൽ തുടർന്ന് ആ ദൗത്യം നിർവഹിച്ചത് ‘സാമ്യവാദ'മാണ്. കമ്യൂണിസം, മാർക്സിസം, സോഷ്യലിസം എന്നീ പേരുകളിൽ അറിയപ്പെട്ട ചിന്താധാരയ്ക്ക് സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ പോലുള്ള പ്രമുഖർ നൽകിയ പരിഭാഷ സാമ്യവാദമെന്നായിരുന്നു. സ്വദേശാഭിമാനി, ബാരിസ്റ്റർ എ കെ പിള്ള, സഹോദരൻ അയ്യപ്പൻ തുടങ്ങിയവർ കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും ആദർശങ്ങൾ '37നു മുന്നേ പ്രചരിപ്പിച്ചു തുടങ്ങി. മലയാളക്കര കാൾ മാർക്സിനെ കുറിച്ച് ആദ്യമായി അറിയുന്നത് ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന് അഞ്ചുവർഷം മുമ്പ് 1912ൽ ആണ്. സ്വദേശാഭിമാനി എഴുതിയ മാർക്സിന്റെ ലഘു ജീവചരിത്രം പുറത്തു വരുന്നത് അക്കൊല്ലമാണ്. തുടർന്ന്, 1917ലെ മഹത്തായ റഷ്യൻ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം, ഇന്ത്യയിലാകെയെന്ന പോലെ കേരളത്തിലും വിസ്ഫോടനം സൃഷ്ടിച്ചു. കമ്യൂണിസവുമായി മലയാളിയുടെ പരിചയം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ആരംഭിക്കുന്നു.
ഒക്ടോബർ വിപ്ലവത്തെ തുടർന്ന്, രണ്ടു വർഷം തികയും മുമ്പ് 1919 ൽ സഹോദരൻ അയ്യപ്പൻ എഴുതിയ ‘ഈഴവോൽബോധന'ത്തിൽ സോഷ്യലിസ്റ്റ് വിപ്ലവപാത പിന്തുടരാൻ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്നുണ്ട്.
‘ഈഴവോൽബോധന'ത്തിൽ നിന്ന് :
"നിങ്ങളെപ്പോലെയുള്ള യുവാക്കളേറെക്കാലം
ഭംഗമില്ലാതെ ചെയ്ത ഘോരമാം ത്യാഗത്തിന്റെ
ഫലമത്രേ മഹാദാസ്യത്തിൽ കേണ റഷ്യാ
ധരണീ വിശ്വോത്തര സ്വാതന്ത്ര്യ സുഭഗയായ്
സകലഭോഗക്ഷമരായുള്ളയെത്രയെത്ര
യുവതീയുവാക്കൻമാർ തങ്ങടെ രാജ്യത്തിന്റെ
അവശസ്ഥിതിപൊക്കി സ്വാതന്ത്ര്യം സ്ഥാപിക്കുവാൻ
അവിടെ ജീവിതങ്ങൾ സാമോദം ബലി ചെയ്താർ.
രചിപ്പിൻ വേഗം നിങ്ങളിവിടെ സഖാക്കളെ,
ശ്രവിക്കിൻ രോമംചീർക്കും താദൃശചരിത്രങ്ങൾ.
റഷ്യൻ വിപ്ലവത്തെ ഇപ്രകാരം കവിതയിൽ വാഴ്ത്തുക മാത്രമല്ല, ആവേശകരമായ പ്രസംഗങ്ങളിൽ, റഷ്യൻ ജനത സ്വന്തം ചോരകൊണ്ട് രചിച്ച വീരേതിഹാസത്തെക്കുറിച്ച് സഹോദരൻ അയ്യപ്പൻ പറയാറുമുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ പ്രൊഫ. എം കെ സാനു രേഖപ്പെടുത്തിയിട്ടുണ്ട്. ലെനിൻ ആയിരുന്നു അക്കാലത്ത് സഹോദരന്റെ വീരപുരുഷൻ.
1922 ൽ ‘ദുരവസ്ഥ' എഴുതിയ കുമാരനാശാനും 1925 ൽ ‘മാപ്പ്' എഴുതിയ വള്ളത്തോളും മാർക്സിസ്റ്റുകാരായിരുന്നു എന്നൊന്നും പറയാനാകില്ലെങ്കിലും സാമ്യവാദ ദർശനം ഇവരെ സ്വാധീനിച്ചിരുന്നുവെന്ന് കാണാം. മലയാള സാഹിത്യ പുരോഗതിയിലെ നിർണായക വഴിത്തിരിവായിരുന്നു ദുരവസ്ഥ. സാമൂഹ്യ പരിവർത്തനം എന്ന ലക്ഷ്യം ബോധപൂർവം പ്രചരിപ്പിക്കുകയോ അബോധപൂർവമായി ഉൾക്കൊള്ളുകയോ ചെയ്യുക എന്നതാണ് കമ്യൂണിസ്റ്റുകാരുൾപ്പെടെയുള്ള പുരോഗമനവാദികളുടെ ലക്ഷ്യമെങ്കിൽ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ പുരോഗമന സാഹിത്യകൃതി കുമാരനാശാൻ എഴുതിയ ‘ദുരവസ്ഥ'യാണെന്ന് കേസരി ബാലകൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. മാർക്സിസവും സോഷ്യലിസവും വള്ളത്തോളിനെ എത്രകണ്ട് സ്വാധീനിച്ചുവെന്ന് തിട്ടപ്പെടുത്താനാകില്ലെങ്കിലും അദ്ദേഹമെഴുതിയ ‘മാപ്പ്' എന്ന കവിതയിൽ മാർക്സിസ്റ്റ് സാമൂഹ്യ ശാസ്ത്ര വീക്ഷണത്തിന്റെ അന്തർധാര വ്യക്തമാണെന്ന് ‘മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളർച്ചയും' എന്ന പുസ്തകത്തിൽ പി ഗോവിന്ദപിള്ള എഴുതിയിട്ടുണ്ട്. ഒന്നാം ലോകയുദ്ധത്തിനു ശേഷം ഇന്ത്യയിലാകെ അലയടിച്ചുയർന്ന സാമ്രാജ്യത്വ വിരുദ്ധസമരവും അതിന്റെ ഭാഗമായി വ്യാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും തൊഴിലാളിവർഗ സംഘടനകളുടെ ആദ്യ രൂപങ്ങളും സൃഷ്ടിച്ച സാമൂഹ്യ, രാഷ്ട്രീയ, വൈകാരിക, ഭൗതിക അന്തരീക്ഷം കുമാരനാശാനെയും വള്ളത്തോളിനെയുംപോലുള്ള മഹാപ്രതിഭകൾക്ക് ദിശാബോധം പകർന്നുവെന്ന നിരീക്ഷണം ഇതോടൊപ്പം ചേർത്തു വായിക്കാം. വള്ളത്തോളിന്റെ ‘മാപ്പി'ൽ നിന്ന്
‘സുഖാമൃതം സ്വൈരമശിച്ചു ദിവ്യ -
സൗധേരമിപ്പൂ മുതലാളി വീരൻ,
അയാൾക്കു വിൺതീർത്തവരോ, വിശപ്പാൽ
വല്ലേടവും വീണു മരിച്ചിടുന്നു.'
1925 ൽ വള്ളത്തോൾ എഴുതിയ ഈ കവിത മുപ്പതുകളുടെ രണ്ടാം പകുതി മുതൽ മലയാളത്തിൽ ആവേശമായി വീശിയ സാമ്യവാദ പ്രവണതയുടെ കേളികൊട്ടാണ്.
പണ്ഡിറ്റ് കറുപ്പന്റെ ‘ജാതിക്കുമ്മി', വി ടി ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിപ്പാടിന്റെ ‘അപ്ഫന്റെ മകൾ' എന്നിവയെല്ലാം സാമ്യവാദ ദർശനം മലയാളത്തിൽ നേരത്തെ വേരു പിടിച്ചതിന്റെ സൂചന നൽകുന്നുണ്ട്. ജാതിവ്യവസ്ഥ, കൂട്ടുകുടുംബ സമ്പ്രദായം, നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾ മൂലമുണ്ടായ ദുരനുഭവങ്ങൾ എന്നിവയ്ക്കെതിരെയാണ് ഇവ വിരൽ ചൂണ്ടിയത്. ഇതിനു പുറമെ, സാമ്പത്തിക ഉച്ചനീചത്വവും ചൂഷണവുംമൂലം സമൂഹത്തിനുണ്ടാകുന്ന ആപത്തുകൾ സാഹിത്യത്തിന്റെയും സമൂഹത്തിന്റെയും മുന്നിലേക്ക് കൊണ്ടുവരുന്നത് കമ്യൂണിസ്റ്റ് - സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തോടെയാണ്. കെ ദാമോദരന്റെ ‘പാട്ടബാക്കി', ചങ്ങമ്പുഴയുടെ ‘വാഴക്കുല', ജി ശങ്കരക്കുറുപ്പിന്റെ നാളെ എന്നിവ ഉദാഹരണം.
1937 ൽ രൂപീകരിച്ച ജീവൽ സാഹിത്യ സംഘടനയും അതിന്റെ തുടർച്ചയായ പുരോഗമന സാഹിത്യ സംഘവും അവയുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന പുരോഗമന കലാ സാഹിത്യ സംഘവുമെല്ലാം ജനകീയ സാഹിത്യ പ്രസ്ഥാനമായി നടത്തിയ പ്രവർത്തനങ്ങളും ഇതോടൊപ്പം എടുത്തു പറയണം. കാളിദാസനെയും എഴുത്തച്ഛനെയും സാർത്രിനെയും ഗോർക്കിയെയും കേശവദേവിനെയും ആശാനെയും വള്ളത്തോളിനെയും തകഴിയെയും ബഷീറിനെയും വൈലോപ്പിള്ളിയെയുമെല്ലാം മലയാള നാടിന്റെ മുക്കിലും മൂലയിലും എത്തിച്ചതിൽ ഈ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്.
മലയാളത്തിന്റെ ആധുനിക കഥാലോകത്ത് നവോത്ഥാന നായകരായിരുന്ന കേശവദേവ്, പൊൻകുന്നം വർക്കി, പൊറ്റെക്കാട്ട്, തകഴി, ബഷീർ, ചെറുകാട് എന്നിവരെല്ലാം പുരോഗമന സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരായിരുന്നു. മലയാള നിരൂപണരംഗത്ത് എം എസ് ദേവദാസ്, ഇ എം എസ്, കെ ദാമോദരൻ, എൻ ഇ ബാലറാം എന്നീ പ്രഖ്യാപിത മാർക്സിസ്റ്റുകാർക്കൊപ്പം പ്രത്യയശാസ്ത്രപരമായി മാർക്സിസ്റ്റ് പ്രതിബദ്ധതയില്ലാത്ത കേസരി ബാലകൃഷ്ണപിള്ള, എം പി പോൾ, പി ശങ്കരൻ നമ്പ്യാർ, ജോസഫ് മുണ്ടശ്ശേരി എന്നിവരും പുരോഗമന പക്ഷത്തുണ്ടായിരുന്നു. വള്ളത്തോളിനെ അവസാനകാലത്ത് സോഷ്യലിസ്റ്റ് ചിന്താഗതി നല്ലവണ്ണം സ്വാധീനിച്ചതായി ‘മാപ്പ്' കവിത പ്രഖ്യാപിക്കുന്നുണ്ട്. ചങ്ങമ്പുഴ, ഇടശ്ശേരി, വൈലോപ്പിള്ളി, ജി ശങ്കരക്കുറുപ്പ് തുടങ്ങിയവരെയെല്ലാം സാമ്യവാദം ആവേശംകൊള്ളിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, കേരളത്തെ ഇന്നത്തെ കേരളമായി മാറ്റിയെടുക്കുന്നതിൽ സാമ്യവാദം അഥവാ കമ്യൂണിസം വലിയ പങ്കുവഹിച്ചു.














