ഒരിടത്ത് ആരോഗ്യം, മറ്റൊരിടത്ത് മാടിക്കുത്തൽ !


സി കെ ദിനേശ്
Published on May 06, 2025, 09:21 PM | 2 min read
1977ൽ കോൺഗ്രസിൽ ഉയർന്ന ഒരു പ്രധാന മുദ്രാവാക്യം പാർട്ടിയിൽ എവിടെ യുവാക്കൾ എന്നായിരുന്നു. മൂന്ന് പേരൊഴികെയുള്ള എല്ലാ ഡിസിസി പ്രസിഡന്റുമാരും വൃദ്ധന്മാർ. ഇവരെ മാറ്റി യുവാക്കളെ വയ്ക്കുന്നതിന് എന്തുകൊണ്ട് നേതൃത്വം തയ്യാറാകുന്നില്ല ? വേറൊന്നും കൊണ്ടായിരുന്നില്ലെന്നും ദേശീയതലം തൊട്ട് താഴക്കെല്ലാം വൃദ്ധരായിരുന്നതുകൊണ്ടാണെന്നും അന്ന് നേതാക്കൾ പറഞ്ഞിരുന്നു. യുവാവായ മുഖ്യമന്ത്രി എ കെ ആന്റണിക്കെതിരെ അന്ന് പടവാളെടുത്തതും ‘ വൃദ്ധ ’ നേതൃത്വമായിരുന്നു.
എന്നാൽ, ഇന്ന് കഥമാറിയിരിക്കുന്നു. എവിടെ പ്രായമായവരും പരിചയ സമ്പന്നരും എന്നാണ് കോൺഗ്രസിലെ ചർച്ച. ‘ മൂത്ത് നരച്ചവർ ’ എന്ന് വിശേഷിപ്പിച്ച് മാറ്റിനിർത്തപ്പെട്ട പരിചയ സമ്പന്നരായ നേതാക്കളെ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സജീവമാക്കണം എന്ന തീരുമാനങ്ങളിലേക്ക് പോലും എത്തിയിരിക്കുന്നു. വി എം സുധീരനും മുല്ലപ്പള്ളിയും അടക്കമുള്ളവർ നിയമസഭയിലേക്കും സീനിയർ നേതാക്കളെല്ലാം തദ്ദേശ സ്ഥാപനങ്ങളിലേക്കും മറ്റും മത്സരിക്കണമെന്നുമാണ് ‘ ഡിസ്‌കഷൻ ’.
എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കേരളത്തിന്റെ ചുമതലയേറ്റതോടെയാണ് ഇക്കാര്യങ്ങൾ സജീവമായത്. അതുകൊണ്ട് പ്രായമായെന്ന കാരണം പറഞ്ഞ് ഒരു നേതാവിനെ ഏതെങ്കിലും സ്ഥാനത്തുനിന്ന് മാറ്റാനോ, സീറ്റ് നിഷേധിക്കാനോ കഴിയില്ല. ഇവിടെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മാറ്റാനുള്ള ചരടുവലികളിലെ പ്രധാന വില്ലൻ ആയി ആരോഗ്യം വന്നത്. സുധാകരന് ഓർമ്മയില്ല, നടക്കാനുള്ള ആരോഗ്യമില്ല, ഓടിനടന്ന് പ്രവർത്തിക്കാനാകില്ല, ദീർഘകാല ചികിത്സ വേണം, പാർട്ടി നിർജീവം തുടങ്ങി സന്ദേശങ്ങൾ മാധ്യമ പ്രവർത്തകരുടെ ഇടയിലേക്ക് വന്നുവീഴാൻ തുടങ്ങിയത്. സുധാകരനെ മാറ്റുന്നുവെന്ന് ഇടക്കിടെ വാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ കൂട്ടത്തിൽ കാരണം പറയുന്നത് ആരോഗ്യം ! ചത്ത് കീചകനെങ്കിൽ കൊന്നത് ‘ സതീശൻ ’ തന്നെ എന്ന് പിന്നാമ്പുറങ്ങളിൽ മാത്രമല്ല മന്നാമ്പുറത്തും ചർച്ചയാണ്.
അതിനുള്ള മറുപടിയാണ് ഇപ്പോൾ സുധാകരൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്; ‘ തനിക്ക് ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ മരുന്ന് കുടിക്കില്ലേ ? പാർലമെന്റിലേക്ക് മത്സരിപ്പിച്ചത് ആരോഗ്യമില്ലാത്തതുകൊണ്ടാണോ ? കെ മുരളീധരൻ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങി ഒട്ടേറെ മുതിർന്ന നേതാക്കളും ഈ വാദക്കാരാണ്. കേരളത്തിലെ തന്റെ താൽപര്യങ്ങൾക്ക് സുധാകരനാണ് നല്ലതെന്ന് കെ സി വേണുഗോപാലിനും അറിയാം.
എന്നാൽ, സധാകരനെ മാറ്റിയേ അടങ്ങൂവെന്ന വാശിയുള്ള വി ഡി സതീശന് ചിലത് ഹൈക്കമാന്റിനെ ബോധ്യപ്പെടുത്താനായി. പ്രധാനമായും ഇനി ക്രൈസ്തവ പ്രസിഡന്റ് വന്നില്ലെങ്കിൽ രക്ഷപ്പെടില്ല എന്നത്. ദീപദാസ് മുൻഷി റിപ്പോർട്ടായി തന്നെ എഐസിസി ക്ക് നൽകുകയും ചെയ്തു. നടക്കാൻ സാധ്യതയുള്ളതും അതാണ്. നല്ല ആരോഗ്യമുള്ളയാളെ സുഖമില്ലാത്തവനായി പറഞ്ഞുവിടുന്നു ! കണ്ണീരോടെ പടിയിറങ്ങിപ്പോയ പ്രസിഡന്റുമാരുടെ കൂട്ടത്തിൽ സുധാകരനും വരുമോ ? കണ്ടറിയാം.
കോൺഗ്രസിലെ ആരോഗ്യ പ്രശ്നം ബിജെപി യിൽ എത്തുമ്പോൾ കേൾക്കുന്നത് ‘ മുണ്ട് .. മുണ്ട് ’ എന്ന ഡയലോഗാണ്. കേരള നിയമസഭയിൽ ഭൂരിപക്ഷം നേടിയിട്ടേ ഉറക്കമുള്ളുവെന്ന് മൂന്ന് ശപഥം ചെയ്താണ് പുതിയ ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വന്നിട്ടുള്ളത്. ‘ മലയാളം നന്നായി സംസാരിച്ചിട്ടേ, ഇനി പ്രസംഗിക്കൂ ’ എന്നായിരുന്നു ശപഥമെങ്കിൽ അണികളെങ്കിലും തലയുയർത്തി നടന്നേനെ. പ്രസിഡന്റായി ചുമതലയേറ്റപ്പോൾ സ്വന്തം നാടിന്റെയും സ്കൂളിന്റെയും പേര് വരെ നോക്കിവായിച്ചത് അണികൾ അങ്ങ് ക്ഷമിച്ചു.
ഏതൊരു മലയാളിയും വെള്ളം പൊളിച്ചുവിട്ടതുപോലെ പറയുന്നതാണ് ലൂസിഫറിലെ ഡയലോഗ് ‘‘ എനിക്ക് മുണ്ടുടുക്കാനും അറിയാം ആവശ്യംവന്നാൽ അത് മടക്കിക്കുത്താനും അറിയാം, എനിക്ക് മലയാളം സംസാരിക്കാനും അറിയാം വേണ്ടിവന്നാൽ നല്ല രണ്ട് തെറി പറയാനുമറിയാം ’ എന്നത്. ഒരു കാര്യവുമില്ലാതെ അതെടുത്ത് പറഞ്ഞ് കുളമാക്കി പണി വാങ്ങിക്കൂട്ടിയത് അണികൾ ക്ഷമിച്ചേക്കില്ല.
പിന്നെ, വിഴിഞ്ഞത്ത് പോയി പുലർച്ചെ തന്നെ കസേര പിടിച്ചത് തനി സ്വരൂപമെന്ന് ആർക്കാണ് അറിയാത്തത് ? വിക്കിപീഡിയ വിവരിക്കും, ചെറുപ്പം വിവാഹം പിന്നെ വച്ചടി വളർച്ച ... അതുകൊണ്ട് ‘ അശോകന് ക്ഷീണമാകാം ’ എന്നാണ് ബിജെപി യുടെ മുൻ പ്രസിഡന്റുമാരുടെ ഒരിത്.














