പൊട്ടാത്ത ഏറുപടക്കങ്ങൾ


സി കെ ദിനേശ്
Published on Sep 10, 2025, 10:24 PM | 2 min read
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായി ഉയർന്നിട്ടുള്ള ഗുരുതരമായ പീഡന ആരോപണങ്ങളിൽനിന്ന് രക്ഷനേടാനും വാർത്തകൾ മാറ്റിമറിക്കാനുമുള്ള തത്രപ്പാടിലാണ് കോൺഗ്രസ്. ഒരുകൂട്ടം മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന പടക്കമേറുകൾ പക്ഷേ, ചീറ്റിപ്പോകുന്നുവെന്നതാണ് കെപിസിസി നേതൃത്വത്തെ നിരാശരാക്കുന്നത്. ഇൗ പ്രതിസന്ധിക്കിടെയാണ് പാളയത്തിലെ പട നിയന്ത്രിക്കാനാകാതെ കുഴയുന്നതും.
ദാ ഭരണം പിടിച്ചുവെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വകുപ്പുകളെയുംകുറിച്ചുവരെ രഹസ്യയോഗം ചേർന്ന് കോൺഗ്രസിൽ ധാരണയായെന്നും വാർത്ത വന്നതിനുപിന്നാലെയാണ് കൂട്ടക്കുഴപ്പം. സ്വന്തം പാർടിയിലെ സംഘടനാ തെരഞ്ഞെടുപ്പുപോലും നടത്താൻ ശേഷിയില്ലാത്ത, ഗ്രൂപ്പുകളെയോ വ്യക്തികളെയോ നിയന്ത്രിക്കാൻ കഴിയാത്ത നേതൃത്വത്തിന്റെ ഇൗ അവകാശവാദംതന്നെ വലിയ തമാശ
പാലക്കാട് ഉപതെരഞ്ഞെടുപ്പോടെ ഉയർന്നുവന്ന വി ഡി സതീശൻ, ഷാഫി പറന്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ നേതൃസംഘത്തിന്റെ കൈകളിലേക്ക് പാർടി പോയതോടെ മുതിർന്ന നേതാക്കൾ ഒന്നടങ്കം തഴയപ്പെട്ടു. അവരുടെ ശക്തമായ വിയോജിപ്പുകൾ എഐസിസിയെ ധരിപ്പിച്ചു. മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വംപോലും അവർ ചോദ്യം ചെയ്തിരുന്നു. എന്നാൽ, അതൊന്നും വകവയ്ക്കാൻ ‘പുതിയ നേതൃത്വം’ തയ്യാറായിരുന്നില്ല. പീഡനക്കേസുകൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവന്നപ്പോഴും ഇൗ നേതാക്കൾക്ക് കൂസലില്ലായിരുന്നു! കാരണം, ഇതെല്ലാം ഇവരുടെ ഫയലിൽ ഭദ്രമാണ്!
ഭരണം പോയിട്ട് പ്രതിപക്ഷ നേതൃസ്ഥാനംപോലും ലഭിക്കുമോയെന്ന ആശങ്കയ്ക്കിടെയാണ് പ്രതിപക്ഷനേതാവുതന്നെ തനിക്കെതിരെ സ്വന്തം പാർടിക്കാർ സൈബർ ആക്രമണം നടത്തുന്നുവെന്ന പരാതിയുമായി രംഗത്തുവന്നത്. സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യമാണ് സൈബർ ആക്രമണത്തിന്റെ പൊതുസ്വഭാവം. ആകെ കുഴപ്പത്തിലായ കോൺഗ്രസിനെ രക്ഷിച്ചെടുക്കാനുള്ള മാർഗങ്ങൾ എന്ന നിലയ്ക്കാണ് ചില പരന്പരാഗതമാധ്യമങ്ങളും നേതാക്കളും ഏറുപടക്കങ്ങളുമായി ഇറങ്ങിയത്. പക്ഷേ, അതെല്ലാം നിഷ്‌ഫലമായി.
പൊലീസിനെതിരെ ആസൂത്രിതമായി കുത്തിപ്പൊക്കുന്ന ആക്ഷേപങ്ങൾ കഴിഞ്ഞ ഒന്പതുവർഷത്തെ പൊലീസ് മികവാണ് ചർച്ചയിലേക്ക് കൊണ്ടുവന്നത്. ബ്രിട്ടീഷുകാരുടെ കാലത്തെ പ്രാകൃത പൊലീസിൽനിന്നാണ് ഇൗ നിലയിലേക്ക് കേരളം മാറിയതെന്നോർക്കണം. പൊലീസുകാർ തെറ്റുചെയ്താൽ അതിനെ പ്രോത്സാഹിപ്പിക്കുകയും കൂട്ടുനിന്ന് മുതലെടുക്കുകയും ചെയ്യുന്ന യുഡിഎഫ് സമീപനമല്ല 2016 മുതലുള്ളത്. ഗുണ്ടകളിൽനിന്ന് പിരിവെടുത്ത് തടിച്ചുകൊഴുക്കുന്ന പൊലീസും നേതാക്കളും ഇന്നില്ല.
തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടാൽ മുഖംനോക്കാതെ നടപടി. ഓഫീസർമാർ ഉൾപ്പെടെ 114 പേരെ സേനയിൽനിന്ന് പിരിച്ചുവിട്ട ചരിത്രം മുന്പില്ല. 335 പേർ സസ്‌പെൻഷനിലായതും അറുന്നൂറോളംപേർ അന്വേഷണം നേരിടുന്നതും അച്ചടക്കത്തിൽ വിട്ടുവീഴ്‌ചയില്ലാത്തതുകൊണ്ടാണ്. എന്നാൽ, പൊലീസിൽ ചില പുഴുക്കുത്തുകൾ അവശേഷിക്കുന്നുണ്ട് എന്നത് തർക്കമറ്റ കാര്യമാണ്. അത്തരക്കാർക്കെതിരെ കർശനമായ നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളത്.
ഇതായിരുന്നോ മുന്പുള്ള അവസ്ഥ? 2011–2016 ഉമ്മൻചാണ്ടിയുടെ കാലം ഓർമയില്ലേ? ആഭ്യന്തരമന്ത്രിയെ വകവയ്ക്കാത്ത പൊലീസ്. ഒൗദ്യോഗികവേദിയിൽ പരസ്പരം ഏറ്റുമുട്ടിയ പൊലീസ് മേധാവികൾ. സർക്കാർ ഉത്തരവിന് പുല്ലുവിലകൽപ്പിച്ച ഡിജിപി... പൊലീസ് തലപ്പത്ത് ഇതായിരുന്നു സ്ഥിതി. അപ്പോൾ, സ്‌റ്റേഷനുകളിലെ അവസ്ഥ ഉൗഹിക്കാമല്ലോ. ഉരുട്ടിക്കൊലയും ജനനേന്ദ്രിയം തകർക്കലും കൊലപാതകങ്ങളും തെളിവുനശിപ്പിക്കലും നിത്യവാർത്ത. കുഴപ്പക്കാരെന്ന് തെളിവുസഹിതം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന പൊലീസ് ഓഫീസർമാരെപ്പോലും സംരക്ഷിക്കുകയായിരുന്നു യുഡിഎഫ് സർക്കാർ.
മാങ്കൂട്ടത്തിൽ വികൃതമാക്കിയ സ്വന്തം മുഖം രക്ഷിക്കാൻ അയ്യപ്പസംഗമം വിവാദമാക്കാനുള്ള കോൺഗ്രസ് ശ്രമവും ജനം തള്ളി. ശബരിമല വികസനവും വർധിച്ചുവരുന്ന തീർഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങളും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ആർക്ക് എന്താണ് തടസ്സം? ചില വിദേശരാജ്യങ്ങളിലുള്ള വിശ്വാസികൾ ഒരുവർഷംമുന്പ് ആവശ്യപ്പെട്ട പ്രകാരംകൂടിയാണ് സംഗമം. അതിന് സർക്കാർ സഹായിക്കുന്നതിൽ എന്താണ് പിശക്. ലക്ഷക്കണക്കിന് തീർഥാടകർ വരുന്ന മണ്ഡല മകരവിളക്ക് മഹോത്സവം സർക്കാർസഹായമില്ലാതെ നടക്കുമോ? അപ്പോൾ ആകാം ഇപ്പോൾ വേണ്ട എന്ന് എങ്ങനെ പറയാനാകും.
രാജ്യത്ത് നടക്കുന്ന കുംഭമേളകൾ അടക്കം വൻകിട തീർഥാടനങ്ങൾക്കെല്ലാം സ്പോൺസർമാരുണ്ട്. കോർപറേറ്റുകൾ അടക്കം വലിയ തുക നൽകുന്നുണ്ട്, അവരുടെ ബോർഡുകളും വയ്ക്കുന്നുണ്ട്. പരസ്യദാതാക്കളുടെ സംഭാവനയുണ്ട്. ക്ഷേത്രങ്ങളിലെ പല നിർമാണങ്ങളും കമ്പനികൾ സ്പോൺസർ ചെയ്യുന്നതും പുതുമയല്ല. അവിടെയൊന്നും ഒരു കോടതിയും ഇടപെട്ടിട്ടില്ല. അപ്പോഴാണ് കോൺഗ്രസ് ഏറുപടക്കവുമായി രംഗത്തെത്തിയത്.














