ad
Deshabhimani

Articles

ഇന്ത്യാ കൂട്ടായ്‌മയെ തകർക്കുന്ന കോൺ​ഗ്രസ്

മതനിരപേക്ഷ ബദലിനെ തകര്‍ക്കുന്ന കോണ്‍ഗ്രസ്

bjp congress
avatar
പുത്തലത്ത് ദിനേശൻ

Published on May 29, 2026, 10:07 PM | 4 min read

ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും പ്രധാന സവിശേഷത അതിന്റെ മതനിരപേക്ഷ സ്വഭാവമാണ്. വ്യത്യസ്‌തമായ നിരവധി ധാരകൾ ഉണ്ടായിരുന്ന സ്വാതന്ത്ര്യസമരത്തിൽ പൊതുവിൽ രൂപപ്പെട്ട കാഴ്ചപ്പാടായിരുന്നു അത്. എന്നാൽ, സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പങ്കെടുക്കാതിരുന്ന സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയുംപോലുള്ള മതരാഷ്ട്രവാദികൾ മതനിരപേക്ഷതയെന്ന ഭരണഘടനാ കാഴ്ചപ്പാട് അന്നും ഇന്നും അംഗീകരിക്കുന്നില്ല.

​ഫാസിസ്റ്റ് അജൻഡകളുമായി മുന്നോട്ടുപോകുന്ന ആർഎസ്എസ് നയിക്കുന്ന ബിജെപി രാജ്യത്ത് അധികാരത്തിലിരിക്കുന്നു എന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഭൂരിപക്ഷ വർഗീയതയുടെ അധികാര ആരോഹണം ന്യൂനപക്ഷ വിഭാഗത്തിലുണ്ടാക്കിയ ആശങ്ക ഉപയോഗപ്പെടുത്തി ന്യൂനപക്ഷ വർഗീയതയും പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം എതിരായി വിശാല മതനിരപേക്ഷ കൂട്ടുകെട്ട് ഉണ്ടാക്കുകയെന്നതാണ് പ്രധാനം. അതിനായി, ഇന്ത്യയിലെ ഇടതുപക്ഷ ശക്തികളും മതനിരപേക്ഷവാദികളും ചേർന്ന് രൂപപ്പെടുത്തിയതാണ് ഇന്ത്യാ കൂട്ടായ്‌മ.


​ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റി നിർത്തുകയെന്നത് പ്രധാന അജൻഡയായി പ്രഖ്യാപിച്ച്‌ നിലപാടെടുക്കുകയാണ് ഇടതുപക്ഷം ചെയ്തത്. കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളിലുൾപ്പെടെ വ്യത്യസ്‌ത അഭിപ്രായമുണ്ടെങ്കിലും ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താനാണ് 2004ൽ ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയത്. മന്ത്രിസ്ഥാനങ്ങൾപോലും ഉപേക്ഷിച്ചാണ് ഇടതുപക്ഷം തത്വാധിഷ്ഠിത നിലപാട് സ്വീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ പൊതുമിനിമംപരിപാടി അംഗീകരിച്ച് പ്രവർത്തിക്കുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയും പൊതുമേഖലാ സംരക്ഷണവും ഫെഡറൽ സംവിധാനത്തിന്റെ നിലനിർത്തലും തൊഴിലാളികളുടെ അവകാശസംരക്ഷണവുമെല്ലാം അതിന്റെ ഭാഗമായി നടപ്പാക്കി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാം യുപിഎ സർക്കാരിനെ അധികാരത്തിലെത്തിച്ചത് ഈ ഇടതുപക്ഷ നിലപാടുകളായിരുന്നു.


​രണ്ടാം യുപിഎ സർക്കാർ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ അധികാരത്തിൽ വന്നതോടെ ആഗോളവൽക്കരണ നയങ്ങൾ തീവ്രമായി നടപ്പാക്കി. വർഗീയതയുമായി സന്ധി ചെയ്തു. അഴിമതിയും വ്യാപകമായി. ഒന്നാം യുപിഎ സർക്കാരിന്റകാലത്ത് ഇടതുപക്ഷ പിന്തുണയോടെ മുന്നോട്ടുവച്ച ജനപക്ഷ നിലപാടുകളിൽനിന്ന്‌ രണ്ടാം യുപിഎ സർക്കാർ പിന്നോട്ടുപോയി. ഇതാണ് ബിജെപിയെ വീണ്ടും അധികാരത്തിലേക്ക്‌ എത്തിച്ചത്.


​ബിജെപി അധികാരത്തിൽ എത്തിയതോടെ ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന മതരാഷ്ട്രവാദത്തിന്റെ അജൻഡകൾ നടപ്പാക്കപ്പെട്ടു. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തി. ആഗോളവൽക്കരണ നയങ്ങൾ തീവ്രമായി നടപ്പാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ഇംഗിതത്തിലേക്ക് കൊണ്ടുവരുന്ന സ്ഥിതിയുമുണ്ടായി. കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം ദുസ്സഹമായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വലിയ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. കേന്ദ്രനയത്തിനെതിരെ കേരളത്തിലെ ഇടതുപക്ഷ സർക്കാരും തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരും ചില കാര്യങ്ങളിൽ പശ്ചിമ ബംഗാളിലെ മമതയുടെ സർക്കാരും രംഗത്തുവന്നു.


​ഇത്തരം ചെറുത്തുനിൽപ്പുകളുടെ പശ്ചാത്തലത്തിലാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. നാനൂറിൽ അധികം സീറ്റ്‌ നേടുമെന്ന്‌ പ്രചാരണം നടത്തിയ ബിജെപിക്ക്‌ 240 സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. 2019നേക്കാൾ 63 സീറ്റ് കുറഞ്ഞു. എൻഡിഎ ഘടകകക്ഷികൾക്കെല്ലാംകൂടി മൊത്തം പോൾ ചെയ്ത വോട്ടിന്റെ 42.5 ശതമാനം ലഭിച്ചു. ഇന്ത്യാ കൂട്ടായ്‌മയ്‌ക്ക്‌ 40.6 ശതമാനം വോട്ടും ലഭിച്ചു. അതായത്, വോട്ട് വിഹിതത്തിന്റെ വ്യത്യാസം 1.9 ശതമാനമാണ്‌. ഒപ്പം ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാതിരുന്ന ബിജെഡിയും വൈഎസ്ആർ കോൺഗ്രസും തകർന്നു. ബിജെപി വിരുദ്ധ മുന്നേറ്റത്തിന്റെ അന്തരീക്ഷമായിരുന്നു തെരഞ്ഞെടുപ്പിൽ ഉണ്ടായത്. നിതീഷ് കുമാറിനെ അകറ്റുന്ന നടപടികൾ കോൺഗ്രസിന്റെ ഭാഗത്തുനിന്ന്‌ ഇല്ലായിരുന്നെങ്കിൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം മറ്റൊന്നാകുമായിരുന്നു.


ഇന്ത്യാ കൂട്ടായ്‌മയെ 
ദുർബലപ്പെടുത്തുന്നു


​ഇന്ത്യാ കൂട്ടായ്‌മയെ കൂടുതൽ ശക്തിപ്പെടുത്തി ബിജെപിയെ ദുർബലപ്പെടുത്തുന്നതിനുപകരം ആ സംവിധാനത്തെ തകർക്കുന്ന നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ ഇന്ത്യാ കൂട്ടായ്‌മയിലെ രാഷ്ട്രീയ കക്ഷികളെ യോജിപ്പിക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചില്ല. അതിന്റെ ഫലമായി മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിൽ വന്നു. ഹരിയാന തെരഞ്ഞെടുപ്പിൽ ആംആദ്മി പോലുള്ള ഇന്ത്യാ കൂട്ടായ്‌മയിലെ കക്ഷികളെ യോജിപ്പിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസ് തയ്യാറായില്ല. അങ്ങനെ ഹരിയാനയിൽ വീണ്ടും ബിജെപി അധികാരത്തിലെത്തി.


​ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ബിഹാറിലെ വലിയ പാർടിയാണ് ആർജെഡി. വോട്ടുചോരിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ആർജെഡിയെ മുൻനിർത്തി പൊതുവായ മുന്നേറ്റം സംഘടിപ്പിക്കുന്നതിനുപകരം രാഹുൽ ഗാന്ധി സ്വയം ഇത്തരം പ്രവർത്തനത്തിന്‌ നേതൃത്വം നൽകി. ഇത് ബിഹാറിലെ ബിജെപി വിരുദ്ധ മുന്നേറ്റത്തിൽ വിള്ളൽ വീഴ്‌ത്തി. ഫലമോ ബിജെപി വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നു.

​ഇന്ത്യാ കൂട്ടായ്‌മയിലെ ശക്തമായ പാർടിയായി ബിജെപിവിരുദ്ധ നിലപാട് സ്വീകരിച്ച്‌ മുന്നോട്ടുപോകുകയായിരുന്നു ഡിഎംകെ. ബിജെപിക്കെതിരെ പാർലമെന്റിലും കോടതികളിലും ആശയപ്രചാരണത്തിലുമെല്ലാം ഡിഎംകെ മുന്നിൽനിന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് അപ്രതീക്ഷിത പരാജയമുണ്ടായപ്പോൾ അവരോട് ആലോചിക്കാതെ മുന്നണി വിട്ട് വിജയ്‌ക്ക്‌ പിന്തുണ നൽകി. ഈ നടപടിയെ തുടർന്ന് ഡിഎംകെ ഇന്ത്യാ കൂട്ടായ്‌മയിൽനിന്ന്‌ പിന്മാറുന്നതായി പ്രഖ്യാപിച്ചു. കൂട്ടായ്‌മയിലെ മറ്റൊരു പാർടിയെക്കൂടി കോൺഗ്രസിന്റെ ചെയ്തികൾ അകറ്റി.


​ഡൽഹിയിൽ ബിജെപിക്കെതിരെ നിലപാടെടുത്ത്‌ മുന്നോട്ടുപോയ പാർടിയാണ് ആംആദ്മി. മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുന്ന തരത്തിൽ കോൺഗ്രസ് മത്സരിച്ചില്ലായിരുന്നെങ്കിൽ ബിജെപിക്ക് ഡൽഹിയിൽ ഭരണത്തിൽ വരാൻ പറ്റില്ലായിരുന്നു. മാത്രമല്ല, അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടയ്‌ക്കുന്നതിന് പരാതി നൽകി ബിജെപിയെ സഹായിച്ചതും കോൺഗ്രസായിരുന്നു. സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ എന്തുകൊണ്ട് കെജ്‌രിവാളിനെ അറസ്റ്റ്‌ ചെയ്തില്ലെന്ന ചോദ്യമുയർത്തിയതും മറ്റാരുമായിരുന്നില്ല. ഇന്ത്യാ കൂട്ടായ്‌മയിലെ പാർടിയുടെ നേതാവിനെ ജയിലിലടയ്ക്കാൻ കോൺഗ്രസ് ഒത്താശ ചെയ്തു. മറ്റൊരു പാർടിയെക്കൂടി കോൺഗ്രസ് കൂട്ടായ്മയിൽനിന്ന്‌ അകറ്റി. ലക്ഷദ്വീപിലെ എൻസിപി എംപിയെ അയോഗ്യനാക്കിയപ്പോഴും കോൺഗ്രസ് മിണ്ടിയില്ല. തെലങ്കാനയിൽനിന്ന് മുഖ്യമന്ത്രിയുടെ മകൾ കവിതയെ അറസ്റ്റ് ചെയ്തപ്പോഴും ബിജെപിക്കൊപ്പമായിരുന്നു കോൺഗ്രസ്.


​ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയാണ് ഇടതുപക്ഷം. ത്രിപുര തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി പരാജയപ്പെട്ടപ്പോൾ തങ്ങൾ നേടിയത് പ്രത്യയശാസ്ത്ര വിജയമെന്നാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് ആർഎസ്എസിന്റെ സർസംഘചാലക് മാർക്‌സിസത്തെയും ഇടതുപക്ഷത്തെയും ഉന്മൂലനം ചെയ്യുകയാണ് അടിയന്തര കടമയെന്ന് എടുത്തുപറഞ്ഞത്.

ഇടതുപക്ഷത്തെ തകർക്കുകയെന്ന ബിജെപിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് കോൺഗ്രസ് കേരളത്തിലും കൂട്ടുനിന്നു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത് പിണറായി വിജയനെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു. പ്രചാരണത്തിനായി കേരളത്തിലെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡിയും കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഇത് ആവർത്തിച്ചു. കെജ്‌രിവാളിനോട് കാണിച്ചനിലപാട്‌ ഇവിടെയും കോൺഗ്രസ് സ്വീകരിച്ചു.


കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ്കൂടിയായ പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ ചർച്ച നടത്തുന്ന ദിവസങ്ങളിലായിരുന്നു ഇത്. ഡിഎംകെ നേതാവ് സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, അരവിന്ദ് കെജ്‌രിവാൾ എന്നിവർ പ്രതിഷേധവുമായി രംഗത്തുവന്നു. ശ്രീലങ്കൻ കമ്യൂണിസ്റ്റ് പാർടിയടക്കം പ്രതിഷേധിച്ചു. എന്നാൽ, മുഖ്യമന്ത്രിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് മിണ്ടാട്ടമുണ്ടായില്ല.


​ബിജെപിയുമായി ചേർന്ന് ഇടതുപക്ഷത്തെ തകർക്കുകയെന്ന അജൻഡയാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, കേന്ദ്ര ഏജൻസികൾ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യംചെയ്തപ്പോൾ ശക്തമായ പ്രതിഷേധവുമായി ഇടതുപക്ഷം രംഗത്തുവന്നിരുന്നു. രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യമാക്കിയപ്പോൾ ദേശാഭിമാനി നൽകിയ തലക്കെട്ട് ‘ജനാധിപത്യം അപകടത്തിൽ’ എന്നായിരുന്നു. കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച സംഭവത്തിലും ഇടതുപക്ഷം പ്രതിഷേധിച്ചു. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും ഇടതുപക്ഷം തയ്യാറായില്ല.


​ബിജെപിക്ക് ബദലെന്ന് അവകാശപ്പെട്ട് രംഗത്തുവരുന്ന കോൺഗ്രസ് വ്യക്തമായ ബദലുകളില്ലാതെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുകയാണ്. അതോടൊപ്പം, ഇന്ത്യാ കൂട്ടായ്‌മയെത്തന്നെ തകർക്കുകയുമാണ്. ഇലക്‌ടറൽ ബോണ്ടിൽ ബിജെപിക്ക് 170 കോടി രൂപ നൽകിയ നെഹ്റു കുടുംബവുമായി ബന്ധമുള്ള റോബർട്ട്‌ വാധ്രയുടെ വഴിയിലാണ് കോൺഗ്രസ് നീങ്ങുന്നത്.


​കേരളത്തിൽ ഇടതുപക്ഷത്തെ ഭരണത്തിൽനിന്ന്‌ പുറത്താക്കാൻ ബിജെപിയും യുഡിഎഫും യോജിച്ചുനിന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം. ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് മൂന്നാം സ്ഥാനത്താണെന്നതും ചേർത്തുവായിക്കണം. ഭരണത്തിൽ വന്നശേഷം നിയമന കാര്യങ്ങളിലും വന്ദേമാതരത്തിലുമെല്ലാം ബിജെപിയുടെ പാതയിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. ബിജെപിക്ക് ബദലാകാനുള്ള രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ കോൺഗ്രസിന്റെ ഈ നിലപാടില്ലായ്മയെ തുറന്നുകാട്ടി മുന്നോട്ടുപോയെങ്കിൽ മാത്രമേ, മതനിരപേക്ഷ ബദൽ രൂപപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന് തിരിച്ചറിയേണ്ടതുണ്ട്.



Deshabhimani
Home