Deshabhimani

Articles

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക

തേങ്ങയുടയ്ക്കാത്ത സ്വാമിമാർ

congress cartoon

തേങ്ങയുടയ്ക്കാത്ത സ്വാമിമാർ

avatar
സി കെ ദിനേശ്‌

Published on Mar 18, 2026, 12:00 AM | 2 min read

ഇനി കാത്തിരിക്കാനാകില്ലെന്നു കണ്ട്‌ ആർഎസ്‌പിയാണ്‌ ആദ്യം തേങ്ങയുടച്ചത്‌. കോൺഗ്രസിനെ കാത്തിരുന്നിട്ട്‌ കാര്യമില്ല. ലീഗിനെയും കാത്തിരുന്നിട്ട്‌ കാര്യമില്ല. ഇരുകൂട്ടരുടേയും ഒരു പട്ടിക വന്നെങ്കിലും തർക്കം തീരാതെ നീളുകയാണ്. പി ജെ ജോസഫാണെങ്കിൽ പണി മതിയാക്കുകയും ചെയ്തു.​ തെരഞ്ഞെടുപ്പുതീയതി പെട്ടെന്ന്‌ വന്നപ്പോൾ കോൺഗ്രസ്‌ നേതാക്കൾ വായുംപൊളിച്ച്‌ ആകാശത്തേക്ക്‌ നോക്കി നക്ഷത്രമെണ്ണുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. കുറ്റം തെരഞ്ഞെടുപ്പ്‌ കമീഷനും! ഹൈക്കമാൻഡ്‌ ‘ഫുൾ’ ആയി കൈയിലുള്ള കെ സി വേണുഗോപാൽ പറഞ്ഞു: ‘ഞങ്ങളെത്തന്നെ ഉദ്ദേശിച്ചാണ്‌, ഞങ്ങളെമാത്രം ലക്ഷ്യമിട്ടാണ്‌.’ അതായത്‌ സ്വന്തം പാർടിയിൽ സ്ഥാനാർഥികളെ നിശ്ചയിക്കാൻ കഴിയാത്തതിന്‌ കുറ്റക്കാർ മറ്റുള്ളവർ.


പത്തുവർഷം പ്രതിപക്ഷത്തിരുന്നിട്ടും തുടർന്നും പ്രതിപക്ഷത്തിരിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന്‌ ഏറെക്കുറെ തീരുമാനമായിട്ടും ഇതാണ്‌ അടി! അപ്പൊ ഭരണമെങ്ങാനും കിട്ടിയാലത്തെ അവസ്ഥ ജനങ്ങൾ സ്വാഭാവികമായും ചിന്തിക്കും. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലുള്ളപ്പോഴത്തെ അതേ ഏറ്റുമുട്ടലാണ്‌ ഇന്ത്യയിൽ നാമാവശേഷമാകുന്ന അവസ്ഥയിലും കോൺഗ്രസിൽ. എന്നുകരുതി പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ തന്റെ ശൈലിയൊന്നും മാറ്റിയിട്ടില്ല. കഴിഞ്ഞദിവസം പി ജെ ജോസഫുമായി ചർച്ച കഴിഞ്ഞ്‌ പുറത്തിറങ്ങിയ സതീശൻ മാധ്യമങ്ങളോട്‌ പറഞ്ഞു: ‘എല്ലാം ചർച്ചയിൽ പരിഹരിച്ചു.’ തൊട്ടുപിന്നാലെ പുറത്തിറങ്ങിയ പി ജെ ജോസഫ്‌ പറഞ്ഞു: ‘ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ല, രണ്ടുദിവസം എടുത്തേക്കും.’


ജനുവരിയിൽ കൽപ്പറ്റയിൽ നടന്ന കോൺഗ്രസ്‌ ക്യാമ്പിൽവച്ച്‌ സ്വന്തം നേതാക്കളുടെ മുന്നിൽ പ്രതിപക്ഷനേതാവ്‌ പറഞ്ഞു: ‘ഇ‍ൗ മാസംതന്നെ ആദ്യഘട്ട പട്ടിക പുറത്തിറക്കാം. ബാക്കി ഫെബ്രുവരിയിലും. ഉപതെരഞ്ഞെടുപ്പിൽ നമ്മൾ ആദ്യം ഇറങ്ങിയതുപോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇറങ്ങും.’ പിന്നീട്‌ ചോദിച്ചപ്പോൾ പറഞ്ഞത്‌ തെരഞ്ഞെടുപ്പ്‌ എപ്പോൾ പ്രഖ്യാപിച്ചോ അപ്പോൾത്തന്നെ കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന്‌. പിന്നെയും ചോദിച്ചപ്പോൾ: ‘വേറെ പണിയില്ലേ, നിങ്ങളുടെ ക്രെഡിബിലിറ്റി പോകും’ എന്ന്‌. പറഞ്ഞത്‌ ക്രെഡിബിലിറ്റി ധാരാളം ഉള്ളയാളായതുകൊണ്ട്‌ ‘വിശ്വസിച്ചു!’ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മകനെ മത്സരിപ്പിക്കുന്നതുപോലെയും തൃക്കാക്കരയിൽ പി ടി തോമസിന്റെ ഭാര്യയെ മത്സരിപ്പിക്കുന്നതുപോലെയും കോൺഗ്രസ്‌ സ്ഥാനാർഥിപ്പട്ടിക ഇറക്കാമെന്നു കരുതുന്ന ഇ‍ൗ പ്രതിപക്ഷനേതാവ്‌ സത്യത്തിൽ ഏത്‌ ലോകത്താണെന്ന്‌ ചോദിക്കുന്നത്‌ കോൺഗ്രസ്‌ നേതാക്കൾതന്നെയാണ്‌. കോൺഗ്രസിന്റെ ചരിത്രം അറിയാവുന്നവർക്ക്‌ ഇതൊക്കെ ഒരു തമാശമാത്രം. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ട്‌ 48 മണിക്കൂർ കഴിഞ്ഞിട്ടും പട്ടിക കാണാത്തതോടെ വട്ടിയൂർക്കാവിൽ രണ്ടുംകൽപ്പിച്ച്‌ കെ മുരളീധരൻ ഇറങ്ങി. പോസ്റ്റർ അടിച്ചും പ്രചാരണപ്രവർത്തനങ്ങൾ ഏറെ നടത്തിയും പോകുമ്പോൾ പെട്ടെന്ന്‌ മണ്ഡലം മാറേണ്ടിവന്നാലും മുരളീധരന്‌ അത്‌ പ്രശ്നമല്ല എന്നതും നേരത്തേ കേറി തേങ്ങയുടയ്ക്കാൻ കാരണമാകാം.


വടകരയിൽ ഏറെക്കുറെ വീടുകയറിയും പോസ്റ്റർ ഒട്ടിച്ചും കഴിഞ്ഞപ്പോഴാണല്ലോ തൃശൂരിലേക്ക്‌ വണ്ടികയറിയതും പൊട്ടിപ്പാളീസായതും. ‘അനുഭവം ഗുരു’ എന്നാണല്ലോ. അതുകൊണ്ട്‌ വട്ടിയൂർക്കാവല്ല മറ്റേതെങ്കിലും മണ്ഡലത്തിലാണെങ്കിൽ അങ്ങോട്ട്‌ പെട്ടിയും കിടക്കയും എടുത്തങ്ങ്‌ പോകും. 140 സീറ്റുമാത്രമുള്ള ഒരു സംസ്ഥാനത്തെ കോൺഗ്രസിന്റെ തൊണ്ണൂറിലധികം സീറ്റിൽ സ്ഥാനാർഥികളെ തീരുമാനിക്കാൻ മാരത്തൺ ചർച്ചകളാണ്‌ ഡൽഹിയിലും കൊച്ചിയിലുമായി നടന്നത്‌. എന്നിട്ടായിരുന്നു 24 മണിക്കൂറിന്റെ ഗീർവാണം! എന്താണ്‌ കാരണം? ഓരോ നേതാവും ഓരോ പ്രസ്ഥാനംപോലെ സ്വന്തം ഗ്രൂപ്പുകളെയും അനുയായികളെയും സൃഷ്ടിച്ച്‌ നാടിനെ ‘സേവി’ക്കലാണ്‌ കോൺഗ്രസിന്റെ രീതി. അധികാരം ഉപയോഗിച്ച്‌ പണമുണ്ടാക്കാമെന്ന ഒറ്റലക്ഷ്യത്തിലാണ്‌ ഇ‍ൗ കരുനീക്കങ്ങളാകെ നടക്കുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ രാജ്യത്ത്‌ കോൺഗ്രസ്‌ ദയനീയമായ അവസ്ഥയിലെത്തിയതും. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ നിമിഷങ്ങൾക്കകം എല്ലാ സ്ഥാനാർഥികളെയും രംഗത്തിറക്കുകയാണ്‌ സിപിഐ എമ്മും സിപിഐയും ചെയ്തത്‌. അവർ മണ്ഡലത്തിൽ പര്യടനം തുടങ്ങിയിട്ടും കോൺഗ്രസിന്‌ സ്വന്തം പാളയത്തിലെ കലാപം അടക്കാനായിട്ടില്ല. എവിടെയൊക്കെ, ആരൊക്കെ റിബലുകളുണ്ടാകുമെന്ന്‌ ഇ‍ൗ ആഴ്‌ച അറിയാം. പക്ഷേ, നമ്മുടെ മുഖ്യധാരാ പത്രങ്ങളും ചാനലുകളും നോക്കിയാൽ ഇതെന്തെങ്കിലും കാണാമോ? യുഡിഎഫിന്റെയും ബിജെപിയുടെയും പണപ്പെട്ടികളായും പരസ്യങ്ങളായും സേവിക്കുമ്പോൾ തൂലികയും കാമറയും സിപിഐ എം ഓഫീസുകളിലേക്ക്‌ മാത്രമല്ലേ തിരിയൂ.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home