പുതിയ ‘ശുഷ്കാന്തി’, നനയ്ക്കുന്ന ആർസി !


സി കെ ദിനേശ്
Published on Jul 09, 2025, 10:55 PM | 2 min read
കെ സി വേണുഗോപാലിന്റെ വർധിത ‘കേരളതാൽപ്പര്യം’ കോൺഗ്രസിൽ ചർച്ചയാണ്. ഡോക്ടർ ഉപകരണം ആവശ്യപ്പെട്ടപ്പോഴും കോട്ടയത്ത് ശുചിമുറി വീണപ്പോഴും മാത്രമല്ല ഏത് ജില്ലയിലും കണ്ണെറിയുന്ന ‘ശുഷ്കാന്തി !’. വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും ഒരു മുഴം മുമ്പേയുള്ള പ്രതികരണങ്ങൾ നേരംപോക്കല്ലെന്ന് ആർക്കും മനസ്സിലാകും. ഒരു മുഖ്യമന്ത്രി പ്രത്യേക വിമാനത്തിൽ പറന്നിറങ്ങിയ ചരിത്രമുണ്ടല്ലോ. കോൺഗ്രസ് മെലിഞ്ഞ് തൊഴുത്തിൽ കെട്ടാൻ പരുവത്തിലാണെങ്കിലും പ്രതിപക്ഷ നേതാവ് സ്ഥാനം തൽക്കാലം വാഗ്ദാനംതന്നെയാണ്. സ്വന്തം കാര്യം നോക്കാൻ വേണുഗോപാലിനെ ആരും പഠിപ്പിക്കേണ്ടല്ലോ. നിലമ്പൂരിൽ അൻവർ എപ്പിസോഡിൽ തന്റെ നീക്കങ്ങൾക്ക് പാലംവലിച്ച് പ്രതിപക്ഷ നേതാവ് ‘സ്കോർ’ ചെയ്തെന്ന് അനുയായികൾ പാടാൻ തുടങ്ങിയതോടെയാണ് അരയും തലയും മുറുക്കി പുറപ്പാട്.
എഐസിസി ജനറൽ സെക്രട്ടറിയാണെങ്കിലും ഡൽഹിയിൽ കാര്യമായ റോൾ ഇല്ല. കേരളത്തിലെ സംഘടനാ സംവിധാനങ്ങൾ വഷളാകുന്നതിലും തരൂർ ഉൾപ്പെടെയുള്ളവരെ കൈകാര്യം ചെയ്യാൻ പറ്റാത്തതിലും രാഹുൽ ഗാന്ധിക്ക് അതൃപ്തി. അവിടെ അന്തരീക്ഷം മോശം. കേരളത്തിലെ മുഖ്യ കാർമിക സ്ഥാനത്തേക്ക് സാധ്യതയുമുണ്ട്. എൽഡിഎഫിനെ നേരിടാൻ ‘മുന്നിൽ നിർത്തേണ്ടത് വേണുഗോപാലിനെ’ എന്ന പ്രചാരവും തുടങ്ങിവച്ചിട്ടുണ്ട്. എന്ത് നടന്നാലും നിമിഷം വൈകാതെ വിവരങ്ങൾ കൈമാറാനും പ്രതികരണത്തിനായി മാധ്യമങ്ങളെ എത്തിക്കാനുമുള്ള സമാന്തര സംവിധാനവുമുണ്ടെന്ന് കെപിസിസിയും അറിഞ്ഞിട്ടുണ്ടാകില്ല. ചില മാധ്യമപ്രവർത്തകരും ഈ ‘പെയ്‌ഡ്’ നീക്കത്തിലുണ്ട്.
ഒത്തില്ല
നിലമ്പൂരിലെ വിജയത്തോടെ ഭരണമാറ്റമാണുണ്ടായതെന്ന് തെറ്റിദ്ധരിച്ചാണ് പ്രതിപക്ഷം നടക്കുന്നതും ഉടുക്കുന്നതും. കെഎൽ 01–1 കാറിലേക്ക് വി ഡി സതീശൻ നടന്നുകയറുന്ന ചിത്രവും ഓടുന്നു. ഈയൊരു ഗമയിലായിരിക്കും മുന്നണി വിപുലീകരിച്ചുകളയുമെന്ന ഡയലോഗ് ! കേരള കോൺഗ്രസ് എമ്മിനെയും സിപിഐയെയും യുഡിഎഫിലേക്ക് ക്ഷണിച്ചു. യുഡിഎഫിൽ പാർടികൾ ധാരാളമുണ്ടെങ്കിലും നാലാളെ കാണിക്കാനുള്ളത് ലീഗിന് മാത്രമാണ്. അതുമായി നടന്ന് ഭരണം പിടിക്കുക എളുപ്പമല്ല. നിലമ്പൂരല്ലല്ലോ കേരളം. അതുകൊണ്ടാണ് ചാക്കുമായി ഇറങ്ങിയത്. മുന്നണി മാറ്റത്തിന് ക്ഷണിച്ചതേ ഓർമയുള്ളൂ, ജോസ് കെ മണിയും ബിനോയ് വിശ്വവും കരണമടച്ച് കണക്കിന് കൊടുത്തു. കേരള കോൺഗ്രസിൽനിന്ന് ഒരാളെയെങ്കിലും അടർത്താമോയെന്ന ആലോചനയും വെറുതെയായി. എന്നിട്ടും ചാനലുകൾ വഴി ചിലർ മോഹം ചെയ്തുകൊണ്ടേയിരിക്കുന്നു. അല്ലെങ്കിലും യുഡിഎഫിൽ പോകാൻമാത്രം ദാരിദ്ര്യം ആർക്കുണ്ട്.
ഇങ്ങനെയിരുന്നാലോ
‘ഇങ്ങനെ നോക്കിയിരിക്കാതെ തേങ്ങയുടയ്ക്ക് സാമീ ’എന്നാണ് കെ സുരേന്ദ്രൻ വിഭാഗം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞത്. പിണറായി വിജയനും നരേന്ദ്ര മോദിയും അധികാരമുള്ളതുകൊണ്ടാണ് വികസനത്തെക്കുറിച്ച് പറയുന്നത്, നിങ്ങളെന്ത് കണ്ടിട്ടാണെന്ന് മനുഷ്യാ എന്നും കോർകമ്മിറ്റിയിൽ. താമസിയാതെ രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ പത്രസമ്മേളനം വിളിച്ച് വികസനകാര്യംതന്നെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ബ്രഹ്മോസ് പൂട്ടി പകരം ഡിആർഡിഒയുടെ ഒരു സൊസൈറ്റിയാക്കി അതിന്റെ പണിതീർക്കുമെന്ന്. എന്നാലും വി മുരളീധരനും സുരേന്ദ്രനും വഴങ്ങുന്ന പ്രശ്നമില്ലെന്നർഥം. ‘ആർസി–ബിജെപി’ എന്ന പ്രത്യേക മീഡിയ ഗ്രൂപ്പുണ്ടാക്കി, ‘യഥാർഥ ബിജെപി പരിപാടി ഇവിടെ’ എന്ന സന്ദേശവും !
സുരേന്ദ്രൻ നാലാളെ കൂട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിൽ സമരം ചെയ്ത് പ്രതികാരം തീർത്തു ! ആർസിയും വിട്ടില്ല, 30 ഇടത്ത് സമരം പ്രഖ്യാപിച്ചു, കോട്ടയത്ത് ഉദ്ഘാടനവും ! കത്തിക്കയറാനെത്തിയ സമരത്തെ ‘നനച്ചു’ കളഞ്ഞല്ലോ സാറേ എന്ന് അണികൾ അടക്കം പറഞ്ഞു തിരുനക്കരയിൽ.














