ad
Deshabhimani

Articles

ലാവ്‌ലിൻ മുതൽ മാസപ്പടി വരെ; വേട്ടയാടലുകൾക്ക് മുന്നിൽ കുലുങ്ങാതെ ഇടതുപക്ഷ രാഷ്ട്രീയം

ലാവ്‌ലിൻ മുതൽ മാസപ്പടി വരെ; വേട്ടയാടലുകൾക്ക് മുന്നിൽ കുലുങ്ങാതെ ഇടതുപക്ഷ രാഷ്ട്രീയം

cpim logo
ബാബുജി കെ ആർ

Published on May 30, 2026, 09:06 AM | 5 min read

"ഒരു മുൻ മുഖ്യമന്ത്രിയുടെ വസതിയിലടക്കം മണിക്കൂറുകളോളം അരിച്ചുപെറുക്കിയിട്ടും, ഒടുവിൽ 'NIL' എന്ന് ഇ ഡി ഉദ്യോഗസ്ഥർക്ക് സ്വന്തം തിരച്ചിൽ രേഖയിൽ എഴുതി ഒപ്പിട്ടു നൽകേണ്ടി വന്നെങ്കിൽ, അവിടെ പരാജയപ്പെട്ടത് കേവലമൊരു അന്വേഷണമല്ല; മറിച്ച് വലതുപക്ഷ മാധ്യമ-രാഷ്ട്രീയ സിൻഡിക്കേറ്റിന്റെ വലിയൊരു ഗൂഢാലോചനയാണ്. സത്യം മറച്ചുവെക്കുന്ന മാധ്യമ സിൻഡിക്കേറ്റും ഇരട്ടത്താപ്പ് കാട്ടുന്ന കോൺഗ്രസും അറിയേണ്ട ചില യാഥാർത്ഥ്യങ്ങളുണ്ട്. വേട്ടയാടലുകളെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം എങ്ങനെ അതിജീവിക്കുന്നു? വായിക്കാം…”


സഖാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തിയ പരിശോധനകളും, അതിന് വലതുപക്ഷ മാധ്യമങ്ങൾ നൽകിയ അമിത പ്രാധാന്യവും കേരളം കണ്ടതാണല്ലോ. ഒരു മുൻ മുഖ്യമന്ത്രിയുടെ വീട് മണിക്കൂറുകളോളം അരിച്ചുപെറുക്കിയിട്ടും അന്വേഷണ സംഘത്തിന് ഒടുവിൽ സ്വന്തം തിരച്ചിൽ രേഖയിൽ എഴുതി ഒപ്പിട്ടു നൽകേണ്ടി വന്നത് "NIL incriminating documents and devices has been recovered" (കുറ്റകരമായ യാതൊരു രേഖകളും ഉപകരണങ്ങളും കണ്ടെത്തിയില്ല) എന്നാണ്. ഇത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടായി മാറുകയാണ്. ഇവിടെ പരാജയപ്പെട്ടത് വെറുമൊരു റെയ്ഡ് അല്ല; മറിച്ച്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ സർക്കാരിനെയും തകർക്കാൻ ലക്ഷ്യമിട്ട് ബിജെപിയും കേന്ദ്ര സർക്കാരും യുഡിഎഫും വലതുപക്ഷ മാധ്യമ സിൻഡിക്കേറ്റും സംയുക്തമായി മെനഞ്ഞെടുത്ത വലിയൊരു രാഷ്ട്രീയ ഗൂഢാലോചനയുടെ ദയനീയമായ തകർച്ച കൂടിയാണ്.


കോടതികളെ നോക്കുകുത്തിയാക്കുന്ന ഭരണകൂട ഭീകരത


സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) രജിസ്റ്റർ ചെയ്ത ഒരു കേസിന്റെ ചുവടുപിടിച്ചാണ് ഇ ഡി ഈ അന്വേഷണ നാടകത്തിന് ഇറങ്ങിത്തിരിച്ചത്. എന്നാൽ, ഈ കേസിന്റെ തുടർനടപടികൾ ദില്ലി ഹൈക്കോടതിയും കേരള ഹൈക്കോടതിയും വ്യക്തമായി സ്റ്റേ ചെയ്തിട്ടുള്ളതാണെന്നതാണ് യാഥാർത്ഥ്യം. കേസ് തീർപ്പാകും വരെ യാതൊരു നടപടിയും പാടില്ലെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനൂപ് ജയറാം ഭാംഭാനി 2026 ഏപ്രിൽ 23-ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ 2026 മെയ് 22-ന് കേരള ഹൈക്കോടതി ജസ്റ്റിസ് ജി ഗിരീഷ് ഈ നടപടികൾ 2026 ജൂലൈ 3 വരെ സ്റ്റേ ചെയ്യുകയും ചെയ്തു. പരമോന്നത നീതിപീഠങ്ങളുടെ ഈ ഉത്തരവുകൾക്ക് പുല്ലുവില കൽപ്പിച്ചുകൊണ്ട്, ധൃതിപിടിച്ച് അതിരാവിലെ നടത്തിയ ഈ റെയ്ഡ് മാമാങ്കത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്തായിരുന്നു? ഇ.ഡിയുടെ തുടലുകൾ ആരുടെ കൈകളിലാണെന്നും അവർ ആർക്കുവേണ്ടിയാണ് ദാസ്യപ്പണി ചെയ്യുന്നതെന്നും ഇതിൽ നിന്നുതന്നെ പകൽപോലെ വ്യക്തമാണ്. ഇത്തരം നിയമവിരുദ്ധ വേട്ടയാടലുകൾ വ്യക്തികൾക്ക് മേൽ പതിക്കുമ്പോൾ, അതിനെതിരെ പ്രതിരോധിക്കാൻ കേരളം തയ്യാറാവുന്നത് ഈ നാടിന്റെ ജനാധിപത്യ, നീതിബോധം കൊണ്ടുമാത്രമാണ്.


സത്യം മറച്ചുവെക്കുന്ന മാധ്യമ സിൻഡിക്കേറ്റ്


സി.എം.ആർ.എൽ (CMRL) കമ്പനിയും എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള തികച്ചും സുതാര്യവും നിയമാനുസൃതവുമായ ഒരു വാണിജ്യ കരാറിനെയാണ് മനോരമ അടക്കമുള്ള മാധ്യമങ്ങൾ 'മാസപ്പടി' എന്ന പേരിട്ട് വിവാദമാക്കി മാറ്റിയത്. റബ്ബർ കർഷകരെ വഞ്ചിച്ചതിന് 720 കോടി രൂപ പിഴയൊടുക്കേണ്ടി വന്ന എം.ആർ.എഫ് ടയർ കമ്പനിയുടെ ഉടമസ്ഥരായ മനോരമയാണ് ഈ പദം തന്നെ സൃഷ്ടിച്ചതെന്നത് ചരിത്രപരമായ കാപട്യമാണ്. 2019-ൽ സി.എം.ആർ.എൽ കമ്പനിക്കെതിരെ നടന്ന ആദായനികുതി പരിശോധനയിൽ ഉയർന്നത് 135.4 കോടി രൂപയുടെ നികുതി വെട്ടിപ്പ് തർക്കമാണ്. എന്നാൽ ഇതിൽ വെറും 1.72 കോടി രൂപ മാത്രമാണ് വീണ വിജയന്റെ എക്സാലോജിക് കമ്പനിക്ക് ലഭിച്ച നിയമാനുസൃതമായ സർവീസ് ചാർജ്. ബാക്കിവരുന്ന 134 കോടിയുടെ വമ്പൻ തട്ടിപ്പ് മറച്ചുവെച്ചാണ് വലതുപക്ഷ മാധ്യമങ്ങൾ ഈ 1.72 കോടിക്ക് പിന്നാലെ പാഞ്ഞത്.


ഐ.ടി മേഖലയിൽ, പ്രത്യേകിച്ച് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഇമെയിൽ സെർവറുകൾ, എക്സൽ പിവറ്റ് ടേബിളുകൾ, പവർ ക്വറികൾ, ഡാറ്റാബേസ് മാനേജ്മെന്റ്, ഇന്റേണൽ കമ്മ്യൂണിക്കേഷൻ, ബാക്ക് എൻഡ് സർവീസ് തുടങ്ങിയ സംവിധാനങ്ങൾ തേർഡ് പാർട്ടിക്ക് ഔട്ട്‌സോഴ്സ് ചെയ്യുന്നത് തികച്ചും സാധാരണമായ കാര്യമാണ്. നമ്മുടെ ചില മാധ്യമപ്രവർത്തകരുടെ തലച്ചോറിൽ ഇതൊന്നും കയറില്ലെങ്കിലും കോർപ്പറേറ്റ് ലോകത്ത് ഇതൊരു സാധാരണ എഎംസി (AMC) കരാറാണ്. എക്സാലോജിക് നൽകിയ ഈ ഐടി സേവനങ്ങൾക്ക് കൃത്യമായി ബാങ്ക് വഴിയാണ് പണം കൈമാറിയത്. കൂടാതെ ടിഡിഎസ് (TDS), ജിഎസ്ടി (GST), ഇൻകം ടാക്സ് എന്നിവ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒളിച്ചുവെക്കേണ്ട കള്ളപ്പണമോ കൈക്കൂലിയോ ആയിരുന്നെങ്കിൽ ആരെങ്കിലും അത് ബാങ്ക് വഴി സ്വീകരിച്ച് ജിഎസ്ടി അടക്കുമോ എന്ന അടിസ്ഥാനപരമായ ചോദ്യം പോലും ചോദിക്കാതെയാണ് മാധ്യമങ്ങൾ നുണക്കഥകൾ പടച്ചുവിട്ടത്. ഇൻകം ടാക്സിന് മൊഴി നൽകിയതിന് ശേഷവും സി.എം.ആർ.എൽ എക്സാലോജിക്കിന് പണം നൽകിയിട്ടുണ്ടെങ്കിൽ, അത് ആ കരാറിന്റെ നിയമപരമായ ഫൂൾപ്രൂഫ് വിശ്വാസ്യതയെയാണ് കാണിക്കുന്നത്.


ഇൻകം ടാക്സ് സെറ്റിൽമെന്റ് ബോർഡിന്റെ വിചിത്ര നടപടികൾ


2019-ൽ സി.എം.ആർ.എല്ലിൽ നടന്ന പരിശോധനയിൽ, താഴെത്തട്ടിലുള്ള ജീവനക്കാരിൽ നിന്ന് വരെ എക്സാലോജിക്കിന്റെ സേവനം ലഭിച്ചിട്ടില്ലെന്ന് ബോധപൂർവ്വം മൊഴിയെടുപ്പിച്ചിരുന്നു. എന്നാൽ പിന്നീട്, സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയും കമ്പനിയും അന്വേഷണ ഏജൻസികൾക്ക് 'റിട്രാക്ഷൻ അഫിഡവിറ്റ്' (Retraction Affidavit) നൽകുകയുണ്ടായി. എക്സാലോജിക്കിൽ നിന്ന് കരാർ പ്രകാരമുള്ള സേവനങ്ങൾ ലഭിച്ചുവെന്നും, നിയമാനുസൃതമായ പ്രതിഫലമാണ് നൽകിയതെന്നും അവർ അതിൽ വ്യക്തമാക്കി. വെറും മൊഴികൾ വെച്ചുള്ള ഉദ്യോഗസ്ഥരുടെ നിഗമനങ്ങൾക്ക് യാതൊരു തെളിവുകളില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി. എന്നാൽ ഒരു ക്വാസി-ജുഡീഷ്യൽ സംവിധാനമായ ഇൻകം ടാക്സ് സെറ്റിൽമെന്റ് ബോർഡ്, നീതിയുടെ സകല തത്വങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് ഈ അഫിഡവിറ്റ് അപ്പാടെ തള്ളിക്കളയുകയാണുണ്ടായത്. ആരോപണ വിധേയയായ വീണയുടെ ഭാഗം കേൾക്കാൻ പോലുമുള്ള സാമാന്യ മര്യാദയോ നിയമപരമായ ബാധ്യതയോ ബോർഡ് കാണിച്ചില്ല എന്നത് അവരുടെ താല്പര്യങ്ങളെ വെളിപ്പെടുത്തുന്നു.


യഥാർത്ഥ മാസപ്പടിക്കാർ ആരൊക്കെ?


സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന ചില ഡയറിക്കുറിപ്പുകളിലെ ചുരുക്കെഴുത്തുകളെ ചുറ്റിപ്പറ്റിയായി പിന്നീട് മാധ്യമ വേട്ട. **'PV', 'RC', 'OC', 'KK', 'IK'** എന്നിങ്ങനെ ചില പേരുകൾ അതിലുണ്ടായിരുന്നു. ഇതിൽ കേന്ദ്ര ഏജൻസികളും മാധ്യമങ്ങളും ബോധപൂർവ്വം 'PV' എന്നതിനെ മാത്രം സഖാവ് പിണറായി വിജയനാക്കി മാറ്റാൻ ശ്രമിച്ചു. യഥാർത്ഥത്തിൽ അന്ന് അധികാരത്തിലില്ലായിരുന്ന ഇടതുപക്ഷത്തിന്റെ നേതാവിന് പണം നൽകേണ്ട യാതൊരു ആവശ്യവും ആ കമ്പനിക്കില്ലായിരുന്നു.


സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയത് തങ്ങളുടെ ഭരണകാലത്താണെന്ന് അന്നത്തെ യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല (RC), പി കെ കുഞ്ഞാലിക്കുട്ടി (KK), ഇബ്രാഹിം കുഞ്ഞ് (IK) എന്നിവർ പരസ്യമായി സമ്മതിച്ച കാര്യമാണ്. ഉമ്മൻചാണ്ടിയുടെയും (OC) കെ. കരുണാകരന്റെയും കാലത്ത് ചെയ്തു കൊടുത്ത വഴിവിട്ട സഹായങ്ങൾക്കുള്ള പ്രതിഫലമായാണ് ആ ഫണ്ട് കൈമാറ്റം ചെയ്യപ്പെട്ടത് എന്ന് വേണം മനസ്സിലാക്കാൻ. കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയെന്ന് സമ്മതിച്ചിട്ടും, പണം വാങ്ങിയവരുമായി വി ഡി സതീശന്റെ മന്ത്രിസഭയിലടക്കം ബന്ധമുണ്ടായിരുന്നിട്ടും അവരെ തൊടാൻ കേന്ദ്ര ഏജൻസികൾക്കോ അന്വേഷണം ആവശ്യപ്പെടാൻ മാധ്യമങ്ങൾക്കോ യാതൊരു താല്പര്യവുമില്ല. ഇതാണ് വലതുപക്ഷത്തിന്റെ 'പിക്ക് ആൻഡ് ചൂസ്' രാഷ്ട്രീയം.


ഇനി ആരാണ് യഥാർത്ഥ 'PV'? കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെഎസ്ഐഡിസി (KSIDC) ഫണ്ട് ദുരുപയോഗം ചെയ്ത ചരിത്രമുള്ള പത്മജ വേണുഗോപാലാണ് ഈ പറയുന്ന 'PV' എന്നതൊരു ആരോപണമായി പൊതുസമൂഹത്തിന് മുന്നിൽ ആ സമയത്തുതന്നെ ഉയർന്നു വന്നതാണ്. എന്നിട്ടും എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞ പിണറായി വിജയനെ തന്നെ PV ആക്കി മാറ്റാനായിരുന്നു മാധ്യമങ്ങൾക്ക് താൽപര്യം. അതിനുശേഷം കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ പോകാൻ പത്മജയ്ക്ക് പ്രേരണയായത് ഇ.ഡി അന്വേഷണത്തിന്റെ ഭയമാണെന്നും ആരോപണം ഉയർന്നിരുന്നു. പക്ഷേ, ചർച്ചകളോ അന്വേഷണമോ ആ തലത്തിൽ വന്നില്ല എന്നത് അത്യന്തം ശ്രദ്ധേയമാണ്. ഇടതുപക്ഷത്തിന് എതിരായി കേരളത്തിൽ മാധ്യമ - രാഷ്ട്രീയ സിൻഡിക്കേറ്റ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച തെളിവാണിത്.


നിയമപരമായ പാപ്പരത്തവും കോർപ്പറേറ്റ് ഗൂഢാലോചനയും


നിയമപരമായി പരിശോധിച്ചാൽ ഈ കേസ് മതിൽകെട്ടിനകത്ത് പോലും നിൽക്കില്ല. ഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ 34 പ്രകാരം ഔദ്യോഗിക കണക്കുപുസ്തകങ്ങളിൽ ഇല്ലാത്ത വെറും 'ലൂസ് ഷീറ്റുകൾക്ക്' തെളിവ് മൂല്യമില്ലെന്ന് സുപ്രീംകോടതി ജെയിൻ ഹവാല കേസിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇൻകം ടാക്സ് സെറ്റിൽമെന്റ് ബോർഡ് എക്സാലോജിക്കിന്റെ ഭാഗം കേൾക്കാൻ പോലും തയ്യാറാവാതെയാണ് ഏകപക്ഷീയമായി തീരുമാനമെടുത്തത്. ഇൻകം ടാക്സ്, ആർ.ഒ.സി (ROC), എസ്എഫ്ഐ.ഒ (SFIO), ഇ.ഡി എന്നിങ്ങനെ നാല് കേന്ദ്ര ഏജൻസികൾ വർഷങ്ങളോളം അന്വേഷിച്ചിട്ടും കുറ്റകരമായ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അന്വേഷണത്തിന്റെ വിവരങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കെ ചില മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് ഒഫീഷ്യൽ സീക്രട്ട് ആക്ടിന്റെ നഗ്നമായ ലംഘനമാണ്. ഈ അന്വേഷണ നാടകങ്ങൾക്ക് പിന്നിൽ മറ്റൊരു കോർപ്പറേറ്റ് അജണ്ട കൂടിയുണ്ടെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. സി.എം.ആർ.എൽ കമ്പനിയെ തകർത്ത്, അത് അദാനി ഗ്രൂപ്പിന് ഏറ്റെടുക്കാനുള്ള കളമൊരുക്കലാണോ ഈ നീക്കങ്ങൾക്ക് പിന്നിലെന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണ്.


കോൺഗ്രസിന്റെ ഇരട്ടത്താപ്പ്


ഈ വേട്ടയാടലിന് കുടപിടിക്കുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപഹാസ്യമാണ്. ഡൽഹിയിൽ ഇ.ഡിയെയും കേന്ദ്ര ഏജൻസികളെയും വിമർശിക്കുന്ന രാഹുൽ ഗാന്ധിയും കൂട്ടരും കേരളത്തിൽ വരുമ്പോൾ "പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?" എന്ന് ചോദിക്കുന്നത് പ്രതികാര രാഷ്ട്രീയത്തിന്റെ ഏറ്റവും ജീർണ്ണിച്ച രൂപമാണ്. സ്വന്തം അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടുകയും 1700 കോടി രൂപ പിഴയടക്കാൻ കേന്ദ്ര ഏജൻസികൾ നോട്ടീസ് നൽകുകയും ചെയ്തപ്പോൾ കോൺഗ്രസിന് എട്ടിന്റെയല്ല, പതിനാറിന്റെ പണിയാണ് കിട്ടിയത്. നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലാതെ മോങ്ങുമ്പോഴാണ് അവർക്ക് ഇ.ഡിയുടെ രാഷ്ട്രീയ താല്പര്യങ്ങളെക്കുറിച്ച് ബോധമുദിച്ചത്. സ്വന്തം കണ്ണിൽ കോലിരിക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ നടക്കുന്ന കോൺഗ്രസിന്റെ കാപട്യം കേരളീയർ നന്നായി തിരിച്ചറിയുന്നുണ്ട്.


ചെറുത്തുനിൽപ്പിന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം


സഖാവ് പിണറായി വിജയനെതിരെയും പാർട്ടിക്കെതിരെയും ലാവ്‌ലിൻ കേസ് മുതൽ സ്വർണ്ണക്കടത്തും ബിരിയാണി ചെമ്പും വരെ നീളുന്ന എത്രയെത്ര കെട്ടുകഥകളാണ് ഓരോ തിരഞ്ഞെടുപ്പ് കാലത്തും വലതുപക്ഷ മാധ്യമങ്ങൾ കേരളത്തിൽ അവതരിപ്പിച്ചു പരാജയപ്പെട്ടിട്ടുള്ളത്! പ്രതിപക്ഷ നേതാക്കളെയും ജനകീയ സർക്കാരുകളെയും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തി അട്ടിമറിക്കാമെന്ന സംഘപരിവാർ വ്യാമോഹം കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല. കാരണം, പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് കേവലമൊരു വ്യക്തിയല്ല, മറിച്ച് ഈ നാടിന്റെയാകെ രാഷ്ട്രീയ പ്രതിരോധത്തിന്റെ പ്രതീകമാണ്.


ഇ.ഡി ഉദ്യോഗസ്ഥർ അവരുടെ തിരച്ചിൽ രേഖയിൽ കുറിച്ച ആ " "NIL incriminating documents and devices has been recovered" എന്ന ഒരൊറ്റ വാചകം മാത്രം മതി, വലതുപക്ഷ മാധ്യമ-രാഷ്ട്രീയ സിൻഡിക്കേറ്റിന്റെ വേട്ടയാടലിന്റെ പൊള്ളത്തരം കേരളത്തിന് ബോധ്യപ്പെടാൻ. ഓർക്കുക രാഷ്ട്രീയ ഗൂഢാലോചനകൾക്ക് അന്തിമവിധി കൽപ്പിക്കുന്നത് എക്കാലത്തും ജനങ്ങളുടെ കോടതിയിലായിരിക്കും.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home